അച്ഛന്‍ വരാന്‍ പറയുമ്പോൾ കുട്ടി പുറത്ത് നിന്നും വീട്ടിലേക്ക് കയറുന്നു. പിന്നാലെ അണ്ടര്‍ടേക്കറുടെ ഭാവം കുട്ടി അനുകരിക്കുന്നതും വീഡിയോയില്‍ കാണാം.
നമ്മൾ ഏറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തികളിൽ നിന്ന് തന്നെ അഭിനന്ദനം ലഭിക്കുന്നതിൽ പരം സന്തോഷം വേറെ കാണില്ല. അത്തരത്തിൽ വലിയൊരു സന്തോഷം നേടിയെടുത്ത ത്രില്ലിലാണ് ഒരു ഡബ്ല്യുഡബ്ല്യുഇ (WWE) ആരാധകനായ കുട്ടി. ഡബ്ല്യുഡബ്ല്യുഇ താരങ്ങളിൽ തനിക്ക് ഏറെ പ്രിയപ്പെട്ട അണ്ടർടേക്കറിൽ നിന്നും സമൂഹ മാധ്യമത്തിൽ അഭിനന്ദനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ കുട്ടി ആരാധകൻ. തന്‍റെ അച്ഛനോടൊപ്പം ഏതാനും ദിവസങ്ങൾക്ക് മുൻപ് കുട്ടി ചെയ്ത ഒരു വീഡിയോയാണ് അണ്ടർടേക്കറിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വീഡിയോ കണ്ട് അദ്ദേഹം അതിന് താഴെ കുറിച്ചത് 'വെൽഡൺ യങ്ങ് മാൻ' എന്നായിരുന്നു.
ജൂലൈ നാലിനാണ് ഈ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയും അവന്‍റെ അച്ഛനുമാണ് വീഡിയോയിലെ താരങ്ങൾ. വീഡിയോയിൽ, അച്ഛൻ പശ്ചാത്തലത്തിൽ ഹാർമോണിയം വായിക്കുമ്പോൾ, അണ്ടർടേക്കറുടെ എൻട്രി കുട്ടി അനുകരിക്കുകയായിരുന്നു. വളരെ വേഗത്തിൽ സമൂഹ മാധ്യമ ശ്രദ്ധ നേടിയ വീഡിയോ ആയിരക്കണക്കിനാളുകൾ ഷെയർ ചെയ്യുകയും കമൻറ് ചെയ്യുകയും ചെയ്തു. അങ്ങനെ അത് ഒടുവിൽ സാക്ഷാൽ അണ്ടർടേക്കറുടെ ശ്രദ്ധയിലും പെട്ടു. ഉടൻതന്നെ അദ്ദേഹം തന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നും കുട്ടിയെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതി.
വൈറലായ ഈ വീഡിയോ ആദ്യം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത് @gauravsarwan എന്ന അക്കൗണ്ടിൽ നിന്നാണ്. പിന്നീട് @gharkekalesh എന്ന ജനപ്രിയ സമൂഹ മാധ്യമ അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടു. പത്ത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോയും അണ്ടർടേക്കറിന്‍റെ മറുപടിയും വളരെ വേഗത്തിൽ സമൂഹ മാധ്യമത്തില്‍ ചർച്ചയായി. സാക്ഷാൽ അണ്ടർടേക്കർ തന്നെയാണോ മറുപടി നൽകിയതെന്നും ഇത് വിശ്വസിക്കാൻ ആകുന്നില്ലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. അണ്ടർടേക്കറിനും വീഡിയോ കണ്ട മറ്റെല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് കുട്ടിയും അച്ഛനും ഇപ്പോൾ മറ്റൊരു വീഡിയോയും സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.


