Asianet News MalayalamAsianet News Malayalam

ഉറുമ്പിനെ പോലെ നടക്കുന്ന മുതല മനുഷ്യര്‍; വെറുതെയല്ല അവര്‍ അങ്ങനെയായത്!

അത്രയ്ക്ക് ഭയാനകമായിരുന്നു അവരുടെ രൂപം. അവര്‍ ഒരിക്കല്‍ മനുഷ്യരായിരുന്നുവെന്നാര്‍ക്കും തോന്നില്ലായിരുന്നു. സ്‌ഫോടനത്തില്‍ അവരുടെ മുഖം നശിച്ചു. തലയോട്ടിയില്‍ നിന്ന് ചര്‍മ്മം വെട്ടിമാറ്റപ്പെട്ടു. കണ്ണുകളോ സവിശേഷതകളോ ഇല്ലാതെ ഒരു കറുത്ത, തുകല്‍ വസ്തു മാത്രമായി അവര്‍ അവശേഷിച്ചു. വായകള്‍ ഉണ്ടായിരുന്നിടത് ഒരു ചുവന്ന ദ്വാരം മാത്രമായി ബാക്കി.
 

victims of nuclear bombs in hiroshima
Author
Hiroshima, First Published Aug 31, 2021, 3:17 PM IST

ഏകദേശം 76 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജാപ്പനീസ് നഗരമായ ഹിരോഷിമയില്‍ അമേരിക്ക അണവ ബോംബ് വിക്ഷേപിച്ചത്. 

അന്നൊരു തിങ്കളാഴ്ചയായിരുന്നു. രാവിലെ തിരക്കുള്ള സമയത്ത് അമേരിക്കന്‍ വിമാനത്തില്‍നിന്നും താഴേക്കിട്ട 'ലിറ്റില്‍ ബോയ്' എന്ന ആണവബോംബ് ഹിരോഷിമയ്ക്ക് 750 അടി മുകളില്‍ പൊട്ടിത്തെറിച്ചു. അന്നുവരെ കണ്ടിട്ടും, അനുഭവിച്ചിട്ടുമില്ലാ ഒന്നാണ് അതിനുശേഷം സംഭവിച്ചത്. 

ആകാശത്ത് ഒരു വലിയ വെളിച്ചം നിറഞ്ഞു. കെട്ടിടങ്ങള്‍ പോലും നിലം പൊത്തുന്ന വിധം ഭയാനകമായ ഒരു ശബ്ദം നഗരത്തിലുടനീളം പരന്നു. ആകാശം ഒരു കറുത്ത പൊട്ടായി അവശേഷിച്ചു, ഭൂമിയോ ഒരു വലിയ അഗ്‌നികുണ്ഡവും. 4,000 സെല്‍ഷ്യസില്‍ തീ കത്തി കൊണ്ടിരുന്നു. ഏകദേശം 80,000 ആളുകള്‍ തല്‍ക്ഷണം തന്നെ മരിച്ചു. ആ പൊട്ടിത്തെറി ജനസംഖ്യയുടെ 40 ശതമാനത്തെ ഇല്ലാതാക്കി. നഗരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും നശിപ്പിക്കപ്പെട്ടു. 

ഇതുവരെ പറഞ്ഞത് മരിച്ചവരുടെ കാര്യം. രക്ഷപ്പെട്ടവരുടെയോ? 

കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ് അത്. അവരെ കാത്തിരുന്നത് നരകമായിരുന്നു. അതിജീവിച്ച പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഭയങ്കരമായ പൊള്ളലും റേഡിയേഷനും നേരിട്ടു. അവരെ ഉറുമ്പിനെ പോലെ നടക്കുന്ന മുതല മനുഷ്യര്‍  (Ant-walking alligator people) എന്ന് വിളിച്ചു. എന്തുകൊണ്ടായിരിക്കാം അത്?  

അത്രയ്ക്ക് ഭയാനകമായിരുന്നു അവരുടെ രൂപം. അവര്‍ ഒരിക്കല്‍ മനുഷ്യരായിരുന്നുവെന്നാര്‍ക്കും തോന്നില്ലായിരുന്നു. സ്‌ഫോടനത്തില്‍ അവരുടെ മുഖം നശിച്ചു. തലയോട്ടിയില്‍ നിന്ന് ചര്‍മ്മം വെട്ടിമാറ്റപ്പെട്ടു. കണ്ണുകളോ സവിശേഷതകളോ ഇല്ലാതെ ഒരു കറുത്ത, തുകല്‍ വസ്തു മാത്രമായി അവര്‍ അവശേഷിച്ചു. വായകള്‍ ഉണ്ടായിരുന്നിടത് ഒരു ചുവന്ന ദ്വാരം മാത്രമായി ബാക്കി. മുഖമില്ലാത്തവര്‍, കണ്ണില്ലാത്തവര്‍, സ്‌ഫോടനത്തില്‍ ഭയങ്കരമായി കത്തിക്കരിഞ്ഞവര്‍ എന്നിങ്ങനെ കണ്ടാല്‍ ഭയം തോന്നുന്ന എന്നാല്‍ അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോയവരാണ് അവര്‍. 

ഒരു മുതലയുടെ തൊലിയ്ക്ക് സമാനമായി പൊള്ളലേറ്റവരുടെ തൊലി കറുത്ത്, വിണ്ടുകീറി, ചിതറിപ്പോയിരുന്നു. ഹിരോഷിമയിലെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ശവം നിറഞ്ഞ തെരുവുകളില്‍ അവര്‍ അന്ധമായി ചുറ്റിനടന്നു. പലപ്പോഴും ഒരു ഉറുമ്പിന്റെ നടത്തം പോലെ ലക്ഷ്യമില്ലാത്ത അലച്ചിലായിരുന്നു അത്.  ഉറുമ്പുകള്‍ നിരനിരയായി പോകും പോലെ അവര്‍ പലരസ്പരം സഹായത്തോടെ നിരനിരയായി തെരുവുകളിലൂടെ നടന്നുവെന്ന് സാക്ഷികള്‍ പറയുന്നു.  

ദി ലാസ്റ്റ് ട്രെയിന്‍ ടു ഹിരോഷിമ എന്ന തന്റെ പുസ്തകത്തില്‍ ചാള്‍സ് പെല്ലെഗ്രിനോ ആയിരക്കണക്കിന് ദൃക്സാക്ഷി വിവരങ്ങളിലൂടെ അതിന്റെ തീവ്രത വര്‍ണ്ണിക്കുന്നു. 'കണ്ണില്ലാത്തവരും, മുഖമില്ലാത്തവരും, തലകള്‍ കറുത്ത മുതലയുടേത് പോലെ രൂപാന്തരപ്പെട്ടവരും, വായയെന്ന് തോന്നിക്കുന്ന ചുവന്ന ദ്വാരങ്ങള്‍ മാത്രം മുഖത്ത് അവശേഷിപ്പിച്ചവരുമായി അവര്‍ മാറി'- അദ്ദേഹം എഴുതി. 

എന്നിട്ടും പക്ഷേ അവര്‍ നിലവിളിച്ചില്ല. കാരണം അവര്‍ക്ക് ശബ്ദം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഉണ്ടാക്കുന്ന ശബ്ദം നിലവിളിയെക്കാള്‍ ദയനീയമായിരുന്നു. പൊള്ളലേറ്റ് അവശേഷിക്കുന്നവരെ 'നടക്കുന്ന പ്രേതങ്ങള്‍' എന്ന് രക്ഷപ്പെട്ട മറ്റുള്ളവര്‍ വിവരിച്ചു. മുറിവേറ്റവരുടെ ശരീരത്തില്‍ ഒരു പുതപ്പ് പോലെ ഈച്ചകള്‍ ആര്‍ത്തു.  വഴിയില്‍ പലരും 'വെള്ളം വെള്ളം' എന്ന് കേണു.    

ദുരന്തത്തിന്റെ തീവ്രത വിളിച്ചോതുന്നതാണ് അതിന്റെ ചിത്രങ്ങള്‍. വഴികളിലും, പടികളിലും കറുത്ത വരകളായി മനുഷ്യന്റെ അടയാളങ്ങള്‍ അവശേഷിച്ചു. പൂക്കളോ, കൈത്തണ്ടയിലെ വാച്ചുകളോ മാംസത്തില്‍ ബ്രാന്‍ഡ് ചെയ്ത പരുവത്തില്‍ കാണപ്പെട്ടു. അവിടെ നിന്ന് ഒരു മൈല്‍ അകലെ താമസിച്ചിരുന്ന ഡോ. മിഷിഹികോ ഹച്ചിയ തന്റെ ഡയറിയില്‍ സ്‌ഫോടനത്തിന്റെ അനന്തരഫലങ്ങള്‍ എഴുതി. 

''വീടുകള്‍ പൂര്‍ണ്ണമായും ഇല്ലാതായി. നഗ്‌നരായ ആളുകള്‍ തെരുവുകളില്‍ നടന്നു.  എങ്ങും പൂര്‍ണ്ണ നിശബ്ദത പരന്നു. ആളുകളുടെ കൈകള്‍ കൈത്തണ്ടയില്‍ നിന്നും തൂങ്ങി വായുവില്‍ കിടന്നാടി.''

അവരാരും അധികകാലം ജീവിച്ചിരുന്നില്ല എന്നത് ഒരാശ്വാസമാണ്. ബോംബുസ്‌ഫോടനത്തിന്റെ മിക്ക ആധുനിക രേഖകളിലും അവരെ കുറിച്ചുള്ള മതിയായ വിവരങ്ങളില്ല. എന്നാല്‍ ആ മുതല മനുഷ്യര്‍ യുദ്ധങ്ങളില്‍ കാണാതെ പോകുന്ന മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് എന്നതില്‍ സംശയമില്ല.''  

 

Follow Us:
Download App:
  • android
  • ios