രക്തരക്ഷസ് എന്നു പറഞ്ഞ് കഴുത്തറുത്തുകൊന്ന സ്ത്രീയുടെ നൂറ്റാണ്ടു പഴക്കമുള്ള മൃതദേഹ അവശിഷ്ടം, ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഭയന്ന് കഴുത്തില്‍ അരിവാള്‍!  

അതൊരു സ്ത്രീയുടെ മൃതദേഹമായിരുന്നു. തലയും കാലുകളും അറുത്തു മാറ്റിയിരുന്നു. കഴുത്തിന്റെ ഭാഗത്ത് ഒരു വലിയ അരിവാള്‍ ദേഹത്തോട് ചേര്‍ത്തുവെച്ചിരുന്നു. പോളണ്ടിലെ ഒരു ഗ്രാമത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്മശാനത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് ആ മൃതദേഹ അവശിഷ്ടം പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസാധാരണമായ ആ മൃതദേഹത്തിനു പിന്നിലുള്ള കഥ പുറത്തുവന്നത്. 

പോളണ്ടിലെ വിദൂര ഗ്രാമമായ പിയനില്‍ സ്ഥിതി ചെയ്യുന്ന 17-ാം നൂറ്റാണ്ടിലെ ശ്മശാനത്തിലാണ് പുരാവസ്തു പര്യേവക്ഷണം നടക്കുന്നത്. ടോറന്‍ നഗരത്തിലെ നിക്കളാസ് കോപ്പര്‍ നിക്കസ് സര്‍വകലാശാലയിലെ ദാരിയസ് പൊളിന്‍സ്‌കിയുടെ നേതൃത്വത്തിലാണ് ഇവിടെ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 

17-ാം നൂറ്റാണ്ടിലുള്ള ഒരു സ്ത്രീയുടെ മൃതേദഹ അവശിഷ്ടമാണ് അതെന്നാണ് പര്യവേക്ഷണ സംഘം പറയുന്നത്. അക്കാലത്ത് ഏതെങ്കിലും തരത്തില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും മാറിനില്‍ക്കുന്ന സ്ത്രീകളെ ദുര്‍മന്ത്രവാദികളും രക്തരക്ഷസ്സുകളുമായി ചിത്രീകരിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെയുള്ളവരെ സമൂഹം ഭയന്നിരുന്നു. അവരെ വേട്ടയാടുന്നതിനായി ആളുകള്‍ സഘടിതമായ ശ്രമങ്ങളും നടത്തിയിരുന്നു. 

അത്തരം സ്ത്രീകളെ ക്രൂരമായി കൊല ചെയ്യുകയായിരുന്നു പതിവ്. പൈശാചികമായ ശക്തികള്‍ ഉണ്ടെന്ന് കരുതുന്നതിനാല്‍, ഇതുപോലുള്ള സ്ത്രീകളെ കഴുത്ത് മുറിച്ച് കൊല ചെയ്ത് പ്രത്യേകമായ വിധത്തില്‍ അടക്കം ചെയ്യുകയായിരുന്നു. പോളണ്ടില്‍ മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തില്‍ സ്ത്രീകളെ രക്തരക്ഷസ്സുകളായി ചിത്രീകരിച്ച് അരുംകൊല ചെയ്തിരുന്നു. ഈ വിധം രക്തരക്ഷസ്സാണെന്ന മുദ്രകുത്തപ്പെട്ട് കൊലചെയ്യപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇക്കഴിഞ്ഞ ദിവസം പോളണ്ടില്‍ കണ്ടെത്തിയത് എന്നാണ് പുരാവസ്തു ഗവേഷകര്‍ കണക്കാക്കുന്നത്. 

മണ്ണിലേക്ക് തിരിച്ചുവെച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. തല മുറിച്ചു മാറ്റിയിട്ടുണ്ടെങ്കിലും അറ്റ നിലയില്‍ കഴുത്തിനോട് ചേര്‍ന്ന് വെച്ചിട്ടുണ്ടായിരുന്നു. കാലുകളും മുറിച്ചു മാറ്റിയിരുന്നു. പൈശാചിക ശക്തിഉപേയാഗിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തിരുന്നത്. മുറിച്ചു മാറ്റിയ ശരീര ഭാഗങ്ങള്‍ യോജിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കുന്നതിനാണ് കഴുത്തിന്റെ ഭാഗത്ത് നിലത്തിന് അഭിമുഖമായി വലിയ അരിവാള്‍ വെക്കുന്നത്. യൂറോപ്പില്‍ കണ്ടെത്തിയ ചില മൃതദേഹ അവശിഷ്ടങ്ങളില്‍ ഇത്തരത്തില്‍ അരിവാള്‍ വെച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സമാനമായ രീതിയിലാണ് ഇവിടെയും അരിവാള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ നിക്കളാസ് കോപ്പര്‍ നിക്കസ് സര്‍വകലാശാലയിലെ ദാരിയസ് പൊളിന്‍സ്‌കി പറയുന്നത്.