ഫ്രഞ്ചുകാർ അവരുടെ ഹൃദയത്തോട് ചേർത്ത് നിർത്തിയിട്ടുള്ളൊരു വൈകാരികതയാണ് പാരിസിലെ നോത്രദാം കത്തീഡ്രൽ.12-13  നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ട അതിപുരാതനമായൊരു പള്ളിയാണ് നോത്രദാമിലേത്. നോത്രദാം (Notre-Dame)എന്നുവെച്ചാൽ കന്യാ മറിയം. വിക്ടർ ഹ്യൂഗോയുടെ അതിപ്രസിദ്ധമായ ഒരു നോവലുമുണ്ട്  'പാരീസിലെ നോത്രദാം' എന്നപേരിൽ. ആ പള്ളി നേരിടുന്ന പരിചരണക്കുറവിനെപ്പറ്റി ഹ്യൂഗോ പോലും വർണിച്ചിട്ടുണ്ട് തന്റെ നോവലിൽ. ചരിത്ര സ്മാരകങ്ങൾ വീണ്ടും വിധം സംരക്ഷിക്കാതെ ഒടുവിൽ അപകടങ്ങൾക്ക് വിട്ടുകൊടുക്കുന്നവർ നമ്മുടെ നാട്ടിൽ മാത്രമല്ല, അങ്ങ് ശീമയിലുമുണ്ട് എന്നർത്ഥം. 

പാരിസിലെ നോത്രദാം പള്ളിയിൽ ഒരു തീപ്പിടുത്തം, അല്ലെങ്കിൽ കാര്യമായ എന്തെങ്കിലും ഒരപകടം ഇന്നല്ലെങ്കിൽ നാളെ ഉണ്ടാവും എന്നത് നേരത്തേ കൂട്ടി പ്രവചിക്കപ്പെട്ടിരുന്നു. ഇന്നും ഇന്നലെയുമല്ല, ഇന്നേക്കു പതിനഞ്ചു വർഷം മുമ്പിറങ്ങിയ 'Before Sunset' എന്ന ചിത്രത്തിലായിരുന്നു ആ പ്രവചനം. 

 

2004 -ൽ ഇറങ്ങിയ ഒരു റൊമാന്റിക് ഡ്രാമാ ത്രില്ലർ ആയിരുന്നു 'ബിഫോർ സൺസെറ്റ്'. 1995 -ലിറങ്ങിയ 'ബിഫോർ സൺറൈസ്' എന്ന അതിപ്രസിദ്ധ ചലച്ചിത്രത്തിന്റെ സീക്വലായിരുന്നു അത്. ബിഫോർ സൺറൈസിലെ നായികാ നായകന്മാരായ ജെസ്സെയും  സെലിനും തമ്മിൽ പാരിസിൽ വെച്ച് സന്ധിക്കുന്നതാണ് 'ബിഫോർ സൺസെറ്റ്'ന്റെ കേന്ദ്രപ്രമേയം. ഒമ്പതു വർഷങ്ങൾക്കു മുമ്പ് വിയന്നയിൽ വെച്ച് തമ്മിൽ പിരിഞ്ഞ അവർ പാരിസിൽ വെച്ച് വീണ്ടും കടന്നുമുട്ടുമ്പോൾ നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ. 

ഒരു ബോട്ടിൽ ഇരിക്കുന്ന സെലിനോട് ജെസ്സെ നോത്രദാമിലെ പള്ളിയുടെ ഭംഗിയെപ്പറ്റി പറയുന്ന ഒരു  സിനിമയിൽ. 
 

ജെസ്സി  : ഞാനൊരു പഴയ കഥ കേട്ടിട്ടുണ്ട് നമ്മുടെ നോത്രദാം പള്ളിയെപ്പറ്റി. ജർമ്മൻ സൈന്യം പാരീസ് പിടിച്ചടക്കിയകാലം. ഒടുവിൽ യുദ്ധത്തിൽ പരാജയം രുചിച്ചു തുടങ്ങിയപ്പോൾ അവർക്ക് പാരീസ് വിട്ടു പിൻവാങ്ങേണ്ടി വന്നു. പോവുന്ന പോക്കിന് പാരിസിന് ഹൃദയബന്ധമുണ്ടായിരുന്ന നോത്രദാം പള്ളിയെ ബോംബുവെച്ചു തകർക്കാൻ ജർമൻകാർ തീരുമാനിക്കുന്നു. പള്ളിയിൽ അവിടവിടായി ബോംബുകൾ സ്ഥാപിച്ച്, എല്ലാം ചേർത്ത് വയർ ചെയ്തു കഴിഞ്ഞപ്പോഴേക്കും അവർക്ക് പോവേണ്ട സമയം അതിക്രമിക്കുന്നു. അപ്പോൾ, ആ ബോംബുകളെല്ലാം ഒന്നിച്ചു പൊട്ടിക്കാനുള്ള സ്വിച്ച് അമർത്തേണ്ട ജോലി കൂട്ടത്തിൽ ഒരു സൈനികനെയേൽപ്പിച്ച് സൈന്യം പിൻവാങ്ങുന്നു. 

ആ സൈനികന്.. തെല്ലു കാല്പനികനായ ആ സൈനികന് അതി സുന്ദരമായ ആ കത്തീഡ്രൽ ബോംബുവെച്ച് പൊട്ടിച്ചു കളയാനായില്ല. അതിന്റെ ഭംഗിയും ആസ്വദിച്ചാസ്വദിച്ച് അങ്ങനേയിരുന്നുപോയി പാവം. സഖ്യകക്ഷികളുടെ സൈന്യം പാരീസ് പട്ടണത്തിലെത്തിയപ്പോൾ പൊട്ടാൻ തയ്യാറെടുത്തു നിൽക്കുന്ന ബോംബുകളെയും, അമരാൻ വിസമ്മതിക്കുന്ന ഒരു സ്വിച്ചിനെയും കണ്ടത്രേ..! 

സെലിൻ : സത്യം..?

ജെസ്സി : എനിക്കുറപ്പില്ല.. എന്നാലും എനിക്ക് ഈ കഥ എന്നും ഒത്തിരി ഇഷ്ടമായിരുന്നു.


സെലിൻ : ശരിയാണ്.. എത്ര നല്ല കഥയാണിത്..!  പക്ഷേ, എന്നെങ്കിലും ഒരു ദിവസം ഈ നോത്രദാമിലെ  പള്ളിയും നശിച്ചു പോവും എന്ന് നിനക്ക് തോന്നുന്നില്ലേ...? 

നോത്രദാമിൽ തീപ്പിടുത്തമുണ്ടായി എന്നറിഞ്ഞപ്പോൾ മുതൽ ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ ആളുകൾ തുരുതുരാ 'ബിഫോർ സൺസെറ്റ്'ലെ ഈ രംഗം തന്നെയാണ് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിലെ പ്രവചനാത്മകത ആളുകളെ അത്ഭുതപ്പെടുത്തുന്നു.