Asianet News MalayalamAsianet News Malayalam

മനുഷ്യരെന്തു കൊണ്ടാണ് ഇത്ര ക്രൂരനാവുന്നത്? കിടന്നുറങ്ങുന്ന സിംഹത്തിനെ വെടിവച്ചുകൊന്ന ആ വേട്ടക്കാരന്‍ ആരാണ്?

വീഡിയോ പിന്നെ കട്ട് ചെയ്യുന്നത് സിംഹത്തിന്റെ മേൽ തോക്കിന്റെ കുഴലുകൊണ്ട് കുത്തി അത് ചത്തിട്ടുണ്ട് എന്നുറപ്പിക്കുന്ന നായാട്ടുകാരനിലേക്കാണ്. "നൈസ് ലയൺ.." എന്ന് ഗൈഡ് അപ്പോൾ ഒരുവട്ടം കൂടി അത്ഭുതം പ്രകടിപ്പിക്കുന്നു. "മനോഹരം.." എന്ന ഗൈഡിന്റെ വാക്കുകളുടെ പശ്ചാത്തലത്തിൽ ആ വീഡിയോ ചലനമറ്റ ആ സിംഹത്തിന്റെ മുഖത്തേക്ക് സൂം ചെയ്യപ്പെടുന്നു. 

viral video man shooting lion
Author
Thiruvananthapuram, First Published Mar 20, 2019, 11:42 AM IST

ഇന്നലെ രാവിലെയാണ് @protect_wildlife എന്ന ട്വിറ്റർ ഹാൻഡിലിലൂടെ ഒരു ട്രോഫി ഹണ്ടർ ഉറങ്ങിക്കിടക്കുന്ന ഒരു സിംഹത്തിനെ വെടിവെച്ചുകൊല്ലുന്നതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.  വേട്ടക്കാരനെക്കുറിച്ചുള്ള വിശദാംശങ്ങളോ ഒന്നും കൊടുത്തിരുന്നില്ലെങ്കിലും ആ വീഡിയോ പുറത്തുവന്നതിൽ പിന്നെ സോഷ്യൽ മീഡിയ മുഴുവൻ അതിനെ അപലപിച്ചുകൊണ്ടുള്ള പോസ്റ്റുകളാൽ നിറഞ്ഞിരിക്കുകയാണ്.  40  ലക്ഷത്തിൽ അധികം പേരാണ് ആ വീഡിയോ കണ്ടത്. 

വേട്ടക്കാരൻ ആദ്യത്തെ വെടിപൊട്ടിക്കുമ്പോൾ അസ്വസ്ഥനായി, കടുത്ത വേദനയോടെ, എവിടെ നിന്നാണ് ആക്രമണം വന്നിരിക്കുന്നത് എന്നറിയാതെ പകച്ച് നാലുപാടും നോക്കുന്ന സിംഹത്തെ കാണാം.  എന്താണ് നടക്കുന്നതെന്ന് സിംഹത്തിന്  പിടികിട്ടും മുമ്പേ ആ വേട്ടക്കാരന്റെ തോക്കിൽ നിന്നുമുതിർന്ന രണ്ടാമത്തെയും മൂന്നാമത്തെയും വെടിയുണ്ടകൾ ആ സിംഹത്തിന്റെ ദേഹത്തിലൂടെ  തുളച്ചുകേറിക്കഴിഞ്ഞിരുന്നു. 

വേട്ടയ്ക്ക് കൂടെ വന്ന ഗൈഡ് അപ്പോൾ പറയുന്നുണ്ട്. "മതി സാർ.. ഇനി വെടിയുതിർക്കേണ്ട.." എന്ന്. അതുകേട്ട് വെടിവെപ്പ് നിർത്തിയ ആ വേട്ടക്കാരന് ഹസ്തദാനം നൽകി അഭിനന്ദിക്കുന്നതുകാണാം ആ ഗൈഡ്. "ഇറ്റ് ഈസ് എ നൈസ് ലയൺ.." എന്ന് ശിക്കാരിയുടെ പുറത്ത് തട്ടിക്കൊണ്ട്  അയാൾ തന്റെ  അഭിനന്ദനം തുടരുന്നുണ്ട്. 

വീഡിയോ പിന്നെ കട്ട് ചെയ്യുന്നത് സിംഹത്തിന്റെ മേൽ തോക്കിന്റെ കുഴലുകൊണ്ട് കുത്തി അത് ചത്തിട്ടുണ്ട് എന്നുറപ്പിക്കുന്ന നായാട്ടുകാരനിലേക്കാണ്. "നൈസ് ലയൺ.." എന്ന് ഗൈഡ് അപ്പോൾ ഒരുവട്ടം കൂടി അത്ഭുതം പ്രകടിപ്പിക്കുന്നു. "മനോഹരം.." എന്ന ഗൈഡിന്റെ വാക്കുകളുടെ പശ്ചാത്തലത്തിൽ ആ വീഡിയോ ചലനമറ്റ ആ സിംഹത്തിന്റെ മുഖത്തേക്ക് സൂം ചെയ്യപ്പെടുന്നു. 

വെടിയേറ്റു ചത്ത് തണുത്തുറഞ്ഞിരിക്കുന്ന ഒരു സിംഹത്തിന്റെ മുഖത്തിന് എന്ത് മനോഹാരിതയാണുള്ളത്..?  വിനോദത്തിനായി ഒരു വന്യമൃഗത്തെ വെടിവെച്ചു വീഴ്ത്തി അത് വേദനകൊണ്ടു പിടഞ്ഞ് ചാവുന്നത് കണ്ടുനിൽക്കുമ്പോൾ എന്താനന്ദമാണ് ഈ മനുഷ്യർക്ക് കിട്ടുന്നത്...? 

എന്നാൽ, എല്ലാവരും അങ്ങനെയല്ല. സാമൂഹ്യമാധ്യമങ്ങളിൽ പലരും രോഷത്തോടെ തന്നെ പ്രതികരിച്ചു.  "ഇത് കണ്ടുനിൽക്കുക പ്രയാസമാണ്. ഈ വെടിവെച്ചയാൾ കിടന്നുറങ്ങുമ്പോൾ അയാളുടെ തലയിലും കുറച്ച് തിളച്ച വെള്ളം കോരി ഒഴിക്കുകയാണ് വേണ്ടത്. അപ്പോളറിയാം വേദന എന്തെന്ന്.." എന്നാണ് ഒരാൾ സങ്കടത്തോടെ അയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും കുറിച്ചത്. സമാനമായ കമന്റുകൾ ആയിരക്കണക്കിന് പേരിൽ നിന്നുണ്ടായി. നായാട്ടുകാരന്റെ വിശദവിവരങ്ങൾ കണ്ടുപിടിക്കാൻ സൈബർ സ്‌പേസിൽ ഒരു കാമ്പെയ്ൻ തുടങ്ങിയിട്ടുണ്ട് അവർ.  മുമ്പ്  സിംബാബ്‌വെയിൽ വെച്ച് ഇതുപോലെ  'സെസിൽ - ദി ലയൺ' എന്ന പേരിൽ പ്രസിദ്ധനായിരുന്ന ഒരു സിംഹത്തെ വാൾട്ടർ പാമർ അമ്പെയ്തു കൊന്ന അമേരിക്കൻ ഡെന്റിസ്റ്റിന്റെ അവസ്ഥയിൽ ഈ വേട്ടക്കാരനെയും കൊണ്ടെത്തിക്കും എന്നാണ് സൈബർ സ്‌പേസിലെ ഈ മൃഗസ്നേഹികൾ ശപഥമെടുത്തിരിക്കുന്നത്. 

ആരായിരുന്നു 'സെസിൽ'..?

2002  മുതൽ  സിംബാബ്‌വെയിലെ ഹ്വാങ്ങ് നാഷണൽ പാർക്കിൽ സ്വൈര്യമായി വിഹരിച്ചിരുന്ന സിംഹമായിരുന്നു സെസിൽ.  2015  ജൂലായ് ഒന്നാം തീയതി, പാർക്കിൽ അമ്പേറ്റു മരിച്ച നിലയിൽ സെസിലിനെ കണ്ടെത്തുന്നു. സിംബാബ്‌വെ പെർമിറ്റുള്ളവരെ വേട്ടയാടാൻ അനുവദിച്ചിരുന്ന കാലമായിരുന്നു അത്. പാമർക്ക് ഹണ്ടിങ്ങ് പെർമിറ്റ് ഉണ്ടായിരുന്നതിനാൽ, സിംബാബ്‌വെയിൽ അദ്ദേഹത്തിനെതിരെ കേസൊന്നും ഉണ്ടായില്ല. ലോകമെമ്പാടുമുള്ള സിംഹപ്രേമികൾക്ക് പ്രിയങ്കരനായിരുന്ന സെസിലിനെ വധിച്ചത് പക്ഷേ വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. 

viral video man shooting lion

അമേരിക്കയിലും അത് വലിയ കോലാഹലങ്ങളുണ്ടാക്കുകയും, ഈ സംഭവം നടന്നു അഞ്ചുമാസങ്ങൾക്കുള്ളിൽ അമേരിക്കയിലെ വനം വകുപ്പ്, ഇന്ത്യയിലെയും മധ്യ, പശ്ചിമ ആഫ്രിക്കയിലെയും സിംഹങ്ങളെ 'വംശനാശഭീഷണി നേരിടുന്ന' മൃഗങ്ങളുടെ ലിസ്റ്റിൽ പെടുത്തി. അതോടെ അമേരിക്കയിലെ നായാട്ടുഭ്രാന്തന്മാർക്ക് അന്യനാടുകളിൽ ചെന്നും സിംഹങ്ങളെ വേട്ടയാടാൻ കഴിയാതായി. ഈ വിഷയത്തിൽ പാമർക്കും പലവിധത്തിലുള്ള അന്വേഷണങ്ങളെ നേരിടേണ്ടി വരികയുണ്ടായി. അമേരിക്കയിൽ ഇതുസംബന്ധിച്ചുണ്ടായ വിവാദങ്ങൾ, സിംബാബ്‌വേയിലേക്കുള്ള നായാട്ടുകാരുടെ ശിക്കാറുകളിലും കാര്യമായ കുറവുവരുത്തി. 

viral video man shooting lion

കാടുകേറിയുള്ള നായാട്ടിന്റെ ലഹരി 
എന്തിനായിരുന്നു ആ മനുഷ്യൻ ഒരാളെയും ഉപദ്രവിക്കാതെ അതിന്റെ പാട്ടിന് തണലത്ത് കിടന്നുറങ്ങുകയായിരുന്ന ആ സിംഹത്തിന്റെ വെടിവെച്ചു കൊന്നത്..? നായാട്ട് ചിലർക്കൊരു ഹരമാണ്. നായാടുക. നായാട്ടിൽ കൊന്നുവീഴ്ത്തുന്ന മൃഗങ്ങളുടെ ശരീരങ്ങൾ സ്റ്റഫ് ചെയ്ത് വീട്ടിൽ പ്രദർശിപ്പിക്കുക. അങ്ങനെ സ്റ്റഫ് ചെയ്തു പ്രദർശിപ്പിക്കുന്ന ഹിംസ്രജന്തുക്കളുടെ എണ്ണത്തിനനുസരിച്ച് നായാട്ടുകാരന്റെ വീരതയും കൂടുതലെന്നുവരും. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഇന്ന് നായാട്ട് ഒരു ക്രിമിനൽ കുറ്റമാണ്. അതുകൊണ്ടു തന്നെ പല രാജ്യങ്ങളിലെയും നായാട്ടിൽ കമ്പമുള്ളവർ ചെയ്തുവരുന്നത് അവികസിതവും നിയമങ്ങൾ അത്രകണ്ട് പരിഷ്കൃതവുമല്ലാത്ത ചെറിയ രാജ്യങ്ങളിൽ ചെന്ന് ഈ വിനോദത്തിൽ ഏർപ്പെടുക എന്നതാണ്. ആഫ്രിക്കയാണ് എന്നും ഇത്തരത്തിലുള്ള നായാട്ടുകാരുടെ ഇഷ്ട സങ്കേതം. അവിടെനിന്നും നിയമവിധേയമായും അല്ലാതെയും കൊണ്ടുവരുന്ന മൃഗങ്ങളുടെ സ്റ്റഫ്ഡ് ട്രോഫികളാൽ തങ്ങളുടെ സ്വീകരണമുറികൾ അലങ്കരിക്കുന്നതിൽ പാശ്ചാത്യർ വിശേഷിച്ചൊരു ഹരം കണ്ടെത്തുന്നുണ്ട്.

viral video man shooting lion

ഇന്‍റർനാഷണൽ യൂണിയൻ ഫോർ  കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വന്യജീവികളെ അഞ്ചായി തരം തിരിച്ചിട്ടുണ്ട്.  വംശനാശം സംഭവിച്ചത്, കാടുകളിൽ വംശനാശം സംഭവിച്ചത്, വംശനാശ ഭീഷണി നിലനില്‍ക്കുന്നവ,  വംശനാശഭീഷണി ബാധിക്കാൻ പോകുന്നവ, പ്രത്യേകിച്ച് വംശനാശ ഭീഷണികൾ ഒന്നുമില്ലാത്തവ. ഓരോ വിഭാഗത്തിലും നിരവധി മൃഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നായാട്ട് നിയമം വഴി നിരോധിക്കപ്പെട്ടിട്ടുണ്ട്. 1972 -ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഈ നിരോധനം നിലവിൽ വന്നത്. എന്നാലും നിയമവിരുദ്ധമായ വേട്ട ഇന്നും ഇന്ത്യയിൽ നടക്കുന്നുണ്ട്. രാജസ്ഥാനിലെ സരിസ്ക ടൈഗർ റിസർവിലെ കടുവകളും, ആസാമിലെ കാസിരംഗ, ഒറാങ്, മാനസ് നാഷണൽ പാർക്കുകളിൽ കാണ്ടാമൃഗങ്ങളും വേട്ടയാടലിന്‍റെ പേരിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ പലയിടത്തും ആഭിചാരത്തിന്‍റെ പേരും പറഞ്ഞ് മൂങ്ങകൾ വേട്ടയാടപ്പെടുന്നുണ്ട്. ചിലികാ പക്ഷിസങ്കേതത്തിലുള്ള ദേശാടനപ്പക്ഷികളും നായാട്ടുകാരുടെ തോക്കിനിരയാവുന്നു. 

viral video man shooting lion

1998 -ലെ സൽമാൻ ഖാൻ പ്രതിയായ മാൻവേട്ടക്കേസ്  ഇന്ത്യയിൽ കോളിളക്കം സൃഷ്‌ടിച്ച ഒരു കേസാണ്. '98  സെപ്തംബറിലാണ് 'ഹം സാഥ് സാഥ് ഹേ..' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനായ ജോധ്പൂരിൽ വെച്ച് സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, തബു, നീലം, സൊനാലി ബേന്ദ്രെ എന്നിവരടങ്ങുന്ന നായാട്ടുസംഘം രാജസ്ഥാനിലെ കങ്കനി ഗ്രാമത്തിൽ വെച്ച് കറുത്ത മാനുകളെ വേട്ടയാടുന്നത്. ബിഷ്‌ണോയി വംശജരായ ഗ്രാമീണർ പരിപാവനമായി കാണുന്ന ഒരു ജീവിവർഗമായിരുന്നു അവ. സംഭവം നടന്നയുടൻ ഗ്രാമീണർ പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ്ങ് സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് വന്യജീവി സംരക്ഷണ നിയമത്തിലെ 51 -ആം വകുപ്പ് പ്രകാരം കേസെടുത്തു. ഒക്ടോബറിൽ സൽമാൻ ഖാൻ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനനയിലാണ്. 

viral video man shooting lion

പലപ്പോഴും വനങ്ങൾ കയ്യേറിയുള്ള ജനങ്ങളുടെ താമസം, കൃഷി തുടങ്ങിയവ മനുഷ്യരും വന്യമൃഗങ്ങളുമായുള്ള ഏറ്റുമുട്ടലിനു കാരണമാവുകയും, പ്രാണരക്ഷാർത്ഥം എന്ന ന്യായം പറഞ്ഞ് പിന്നെ നായാട്ട് നടക്കുകയും ചെയ്യാറുണ്ട്. പ്രധാനമായും കടുവ, പുലി തുടങ്ങിയ മൃഗങ്ങളാണ് ഇത്തരത്തിൽ വേട്ടയാടപ്പെടുന്നത്. ജനപ്രിയമായ സിനിമകളിലൂടെയും ഇത്തരത്തിലുള്ള വേട്ടക്കാർക്ക് വീരപരിവേഷം നൽകപ്പെടുന്നു.  പുലിമുരുകൻ, മൃഗയ തുടങ്ങിയ ചിത്രങ്ങൾ  നരഭോജികളായ ക്രൂര മൃഗങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്ന ധീരരായ വേട്ടക്കാരുടെ വീരഗാഥകളാണ്. ഇത്തരത്തിൽ ജനപ്രിയ കലാരൂപങ്ങളിൽ ഈ കുറ്റകൃത്യത്തെ ലഘൂകരിക്കപ്പെടുമ്പോൾ അത് കൂടുതൽ പേർക്ക് തോക്കെടുക്കാനുള്ള പ്രേരണ നൽകുന്നു.  ഇതിന്റെ മറവിൽ വെടിയിറച്ചിക്കായുള്ള വേട്ടയും നിർബാധം നടക്കുന്നുണ്ട്. വനങ്ങളിലെ നായാട്ട് ഇന്നത്തെ തോതിൽ തുടർന്നാൽ 2050 ആവുമ്പോഴേക്കും വംശനാശ ഭീഷണി നിലവിലുള്ള പല വന്യമൃഗങ്ങളും ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാവുമെന്നാണ് നാഷണൽ ജിയോഗ്രഫിക് മാഗസിന്റെ അഭിപ്രായം. 
 

Follow Us:
Download App:
  • android
  • ios