സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിൽ, വിവാഹ ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങൾ സ്ത്രീകൾ പങ്കുവെക്കുന്നു. വൈകാരികമായി അകലം പാലിക്കുക, 'അവരുടെ കഥയിലെ വില്ലനാവുക' തുടങ്ങിയ ഉപദേശങ്ങൾ ചർച്ചയാകുമ്പോൾ, വിവാഹം യുദ്ധമല്ലെന്നും അതൊരു ആത്മബന്ധമാണെന്നും മറുവാദങ്ങളും ഉയരുന്നു.

നിങ്ങൾ വിവാഹിതനാകാൻ പോകുന്ന ഒരാളാണെങ്കിൽ കൂട്ടുകാരോ വീട്ടുകാരോ അടുത്ത ബന്ധുക്കളോ രഹസ്യമായി ചില ഉപദേശങ്ങൾ നിങ്ങൾക്ക് നൽകിയിരിക്കും. അത്യപൂർവ്വമായി ഇത്തരം ഉപദേശങ്ങൾ സമൂഹ മാധ്യമങ്ങളിലുമെത്തുന്നു. വിവാഹാനന്തരം സ്ത്രീകൾ അനുഭവിക്കുന്ന ചില പാഠങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ഒരു സ്ത്രീ മറ്റുള്ളവരോട് തങ്ങൾ വിവാഹത്തിൽ നിന്നും പഠിച്ച കാര്യങ്ങൾ പങ്കിടാൻ ആവശ്യപ്പെട്ട വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകളുടെ സ്ക്രീൻ ഷോട്ടുകൾ പോലും വൈറലായി. നിരവധി പേർ യോജിക്കുകയും അത്രതന്നെ ആളുകൾ വിയോജിക്കുകയും ചെയ്ത പോസ്റ്റ് ഏതായാലും വൈറലായി.

'അവരുടെ കഥയിൽ വില്ലനാക്കൂ'

ദേശി സ്ത്രീകൾ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് എക്സിൽ പങ്കുവയ്ക്കപ്പെട്ടത്. ഒരു ചെറിയ വീഡിയോയിൽ നിന്ന് എടുത്ത ഒന്നിലധികം സ്‌ക്രീൻഷോട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. വീഡിയോയിൽ, ഒരു സ്ത്രീ ചോദിക്കുന്നു, "മറ്റുള്ളവർ അത് ആവർത്തിക്കാതിരിക്കാൻ ഒരു വിവാഹത്തിലെ നിങ്ങളുടെ ഏറ്റവും വലിയ പാഠം എന്താണെന്ന് പറയുക." വീഡിയോയ്ക്ക് താഴെ നിരവധി പേർ കുറിപ്പുകളുമായെത്തി. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കി നിരവധി സ്ത്രീകൾ ഉപദേശം പങ്കുവച്ചു. 'ആരോടും വൈകാരികമായി അടുപ്പം കാണിക്കരുത്, കാര്യങ്ങളെ വ്യക്തിപരമായി എടുക്കരുത്. നിങ്ങൾ എപ്പോഴും ഒരു പുറംനാട്ടുകാരനാണ്. രക്തം രക്തത്തെ പിന്തുണയ്ക്കുന്നു. നിങ്ങളുടെ ഭർത്താവ് പൂർണ്ണമായും നിങ്ങളുടേതാണെന്ന് പോലും വിശ്വസിക്കരുത്.' എന്നായിരുന്നു ഒരു കുറിപ്പ്. "നിങ്ങൾ ഏറ്റവും നല്ല മരുമകളാകേണ്ടതില്ല! അവരുടെ കഥയിൽ വില്ലനായി ആസ്വദിക്കൂ." എന്നായിരുന്നു മറ്റൊരു ഉപദേശം. കുടുംബ രഹസ്യങ്ങൾ പങ്കുവെക്കരുതെന്നും കുടുംബ നാടകങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നുമായിരുന്നു മറ്റൊരു നിർദ്ദേശം. ഭർത്താവ് ഇടപെടുന്നതിനുപകരം സ്വന്തം പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ പഠിക്കണമെന്ന് മറ്റൊരു ഉപദേശം പറയുന്നു.

Scroll to load tweet…

'യുദ്ധമല്ലിത് വിവാഹമാണ്'

വിവാഹത്തിന്റെ ആദ്യ നാളുകളിൽ സ്ത്രീകൾ അമിതമായി ജോലി ചെയ്യരുതെന്നും വ്യക്തമായ അതിരുകൾ നിശ്ചയിക്കണമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. പണത്തിന്റെ കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണമെന്നും എല്ലാ വിശദാംശങ്ങളും ഭർത്താവുമായി പങ്കുവെക്കരുതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. നിങ്ങളുടെ ജീവിതം മുഴുവൻ ഒരു വിദേശ ചാരനെപ്പോലെ ജീവിക്കാനായിരുന്നു മറ്റൊരു ഉപദേശം. അടുപ്പം കാണിക്കാതിരിക്കുക എന്നത് പല സ്ത്രീകളും പഠിക്കുന്ന ഏറ്റവും വലിയ പാഠങ്ങളിലൊന്നാണെന്നും എന്നിട്ടും ഭർത്താവ് തങ്ങളെ കാണുമെന്ന് അവർ ഇപ്പോഴും വെറുതെ വിശ്വസിക്കുന്നുവെന്നും മറ്റൊരു കാഴ്ചക്കാരൻ എഴുതി. കൈയും കണക്കുമില്ലാതെ ഉപദേശങ്ങൾ പ്രവഹിച്ചപ്പോൾ ചിലർ അവയെ പൂർണ്ണമായും തള്ളിക്കളഞ്ഞു. അതേസമയം ചില ഉപദേശങ്ങളോട് ചിലർ ആഭിമുഖ്യം പുലർത്തി. എത്തിച്ചേരുന്ന വീട് തന്‍റെ വീടായി കരുതണമെന്നും ആ കുടുംബവുമായി ആത്മബന്ധമുണ്ടാക്കണമെന്നും മറ്റ് ചിലർ ഉപദേശിച്ചു. അത് പോലെ തന്നെ എത്തിച്ചേരുന്ന മരുമകളെ സ്വന്തം മകളായി കാണാൻ ഇന്ത്യൻ അമ്മായിയമ്മാർ ഇനിയെങ്കിലും ശ്രമിക്കണമെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇതൊരു വിവാഹമാണെന്നും ഇരു കുടുംബങ്ങൾ തമ്മിലുള്ള ചേർച്ചയാണെന്നും അല്ലാതെ യുദ്ധമല്ലെന്നും മറ്റ് ചിലരും ചൂണ്ടിക്കാട്ടി.