'30 മിനിറ്റ് നേരത്തേക്ക് ചൈനയിലെ മാളിൽ ലാപ്‍ടോപ് വച്ചിട്ട് പോയപ്പോൾ' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

ചൈനയിൽ ആളുകളെ വിശ്വസിക്കാം, മോഷണം പേടിക്കണ്ട എന്ന് ഫ്രഞ്ച് വ്ലോ​ഗർ. ചൈനയിൽ മോഷണങ്ങൾ കുറവാണ് എന്നും വിലപിടിപ്പുള്ള സാധനങ്ങൾ എവിടെയെങ്കിലും വച്ചിട്ടുപോയാലും ഒന്നും പേടിക്കാനില്ല എന്നുമാണ് യുവാവ് തന്റെ വീഡിയോയിൽ പറയുന്നത്. ഫ്രാൻസിൽ നിന്നുള്ള ടിഞ്ചോ എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ചൈനയിലെ ഒരു മാളിലാണ് യുവാവുള്ളത്. കാണുമ്പോൾ ഫുഡ് കോർട്ട് എന്ന് തോന്നിക്കുന്ന ഒരിടത്തുവച്ചാണ് യുവാവ് തന്റെ പരീക്ഷണം നടത്തുന്നത്.

വീഡിയോയിൽ, ടിഞ്ചോ തന്റെ ലാപ്‌ടോപ്പ് ഒരു മേശപ്പുറത്ത് തുറന്നുവച്ച ശേഷം പുറത്തേക്ക് പോകുന്നതാണ് കാണുന്നത്. ആ സമയത്ത് ഫോണിൽ ഒരു സ്റ്റോപ്പ് വാച്ചും വയ്ക്കുന്നുണ്ട്. 30 മിനിറ്റിനുശേഷമാണ് യുവാവ് തിരികെ ലാപ്ടോപ്പ് വച്ച സ്ഥലത്തേക്ക് എത്തുന്നത്. എന്നാൽ, തിരിച്ചെത്തിയപ്പോൾ ലാപ്ടോപ്പ് നഷ്ടപ്പെട്ടിട്ടില്ല എന്നും അതുപോലെ വച്ച സ്ഥലത്ത് തന്നെ ഉണ്ട് എന്നും കാണുകയാണ്.

'30 മിനിറ്റ് നേരത്തേക്ക് ചൈനയിലെ മാളിൽ ലാപ്‍ടോപ് വച്ചിട്ട് പോയപ്പോൾ' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

പാരീസിലെ സ്വന്തം നാട്ടിൽ ഇത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരിക്കും എന്നാണ് യുവാവ് പറയുന്നത്. ഇത്രയും വിലപ്പെട്ട ഒരു വസ്തു ഒരു നിമിഷം പോലും ഇങ്ങനെ വയ്ക്കാൻ താൻ ധൈര്യപ്പെടില്ല. എന്നാൽ ചൈനയിൽ, സുരക്ഷയും വിശ്വാസ്യതയും വളരെ വ്യത്യസ്തമായി തോന്നുന്നു. ആളുകൾ പലപ്പോഴും തങ്ങളുടെ ബാഗുകൾ, ഫോണുകൾ, ലാപ്‌ടോപ്പുകൾ അടക്കം മേശകളിൽ വച്ചിട്ട് പോകുന്നു. ഇവിടെ പല നഗരങ്ങളിലും മോഷണം അത്ഭുതകരമാംവിധം അപൂർവമായ സംഭവമാണ് എന്നും യുവാവ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത് കാണാം.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും കയ്യിൽ നിന്നുപോലും അടിച്ചുമാറ്റി പോകുന്നവരുണ്ട് എന്നുമാണ് പല രാജ്യക്കാരും കമന്റ് നൽ‌കിയിരിക്കുന്നത്. എന്നാൽ, ജപ്പാൻ, ചൈന പോലെയുള്ള ഏഷ്യൻ രാജ്യങ്ങൾ സുരക്ഷിതമാണ് എന്നും പലരും കമന്റ് നൽകി.