ദില്ലി വസന്ത് വിഹാറില്‍ ജൂണ്‍ 22-ന് അതിക്രൂരമായ ഒരു കൊലപാതകം നടന്നു. മൂന്നുപേരാണ് കൊല്ലപ്പെട്ടത്. വ‍ൃദ്ധദമ്പതികളേയും അവരുടെ നഴ്സിംഗ് അറ്റൻഡന്‍റിനെയും കൊലപ്പെടുത്തിയ കേസിൽ ദില്ലി പോലീസ് ക്രൈംബ്രാഞ്ച് ദില്ലി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിഷ്ണു മാത്തൂർ (80), ഭാര്യ ശശി മാത്തൂർ (75), നഴ്സിംഗ് അറ്റൻഡന്‍റ് ഖുഷ്ബൂ നൗട്ടിയാൽ (24) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ദിവസം കഴിഞ്ഞ് ഗുഡ്ഗാവിൽ വിഷ്ണുവിന്റെ കാണാതായ ഫോൺ ഒരു മിനിറ്റ് സ്വിച്ച് ഓണ്‍ ചെയ്തതായി ക്രൈംബ്രാഞ്ചിലെ ഇന്‍റര്‍-സ്റ്റേറ്റ് സെൽ (ഐ‌എസ്‌സി) കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി.

ഇതിനിടയിൽ, ഐ‌എസ്‌പിയുടെ ഒരു സംഘം, എസിപി ജസ്ബീർ സിംഗ്, ഇൻസ്പെക്ടർ വിജയ് സമരിയ എന്നിവർ കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. ശശിയുടെ കോൾ വിശദാംശങ്ങളും പരിശോധിച്ചു. പ്രീതി സെഹ്രാവത്ത് എന്നൊരു സ്ത്രീ അടുത്തിടെ അമ്മയെ കണ്ടതായി ശശിയുടെ മകൾ പൊലീസിനോട് പറഞ്ഞു. അന്വേഷണസംഘം വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ പ്രീതി ഗുഡ്ഗാവിൽ താമസിക്കുന്നതായി കണ്ടെത്തി. അവര്‍ മനോജ് ഭട്ട് എന്നൊരാളോടൊപ്പം ഒരു ഹോട്ടലിൽ താമസിക്കുകയാണെന്നും കണ്ടെത്തി. കൊലപാതകത്തിന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. കവർച്ചയ്ക്ക് വേണ്ടിയാണ് കൊലനടത്തിയത് എന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ദില്ലി കോടതിയിൽ കേസിന്‍റെ കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് സിഗരറ്റ് പാക്കറ്റും ബീഡിയുടെ ശേഷിപ്പുകളും പൊലീസ് കണ്ടെത്തി. ''ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്, ബീഡിയുടെ അവശിഷ്ടങ്ങളിലുണ്ടായിരുന്ന ചില കറകള്‍ ഭട്ടിന്റെ രക്തസാമ്പിളുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നു. അതേസമയം സിഗരറ്റിലെ പാടുകളില്‍ നിന്ന് അവ പ്രീതിയുടെ രക്തസാമ്പിളുമായി പൊരുത്തപ്പെടുന്നുമുണ്ടായിരുന്നു. കൊലപാതകം നടത്തുന്നതിന് മുമ്പ് താൻ ബീഡി വലിച്ചതായി വെളിപ്പെടുത്തി. പ്രീതി ഒരു സിഗരറ്റ് പുറത്തെടുത്ത് അത് കത്തിക്കാൻ പോകുമ്പോൾ അയാൾ അവളോട് പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടു. അവൾ അത് വീണ്ടും പാക്കറ്റിലേക്ക് ഇട്ടു. ഇതും പോലീസ് കണ്ടെടുത്തു...'' കുറ്റപത്രത്തിൽ പറയുന്നു.

പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ, ഭട്ട് ഒരു കോണ്ടം വാങ്ങി കൊലപാതകത്തിന് ശേഷം നൗട്ടിയാലിന്റെ തലയിണയ്ക്ക് കീഴിൽ വച്ചു. ഗുഡ്ഗാവിലെ സുശാന്ത് ലോക്കിൽ നിന്ന് ഭട്ടിന്റെ വസ്ത്രങ്ങൾ, കത്തി, സ്ക്രൂഡ്രൈവർ, ബാക്കിയുള്ള കോണ്ടം എന്നിവ പൊലീസ് കണ്ടെടുത്തു. അവിടെയാണവര്‍ അവയെല്ലാം വലിച്ചെറിഞ്ഞത്. കണ്ടെടുത്ത കോണ്ടം ഇരകളുടെ വീട്ടിൽ കണ്ടെത്തിയതിന് സമാനമാണെന്ന് എഫ്എസ്എൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഭട്ട് മൂന്ന് കോണ്ടം പാക്കറ്റ് വാങ്ങി ഒരെണ്ണം കീറി നൗട്ടിയാലിന്‍റെ തലയിണയ്ക്കടിയിൽ വച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം നാല് വിരലടയാളം കണ്ടെത്തിയിരുന്നു. ഒന്ന് ഒരു പ്ലാസ്റ്റിക് ബോക്സിൽ നിന്ന് മൂന്നെണ്ണം അവിടെയുണ്ടായിരുന്ന മരത്തിന്‍റെ അലമാരയിൽ നിന്നും. കുറ്റകൃത്യം ചെയ്യുന്നതിനിടയിൽ ഭട്ട് തടി അലമാരയിൽ സ്പർശിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.