അസം ഒരു അഗ്നിപർവതം പോലെ കത്തുകയാണിപ്പോൾ. രാവും പകലും പ്രതിഷേധത്തിന്‍റെ ചൂടിൽ രാജ്യം പുകഞ്ഞുകൊണ്ടിരിക്കുന്നു. ഡിസംബർ പന്ത്രണ്ടും അങ്ങനെയൊരു ദിനമായിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷഭരിതമായിരുന്നു അന്ന് നഗരം. ആ പ്രതിഷേധജ്വാലയിൽ അന്ന് പൊലിഞ്ഞത് രണ്ടു ജീവനുകളാണ്. സാമും ദിപഞ്ചൽ ദാസും ആണവര്‍.  

 

സാം സ്റ്റാഫോർഡ് എന്ന 17 -കാരന് അന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരു താളവാദ്യക്കാരനായ സാം, അന്ന് തന്‍റെ പ്രിയപ്പെട്ട സംഗീതജ്ഞനായ സുബീൻ ഗാർഗിനെ നേരിൽ കാണാൻ പോകുന്നതിന്‍റെ ആവേശത്തിലായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗായകൻ സുബീൻ ഗാർഗ് പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടു ലതാസിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. സാമും, സുഹൃത്തുക്കളും അതിൽ പങ്കെടുക്കാനായി പുറപ്പെട്ടു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കാളികളായി അവരുടെ പ്രദേശത്തെ മിക്കവാറും എല്ലാവരും ആ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.  

സമാധാനപൂർവ്വമായ ആ പ്രതിഷേധം വൈകിട്ട് മൂന്നുമണിയോടെ അവസാനിച്ചു. സാമും കൂട്ടുകാരും തിരിച്ചു വീടുകളിലേക്ക് പോകാനായി പുറപ്പെട്ടു. പക്ഷേ, അപ്പോഴേക്കും നഗരത്തിൽ പ്രതിഷേധം കനത്തിരുന്നു. അവർ ഹട്ടിഗാവിൽ എത്തിയപ്പോൾ അഞ്ഞൂറോളം പേരടങ്ങുന്ന പ്രതിഷേധക്കാരുടെ ഒരു സംഘം ആ പ്രദേശത്ത് തമ്പടിച്ചിരുന്നു. ടയറുകൾ കത്തിച്ചും, റോഡ് ഡിവൈഡറുകൾ നശിപ്പിച്ചും, കല്ലെറിഞ്ഞും പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ വൻ ഏറ്റുമുട്ടൽ ഉണ്ടായി.

"പെട്ടെന്ന്, തെരുവ് വിളക്കുകൾ അണഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനു മുൻപേ പൊലീസ് വെടിയുതിർക്കാൻ തുടങ്ങി. ഞങ്ങൾ വല്ലാതെ ഭയപ്പെട്ടു. ഞങ്ങൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കുറച്ചു സമയത്തിനുശേഷം വെടിയൊച്ച നിലച്ചു. ആർക്കോ വെടിയേറ്റതായി ഞങ്ങൾ അറിഞ്ഞു” സാമിന്‍റെ  സുഹൃത്തായ ഇക്ബാൽ ഹോക്ക് പറഞ്ഞു. അവർ നോക്കിയപ്പോൾ വെടിയേറ്റ് കിടക്കുന്ന സാമിനെയാണ് കണ്ടതെന്നും ഹോക്ക് ഓർക്കുന്നു. “അവന്‍റെ വായിലേക്കാണ് വെടിയുണ്ട തറച്ചു കയറിയത്” ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം കാത്തിരുന്നപ്പോൾ, ഹോക്ക് വിഷമത്തോടെ പറഞ്ഞു.

 

സംഭവം നടന്നപ്പോൾ ആളുകളെ സഹായിക്കാൻ സാം മുന്നിൽ തന്നെ നിന്നതായി ഹോക്ക് ഓർക്കുന്നു. സാം അങ്ങനെയായിരുന്നു, മറ്റുള്ളവരെ സഹായിക്കാൻ അവൻ എപ്പോഴും ഒരുക്കമായിരുന്നു. "സാം ദാദ എന്നോട് പ്രതിഷേധത്തിൽ ചേരാൻ ആവശ്യപ്പെട്ടു. എന്നെ രക്ഷിക്കാൻ ഉണ്ടാകുമെന്നും പേടിയ്ക്കരുതെന്നും സാം ദാദ പറഞ്ഞിരുന്നു” 15 -കാരനായ ഷെനാസ് അഹമ്മദ് സംഭവത്തെകുറിച്ച് ഓർത്തുകൊണ്ട് പറഞ്ഞു.

ഹതിഗാവ് ഭെതപ്പാറയിലെ സാമിന്‍റെ കുടുംബവീട്ടിൽ, അവന്‍റെ ബന്ധുക്കൾ അതീവദുഃഖിതരാണ് . സാമിന്‍റെ മാതാപിതാക്കളായ ബിജു (ഒരു സിറ്റി ഷട്ടിൽ ഓടിക്കുന്നയാളാണ് അദ്ദേഹം), അമ്മ മാമോനി എന്നിവര്‍ ആകെ തകർന്നു പോയിരിക്കുന്നു. “പൗരത്വ നിയമത്തിന്‍റെ ശരിയായ അർത്ഥംപോലും അവന് അറിയില്ല. എല്ലാവരും പ്രതിഷേധിക്കാൻ പോയപ്പോൾ അവനും കൂടെ പോയി എന്ന് മാത്രം” സാമിന്‍റെ  22 വയസ്സുള്ള കസിൻ ഡോളി ഡെക പറഞ്ഞു.  “ആളുകൾ മരിച്ചുവീഴുന്നു. പക്ഷെ സർക്കാർ അതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഞങ്ങളെ സഹായിക്കും എന്ന് കരുതി ഞങ്ങൾ അവർക്ക് വോട്ട് ചെയ്തു. എന്നിട്ടിപ്പോൾ അവർ വെറും സാധുവായ ഞങ്ങളുടെ സഹോദരനെ കൊന്നുകളഞ്ഞു.” അവൾ കൂട്ടിച്ചേർത്തു.

 

നഗരത്തിന് ചുറ്റും തന്‍റെ ചെറിയ തബല പ്രകടനങ്ങൾക്കായി പണം ഉണ്ടാക്കാനുള്ള ഓട്ടത്തിലായിരുന്നു അവനെന്ന് ഫൽഗുനി ആസാമീസ് മീഡിയം സ്കൂളിലെ സാമിന്‍റെ സുഹൃത്തുക്കൾ പറഞ്ഞു. അസമീസ് സംഗീതത്തിനായി ഒരു YouTube ചാനൽ തുടങ്ങാൻ അവൻ ആഗ്രഹിച്ചിരുന്നുവെന്നും അവന്‍റെ സുഹൃത്ത് ഇന്‍ഡാജ് ഖാൻ പറഞ്ഞു.

സാമിന്‍റെ മുഖത്താണ് വെടിയേറ്റത് എന്ന് സംഭവം കണ്ട ദൃക്‌സാക്ഷികൾ പറയുകയുണ്ടായി. “അവന് സൈനസൈറ്റിസ് ഉള്ളതുകൊണ്ട് എപ്പോഴും കറുത്ത മുഖംമൂടി ഉപയോഗിച്ച് മുഖം മൂടുമായിരുന്നു. അവന് നല്ല വണ്ണവുമുണ്ടായിരുന്നു. അതുകൊണ്ടാണോ പൊലീസ് അവന് നേരെ വെടിയുതിർത്തത്?” സാമിന്‍റെ അമ്മാവനായ ബിഷപ്പ് സ്റ്റാഫോർഡ് ചോദിക്കുന്നു.

ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭ്യമായ വിവരമനുസരിച്ച് അന്ന് വൈകീട്ട് 6.30 വരെ 26 പേർക്കാണ് പരിക്കേറ്റത്, അതിൽ 11 പേരെ ഡിസ്‍ചാർജ് ചെയ്തു. രണ്ടുപേർ മരിക്കുകയും ചെയ്തു. സാം സ്റ്റാഫോർഡിനുപുറമെ, ഗുവാഹത്തിയിലെ സൈനിക് ഭവൻ കാന്‍റീനിലെ ജോലിക്കാരനായ ദിപഞ്ചൽ ദാസ് എന്ന 21 -കാരനും അന്ന് മരണപ്പെട്ടു. നഗരത്തിലെ ഉലുബാരി പ്രദേശത്ത് ദാസിനെ വെടിവച്ചുകൊന്നപ്പോൾ, ഹതിഗാവ് പ്രദേശത്ത് ഏറ്റുമുട്ടലിനിടെയാണ് സാം മരിച്ചത്.

സംഘർഷത്തിൽ ഇവർക്ക് പുറമെ മറ്റനവധി പേർക്കാണ് പരിക്കേറ്റത്. 51 -കാരിയായ നസ്‌മീൻ കെ അഫ്രോസ്, മകളായ സുസാനയോടൊപ്പം പാല് വാങ്ങാൻ പോയതായിരുന്നു. “ഞങ്ങൾക്ക് പാൽ വേണമായിരുന്നു. കുറച്ച് കടകൾ തുറന്നിരുന്നത് കണ്ടപ്പോൾ ഞങ്ങൾ പാൽ വാങ്ങാനായി ഇറങ്ങി. ടയറുകൾ കത്തുന്നതും ആക്രമവും ഞങ്ങൾ കണ്ടെങ്കിലും ധാരാളം ആളുകൾ ഉണ്ടായിരുന്നതിനാൽ സുരക്ഷിതമായിരിക്കുമെന്ന് ഞങ്ങൾ കരുതി” സുസാന പറഞ്ഞു.

പെട്ടെന്ന് റോഡിൽ വെടിയൊച്ച കേട്ടു, മകൾ പറഞ്ഞു.  “എല്ലാവരും ഓടിത്തുടങ്ങി, ഞങ്ങൾ ഒരു ഇടവഴിയിൽ അഭയം പ്രാപിച്ചു. ഞാനും അമ്മയും നിലത്തു കിടന്നു. എന്നാൽ പെട്ടെന്ന് എന്‍റെ അമ്മ വേദനയിൽ പുളയുന്നത് ഞാൻ കണ്ടു. ഞാൻ തൊട്ടുനോക്കിയപ്പോൾ, രക്തത്തിന്‍റെ നനവ് അനുഭവപ്പെട്ടു. അപ്പോഴാണ് അമ്മയ്ക്ക് വെടിയേറ്റെന്ന് മനസ്സിലായത്" സുസാന പറഞ്ഞു. അവരുടെകൂടെ ഉണ്ടായിരുന്ന അയൽവാസിയായ നജ്മയുടെ കണങ്കാലിലും വെടിയേറ്റു. ഇപ്പോൾ ആ സ്ത്രീകൾ സുഖം പ്രാപിച്ച് വരുന്നു. ഓട്ടോ ഡ്രൈവറായ രാജെൻ മേദി പലചരക്ക് സാധനങ്ങൾ വാങ്ങാനായി പോയതാണ്. "തുടയിൽ വെടിയേറ്റ അദ്ദേഹം ആശുപത്രിയിലാണ് ഇപ്പോൾ” അയൽവാസിയായ അമ്രേന്ദ്ര യാദവ് പറഞ്ഞു.