ഇന്നത്തെ താരം ആയുഷ് ചതുർവേദിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ സെൻട്രൽ ഹിന്ദു ബോയ്സ് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ആയുഷ് ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവർഷാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ ഒരു പ്രസംഗം നടത്തി. അത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. 

ആയുഷ് തന്റെ പ്രസംഗം തുടങ്ങിയത് ഇമ്രാൻ പ്രതാപ്ഗഢി എന്ന ഉർദു കവിയുടെ ഒരു കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ്.

യെ കിസ്നേ കഹാ ആപ് സെ, ആന്ധി കേ സാഥ് ഹൂം
മേം ഗോഡ്‌സെ കെ ദോർ മേം, ഗാന്ധി കേ സാഥ് ഹൂം..!

അതായത്,

നിങ്ങളോടാരാ പറഞ്ഞേ, കൊടുങ്കാറ്റിനൊപ്പമാണെന്ന്
ഗോഡ്‌സെയുടെ യുഗത്തിൽ, ഞാൻ ഗാന്ധിയ്‌ക്കൊപ്പമാണ്..!

ആയുഷ് പ്രസംഗം തുടങ്ങിയ ഈ ഈരടി നിർഭാഗ്യവശാൽ റെക്കോർഡിങ്ങിൽ വന്നില്ല. താൻ ഇമ്രാൻ പ്രതാപ്ഗഢിയുടെ ഈ കവിതാശകലം തന്നെ തെരഞ്ഞെടുത്തത് മനഃപൂർവമാണെന്നും അധികാരസ്ഥാനത്തിരിക്കുന്ന പലരും ഇന്ന് ഗോഡ്സേപൂജകരാണ് എന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ആയുഷ് പറഞ്ഞു.

അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരിൽ പലരും നാവിൻ തുമ്പത്ത് മഹാത്മാഗാന്ധിയും അരയിൽ കഠാരയുമായി നടക്കുന്നവരാണ്. ഗാന്ധിയെ നശിപ്പിക്കാനാകാത്തതുകൊണ്ട് അവർ അദ്ദേഹത്തോട് സ്വയം ഉപമിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. 

തന്റെ പ്രസംഗം ഒഴുക്കിനെതിരെയാണ് എന്ന് ആയുഷ് തിരിച്ചറിയുന്നുണ്ട്. ആനി ബസന്റിന്റെ പേരിൽ 1898 -ൽ സ്ഥാപിതമായ സ്‌കൂളിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് ഗാന്ധിജിയെപ്പറ്റി സംസാരിക്കുമ്പോൾ അത് കുറിക്കുകൊള്ളുന്ന രീതിയിലാകാതെ തരമില്ല എന്ന് ആയുഷ് പറഞ്ഞു.

ആയുഷിന്റെ പ്രസംഗത്തിലെ മിക്ക വരികളും നീലോത്പൽ മൃണാൾ എന്ന ഹിന്ദി നോവലിസ്റ്റിന്റെ 'ഡാർക്ക് ഹോഴ്സ്' എന്ന നോവലിലേതാണ്. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം നേടിയ നോവലാണിത്. പ്രസംഗത്തിൽ ആയുഷ് നോവലിസ്റ്റിന്റെ പേര് പറയുന്നില്ലെങ്കിലും, പ്രസംഗം രാജ്യമെങ്ങും വൈറലായതോടെ നോവലിസ്റ്റിന്റെയും നോവലിന്റെയും പ്രസിദ്ധിയും അധികരിച്ചിട്ടുണ്ട്. ഹിന്ദിയിൽ ഇതിനകം തന്നെ നിരവധി പതിപ്പുകൾ പുറത്തിറങ്ങിയിട്ടുള്ള ഒരു ജനപ്രിയ നോവലാണ് ഡാർക്ക് ഹോഴ്സ്.  ദില്ലിയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പോവുന്ന ഒരു യുവാവിന്റെ അനുഭവങ്ങളാണ് നോവലിന്റെ പ്രമേയം.

"അർദ്ധരാത്രിയിൽ ഗാന്ധിജി തീവണ്ടിയിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വലിച്ചെറിയപ്പെട്ടു. ഗാന്ധിജി ആ മുറിവിനെ മരുന്നുവെച്ച് ഉണക്കാനല്ല ശ്രമിച്ചത്. അത് അദ്ദേഹം ആറാതെ കാത്തു. ഇടയ്ക്കിടെ വ്രണങ്ങൾ കുത്തിയിളക്കി. തന്റെ രോഷത്തെ ഒരു ആയുധമാക്കി പരിവർത്തനം ചെയ്തു. അതാണ്, ' നിയമലംഘനപ്രസ്ഥാനം'.  ബ്രിട്ടീഷുകാരുടെ മർദ്ദകഭരണത്തിന്റെ ഉത്തരവുകൾ പാലിക്കില്ല എന്നുള്ള ദൃഢനിശ്ചയത്തിന്റെ പേരായിരുന്നു നിയമലംഘനപ്രസ്ഥാനം. അത് തുടക്കം കുറിച്ചത് ഒരു പുതിയ ചരിത്രത്തിനായിരുന്നു. ലൂയി ഫിഷർ പിന്നീട് പറഞ്ഞത്, 'താൻ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിറക്കിയ വ്യക്തി നാളെ തന്നെയും തന്റെ നാട്ടുകാരെയും ഒന്നാകെ ഇന്ത്യ എന്ന തങ്ങളുടെ കോളനിയിൽ നിന്ന് കഴുത്തിന് പിടിച്ച് തള്ളാൻ ശേഷിയുള്ള ഒരാളാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു എങ്കിൽ ഒരുപക്ഷേ, ആ സായിപ്പ് ആ അതിക്രമത്തിന് മുതിരില്ലായിരുന്നു...' എന്നായിരുന്നു.

പ്രസംഗത്തില്‍ നിന്ന്:

ഗാന്ധിജിയെ ഏറ്റവും കുറച്ച് വായിച്ചിട്ടുള്ളതും, മനസ്സിലാക്കിയിട്ടുള്ളതും ഗാന്ധിയുടെ തന്നെ നാട്ടുകാരാണ് എന്നത് എത്ര വലിയ വിരോധാഭാസമാണ്. ഹാരിപോട്ടറെയും ചേതൻ ഭഗത്തിനെയും ഉറക്കമിളച്ചിരുന്ന് വായിക്കുന്ന യുവതലമുറ ഗാന്ധിജിയെ വേണ്ടത്ര ശ്രദ്ധയോടെ വായിച്ചിരുന്നു എങ്കിൽ, അവർ പഠിക്കുന്ന പാഠങ്ങൾ പോലും മറ്റൊന്നായേനേ..! നമ്മൾ അങ്ങനെ ചെയ്തില്ല എന്നതുകൊണ്ടുതന്നെയാണ് ഇന്ന് ഏറെ വിചിത്രമായ ഒരു ഫേസ്‌ബുക്ക് ആക്ടിവിസ്റ്റ് തലമുറ നമ്മുടെ ഇടയിൽ വളർന്നുവന്നത്. അവർ വിഭജനത്തിന് കാരണം ഗാന്ധിജിയാണ് എന്ന് വിശ്വസിക്കുന്നവരാണ്. ഗാന്ധിജിയിൽ മുസ്ലിം പക്ഷപാതിത്വം ആരോപിക്കുന്നവരാണ്.

ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. ഗാന്ധിജിയെക്കാൾ വലിയ ഒരു ഹിന്ദു ഉണ്ടായിരുന്നില്ല ഈ ലോകത്ത്. എന്നാൽ ഗാന്ധിജിയുടെ 'ഹേ റാം...' ഒരു മുസ്ലിമിനെയും ക്രിസ്ത്യാനിയെയും മറ്റുമതക്കാരെയും ഒന്നും ഭയപ്പെടുത്തിയിരുന്നില്ല. കാരണം, ഗാന്ധിജി ഈ രാജ്യത്ത് മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു. ഇന്നത്തെക്കാലത്ത് അഹിംസയെ കഴിവുകേടിന്റെയും ദൗർബല്യത്തിന്റെയും ഭീരുത്വത്തിന്റെയും പ്രതീകമായാണ് ആളുകൾ കാണുന്നത്. എന്നാൽ, അവർ മറന്നുപോകുന്ന വസ്തുത, 'ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവും ശക്തമായ സൈന്യത്തോട് നമുക്ക് ആയുധമെടുത്തുകൊണ്ടുള്ള യുദ്ധം സാധ്യമല്ല...' എന്നതാണ്. അതിന് അവർക്ക് പ്രതിരോധിക്കാനാവാത്ത ഒരു പുതിയ ആയുധം തന്നെ വികസിപ്പിച്ചെടുക്കുക എന്ന ഒരൊറ്റ മാർഗ്ഗമേയുള്ളൂ. അങ്ങനെ ഗാന്ധിജി കണ്ടെത്തിയ ഒരു ആയുധമായിരുന്നു അഹിംസ എന്നത്. 'കണ്ണിനുപകരം കണ്ണ്' എന്ന നയം ഈ ലോകത്തെ മുഴുവൻ അന്ധമാക്കും എന്ന് വിശ്വസിച്ച വ്യക്തിയാണ് ഗാന്ധിജി. ഒരു വ്യക്തിയുടെ കഴിവുകളെ പരിപോഷിപ്പിച്ചെടുക്കാത്ത വിദ്യാഭ്യാസം തെമ്മാടിത്തരമാണ് എന്നും അദ്ദേഹം കരുതിപ്പോന്നു.

ഗാന്ധിജി തന്റെ ആയുസ്സുമുഴുവൻ നടത്തിയ പോരാട്ടങ്ങളുടെയും, സത്യഗ്രഹങ്ങളുടെയും, സമരങ്ങളുടെയും, ഏറ്റുവാങ്ങിയ മർദ്ദനങ്ങളുടെയും ഒക്കെ ഫലമായി നമുക്ക് 1947 ഓഗസ്റ്റ് 15-ന് നമ്മുടെ രാഷ്ട്രം സ്വതന്ത്രമായി. എന്നാൽ നമ്മൾ ഭാരതീയർ, ഗാന്ധിജിയോടുള്ള അദമ്യമായ സ്നേഹം നിമിത്തം,  സ്വാതന്ത്ര്യം കിട്ടി ഒരു വർഷത്തിനകം തന്നെ അത് വാങ്ങി നൽകിയ ആളുടെ നെഞ്ചിൻ കൂട്ടിനുള്ളിൽ മൂന്ന് വെടിയുണ്ടകൾ ഇട്ടുകൊടുത്തുകൊണ്ട് അതിനുള്ള പ്രത്യുപകാരമർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമാധിയും ഇതേമണ്ണിൽ തീർത്തു.

എന്നാൽ ഗാന്ധിജി ഒരിക്കലും മരിക്കുന്നില്ല. കാരണം ഗാന്ധി എന്നത് ഒരു വ്യക്തിയുടെ പേരല്ല. അത് ഒരു ഒരു ആശയത്തിന്റെ പേരാണ്. കേവലം വ്യക്തിയല്ല ഗാന്ധി. അതദ്ദേഹത്തിന്റെ ആശയങ്ങളാണ്... ആശയങ്ങൾ അനശ്വരമാണ്..!

ദുഷ്യന്ത് കുമാറിന്റെ ഒരു കവിതാശകലം ഉദ്ധരിച്ചുകൊണ്ട് ഞാൻ നിർത്തട്ടെ,

"ഖുദാ നഹി, ന സഹി,  ആദ്മി കാ ഖ്വാബ് സഹി
കോയീ ഹസീൻ നസാരാ തോ ഹേ നസർ കെ ലിയേ
വോ മുത്‌മയിന്‍ ഹേ കെ പത്ഥർ പിഘൽ നഹി സക്‌താ
മേം ബെകരാർ ഹൂം ആവാസ് മേം അസർ കെ ലിയേ..! "

അതായത്,

ദൈവമില്ലെങ്കിൽ, പോട്ടെ... മനുഷ്യന്റെ സ്വപ്നങ്ങളെങ്കിലുമുണ്ടല്ലോ..!
കണ്ണിനെ കുളിരണിയിക്കാനീ സുന്ദരദൃശ്യങ്ങളെങ്കിലുമുണ്ടല്ലോ..!
ശില ഒരിക്കലും അലിയില്ല എന്ന
സംതൃപ്തിയിൽ അവർ ഇരിക്കുമ്പോഴും 
ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നത്,
(എന്റെ) വാക്കുകൾ ചിലരെയെങ്കിലും
സ്വാധീനിക്കുനത് കാണാനാണ്..!