നമ്മളൊരു ദിവസം എന്തൊക്കെയാണ് പറയുന്നത്, പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ചൊന്നും നമുക്കൊരു ധാരണയും കാണില്ല. അതുകൊണ്ടെന്താ, പിറ്റേന്നും അതിന്‍റെ പിറ്റേന്നും ഒക്കെ ഒരേ അബദ്ധം തന്നെ ആവര്‍ത്തിച്ചേക്കാം. എന്നാല്‍, ഓരോ ദിവസവും നമ്മള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ചിലതെല്ലാം എഴുതിവെച്ചാലോ? അവയെ ആത്മവിമര്‍ശനത്തിന് വിധേയമാക്കിയാലോ? നമ്മള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടായെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവിടെ ഒരു ശാസ്ത്രജ്ഞന്‍ ഏകദേശം 10 വര്‍ഷമായി അത് ചെയ്യുന്നുണ്ട്.

ഫെബ്രുവരി 2010, മോറിസ് വില്ലാരോയൽ 10 വർഷം നീണ്ട പരീക്ഷണം ആരംഭിച്ച ദിവസം. മാഡ്രിഡിലെ പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന് ഇപ്പോൾ 40 വയസ്സ് തികഞ്ഞിരുന്നു. മറ്റ് പലരേയും പോലെ, ജീവിതത്തിന്‍റെ കണക്കെടുക്കാൻ അദ്ദേഹവും ഒരുങ്ങുകയാണ്. അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് കൂടുതൽ പൂർണ്ണവും വ്യക്തവുമായ ഒരു രൂപരേഖ ഉള്ളത് നല്ലതല്ലേ? ഭൂതകാലത്തെക്കുറിച്ച് കൂടുതൽ ഓർമ്മിക്കാൻ ഇത് സഹായിക്കും എന്ന് മാത്രമല്ല, ജീവിതകാലം മുഴുവൻ എങ്ങനെ കൂടുതൽ ഫലപ്രദമായി ജീവിക്കാമെന്നും സമയം പരമാവധി പ്രയോജനപ്പെടുത്താമെന്നും മനസ്സിലാക്കാനും അത് അദ്ദേഹത്തെ സഹായിച്ചേക്കാം.

അതിനാൽ അദ്ദേഹം തന്‍റെ ഓരോ പ്രവർത്തനത്തിന്‍റെയും വിശദമായ വിവരങ്ങൾ എഴുതി സൂക്ഷിക്കാൻ തുടങ്ങി. അയാൾ ഓരോ ദിവസത്തെയും കാര്യങ്ങൾ രേഖപ്പെടുത്തുകയും, അടുത്ത ദിവസത്തിനായി ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്യുമായിരുന്നു. ആ ദിവസം തന്നെ, ഓരോ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ അയാൾ എവിടെയാണെന്നും അയാൾ എന്താണ് ചെയ്യുന്നതെന്നുമുള്ള വിശദമായി കുറിപ്പുകൾ തയ്യാറാക്കും.

ഒരു നോട്ട്ബുക്ക് തീർന്നാൽ, അദ്ദേഹം മൈക്രോസോഫ്റ്റ് എക്സലിലെ ഉള്ളടക്കങ്ങൾ ശ്രദ്ധാപൂർവ്വം സൂചികയിലാക്കി അടുത്തതിലേക്ക് പോകും. 'പരിശോധിക്കപ്പെടാത്ത ജീവിതം ജീവിക്കാൻ കൊള്ളില്ല' എന്ന് സോക്രട്ടീസ് പറഞ്ഞതുപോലെ കുറച്ചുപേർ അവരുടെ ജീവിതത്തെ സൂക്ഷമായി പരിശോധിക്കുന്നു. കൂടുതൽ സ്വയം അറിവ് നേടുന്നതിനായി അവരുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷ്മമായി ശേഖരിക്കുന്നു. 

അദ്ദേഹം ഈ പരീക്ഷണം തുടങ്ങിയിട്ട് ഇപ്പോൾ ഒൻപത് വർഷവും ഒമ്പത് മാസവും പിന്നിട്ടിരിക്കുന്നു. 307 നോട്ട്ബുക്കുകളും തീർന്നിരിക്കുന്നു. എന്തായിരിക്കും ഇങ്ങനെ എഴുതിവച്ചതില്‍നിന്നും മറ്റും അദ്ദേഹം പഠിച്ചത്?

അദ്ദേഹം എഴുതാൻ ആരംഭിച്ചപ്പോൾ അയാളുടെ പ്രാഥമിക ലക്ഷ്യങ്ങലൊന്ന് സമയം ഉപകാരപ്പെടുന്ന രീതിയിൽ ക്രമപ്പെടുത്തുക എന്നതായിരുന്നു. അദ്ദേഹം എങ്ങനെ സമയം ചെലവഴിക്കുന്നുവെന്നും ആ പ്രവർത്തനങ്ങളുടെ ഫലങ്ങൾ അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനും സന്തോഷത്തിനും കാരണമാകുന്നുണ്ടോ എന്നും അയാൾ പരിശോധിച്ചു,

"ഞാൻ എഴുതിയ ബുക്കുകൾ വഴി എന്‍റെ ജോലിയെ കൂടുതൽ മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു. ജോലിയെ കുറിച്ചുള്ള എല്ലാ ചെറിയ വിശദാംശങ്ങളും അതിനെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം എന്ന കാര്യത്തിൽ നിങ്ങളെ സഹായിക്കുന്നു” അദ്ദേഹം പറഞ്ഞു.

ഇതിനെല്ലാം ഉപരിയായി വില്ലാരോയൽ പറയുന്നത് നോട്ട് ബുക്കുകൾ തന്‍റെ വൈകാരിക നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട് എന്നാണ്. അതിനാൽ പ്രകോപനം ഉണ്ടാകുമ്പോൾ അദ്ദേഹം വളരെ സമചിത്തതയോടെ പ്രതികരിക്കുന്നു. 'ശരി, ഇത് മുൻകാലങ്ങളിൽ സംഭവിച്ചിട്ടുണ്ട്, ഈ വ്യത്യസ്ത സമയങ്ങളെല്ലാം ഞാൻ എങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളത് എന്ന് എനിക്ക് അറിയാം. അതിനാൽ ഇപ്പോൾ എനിക്ക് എന്നെ കുറച്ചുകൂടി നന്നായി നിയന്ത്രിക്കാൻ കഴിയും' അദ്ദേഹം പറയുന്നു. മുൻപ് ചെറിയ സംഭവങ്ങളാൽ താൻ അസ്വസ്ഥനാകുമെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വണ്ടിയോടിക്കുമ്പോൾ ഒരാൾ കുറുകെ ചാടുന്നത് കണ്ടാല്‍ ദേഷ്യവും പതര്‍ച്ചയും വരുമായിരുന്നു. അങ്ങനെ അദ്ദേഹം മെട്രോയിലായി പോക്കും വരവും. അത്തരം ചെറിയ മെച്ചപ്പെടുത്തലുകളിലൂടെ കാര്യമായ മാറ്റം ജീവിതത്തിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ഒരുതരത്തിൽ, സ്വയം നീരിക്ഷിക്കുന്നത് സംഭവങ്ങളെ മറ്റൊരു വ്യക്തിയുടെ വീക്ഷണത്തിൽ കാണാൻ നിങ്ങളെ സഹായിക്കുന്നു. അതിനാൽ നിങ്ങൾ സാഹചചര്യങ്ങളിൽ കൂടുതൽ വിവേകപൂർവ്വം പെരുമാറാൻ പഠിക്കുന്നു.  

ഭൂതകാലത്തെക്കുറിച്ചുള്ള അവ്യക്തമായ ഓർമ്മകളുമായി താരതമ്യപ്പെടുത്തുമ്പോൾ. “ആ 10 വർഷത്തിനിടയിൽ എനിക്ക് എല്ലാ ദിവസവും ഓരോ മണിക്കൂറിലും നടന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ കഴിയും” അദ്ദേഹം പറയുന്നു. ഇതുപോലെ ഓരോ മണിക്കൂറും നിങ്ങൾക്ക് രേഖപ്പെടുത്താൻ കഴിയില്ലെങ്കിലും ഒരു ദിവസം ചുരുങ്ങിയത് കുറച്ചു സമയമെങ്കിലും ആ ദിവസത്തെ സംഭവങ്ങൾ രേഖപ്പെടുത്താനായി ചിലവഴിക്കാൻ നിങ്ങൾക്കായാൽ അത് ഒരു വലിയ തിരിച്ചറിവാകും എന്ന് പല ഗവേഷകരും പറയുന്നു. ഉദാഹരണത്തിന്, ഹാർവാർഡ് ബിസിനസ് സ്കൂളിലെ ഫ്രാൻസെസ്കാ ജിനോ നടത്തിയ പഠനത്തിൽ സാങ്കേതിക പരിശീലനത്തിന് വിധേയരായ ഒരു കൂട്ടം കോൾ സെന്‍റർ ജീവനക്കാരെ പരിശോധിക്കുകയുണ്ടായി. ഒരു ദിവസത്തെ അവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ വെറും 10 മിനിറ്റ് ചെലവഴിക്കുന്നത് അവരുടെ പ്രകടനത്തെ 20 ശതമാനത്തിൽ കൂടുതൽ വർദ്ധിപ്പിച്ചതായും മെച്ചപ്പെടുത്തിയതായും അവൾ കണ്ടെത്തി. ഇങ്ങനെ എഴുതുന്നതും വിചിന്തനം ചെയ്യുന്നതും നിങ്ങളുടെ ജീവിത സംതൃപ്‍തിക്കും സന്തോഷത്തിനും കാരണമാകും എന്നതിന് ധാരാളം തെളിവുകളുണ്ട്.

നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ രേഖകൾ സൂക്ഷിക്കാൻ നമ്മളിൽ പലർക്കും ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ സ്വയം പ്രതിഫലനത്തിനായി കുറച്ച് മിനിറ്റുകളെങ്കിലും ചിലവാക്കുന്നത് വലിയ ഗുണം ഉണ്ടാക്കും എന്ന് മിക്ക മനഃ ശാസ്ത്രജ്ഞരും സമ്മതിക്കുന്നു.