ദീപാവലി സമയത്ത് ഡൽഹി-എൻസിആറിൽ ഗ്രീൻ പടക്കങ്ങൾ വിൽക്കാനും പൊട്ടിക്കാനും ചില വ്യവസ്ഥകളോടെ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.
ദീപാവലി ദിനത്തിൽ ശുദ്ധവായു ഇല്ലാതെ വലഞ്ഞ് ഡൽഹി. എയർ ക്വാളിറ്റി ഇൻഡക്സ് (AQI) വളരെ മോശം (Very Poor) വിഭാഗത്തിലേക്കാണ് കൂപ്പുകുത്തിയത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) പറയുന്നത് പ്രകാരം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് രൂക്ഷമായ വായുമലിനീകരണത്തിന് കാരണമായത്. രാവിലെ 8 മണിക്ക് നഗരത്തിലെ മൊത്തത്തിലുള്ള AQI 335 ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിലെ ഏകദേശം 38 നിരീക്ഷണ കേന്ദ്രങ്ങളിൽ മിക്കയിടത്തും AQI നില 300 -ന് മുകളിൽ (വളരെ മോശം) രേഖപ്പെടുത്തി. ഇതിൽ ആനന്ദ് വിഹാർ (414), വസീർപൂർ (407) എന്നീ പ്രദേശങ്ങളിലെ AQI അതീവ ഗുരുതരം (Severe) എന്ന വിഭാഗത്തിലായിരുന്നു. ശ്രീ അരബിന്ദോ മാർഗ് (165), ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (DTU) (198) എന്നീ രണ്ട് നിരീക്ഷണ കേന്ദ്രങ്ങളിൽ മാത്രമാണ് AQI മിതമായ (Moderate) വിഭാഗത്തിൽ രേഖപ്പെടുത്തിയത്. ബോർഡിന്റെ പ്രവചനമനുസരിച്ച്, വരും ദിവസങ്ങളിലും സമാനമായ പ്രവണത തുടരും. ചൊവ്വാഴ്ചയും ബുധനാഴ്ചയും വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളായി അതീവ ഗുരുതരം (Severe) വിഭാഗത്തിലേക്ക് എത്തുമെന്നാണ് വിദഗ്ദർ പറയുന്നത്.
ദീപാവലി സമയത്ത് ഡൽഹി-എൻസിആറിൽ ഗ്രീൻ പടക്കങ്ങൾ വിൽക്കാനും പൊട്ടിക്കാനും ചില വ്യവസ്ഥകളോടെ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഗ്രീൻ പടക്കങ്ങൾ സാധാരണ പടക്കങ്ങളേക്കാൾ 30 ശതമാനം കുറവ് മലിനീകരണം മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്ന് അവകാശപ്പെടുന്നു. ഈ പടക്കങ്ങളിൽ ബേരിയം, അലുമിനിയം തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കുറവാണ്. കൂടാതെ, പൊടിയും പുകയും നിയന്ത്രിക്കുന്നതിനുള്ള അഡിറ്റീവുകളും ഇവയിൽ ചേർത്തിട്ടുണ്ട്.
ഡൽഹിയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കുന്നതിന് സമയനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദീപാവലിയുടെ തലേദിവസം, രാവിലെ 6 മണി മുതൽ വൈകുന്നേരം 7 മണി വരെയും ദീപാവലി ദിവസം രാത്രി 8 മണി മുതൽ രാത്രി 10 മണി വരെയുമാണ് ഇത്. മുഖ്യമന്ത്രി രേഖാ ഗുപ്ത ദീപാവലിക്ക് ഗ്രീൻ പടക്കങ്ങൾ മാത്രം ഉപയോഗിച്ച് നഗരത്തെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാൻ ഡൽഹിയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.


