പ്രണയകഥകൾ സാധാരണ കാല്പനികത തുളുമ്പുന്നവയാണ്. ഇനിയുമിനിയും പ്രണയിക്കാൻ ആ കഥകൾ മാലോകർക്ക് പ്രചോദനമാകും. നിരാശയുടെ കൂരിരുട്ടിലും അവ പ്രത്യാശയുടെ നുറുങ്ങുവെട്ടങ്ങൾ തീർക്കും. പ്രണയകഥകൾ ഇല്ലെങ്കിൽ ഈ ലോകം എത്ര വിരസമാണ്. അല്ലേ..? എന്നാൽ, എല്ലാ പ്രണയകഥകളും അങ്ങനെയല്ല. ഇനി പറയാൻ പോവുന്നത് വിചിത്രമായ ഒരു പ്രണയത്തിന്റെ കഥയാണ്. "മരിച്ചാലും നിന്നെ ഞാൻ പ്രേമിക്കും ഓമനേ..." എന്നൊക്കെ നമ്മൾ പ്രണയജ്വരബാധ മൂക്കുമ്പോൾ പറഞ്ഞുപോകാറില്ലേ? ഇത് ആ വാക്കുകൾ അക്ഷരംപ്രതി പ്രാവർത്തികമാക്കിയ ഒരുവന്റെ കഥയാണ്. ഏറെ അവിശ്വസനീയമായ ഒരു ജീവിതാഖ്യാനം.

കഥ നടക്കുന്നത് അങ്ങ് അമേരിക്കയിലെ ഫ്ലോറിഡ എന്ന സ്ഥലത്താണ്. കാലം 1930... കേ വെസ്റ്റ് എന്ന പ്രദേശത്തുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ ഹോസ്പിറ്റലിൽ എക്സ് റേ ടെക്നിഷ്യൻ ആയി ജോലിയെടുക്കുന്ന കാൾ റ്റെൻസ്ലർ ആണ് കഥാനായകൻ. അവിടെ തന്റെ പരിശോധനാ മുറിക്കുള്ളിൽ വെച്ചാണ്  റ്റെൻസ്ലർ  വെളുത്ത് കൊലുന്നനെയുള്ള മരിയ എലേനാ ഹൊയോസ് എന്ന ക്യൂബൻ സുന്ദരിയെ ആദ്യമായി കാണുന്നത്. പ്രഥമദർശനത്തിൽ തന്നെ എലേനയിൽ അനുരക്തനായിപ്പോയി റ്റെൻസ്ലർ. ഈ ലോകത്തിലേക്ക് തനിക്കുവേണ്ടി മാത്രം ഇറങ്ങിവന്ന പെൺകുട്ടിയെ കണ്ടെത്തി എന്ന് തന്നെ അയാൾ ധരിച്ചു. അതിന് ഒരു കാരണവുമുണ്ടായിരുന്നു. കുട്ടിക്കാലത്തെന്നോ റ്റെൻസ്ലറുടെ അമ്മാവന്മാരിൽ ഒരാൾ സ്വപ്നത്തിൽ  വന്ന് അയാളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ പോവുന്ന യുവതിയുടെ ചിത്രം കാണിച്ചിരുന്നു. അതൊരു സ്വപ്നദർശനമായിരുന്നു എങ്കിലും, ഇരുണ്ടമുടിക്കാരിയായ ആ സുന്ദരി അയാളുടെ സ്വപ്നങ്ങളിലെ പതിവ് വിരുന്നുകാരിയായി പിന്നീടങ്ങോട്ടും. അതുകൊണ്ടുതന്നെയാണ് ഇരുണ്ട മുടിയുള്ള, വെളുത്തു സുന്ദരിയായ എലേന എന്ന ഇരുപത്തൊന്നുകാരി തന്റെ പരിശോധനാമുറിയിലേക്ക് കടന്നു വന്നപ്പോൾ അയാൾക്ക് നക്ഷത്രദർശനമുണ്ടായതും.

എന്നാൽ, എക്സ് റേ പരിശോധനാ ഫലം വന്നതും അയാളുടെ സന്തോഷം പ്രാണസങ്കടത്തിനു വഴിമാറി. കടുത്ത ക്ഷയം അവളുടെ ശ്വാസകോശത്തെ ബാധിച്ചുകഴിഞ്ഞിരുന്നു. ക്ഷയത്തിന് ചികിത്സയില്ലാത്ത കാലമാണ് എന്നോർക്കുക. അന്നൊക്കെ ക്ഷയം സ്ഥിരീകരിച്ചാൽ പിന്നെ കഷ്ടി ഒരു വർഷം. അതിലപ്പുറം പോവില്ല. എന്നാൽ, അതൊന്നും തന്നെ റ്റെൻസ്ലറെ പിന്നോട്ടടിപ്പിച്ചില്ല. ആ ആശുപത്രിയിൽ എലേന ചികിത്സ തുടരുന്നതിനിടെ അയാൾ അവളുമായി അടുക്കാൻ ശ്രമിച്ചു. അമ്പത്തഞ്ചു വയസ്സ് പ്രായമുണ്ടായിരുന്നെങ്കിലും, പ്രണയം അയാളെ ഒരു ചെറുപ്പക്കാരനെപ്പോലെ പരിഭ്രമിപ്പിച്ചു. അവളെ വിസ്മയിപ്പിക്കാൻ വേണ്ടി അയാൾ എന്തൊക്കെയോ ചെയ്തുകൂട്ടി.  'കൗണ്ട്' കാൾ വോൺ കോസൽ എന്ന് അവനവനെ പരിചയപ്പെടുത്തി അയാൾ.

ആശുപത്രിയിൽ എലേന ചികിത്സ തുടർന്ന ഒരു വർഷക്കാലം നിരന്തരം റ്റെൻസ്ലർ  അവളെ പ്രണയപുരസ്സരം പരിചരിച്ചു. വിലയേറിയ സമ്മാനങ്ങൾ കൊണ്ട് അവളെ മൂടി. ഒടുവിൽ അവൾ ക്ഷയം കടുത്ത് മരണത്തിനു കീഴടങ്ങിയപ്പോൾ അവളെ അയാൾ ഒരു മൗസോളിയത്തിൽ അടക്കി. മൗസോളിയമെന്നത് മൃതദേഹങ്ങൾ അടക്കാനുള്ള ഒരു ലക്ഷ്വറി സംവിധാനമാണ്. അടക്കുന്ന സ്ഥലം ഒരു കുഞ്ഞുകെട്ടിടം കൊണ്ട് മറഞ്ഞിരിക്കും. അതിന്റെ താക്കോൽ റ്റെൻസ്ലറിന്റെ കയ്യിൽ മാത്രമാണ് ഉണ്ടായിരുന്നത്. അക്കാര്യം പക്ഷേ, എലേനയുടെ വീട്ടുകാർക്ക് അറിയില്ലായിരുന്നു.

എലേനയുടെ മരണശേഷവും പക്ഷേ, റ്റെൻസ്ലറിന്റെ പ്രണയത്തിന് ഒട്ടും കുറവുണ്ടായില്ല. അയാൾ ദിവസവും രാത്രി, ജോലികഴിഞ്ഞുള്ള സമയം ആ മൗസോളിയത്തിൽ ചെന്നിരിക്കുമായിരുന്നു.  അവിടെ ഗിറ്റാറും മീട്ടിയിരുന്നു കൊണ്ട് അയാൾ അവർക്കിഷ്ടമുള്ള സ്പാനിഷ് പ്രണയഗീതങ്ങൾ ആലപിക്കുമായിരുന്നു. എലേന മരിച്ചു എങ്കിലും, അവളുടെ ആത്മാവ് തന്നെ വിട്ടുപോയിട്ടില്ല എന്ന് റ്റെൻസ്ലർ വിശ്വസിച്ചു. രണ്ടുവർഷം ഈ പതിവ് തുടർന്ന ശേഷം ഒരു ദിവസം, അവളില്ലാതെ ജീവിക്കാൻ വയ്യ എന്ന ഉൾവിളി അയാൾക്കുണ്ടാകുന്നു. ഒരു ദിവസം ആരുമറിയാതെ അയാൾ ആ ജഡം തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോന്നു. രാത്രിസംസാരങ്ങളിൽ ഒന്നിൽ മരിയയുടെ ആത്മാവ് തന്നോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടു എന്നായിരുന്നു അയാളുടെ അവകാശവാദം.

അടുത്ത ഏഴുവർഷക്കാലം  റ്റെൻസ്ലർ ജീവിച്ചത് തന്റെ കാമുകിയുടെ മൃതദേഹത്തോടൊപ്പമായിരുന്നു.  അത് ഏറെക്കുറെ അഴുകിയിട്ടുണ്ടായിരുന്നു. ആദ്യം തന്നെ അയാൾ ദുർഗന്ധം ശമിപ്പിക്കാൻ ജഡത്തെ സുഗന്ധ ദ്രവ്യങ്ങളാൽ അഭിഷേകം ചെയ്തു. എല്ലിൻകൂട്ടിനുള്ളിൽ തുണികൾ തിരുകി. അടർന്നു തുടങ്ങിയ എല്ലുകൾ കൂട്ടിക്കെട്ടി വെച്ചു. അവളുടെ ത്വക്ക് മെഴുകും പ്ലാസ്റ്ററും കൊണ്ട് സുരക്ഷിതമാക്കി. എന്നിട്ട് അവൾക്ക് അവളുടെ തന്നെ ഒരു കുപ്പായം ഇട്ടുകൊടുത്തു. അതിനോട് ഇടപഴകി.

മാനസിക വിഭ്രാന്തിയുടെ പരമകാഷ്ഠയിൽ അയാൾ എലേനയുടെ മൃതദേഹം വഹിച്ചുകൊണ്ട് ശൂന്യാകാശത്തിലൂടെ ടൈം ട്രാവൽ നടത്താൻ വേണ്ടി ഒരു എയർ ഷിപ്പ് വരെ ഉണ്ടാക്കിയിരുന്നു. എന്നാൽ അധികകാലം ഈ വിചിത്രമായ പരിപാടി തുടങ്ങാൻ റ്റെൻസ്ലർക്ക് സാധിച്ചില്ല.  അയാളുടെ  പ്രവൃത്തികളിൽ സംശയം തോന്നിയ എലേനയുടെ സഹോദരി ഫ്ലോറിഡ റ്റെൻസ്ലറുടെ  വീട് പരിശോധിക്കുകയും അവിടെ നടന്ന അതിക്രമങ്ങളെല്ലാം പോലീസിനെ അറിയിക്കുകയും ചെയ്തു.

കുഴിമാടത്തിൽ നിന്നും മൃതദേഹം മോഷ്ടിച്ച കുറ്റത്തിന്  റ്റെൻസ്ലർ അറസ്റ്റിലായി. പക്ഷേ, അയാൾ ചെയ്ത കുറ്റത്തിന് ശിക്ഷനൽക്കാവുന്ന കാലപരിധി അവസാനിച്ചിരുന്നതിനാൽ അന്നത്തെ നിയമം അയാളെ വെറുതെ വിട്ടു. എലേനയുടെ മൃതദേഹം ആയിരക്കണക്കിന് പേർ സംബന്ധിച്ച പൊതുദർശനത്തിനൊടുവിൽ വീണ്ടും മറവുചെയ്തു, ഇത്തവണ  റ്റെൻസ്ലർക്ക് അറിയാത്ത ഒരിടത്ത്. കോടതി നടപടികളുടെ നൂലാമാലകളൊക്കെ പൂർത്തിയാക്കി വന്ന  റ്റെൻസ്ലർ വീണ്ടും ആ മൃതദേഹം ചോദിച്ചുകൊണ്ട് എലേനയുടെ ബന്ധുക്കളെ തേടി എത്തിയെങ്കിലും അവർ അയാളെ ആട്ടിയോടിച്ചു.

ആ സംഭവങ്ങളൊക്കെ നടന്ന് പത്തുപന്ത്രണ്ടു വർഷം കൂടി കഴിഞ്ഞാണ്  റ്റെൻസ്ലർ മരിക്കുന്നത്. സ്വന്തം വീട്ടിലെ കിടക്കയിൽ മരിച്ചു കിടന്ന  റ്റെൻസ്ലറുടെ തൊട്ടടുത്ത് അയാളുടെ അവസാനത്തെ സൃഷ്ടിയും കിടക്കുന്നുണ്ടായിരുന്നു. പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത, കാണാൻ എലേനയെപ്പോലെ തന്നെ ഇരിക്കുന്ന ഒരു പാവ.