Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ കഴുകന്മാരില്ലാതെയാവുന്നു? എന്തുകൊണ്ട്?

1980 -കൾക്കുശേഷം ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണത്തിൽ 99.95 ശതമാനമാണ് കുറവുണ്ടായത്. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവദേക്കർ പാർലമെന്റിൽ ഈ വർഷം ആദ്യത്തിൽ ഇത് വെളിപ്പെടുത്തുകയുണ്ടായി. 

vultures in India especially in Gujarat fallen by 70 percent
Author
Gujarat, First Published Dec 8, 2019, 4:59 PM IST

കഴിഞ്ഞ 13 വർഷത്തെ കണക്കെടുത്താൽ ഗുജറാത്തിലെ കഴുകന്മാരുടെ എണ്ണം 70 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് 2018 -ലെ സെൻസസ് ഡാറ്റ വെളിപ്പെടുത്തുന്നു. 2005 മുതലുള്ള കണക്കെടുത്താൽ കഴുകന്മാരുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്. 2016 മുതൽ 2018 വരെയുള്ള സമയം എടുത്താൽ ഇത് 18 ശതമാനമായി കുറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തെ മിക്ക പ്രധാന ജില്ലകളിലും ഇതേ അവസ്ഥ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2005 മുതൽ അഹമ്മദാബാദ് പ്രദേശത്ത് കഴുകൻമാരുടെ എണ്ണത്തിൽ  80 ശതമാനം കുറവുണ്ടായി. 2018 -ൽ അവയുടെ എണ്ണം 254 -ൽ നിന്ന് 50 ആയി കുറഞ്ഞു. വെള്ളനിറത്തിലുള്ള കഴുകന്മാരുടെ എണ്ണം 254 -ൽ നിന്ന് ഇപ്പോൾ അഞ്ചായി കുറഞ്ഞിരിക്കയാണ്. ഒരുകാലത്ത് സംസ്ഥാനത്തെ കഴുകന്മാരുടെ ഏറ്റവും വലിയ താമസമേഖലയായിരുന്നു ഐ‌ഐ‌എം അഹമ്മദാബാദ്. എന്നാൽ ഇപ്പൊ ഒരു കഴുകൻ പോലും അവിടെ അവശേഷിക്കുന്നില്ല. കാമ്പസിലെ വികസന പ്രവർത്തനങ്ങളാകാം കാരണം. 

2005 -ൽ സൂറത്തിൽ 300 -ലധികം കഴുകന്മാരുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഈ സംഖ്യ പൂജ്യമാണ്. കച്ച് പോലുള്ള മറ്റ് ഭാഗങ്ങളിലും സമാനമായ ഒരവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. അവിടെ 2005 മുതൽ കഴുകന്മാരുടെ എണ്ണം എണ്ണൂറായി കുറഞ്ഞു.

വനനശീകരണം, നിർമ്മാണങ്ങൾ തുടങ്ങിയ മനുഷ്യന്‍റെ പ്രവർത്തനങ്ങൾ മൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് കാര്യമായ ഭീഷണിയായി എന്നാണ് ഈ അപകടകരമായ സംഖ്യകൾ ചൂണ്ടികാണിക്കുന്നത്.  1970 -കള്‍ക്കുശേഷം, ലോകമെമ്പാടുമുള്ള മൃഗങ്ങളുടെ എണ്ണം 60 ശതമാനത്തോളമാണ് കുറഞ്ഞത്. വീടുവെക്കുന്നതിനും വ്യവസായത്തിനും വേണ്ടി വന്യമായ ആവാസവ്യവസ്ഥകൾ വൻതോതിൽ നശിപ്പിക്കുന്നതാണ് ഇതിനു കാരണമായിത്തീർന്നത്.

അതേസമയം, സർവേയിൽ പങ്കെടുത്ത 33 ജില്ലകളിൽ എട്ടിലും ഇവയുടെ എണ്ണത്തിൽ വർധനവുണ്ടായി. ഉദാഹരണത്തിന്, ജുനാഗതിലെ ഗിർ, ഗിർണാർ വന്യജീവി സങ്കേതങ്ങളിലെ കഴുകന്മാരുടെ എണ്ണം ഇരുപത്തിയാറായി വർദ്ധിച്ചു.

1980 -കൾക്കുശേഷം ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണത്തിൽ 99.95 ശതമാനമാണ് കുറവുണ്ടായത്. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവദേക്കർ പാർലമെന്റിൽ ഈ വർഷം ആദ്യത്തിൽ ഇത് വെളിപ്പെടുത്തുകയുണ്ടായി. 1980 -കളിൽ ഇന്ത്യയിൽ 40 ദശലക്ഷത്തോളം കഴുകന്മാർ ഉണ്ടായിരുന്നു. അവ പ്രധാനമായും മൂന്ന് ഇനങ്ങളായിരുന്നു - വൈറ്റ്-ബാക്കഡ് കഴുകൻ, ലോംഗ് ബിൽഡ് കഴുകൻ, സ്ലെൻഡർ ബിൽഡ് കഴുകൻ. 2017 -ലെ കണക്കനുസരിച്ച്, ഈ സംഖ്യ വെറും 19,000 ആയി കുറഞ്ഞു.

ഏറ്റവും കൂടുതൽ കഴുകന്മാരുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഴുകന്മാരുടെ എണ്ണം പരിശോധിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഈ വർഷം ഫെബ്രുവരിയിൽ, മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും കേരളത്തിലെ ഒരു കഴുകൻ സംരക്ഷണ പരിപാടിക്കായി വയനാട്ടിൽ എത്തുകയുണ്ടായി. അവിടെ കടുവ സംരക്ഷണ പദ്ധതി പോലെ ഒരു ദേശീയ കഴുകൻ സംരക്ഷണ പദ്ധതിക്ക് ആഹ്വാനം ചെയ്യുകയും സംസ്ഥാനങ്ങളിലെ കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്താൻ ഔദ്യോഗിക നിർദ്ദേശം നൽകുകയും ചെയ്തു.


 

Follow Us:
Download App:
  • android
  • ios