ചൈനീസ് സോഷ്യൽ മീഡിയയിലും റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമുകളിലും ഇത്തരം ജോലികൾക്കായി പരസ്യങ്ങൾ വ്യാപകമാണ്. 4,000 മുതൽ 6,000 യുവാൻ വരെയാണ് (ഏകദേശം 56,800 മുതൽ 85,200 വരെ) പ്രതിമാസ ശമ്പളം.
മനുഷ്യർക്ക് ഏറ്റവും ബുദ്ധിമുട്ട് വീട്ടുജോലികൾ ചെയ്യാനാണ് പലപ്പോഴും. എന്നാൽ, അതിൽ പലതിലും ഇപ്പോൾ യന്ത്രങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം ജോലികൾ ചെയ്യാൻ റോബോട്ടുകളെ പരിശീലിപ്പിച്ച് പണം സമ്പാദിക്കുകയാണ് ചൈനയിലെ ജനങ്ങൾ. ഫ്രീലാൻസായിട്ടാണ് ജോലി. റോബോട്ടുകളെ പരിശീലിപ്പിക്കുന്നതിനായി, ശരീരത്തിൽ സെൻസറുകൾ ധരിച്ച് ഒരേ ജോലി തന്നെ നൂറുകണക്കിന് തവണ ആവർത്തിച്ചാവർത്തിച്ച് ചെയ്യണം. കപ്പുകൾ എടുക്കുക, കുപ്പിയുടെ അടപ്പ് തുറക്കുക, പാത്രങ്ങൾ കഴുകുക തുടങ്ങിയ ജോലികളാണ് റെക്കോർഡ് ചെയ്യേണ്ടത്. ഇതിനായി ആളുകൾ മോഷൻ-ക്യാപ്ചർ ഉപകരണങ്ങൾ ഉപയോഗിക്കുകയാണത്രെ. വീടുകൾ, ഫാക്ടറികൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്കായി റോബോട്ടുകളെ സജ്ജമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
പ്രതിമാസം 85,000 വരെ ശമ്പളം
ചൈനീസ് സോഷ്യൽ മീഡിയയിലും റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമുകളിലും ഇത്തരം ജോലികൾക്കായി പരസ്യങ്ങൾ വ്യാപകമാണ്. 4,000 മുതൽ 6,000 യുവാൻ വരെയാണ് (ഏകദേശം 56,800 മുതൽ 85,200 വരെ) പ്രതിമാസ ശമ്പളം.
ഓട്ടോമോട്ടീവ് മേഖലയിലെ ജോലി നഷ്ടപ്പെടുകയും പ്രായം കാരണം പുതിയ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുകയും ചെയ്തൊരാളായിരുന്നു 40 കാരിയായ ലിയു യുൻ. ലിയു ഇന്ന് ഇത്തരത്തിൽ റോബോട്ടുകളെ പരിശീലിപ്പിക്കുകയാണ്. ബെയ്ജിംഗിലെ ഒരു സ്റ്റുഡിയോയിൽ, കമ്പ്യൂട്ടർ സ്ക്രീനിൽ കാണിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കപ്പുകൾ തുടർച്ചയായി ചലിപ്പിക്കുക, മേശയും മറ്റും തുടക്കുക ഇവയൊക്കെയാണ് ലിയു ചെയ്യുന്നത്. ഇതിനായി സെൻസർ ബ്രേസ്ലെറ്റും വിരലിൽ ചിപ്പുകളും ധരിക്കണം.
'റോബോട്ടുകളെ പരിശീലിപ്പിക്കുന്നതിനേക്കാൾ, രണ്ട് വയസ്സുള്ള ഒരു കുട്ടിയെ പഠിപ്പിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്' എന്നാണ് ലിയു മാധ്യമങ്ങളോട് പറഞ്ഞത്. എന്നിരുന്നാലും, ആവർത്തിച്ച് ഒരേകാര്യം ചെയ്യുന്ന ഈ ജോലി തനിക്ക് വലിയ ക്ഷീണമുണ്ടാക്കിയതായി ലിയു പറയുന്നു.
വേനലവധിക്ക് ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ഷാൻസി പ്രവിശ്യയിൽ നിന്നുള്ള 22 -കാരനായ സൺ റോബോട്ടുകളെ പരിശീലിപ്പിക്കുന ജോലികളിൽ ഏർപ്പെട്ടത്. വസ്ത്രങ്ങൾ മടക്കുക, വീട് തുടച്ചു വൃത്തിയാക്കുക, താൻ ചെയ്യുന്നതോരോന്നും റെക്കോർഡ് ചെയ്യുക എന്നിവയായിരുന്നു അവന്റെ ജോലി. പകൽ ഷിഫ്റ്റിന് 120 യുവാനും (18 ഡോളർ) രാത്രി ഷിഫ്റ്റിന് 135 യുവാനും ലഭിച്ചു. എന്നിരുന്നാലും, തനിക്ക് ലഭിക്കുന്ന വരുമാനം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് പര്യാപ്തമല്ലെന്ന് സൺ പറയുന്നു. നിരവധി തൊഴിലാളികൾ ആഴ്ചകൾക്കുള്ളിൽ തന്നെ ജോലി ഉപേക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
മറ്റുചിലർ ഇതിലെ ജോലി സമയത്തിന്റെ സൗകര്യം ആസ്വദിക്കുന്നവരാണ്. ജിയാൻസു പ്രവിശ്യയിൽ നിന്നുള്ള ഗുവോ ഹോങ്ജുവാൻ തന്റെ കുട്ടിയെ നോക്കുന്നതിനോടൊപ്പം ദിവസവും ആറുമണിക്കൂറോളം വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. പുസ്തകങ്ങൾ ക്രമീകരിക്കുക, മേശ തുടയ്ക്കുക തുടങ്ങിയ ജോലികളിലൂടെ അവർ പ്രതിമാസം ഏകദേശം 4,000 യുവാൻ സമ്പാദിക്കുന്നു.
റോബോട്ട് പരിശീലനം വീടുകൾക്കപ്പുറത്തേക്കും
ഈ ജോലി വീടുകൾക്ക് പുറത്തേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ, ഷെൻജൻ ആസ്ഥാനമായുള്ള ഫിസെൻ എഐ തെരുവ് തൂപ്പുകാർക്ക് ഡാറ്റ ശേഖരണത്തിന് വേണ്ടിയുള്ള ഉപകരണങ്ങൾ നൽകുന്നതിനായി ഒരു സാനിറ്റേഷൻ കമ്പനിയുമായി പാർട്ണർഷിപ്പുണ്ടാക്കിയിരുന്നു.
