തിരക്കേറിയ ഹൈവേയിലൂടെ ഒരു ബോധവുമില്ലാതെ ഓട്ടകവുമായി പോകുന്നയാളും അയാളെ തടഞ്ഞ് ഒട്ടകത്തെ വഴിയരികിലെ സ്ട്രീറ്റ് ലൈറ്റിന്‍റെ തൂണിന് കെട്ടിയിടുന്നതും വീഡിയോയില്‍ കാണാം.

റോഡുകളില്‍ വാഹനങ്ങളെ കൂടാതെ കാളവണ്ടികളെയും അത്യപൂര്‍വ്വമായി കുതിരകളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈദരാബാദ ഹൈവേയിലൂടെ പോയവര്‍ കണ്ട കാഴ്ച കണ്ട് അന്തംവിട്ടു. ഒരു ഓട്ടകവുമായി അതിവേഗം കടന്ന് പോകുന്ന യുവാവ്. ഒട്ടകം അത്യാവശ്യം വേഗതയിലായിരുന്നു. ഒട്ടകത്തെ നിയന്ത്രിച്ചിരുന്ന യുവാവ് ആകട്ടെ പാതി ബോധത്തിലുമായിരുന്നു. പലപ്പോഴും ഇയാൾ ഓട്ടകത്തിന്‍റെ മുകളില്‍ തല ചായ്ച്ച് കിടക്കുന്നതും കാണാമായിരുന്നു.

ഹൈദരാബാദിലെ പി.വി. നരസിംഹ റാവു എക്സ്പ്രസ് വേയിലൂടെയാണ് മദ്യപിച്ച് ബോധം പോയ ഒരു യുവാവ് ഓട്ടക സവാരി നടത്തിയത്. തിരക്കേറിയ റോഡിലൂടെ ഓട്ടകത്തെയും ഓടിച്ച് കൊണ്ട് പോകുന്ന ഇയാളെ കണ്ട് വാഹനത്തിനുള്ളവര്‍ പരിഭ്രാന്തരായി. വീഡിയോ പങ്കുവച്ചയാൾ കാറില്‍ ഇരുന്ന് യുവാവിന്‍റെ നേരെ കുപ്പി വെള്ളം ഒഴിക്കുന്നതും കാണാം. ഇതിനിടെ കാര്‍ ഓട്ടകത്തെ ഓവര്‍ടേക്ക് ചെയ്യുകയും പിന്നാലെ വന്ന ഓട്ടകത്തെ പിടികൂടി സ്ട്രീറ്റ് ലൈറ്റിന്‍റെ തൂണില്‍ കെട്ടിയിടുന്നതും വീഡിയോയില്‍ കാണാം. ഈ സമയമായപ്പോഴേക്കും ഓടിത്തളർന്ന് ഓട്ടകം അവശനായിരുന്നു.

View post on Instagram

വീഡിയോയില്‍ പലപ്പോഴും ഓട്ടക പരിശീലകന്‍ ഓട്ടകത്തിന്‍റെ മുകളില്‍ നിന്നും താഴേക്ക് വീണ് പോകാനുള്ള സാധ്യത കൂടുതലായിരുന്നു. പല സമയങ്ങളിലും തല ഉയര്‍ത്തി നിര്‍ത്താന്‍ പാട് പെട്ട അദ്ദേഹം ഓട്ടകത്തിന് മുകളിലേക്ക് കമന്ന് കിടന്നത് കാണാമായിരുന്നു. ഓട്ടകത്തെ തടഞ്ഞ് നിര്‍ത്തി വലിയൊരു അപകടം ഉണ്ടാകുന്നത് തടഞ്ഞതിന് വീഡിയോ ചിത്രീകരിച്ച ഇക്രം ഉല്ലാഹ് ഷായെയും സുഹൃത്തിനെയും സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. "പലരും തിരിഞ്ഞു നോക്കാൻ ഇഷ്ടപ്പെടുന്ന ഒരു ലോകത്ത്, ഒരാൾ ധൈര്യം തെരഞ്ഞെടുത്തു! എണ്ണമറ്റ ജീവൻ രക്ഷിക്കുകയും അപകടങ്ങൾ തടയുകയും ചെയ്തു! ഏറ്റവും പ്രധാനപ്പെട്ട സമയത്ത് പ്രവർത്തിക്കുന്ന നിങ്ങളെപ്പോലുള്ള കൂടുതൽ ആളുകളെ മനുഷ്യത്വത്തിന് ആവശ്യമാണ്. ശരിക്കും അഭിനന്ദനീയം," ഒരു കാഴ്ചക്കാരന്‍ എഴുതി.