ചെറുപ്പത്തില്‍ വീട്ടില്‍ ചെലവഴിച്ചതിലേറെ സമയം ഞാന്‍ ചെലവഴിച്ചിട്ടുള്ളത് വട്ടംകുളത്തെ ഗ്രാമീണ വായനശാലയിലാണ്. അതൊരു ചെലവായിട്ടല്ല വലിയൊരു വരവായിട്ടാണ് ഇന്നു ഞാന്‍ കണക്കാക്കുന്നത്. ഭാവനയും ചിന്തയും വിശാലമായ തുറസ്സുകളിലേക്ക് കുതിക്കാന്‍ വെമ്പിയ അക്കാലത്ത് ആ ചെറിയ വായനശാലയിലെ പുസ്തകങ്ങള്‍ അടുക്കിവെച്ച ചില്ലലമാരകള്‍ നക്ഷത്രാലംകൃതമായ നീലാകാശമായി തോന്നി. ഓരോ പുസ്തകവും ഓരോ നക്ഷത്രങ്ങളായി പ്രകാശം ചൊരിഞ്ഞു.

വീട് എനിക്ക് ഭാവനാവിരോധിയായ ഒരു കൂടായിട്ടാണ് തോന്നിയിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തുള്ള വായനയ്ക്ക് വീട്ടില്‍ വേണ്ടത്ര വിഭവങ്ങളുണ്ടായിരുന്നില്ല. അമ്മ കര്‍ക്കടകമാസത്തില്‍ വായിക്കാറുള്ള നക്ഷത്രചിഹ്നമിട്ട് വരി വേര്‍തിരിച്ച പഴയൊരു രാമായണം. ആദിയും അന്തവും ഇല്ലാത്ത ഒരു കമ്പരാമായണം. ശ്രീരാമന്‍ സീതയെ സൈക്കിളിന്റെ പിന്നിലിരുത്തി വനവാസത്തിനുപോകുന്നതായി വര്‍ണ്ണിക്കുന്ന ബഹുചിരി എന്നൊരു തമാശപ്പുസ്തകം. പിന്നെ എന്നെയും അനിയത്തിയെയും ഏറെ കരയിപ്പിച്ച നര്‍മ്മദ എന്ന കഥാപുസ്തകം. അമ്മ ഈ കഥ ഞങ്ങള്‍ക്ക് ഉറക്കെ വായിച്ചു തരും. നീലകപാലന്‍ എന്ന ദുഷ്ടന്റെ ക്രൂരതയാല്‍ നര്‍മ്മദയ്ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതം വര്‍ണ്ണിക്കുമ്പോള്‍ ഞാന്‍ കരയും.

മുതിര്‍ന്നതോടെയാണ് വായനശാലയില്‍ അംഗത്വമെടുത്തത്. ദിവസം ഒരു നൂറുപേജെങ്കിലും വായിക്കാതെ ഉറങ്ങില്ല. നോവലുകളാണ് അന്നും ഇന്നും ഹരം പിടിച്ചു വായിച്ച സാഹിത്യശാഖ. കോട്ടയം പുഷ്പനാഥ്, കാനം ഇ.ജെ, മുട്ടത്തു വര്‍ക്കി, നീലകണ്ഠന്‍ പരമാര... തുടക്കത്തില്‍ ഈ എഴുത്തുകാരാണ് എന്നെ ആകര്‍ഷിച്ചത്. ഹൈസ്കൂള്‍ ക്ലാസുകളില്‍ എത്തിയതോടെ വായന അല്പം കൂടി ഗൗരവതരമായി. എം ടി, തകഴി, കാരൂര്‍, ബഷീര്‍, ഉറൂബ്, കേശവദേവ്, പാറപ്പുറത്ത്, കെ സുരേന്ദ്രന്‍ എന്നിവരുടെ നോവലുകളിലെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിനെ മഥിച്ചു തുടങ്ങി. കോളേജുകാലമായപ്പോഴേക്കും ആധുനികരുടെ വഴിയിലേക്ക് മാറി. കാക്കനാടനും മുകുന്ദനും ആനന്ദും വിജയനും താരങ്ങളായി. മഴ കോരിച്ചൊരിയുന്ന ഒരു വര്‍ഷകാലത്ത് ഉമ്മറത്തെ ചാരുകസേരയിലിരുന്ന് ഒറ്റയിരിപ്പിലാണ് മയ്യഴിപ്പുഴ വായിച്ചുതീര്‍ത്തത്. അന്ന് മനസ്സില്‍ കുടിയേറിയ ഗസ്തോന്‍ സായിപ്പും കുഞ്ചിയമ്മയും ദാസനും ഇന്നും അതേ പോലെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു.

വായനശാലയ്ക്ക് വാര്‍ഷിക ഗ്രാന്റ് ലഭിച്ചാല്‍ പുസ്തകമെടുക്കാന്‍ കോഴിക്കോട്ടേക്കോ തൃശ്ശൂര്‍ക്കോ പോകുന്ന കൂട്ടത്തില്‍ ഞാനും പോയിത്തുടങ്ങി. പുതിയ പുസ്തകങ്ങള്‍ ആദ്യം വായിക്കാന്‍ മത്സരമായിരുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള പ്രതിമാസ ചര്‍ച്ചകളില്‍ ഞാനും പങ്കെടുത്തു. വിലാസിനിയുടെ നോവലിന് ആസ്വാദനം അവതരിപ്പിച്ചുകൊണ്ടായിരുന്നു എന്റെ അരങ്ങേറ്റം എന്നാണോര്‍മ്മ. പുലരി എന്നൊരു കൈയെഴുത്തു മാസികയുണ്ടായിരുന്നു വായനശാലയില്‍. അതില്‍ എന്റെ കവിത പ്രസിദ്ധീകരിച്ചിരുന്നു. പി സുരേന്ദ്രന്‍, പി വി നാരായണന്‍, നന്ദന്‍, ടി വി ശൂലപാണി എന്നിവരൊക്കെയാണ് അന്നത്തെ സമപ്രായക്കാരായ വായനാസുഹൃത്തുക്കള്‍. പുലരിയില്‍ ഞാന്‍ ഇലസ്ട്രേഷനും ചെയ്തിരുന്നു. പുലരിയുടെ പഴയ ലക്കങ്ങള്‍ ഇന്നും വായനശാലയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

വിനോദത്തിനും വിജ്ഞാനത്തിനും പുസ്തകമല്ലാതെ മറ്റുപാധികളില്ലാതിരുന്ന അക്കാലത്ത് അതു ദുര്‍ലഭമായ ഒരു വസ്തുവുമായിരുന്നു. വില കൊടുത്തുവാങ്ങാനാവാത്തതുകൊണ്ട് വായനശാലയായിരുന്നു ഞങ്ങളുടെ അഭയകേന്ദ്രം. ദരിദ്രയെങ്കിലും ഉള്ളതുകൊണ്ട് മക്കളെ ഊട്ടുന്ന വാത്സല്യനിധിയായ ഒരമ്മയെപ്പോലെയായിരുന്നു ഞങ്ങളുടെ വായനശാല. ഭൗതികസൗകര്യങ്ങള്‍ നന്നേ കുറവ്. ശവപ്പെട്ടി കുത്തനെ നിര്‍ത്തിയതുപോലെ വലുപ്പക്രമമില്ലാത്ത ഏതാനും മരയലമാരകള്‍. പക്ഷെ, അവയില്‍ ജീവനുള്ള പുസ്തകങ്ങള്‍ ഞാന്‍ മുന്നേ, ഞാന്‍ മുന്നേ എന്ന് കൈകളിലേക്ക് എടുത്തുചാടാന്‍ കുതറിനിന്നു.

പുസ്തകങ്ങളുടെ സ്വകാര്യശേഖരത്തേക്കാള്‍ വായനശാലയിലെ പൊതുശേഖരത്തെ ഞങ്ങള്‍ വിലമതിച്ചു. വിലകൊടുത്തുവാങ്ങാനുള്ള നിവൃത്തികേടുകൊണ്ടുമാത്രമായിരുന്നില്ല അത്. സ്വകാര്യതാത്പര്യങ്ങള്‍ക്കതീതമായി പങ്കിടലിന്റേതായ ഒരു പൊതുഇടം വായനശാലാപുസ്തകങ്ങള്‍ക്കുണ്ടായിരുന്നതുകൊണ്ടാണ്. പകലന്തിയോളം പണിയെടുത്ത് പാതിരയോളം ചിമ്മിനിവിളക്കത്തിരുന്നു വായിക്കുന്ന പാവപ്പെട്ട കൂലിവേലക്കാരും വിദ്യാര്‍ത്ഥികളും മറ്റുമായിരുന്നു അന്ന് വായനശാലയെ ആശ്രയിച്ചിരുന്നത്. അജ്ഞാതരായ നിരവധിപേര്‍ കൈമാറിവായിച്ചു തുന്നലടര്‍ന്നും താള്‍മടങ്ങിയും മുഷിഞ്ഞ ആ പുസ്തകങ്ങള്‍ക്ക് അവകാശപ്പെടാവുന്ന ധന്യത ഒരു സ്വകാര്യപുസ്തകത്തിനും ഉണ്ടാവാനിടയില്ല. അനുവാദമില്ലായിരുന്നെങ്കിലും പുസ്തകത്താളുകളില്‍ വായനക്കാര്‍ അഭിപ്രായം എഴുതുക പതിവായിരുന്നു. 'വളരെ നല്ല നോവല്‍' എന്നോ 'ഇതെഴുതിയവന് ഇടിവെട്ടേല്‍ക്കട്ടെ' എന്നോ ആശംസകളും പ്രാക്കും കൊണ്ട് പിന്‍താളുകള്‍ നിറഞ്ഞിരുന്നു. ലൈംഗികവര്‍ണ്ണനകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ 'മുപ്പത്താറാം പേജ് നോക്കുക' എന്നും മറ്റും പ്രത്യേകം ഇന്‍ഡക്‌സ് എഴുതിച്ചേര്‍ക്കുന്ന വിരുതന്മാരും ഉണ്ടായിരുന്നു. ഇഷ്ടവാക്യങ്ങള്‍ക്ക് അടിവരയിടുന്നതും പതിവുതന്നെ. ഇപ്പോള്‍ ഫേസ്ബുക്കിലും ട്വീറ്ററിലും മറ്റും നടക്കുന്നതുപോലുള്ള സംവാദങ്ങളും ഇത്തരം പിന്‍താള്‍ക്കുറിപ്പുകളില്‍ കാണാമായിരുന്നു.

നമ്പീശന്‍ മാസ്റ്റരാണ് വായനശാലയുടെ ആജീവനാന്ത പ്രസിഡണ്ട്. ഏതാനും വര്‍ഷം മുമ്പ് അന്തരിക്കുവോളം ആ പദവിയില്‍ അദ്ദേഹം തുടര്‍ന്നു. വായനശാല സ്ഥിതി ചെയ്തിരുന്നത് നമ്പീശന്‍മാസ്റ്റരുടെ പീടികക്കെട്ടിടത്തിനു മുകളിലായിരുന്നല്ലോ. പകല്‍ വൈകുവോളം അത് അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററും സന്ധ്യ മുതല്‍ വായനശാലയും ആയി പ്രവര്‍ത്തിച്ചുപോന്നു. പിന്നീട് അദ്ദേഹം വായനശാലക്ക് സൗജന്യമായി ഇത്തിരി സ്ഥലം തന്നു.

ഞങ്ങള്‍ അമ്മാമ എന്നു വിളിച്ചിരുന്ന ഗോവിന്ദന്‍ നായരായിരുന്നു വായനശാലയുടെ സ്ഥിരം ലൈബ്രേറിയന്‍. ഏകാകിയായിരുന്നു അമ്മാമ. പുസ്തകങ്ങള്‍ക്കു പരിക്കു കണ്ടാല്‍ ആരായാലും ചീത്ത പറയും. അടുക്കും ചിട്ടയും നിര്‍ബ്ബന്ധമാണ്. കാറ്റലോഗ് നോക്കി ടൈറ്റില്‍ പറയുകയേ വേണ്ടു; മൃതസഞ്ജീവനിയുള്ള പര്‍വ്വതത്തെ കൈവെള്ളയില്‍ വഹിച്ചുകൊണ്ട് ഹനുമാന്‍ എന്ന പോലെ അമ്മാമ അലമാരകള്‍ക്കിടയില്‍നിന്ന് പുസ്തകവുമായി പ്രത്യക്ഷപ്പെടും!

ഒരുനാള്‍, ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് അമ്മാമ ആത്മഹത്യ ചെയ്തു. അപ്രതീക്ഷിതമായ ആ ആഘാതത്താല്‍ അല്പകാലത്തേക്ക് ഞങ്ങള്‍, വായനക്കാരും പുസ്തകങ്ങളും അനാഥരായി. ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ എന്ന എന്റെ കവിതയുടെ രചനാപശ്ചാത്തലം ഈ സംഭവമായിരുന്നു.

കാലം കടന്നുപോയി. ഇന്ന് വായനശാലയ്ക്ക് സ്വന്തം കെട്ടിടമുണ്ട്. ധാരാളം പുസ്തകങ്ങളുണ്ട്. ആനുകാലികപ്രസിദ്ധീകരണങ്ങളുണ്ട്. എന്നാല്‍ അന്നത്തെ ആവേശഭരിതമായ വായനയുണ്ടോ? പണമെടുക്കാന്‍ എ ടി എമ്മില്‍ പോകുന്നവരില്‍ എത്രപേര്‍ പുസ്തകമെടുക്കാന്‍ വായനശാലയില്‍ പോകുന്നുണ്ട്? പുതിയ ഡിജിറ്റല്‍ ലോകം നമ്മുടെ വായനാസ്വഭാവത്തെ മാറ്റിമറിച്ചു. അതിനൊത്ത് വായനശാലകള്‍ മാറുന്നുണ്ടോ?

സത്യം പറയട്ടെ, അടുത്തകാലത്തൊന്നും എനിക്ക് വായനശാലയില്‍നിന്ന് പുസ്തകമെടുക്കേണ്ടി വന്നിട്ടില്ല. എന്റെ അഭിരുചിക്കൊത്ത പുസ്തകങ്ങള്‍ ഇപ്പോള്‍ ഞാന്‍ വാങ്ങുന്നത് അധികവും ഇ-പുസ്തകമായിട്ടാണ്. അച്ചടിപ്പുസ്തകത്തിലെന്നപോലെ അതു വായിക്കാന്‍ ഒരു ഇ-റീഡറുമുണ്ട്. ആമസോണ്‍ കിന്റില്‍. അരുന്ധതീ റോയിയുടെ മിനിസ്ട്രി ഓഫ് ഹാപ്പിനെസ് പുറത്തിറങ്ങിയ ദിവസം തന്നെ ഞാനതു ഡൗണ്‍ലോഡ് ചെയ്ത് വായന തുടങ്ങി. മനു എസ് പിള്ളയുടെ ഐവറി ത്രോണ്‍, മുറാകാമിയുടെ കില്ലിങ്ങ് കമാണ്ടേറ്റിയോര്‍, ഹരാരിയുടെ ഹോമോ ദിയൂസ്... കഴിഞ്ഞ വര്‍ഷം ഞാന്‍ വായിച്ച മികച്ച പുസ്തകങ്ങളെല്ലാം കിന്‍ഡില്‍ ലൈബ്രറിയില്‍ നിന്നാണ്.

എന്നുവെച്ച് വായനശാലയില്‍ പോകാറില്ലെന്നല്ല. വീട്ടിലുള്ള വൈകുന്നേരങ്ങളില്‍ അവിടെ പോകും. ഷെല്‍ഫില്‍ നിന്ന് ഏതെങ്കിലുമൊരു പുസ്തകമെടുത്ത് മണത്തു നോക്കും. ബയന്റു ചെയ്ത പഴയ ചില പുസ്തകങ്ങള്‍ക്ക് റേഷനരിയുടേയും മണ്ണെണ്ണയുടേയും മണമുണ്ടാകും. ഏതോ പാവം വായനക്കാരന്റെ പ്രാരബ്ധസ്സഞ്ചിയുടെ ജീവിതഗന്ധമാണ് അത്. ഗൃഹാതുരമായ ആ ഗന്ധം, പക്ഷെ കിന്‍ഡില്‍ ഇ പുസ്തകത്തിന് പകരാനാവില്ല.