ചോദ്യം ചെയ്തപ്പോൾ വെയിറ്ററും ഹോട്ടൽ മാനേജരും ചേർന്ന് ഉപഭോക്താവിനോട് തർക്കത്തിൽ ഏർപ്പെടുകയും 'റെസ്റ്റോറന്റിൽ എത്തുന്ന ഉപഭോക്താക്കൾ സേവനത്തിന് ടിപ്പ് നൽകാൻ ബാധ്യസ്ഥരാണ്' എന്ന് വാദിക്കുകയും ചെയ്തതായി ഉപഭോക്താവ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
റെസ്റ്റോറന്റിൽ ഭക്ഷണത്തിനു ശേഷമുള്ള ബാക്കി തുക അനുവാദമില്ലാതെ വെയിറ്റർ സ്വന്തമാക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാവുകയാണ്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നിർബന്ധിതമായി ടിപ്പ് അടിച്ചേൽപ്പിക്കുന്ന രീതിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഒരുകൂട്ടം സുഹൃത്തുക്കൾ ത്രീ-സ്റ്റാർ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. 920 രൂപയായിരുന്നു ഇവരുടെ ആകെ ബിൽ തുക. ബില്ലിനായി 1,000 രൂപയുടെ നോട്ട് നൽകിയ ഉപഭോക്താവിന് ബാക്കി തുക തിരികെ നൽകാതെ വെയിറ്റർ തുക സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു. ബാക്കി തിരികെ ആവശ്യപ്പെട്ടപ്പോൾ, ആ തുക താൻ 'ടിപ്പ്' ആയി എടുത്തു എന്നാണ് വെയിറ്റർ മറുപടി നൽകിയത്.
ചോദ്യം ചെയ്തപ്പോൾ വെയിറ്ററും ഹോട്ടൽ മാനേജരും ചേർന്ന് ഉപഭോക്താവിനോട് തർക്കത്തിൽ ഏർപ്പെടുകയും 'റെസ്റ്റോറന്റിൽ എത്തുന്ന ഉപഭോക്താക്കൾ സേവനത്തിന് ടിപ്പ് നൽകാൻ ബാധ്യസ്ഥരാണ്' എന്ന് വാദിക്കുകയും ചെയ്തതായി ഉപഭോക്താവ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 'സേവനം തൃപ്തികരമാണെന്ന് തോന്നിയാൽ സന്തോഷപൂർവ്വം നൽകേണ്ട ഒന്നാണ് ടിപ്പ്. അല്ലാതെ അത് നിർബന്ധപൂർവ്വം ഈടാക്കേണ്ട ഒന്നല്ല. എന്റെ പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്' എന്ന് ഉപഭോക്താവ് വ്യക്തമാക്കി.
സംഭവം വൈറലായതോടെ വലിയ പിന്തുണയാണ് ഉപഭോക്താവിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ജീവനക്കാർക്ക് ന്യായമായ ശമ്പളം നൽകാതെ, അതിന്റെ ഭാരം ടിപ്പിലൂടെ ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കുന്ന വിദേശ രീതിയാണ് റസ്റ്റോറന്റുകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് നിരവധി പേർ വിമർശിച്ചു.
റസ്റ്റോറന്റുകളിൽ മാത്രമല്ല, വാഹനങ്ങൾ വാങ്ങുമ്പോഴും, ഗാർഹിക ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാനെത്തുന്ന ജീവനക്കാരിലും, സർക്കാർ ഓഫീസുകളിൽ പോലും ടിപ്പും അനാവശ്യ പാരിതോഷികങ്ങളും നിർബന്ധമാക്കുന്ന സംസ്കാരം വളർന്നുവരികയാണെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ ബിൽ തുക കൗണ്ടറിൽ നേരിട്ടോ യുപിഐ, കാർഡ് വഴി നൽകുന്നതോ ആണ് സുരക്ഷിതമെന്നും സോഷ്യൽ മീഡിയ അഭിപ്രായമുയർന്നു.
