ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമം അവരുടെ ഗ്രാമത്തിന് ഒരു കളക്ടറുടെ പേര് നല്‍കിയിട്ടുണ്ടോ? ഉണ്ട്, തെലങ്കാനയിലെ ഈ ഗ്രാമത്തിന്‍റെ പേര് ഒരു കളക്ടറോടുള്ള ആദരമാണ്. ആ കളക്ടറുടെ പേരാണ് ദിവ്യ ദേവരാജന്‍. ഗ്രാമത്തിന്‍റെ പേര് ദിവ്യഗുഡ. 2010 ഐഎഎസ് ബാച്ചിലെ അംഗമാണ് ദിവ്യ. 2017 -ല്‍ തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ കളക്ടറായി ദിവ്യ ചുമതലയേറ്റെടുക്കുമ്പോള്‍ അവിടെ വിവിധ ആദിവാസി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മുറുകിയിരിക്കുകയായിരുന്നു. 

ആ പോര് ഇല്ലാതാക്കാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും എന്ത് ചെയ്യണമെന്ന് തല പുകച്ചാലോചിച്ചു ദിവ്യ. അതിനായി ആദ്യം വേണ്ടത് അവരോട് തുറന്ന് സംസാരിക്കാനുള്ള അവസരമാണ് എന്ന് ആ കളക്ടര്‍ മനസിലാക്കി. അതിനായി പക്ഷേ, അവരുടെ പ്രാദേശികമായ ഭാഷ പഠിച്ചെടുക്കണമായിരുന്നു. അവിടെ മനുഷ്യര്‍ക്ക് വേണ്ടത് അവരെ കേള്‍ക്കാന്‍, അവരുടെ പ്രശ്‍നങ്ങള്‍ മനസിലാക്കാന്‍ ഒരാളെയായിരുന്നു. ദിവ്യ അക്ഷരാര്‍ത്ഥത്തില്‍ അവരെ ഹൃദയം കൊണ്ടുതന്നെ കേട്ടു. മൂന്നേമൂന്നു മാസം കൊണ്ട് അവരുടെ ഭാഷയും പഠിച്ചെടുത്തു. കളക്ടര്‍ തങ്ങളുടെ ഭാഷ പഠിച്ചുവെന്നും അവരോട് എന്തും സംസാരിക്കാനുള്ള അനുവാദമുണ്ടെന്നും മനസിലാക്കിയതോടെ ഗ്രാമവാസികള്‍ അവരുടെ പ്രശ്‍നങ്ങള്‍ ദിവ്യക്ക് മുന്നില്‍ അവതരിപ്പിച്ചു തുടങ്ങി. 

ആദിലാബാദ് ജില്ലയില്‍ നിന്നും ദിവ്യ പോവുകയും മറ്റൊരാള്‍ പകരം കളക്ടറായി ചാര്‍ജ്ജെടുക്കുകയും ചെയ്‍തപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട കളക്ടറോടുള്ള ആദരപ്രകാരം ജനങ്ങള്‍ ചെയ്‍തത് ജില്ലയിലെ ഒരു ഗ്രാമത്തിന് അവരുടെ പേര് നല്‍കുക എന്നതായിരുന്നു. ദിവ്യഗുഡ എന്നാണ് ആ ഗ്രാമത്തിന്‍റെ പേര്. അത്രയേറെ ആ ഗ്രാമത്തെ ദിവ്യ മനസിലാക്കുകയും അവരുടെ പ്രശ്‍നങ്ങള്‍ പരിഹരിക്കുകയും ചെയ്‍തിരുന്നു. എങ്കിലും ഗ്രാമത്തിന് തന്‍റെ പേര് നല്‍കിയെന്ന വാര്‍ത്തയോട് ദിവ്യ പ്രതികരിക്കുന്നത് താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍ അത് അനുവദിക്കില്ലായിരുന്നുവെന്നാണ്. ചെയ്‍തത് സ്വന്തം കടമയാണ് എന്നാണ് ദിവ്യ വിശ്വസിക്കുന്നത്. ഫെബ്രുവരിയില്‍ സെക്രട്ടറി ആന്‍ഡ് കമ്മീഷണര്‍ ഫോര്‍ വുമണ്‍, ചൈല്‍ഡ്, ഡിസേബിള്‍ഡ്, ആന്‍ഡ് സീനിയര്‍ സിറ്റിസന്‍സ് ആയി ചാര്‍ജ്ജെടുത്തിരിക്കുകയാണ് ദിവ്യ. 

 

ആദിലാബാദ് ജില്ലയില്‍ ദിവ്യ ചാര്‍ജ്ജെടുക്കുമ്പോള്‍ ഒരുപാട് പ്രശ്‍നങ്ങള്‍ അവിടെ ഓരോ ഗ്രാമത്തിലെയും ജനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു. വിദ്യാഭ്യാസമില്ലായ്മ, ശുചിത്വക്കുറവ്, ആരോഗ്യ പ്രശ്നങ്ങള്‍, ജലലഭ്യതയുടെ കുറവ് ഇങ്ങനെ പല പ്രശ്‍നങ്ങളും അവിടെയുണ്ടായിരുന്നു. ആദിവാസികളുടെ ക്ഷേമത്തിന് മുന്‍ഗണന കൊടുക്കാനായിട്ടായിരുന്നു ദിവ്യയുടെ നിയമനം. അങ്ങനെയാണ് അവരുടെ ഭാഷ പഠിക്കുന്നതും അവരെ കേള്‍ക്കുന്നതും പ്രശ്‍നങ്ങള്‍ പരിഹരിക്കുന്നതും. 

എപ്പോഴും വിവിധ ആദിവാസി ഗ്രൂപ്പുകള്‍ പരസ്‍പരം രൂക്ഷമായ കലഹങ്ങള്‍ നിലനിന്നിരുന്ന സ്ഥലമായിരുന്നു അത്. പലപ്പോഴും കര്‍ഫ്യൂ വരെ പ്രഖ്യാപിക്കേണ്ടി വരാറുണ്ട്. എന്നാല്‍, എല്ലാവരെയും ഒരുപോലെ കേള്‍ക്കാനാവുന്ന ദിവ്യ വന്നതോടെ ആ പ്രശ്‍നങ്ങള്‍ക്ക് അവസാനമായി. ഒരു ആദിവാസി വിഭാഗം നേതാവായ മരുതി പറയുന്നത് ഇങ്ങനെയാണ്, "ഇതിനുമുമ്പും ഇവിടെ നിരവധി കളക്ടര്‍മാര്‍ ചാര്‍ജ്ജെടുത്തിട്ടുണ്ട്. പക്ഷേ, ആദ്യമായി ഞാന്‍ ഒരു കളക്ടറുടെ ഓഫീസില്‍ കയറിച്ചെല്ലുന്നതും കളക്ടറെ കാണുന്നതും ദിവ്യമാഡം ചാര്‍ജ്ജെടുത്ത ശേഷമാണ്. അതുവരെ നമ്മളെ ആരും ശ്രദ്ധിച്ചിരുന്നില്ല. അവരാദ്യം ചെയ്‍തത് അവരുടെ ഓഫീസ് നമുക്കെല്ലാവര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്ന ഒരിടമാക്കി എന്നതാണ്. മാത്രവുമല്ല, നമ്മുടെ ഓരോരുത്തരുടെയും പേരുപോലും അവര്‍ക്കറിയാമായിരുന്നു. നമ്മള്‍ ആദിവാസികളാണ്. വലിയ വലിയ സമ്മാനങ്ങളൊന്നും നല്‍കാന്‍ നമ്മുടെ കയ്യിലില്ല. അതുകൊണ്ടാണ് അവരോടുള്ള ആദരവ് പ്രകാരം ഒരു ഗ്രാമത്തിന് അവരുടെ പേര് നല്‍കിയിരിക്കുന്നത്.''

 

ഗ്രാമത്തിലുള്ളവരോട് ബന്ധം സ്ഥാപിക്കണമെങ്കില്‍, അവരുടെ യഥാര്‍ത്ഥ പ്രശ്‍നങ്ങള്‍ മനസിലാക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് അവരുടെ ഭാഷ പഠിക്കുകയാണെന്ന് ദിവ്യയ്ക്ക് അറിയാമായിരുന്നു. പല കളക്ടര്‍മാരും ആദ്യം അതിന് ശ്രമിക്കുകയും പിന്നീട് പരാജയപ്പെടാറുമാണ്. പലരും പരിഭാഷപ്പെടുത്താന്‍ ആളെ ആശ്രയിക്കും. പക്ഷേ, തന്‍റെ ജോലി കഴിഞ്ഞശേഷം വൈകുന്നേരങ്ങളിലെല്ലാം കിട്ടുന്ന നേരങ്ങള്‍ ആദിലാബാദിലെ ഓള്‍ ഇന്ത്യാ റേഡിയോ സീനിയര്‍ അനൗണ്‍സറായിരുന്ന ദുര്‍വ ഭുമന്നയ്ക്കൊപ്പമിരുന്ന് ദിവ്യ ആ ഗ്രാമങ്ങളുടെ ഭാഷ പഠിച്ചെടുത്തു. അങ്ങനെ നേരിട്ട് ഗ്രാമവാസികളോട് സംസാരിച്ചു. അവരുടെ പ്രശ്‍നങ്ങള്‍ പഠിച്ചു, കലഹങ്ങള്‍ തീര്‍ത്തു. തീര്‍ന്നില്ല, തൊഴിലാളികളായ അവര്‍ക്ക് അവര്‍ ചെയ്യുന്ന തൊഴിലിനുള്ള കൂലി കിട്ടുന്നുണ്ടോയെന്നുറപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ദിവ്യയുടെ ശ്രദ്ധയെത്തി. ഒപ്പം തന്നെ അവരുടെ സാംസ്‍കാരികമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്‍കയ്യെടുത്തു. പിന്തുണയറിയിച്ചു. എന്തൊക്കെ അവകാശങ്ങളും ആനുകൂല്യങ്ങളും അവര്‍ക്കുണ്ടെന്നും അതെങ്ങനെ നേടിയെടുക്കണമെന്നും ആ ഗ്രാമവാസികളെ ആ കളക്ടര്‍ ബോധവല്‍ക്കരിച്ചു. അങ്ങനെ അവരുടെ വികസനത്തിന് വഴിയൊരുക്കി കൂടെനിന്നു. 

 

എന്തുകൊണ്ടാണ് ഒരു കളക്ടറായതെന്നും ഇങ്ങനെ പ്രവര്‍ത്തിക്കാനായതെന്നും ചോദിച്ചാല്‍ ദിവ്യ തന്‍റെ വേരുകളിലേക്ക് ചെല്ലും. കര്‍ഷകനായിരുന്നു ദിവ്യയുടെ മുത്തച്ഛന്‍. ഒരു കര്‍ഷകന്‍ ജീവിക്കാന്‍ എന്തുംമാത്രം പ്രയാസമനുഭവിക്കുന്നുവെന്നത് അവര്‍ കണ്ടറിഞ്ഞതാണ്. പലപ്പോഴും അദ്ദേഹം കണ്ണീര്‍ പൊഴിക്കുന്നത് ദിവ്യ കണ്ടിട്ടുണ്ട്. അപ്പോഴാണ്, നമ്മുടെ പ്രാദേശിക ഭരണകൂടങ്ങള്‍ കര്‍ഷകരെയും സാധാരണക്കാരേയും സഹായിക്കാന്‍ കൂടുതല്‍ തയ്യാറാവേണ്ടതുണ്ട് എന്ന് ദിവ്യയ്ക്ക് മനസിലാവുന്നത്. ഒപ്പം തന്നെ ദിവ്യയുടെ അച്ഛന് വൈദ്യുത വകുപ്പിലായിരുന്നു ജോലി. ജനങ്ങളെ സേവിക്കുന്നതിന്‍റെ പ്രാധാന്യം അദ്ദേഹവും ദിവ്യയെ ബോധ്യപ്പെടുത്തിയിരുന്നു. 

അങ്ങനെയാണ് അവര്‍ ഐഎഎസ് എടുക്കുന്നതും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതും. സ്വന്തം പേരില്‍ ഒരു ഗ്രാമമുണ്ടായി എന്നറിയുമ്പോള്‍ വിനയത്തോടെ ദിവ്യ പറയുന്നത് ജനങ്ങളെ സേവിക്കുക എന്നത് കടമയാണെന്നും ഈ യാത്രയില്‍ ഇനിയും ഒരുപാട് ചെയ്‍തു തീര്‍ക്കാനുണ്ടെന്നുമാണ്.