ഇന്ന് വെര്‍ട്ടിക്കല്‍ ഫാമിങ്ങ് കൃഷിയില്‍ പരീക്ഷിച്ചു നോക്കാന്‍ താല്‍പര്യമുള്ളവരാണ് പലരും. വീടിനകത്ത് തട്ടുകളിലായി ചെടികള്‍ വളര്‍ത്തുന്നത് പലര്‍ക്കും ഹോബിയാണ്. അതേസമയം, സ്ഥലമില്ലാത്തതിനാല്‍ പച്ചക്കറികളും പൂച്ചെടികളുമൊന്നും കൃഷി ചെയ്യാന്‍ കഴിയുന്നില്ലെന്നോര്‍ത്ത് വിഷമിക്കുന്നവര്‍ക്കും നല്ലൊരു പരിഹാരമാര്‍ഗമാണ് വെര്‍ട്ടിക്കല്‍ ഫാമിങ്ങ്. ഈ രീതിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയാല്‍ കാര്‍ഷികരംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കാനും കഴിയും.

ഇന്ത്യയില്‍ 58 ശതമാനത്തോളമുള്ള ആളുകള്‍ ജീവിക്കാനായി കാര്‍ഷിക വൃത്തി സ്വീകരിച്ചവരാണ്. ഏകദേശം 1.3 ബില്യണ്‍ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയെന്നത് എളുപ്പമുള്ള ജോലിയല്ല. വെര്‍ട്ടിക്കല്‍ ഫാമിങ്ങ് എന്ന വിദ്യയ്ക്ക് ഇന്ത്യയിലെ കര്‍ഷകരുടെ ഭാവി പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുമെന്ന് അനുഭവസ്ഥര്‍ കരുതുന്നു.

 

കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നത് വലിയൊരു ഭീഷണിയാണ്. ഏകദേശം 58 ശതമാനത്തോളം കൃഷിക്ക് ഉപയുക്തമായ ഭൂമി തരിശുനിലങ്ങളായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍. വെര്‍ട്ടിക്കല്‍ ഫാമിങ്ങ് വന്നപ്പോള്‍ ഇന്ത്യയിലെ കൃഷിരീതിയില്‍ത്തന്നെ മാറ്റം വരികയും കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ വിളവെടുക്കാന്‍ കഴിയുകയും ചെയ്തു.

എന്താണ് വെര്‍ട്ടിക്കല്‍ ഫാമിങ്ങ്?

യുവാക്കള്‍ക്ക് ഏറെ താല്‍പര്യമുള്ളത് വെര്‍ട്ടിക്കല്‍ ഫാമിങ്ങിനോടാണ്. ഇത് ഇന്‍ഡോര്‍ ആയി ചെടികള്‍ വളര്‍ത്തുന്നവര്‍ക്കും ഏറെ പ്രയോജനപ്രദമാണ്. വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ഉപയോഗിച്ചാല്‍ പച്ചക്കറിവിളകള്‍ക്ക് ആവശ്യാനുസരണം കാറ്റും വെളിച്ചവുമെല്ലാം ലഭിക്കും. കുത്തനെ അടുക്കുകളായി വിളകള്‍ വളര്‍ത്താവുന്ന സംവിധാനമാണ് വെര്‍ട്ടിക്കല്‍ ഫാമിങ്ങ്. സ്ഥലത്തിന്റെ ഘടന, പ്രകാശം, വളര്‍ത്താനുള്ള മാധ്യമം എന്നിവയെല്ലാം പരിഗണിച്ചാണ് കൃഷി .

 

കുത്തനെ നില്‍ക്കുന്ന ടവര്‍ പോലെയുള്ള വസ്തുക്കളില്‍ പച്ചക്കറികള്‍ വളര്‍ത്തുന്ന രീതിയാണിത്. അതുകൊണ്ടുതന്നെ സ്ഥലം കൂടുതല്‍ ആവശ്യമില്ല. കൃത്രിമമായതും സ്വാഭാവികമായി പ്രകൃതിയില്‍ നിന്ന് ലഭിക്കുന്നതുമായ പ്രകാശം കൃഷിക്ക് ആവശ്യമാണ്. ചെടികളുടെ ഫലപ്രദമായ വളര്‍ച്ചയ്ക്ക് ഇത് വേണം.

ഇനി ചെടി വളര്‍ത്താനുള്ള മാധ്യമമാണ് ആവശ്യം. മണ്ണിന് പകരം നമുക്ക് ഹൈഡ്രോപോണിക്‌സ്, അക്വാപോണിക്‌സ് എന്നീ രീതികള്‍ ഉപയോഗിക്കാം.  മറ്റുള്ള കൃഷിരീതികളെ അപേക്ഷിച്ച് 95 ശതമാനത്തോളം വെള്ളത്തിന്റെ ആവശ്യം കുറയ്ക്കാന്‍ കഴിയും.

വെര്‍ട്ടിക്കല്‍ ഫാമിങ്ങിന്റെ ഗുണങ്ങള്‍

നാളത്തെ കാര്‍ഷിക കേരളത്തിന് ആവശ്യമുള്ള കൃഷിരീതിയാണിത്. നിരവധി ഗുണങ്ങള്‍ വെര്‍ട്ടിക്കല്‍ ഫാമിങ്ങിനുണ്ട്.

കൃഷിഭൂമി ഇല്ലാത്ത ആളുകള്‍ക്ക് വീടിനകത്ത് തന്നെ ഈ രീതിയില്‍ പച്ചക്കറികള്‍ വളര്‍ത്താം

ഏകദേശം നാലോ അഞ്ചോ ഏക്കറില്‍ സാധാരണ കൃഷി ചെയ്യുന്ന വിളകള്‍ വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ഉപയോഗിച്ച് ഒരേക്കറില്‍ കൃഷി ചെയ്യാം.

മഴ കുറവുള്ള പ്രദേശങ്ങളിലും വളരെ എളുപ്പത്തില്‍ ലഭ്യമായ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാമെന്നതും ഗുണമാണ്.

സാധാരണ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ വെര്‍ട്ടിക്കല്‍ ഫാമിങ്ങിനെ ബാധിക്കുന്നില്ല. കാരണം നിയന്ത്രിതമായ അന്തരീക്ഷം ഒരുക്കിയാണ് നാം വിളകള്‍ വളര്‍ത്തുന്നത്.

വെര്‍ട്ടിക്കല്‍ നെറ്റ് ഫാമിങ്ങ് എന്ന വിദ്യ

വല ഉപയോഗിച്ച് പന്തല്‍പോലെ പച്ചക്കറികള്‍ വളര്‍ത്താവുന്ന രീതിയാണിത്. പാവലും കുരുത്തോലപ്പയറും പടവലവും വെള്ളരിയും കോവയ്ക്കയും നിത്യവഴുതനയും ഈ രീതിയില്‍ വളര്‍ത്തിയെടുക്കാം.

മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന പഴയ വലകളും മതി. 10 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള വലകള്‍ വാങ്ങിയും ഉപയോഗിക്കാം. നിങ്ങള്‍ മുറ്റത്തോ ടൈല്‍സ് പാകിയ തറയിലോ ഗ്രോബാഗില്‍ ചെടികള്‍ നട്ടാല്‍ വള്ളികള്‍ വളര്‍ന്നു വരുമ്പോള്‍ ഈ വലയിലേക്ക് കയറ്റിവിട്ടാല്‍ മതി.

സ്ഥലത്തിന്റെ വലുപ്പമനുസരിച്ച് വിപണിയില്‍ വലകള്‍ ലഭ്യമാണ്. വളരെ കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ പച്ചക്കറികള്‍ കിട്ടുമെന്നത് തന്നെയാണ് ഇതിന്റെ ഗുണം.

 

നിലത്ത് പടരുന്ന പച്ചക്കറികള്‍ക്ക് ഉയരത്തിലേക്ക് വളരാനുള്ള സ്ഥലം നല്‍കുന്നതാണ് നല്ലത്. കൂടുതല്‍ ആരോഗ്യമുള്ള ചെടികള്‍ ലഭിക്കും. തുറസായ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ഈ രീതിയില്‍ വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ചെയ്യാവുന്നതാണ്.

പോളിഹൗസിലും വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ചെയ്യാം. 1000 സ്‌ക്വയര്‍ മീറ്റര്‍ മാത്രമുള്ള പോളിഹൗസില്‍ നിന്ന്, തുറസായ സ്ഥലത്ത് 8000 സ്‌ക്വയര്‍ മീറ്റര്‍ കൃഷിഭൂമിയില്‍ വളര്‍ത്തുമ്പോള്‍ കിട്ടുന്ന അതേ വിളവ് ലഭിക്കുന്നുവെന്നതാണ് ഗുണമേന്മ. നിഴലിന്റെ പ്രശ്‍നവും പോളിഹൗസില്‍  ഉണ്ടാകുന്നില്ല. കുത്തനെയുള്ള പച്ചക്കറികളുടെ വേലിയില്‍ എല്ലാ ഭാഗത്തും ഓരേ രീതിയില്‍ സൂര്യപ്രകാശം ലഭിക്കുന്നു. നിങ്ങള്‍ക്ക് കിട്ടുന്ന പച്ചക്കറികള്‍ ഓരേ വലിപ്പത്തിലും നീളത്തിലുമുള്ളവയായിരിക്കും.