Asianet News MalayalamAsianet News Malayalam

ഉച്ചവരെ ഉറക്കം, രണ്ട് മണിക്കൂര്‍ നീന്തലും കസര്‍ത്തും പിന്നെ, ഐസ്‌ക്രീം, കാടമുട്ട, പുടിന്റെ ഒരു ദിവസം!

പുടിന്‍ രാത്രി വൈകി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് എന്നാണ് ജൂഡ പറയുന്നത്. അതുകൊണ്ട് തന്നെ രാവിലെ ഉണരുന്നതും വൈകിയാണ്.  ഉച്ചയ്ക്ക് 12 മണിക്കാണ് അദ്ദേഹം എഴുന്നേല്‍ക്കുന്നത്. 

Vladimir Putin Daily Routine
Author
Moscow, First Published Mar 19, 2022, 5:37 PM IST

പ്രായം കാര്യമായി ബാധിക്കാത്ത ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. വയസ്സ് 69 ആയെങ്കിലും, ഇന്നും ആ ചുറുചുറുക്കിന് ഒരു കുറവും വന്നിട്ടില്ല. അതേസമയം, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും, ദിനചര്യയെ കുറിച്ചും ആളുകള്‍ക്ക് വളരെയൊന്നും അറിയില്ല. 

'ന്യൂസ് വീക്ക്' മാഗസിനിലെ  മാധ്യമപ്രവര്‍ത്തകനായ ബെന്‍ ജൂഡ പുടിന്റെ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മൂന്ന് വര്‍ഷം ഗവേഷണം നടത്തിയ ശേഷം 2014-ലാണ്  'ഫ്രാഗൈല്‍ എംപയര്‍: ഹൗ റഷ്യ ഫെല്‍ ഇന്‍ ആന്‍ഡ് ഔട്ട് ഓഫ് ലവ് വിത്ത് വ്ളാദിമിര്‍ പുടിന്‍' എന്ന പേരില്‍ പുസ്തകം ഇറക്കിയത്. അതില്‍ പുടിന്റെ ദിനചര്യകളെ  കാര്യങ്ങളെ കുറിച്ച് ജൂഡ വിശദമായി തന്നെ എഴുതിയിട്ടുണ്ട്. 

പുടിന്‍ രാത്രി വൈകി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് എന്നാണ് ജൂഡ പറയുന്നത്. അതുകൊണ്ട് തന്നെ രാവിലെ ഉണരുന്നതും വൈകിയാണ്.  ഉച്ചയ്ക്ക് 12 മണിക്കാണ് അദ്ദേഹം എഴുന്നേല്‍ക്കുന്നത്. എഴുന്നേറ്റ ഉടന്‍ തന്നെ ഭക്ഷണം കഴിക്കുന്ന പുടിന്‍  ഒരു വലിയ പ്ലേറ്റ് ഓംലെറ്റോ, ഒരു വലിയ ബൗള്‍ ഓട്സോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇതോടൊപ്പം കോട്ടേജ് ചീസും, കാടമുട്ടയും നിര്‍ബന്ധമാണ്. അവസാനം ഒരു കപ്പ് കാപ്പിയും കുടിക്കുന്നു. റഷ്യയിലെ മത നേതാവായ പാത്രിയാര്‍ക്കീസ് കിറിലിന്റെ കൃഷിഭൂമിയില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളാണ് പുടിന്‍ ദിവസവും കഴിക്കുന്നത്.  

സ്റ്റീവന്‍ ലീ എഴുതിയ 'ദ ന്യൂ സാര്‍: ദി റൈസ് ആന്‍ഡ് റെയിന്‍ ഓഫ് വ്ളാദിമിര്‍ പുടിന്‍'എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്.  പ്രസിഡന്റ് പുടിന്‍ ദിവസവും ബീറ്റ്റൂട്ട്, റാഡിഷ് എന്നിവയുടെ ജ്യൂസ് കുടിക്കാറുണ്ടെന്ന് അതില്‍ പറയുന്നു. ഭക്ഷണമൊക്കെ കഴിച്ചാല്‍ പിന്നെ വ്യായാമത്തിനുള്ള സമയമായി. നീന്തല്‍ക്കുളത്തില്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന പുടിന്‍ ദിവസവും 2 മണിക്കൂര്‍ നീന്തുന്നു. നീന്തലിനുശേഷം ഭാരമുയര്‍ത്തിയുള്ള വ്യായാമങ്ങളും ചെയ്യുന്നു. ജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ സൂക്ഷിക്കാന്‍ പുടിന്‍ തന്റെ ശാരീരികക്ഷമതയില്‍ വളരെയധികം ശ്രദ്ധിക്കാറുണ്ടെന്ന് പുസ്തകം പറയുന്നു. 

സാധാരണയായി പ്രഭാതങ്ങളില്‍ പുടിന്‍ തനിച്ചായിരിക്കും. പുടിന്റെ നായ കോണിയാണ് അദ്ദേഹത്തിന്റെ അപ്പോഴുള്ള കൂട്ട്. പുടിന്‍ നീന്താന്‍ തുടങ്ങുമ്പോള്‍ കോണി നീന്തല്‍ക്കുളത്തിനരികില്‍ കാത്തിരിക്കുന്നു എന്ന് സ്റ്റീവന്‍ പറയുന്നു. ഭക്ഷണവും, വ്യായാമവും ഒക്കെ കഴിയുമ്പോള്‍, സമയം ഉച്ചകഴിയും. അതിനുശേഷം മാത്രമേ അദ്ദേഹം തന്റെ ഔദ്യോഗിക ജോലി ആരംഭിക്കുകയുള്ളൂ.

വ്യായാമത്തിന് ശേഷമുള്ള യോഗത്തില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ധരിച്ചാണ് അദ്ദേഹം എത്താറുള്ളത്, അതും പ്രശസ്ത ഇറ്റാലിയന്‍ കമ്പനിയായ കിറ്റന്‍ ആന്‍ഡ് ബ്രിയോണിയുടെ ഡിസൈനര്‍ വസ്ത്രങ്ങള്‍. തുടര്‍ന്ന്, അദ്ദേഹത്തിന്റെ ജീവനക്കാര്‍ തയ്യാറാക്കിയ ലഘു കുറിപ്പുകള്‍ പുടിനെ വായിച്ച് കേള്‍പ്പിക്കും. ഈ ഹ്രസ്വ കുറിപ്പുകളില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അപ്ഡേറ്റുകളും ഇന്റലിജന്‍സ് ഇന്‍പുട്ടുകളും ഉള്‍പ്പെടുന്നു. ഇത് കൂടാതെ, റഷ്യന്‍ മാധ്യമങ്ങളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നുമുള്ള ക്ലിപ്പുകളും അദ്ദേഹം കാണും. ഇങ്ങനെയാണെങ്കിലും, പുടിന്‍ സാങ്കേതികവിദ്യയില്‍ നിന്ന് അകന്നു നില്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. കംപ്യൂട്ടറും സ്മാര്‍ട്ട്ഫോണും കുറച്ച് മാത്രം ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്ന, പേപ്പര്‍ ഡോക്യുമെന്റുകളും, ഇ-മെയിലിനു പകരം ലാന്‍ഡ്ലൈനില്‍ നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം.  

പ്രഭാതഭക്ഷണം മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ ബാക്കി ആഹാര ശീലങ്ങളെ കുറിച്ച് കാര്യമായ അറിവില്ല. എന്നാല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ പ്രാവ്ദ അവകാശപ്പെടുന്നത്, പുടിന്‍ തക്കാളി, വെള്ളരി, ചീര എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നു എന്നാണ്. മറ്റേതൊരു മാംസത്തേക്കാളും ആട്ടിറച്ചിയെ ഇഷ്ടപ്പെടുന്ന പുടിന്‍ എന്നാല്‍ മത്സ്യമാണ് കൂടുതലും കഴിക്കുന്നത്. മധുരപലഹാരങ്ങള്‍ മെനുവില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും പറയപ്പെടുന്നു.

വിദേശ യാത്രയ്ക്കിടെ റഷ്യന്‍ പ്രസിഡന്റിന്റെ ഷെഡ്യൂള്‍ കൂടുതല്‍ കര്‍ശനമാണ്. അദ്ദേഹം താമസിക്കുന്നിടത്തെല്ലാം, ഷീറ്റുകള്‍, ടോയ്ലറ്ററികള്‍ മുതല്‍ പഴ പാത്രങ്ങള്‍ വരെ എല്ലാം പുതിയതാണ് വയ്ക്കുന്നത്. 

അദ്ദേഹം കഴിക്കുന്ന എല്ലാ ആഹാര സാധനങ്ങളും, വിഷം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഒരു ഫുഡ് ടെസ്റ്റര്‍ ആദ്യം അത് രുചിച്ച് നോക്കുന്നു. 

രാത്രി ഏറെ വൈകിയിരുന്ന് പുസ്തകങ്ങള്‍ വായിക്കുന്ന ശീലം പുടിനുണ്ട്. അത്താഴത്തിന് ശേഷം, പിസ്ത ഐസ്‌ക്രീം കഴിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഒരു കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റിന് അദ്ദേഹം ഈ ഐസ്‌ക്രീം സമ്മാനിച്ചിരുന്നു. അതേസമയം, പുടിന്‍ ദൂര യാത്ര ചെയ്യുമ്പോള്‍ പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കാറില്ല.  

പുടിന്‍ വീട് വിട്ട് പോകാന്‍ താല്പര്യമില്ലാത്ത ഒരാളാണെന്നും ന്യൂസ് വീക്ക് പറയുന്നു.  മദ്യത്തിനോടും അദ്ദേഹത്തിന് വലിയ താല്പര്യമില്ല. പ്രത്യേക ഔദ്യോഗിക പരിപാടികളില്‍ മാത്രമാണ് അദ്ദേഹം മദ്യപിക്കുന്നത്. രാത്രി വൈകുവോളം വായിക്കുന്ന അദ്ദേഹം ഏകദേശം 3 മണിക്ക് ഉറങ്ങാന്‍ കിടക്കുന്നതായി ഈ പുസ്തകം പറയുന്നു. 

Follow Us:
Download App:
  • android
  • ios