നമ്മുടെ പൂർവികരെക്കുറിച്ചറിയാൻ എന്നും നമുക്കൊരു കൗതുകം ഉണ്ടായിരുന്നു. അവരുടെ ജീവിതത്തെക്കുറിച്ചും, രൂപത്തെക്കുറിച്ചും എന്നും നമ്മള്‍ ചിന്തിച്ചിരുന്നു. മനുഷ്യന്‍റെ  ഇന്ന് കാണുന്ന ഈ രൂപത്തിലേക്ക് അവൻ എത്തിച്ചേർന്നത് അനേകായിരം നൂറ്റാണ്ടുകളുടെ പരിണാമത്തിലൂടെയാണ്. കാലാവസ്ഥയും നമ്മുടെ ഭക്ഷണശീലങ്ങളും ഒക്കെ അതിന് കാരണമായിരുന്നു. ആദിമ മനുഷ്യർക്ക് വലിയ തലച്ചോറും ചെറിയ മുഖവുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതുപയോഗിച്ച് അവന് ഇരുപത് വ്യത്യസ്‍തമായ ഭാവങ്ങൾ മുഖത്തു കൊണ്ടുവരാൻ സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോള്‍ നമുക്കത് ചിന്തിക്കാൻ കൂടി സാധിക്കാത്ത കാര്യമാണ്.  ശാസ്ത്രലോകത്ത് ഒരുപാട് പഠനങ്ങളാണ് ഇതിനെച്ചുറ്റിപ്പറ്റി നടക്കുന്നത്.

ഈ അടുത്തകാലത്തായി ഗവേഷകർ പുതിയൊരു കണ്ടുപിടുത്തം നടത്തുകയുണ്ടായി. ഏകദേശം 6000 വർഷം മുൻപ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ രൂപം അവരുടെ ഡി എൻ എ പരിശോധിച്ച് അവർ കണ്ടെത്തിയിരിക്കുന്നു. അത് മാത്രമല്ല. അത് കണ്ടെത്താൻ അവരെ സഹായിച്ചത് 'ച്യൂയിങ്ഗം' പോലുള്ള ഒരു വസ്തുവാണ്. അതിൽ പതിഞ്ഞ അവരുടെ പല്ലിന്‍റെ അടയാളങ്ങൾ വെച്ചാണ് ഗവേഷകർ അവളെപ്പറ്റിയുള്ള വിവരങ്ങൾ കണ്ടെത്തിയത്. ശാസ്ത്രം എത്ര പുരോഗമിച്ചിരിക്കുന്നു, അല്ലേ? സാധാരണയായി മനുഷ്യരുടെ അസ്ഥിയുടെ ഡിൻഎ ഉപയോഗിച്ചാണ് ഇത്തരം പരീക്ഷണങ്ങൾ നടത്താറുള്ളത്. ഇതാദ്യമായിട്ടാണ് മറ്റെന്തെങ്കിലും വസ്‍തുവിൽനിന്ന് പുരാതന മനുഷ്യന്‍റെ ജനിതകഘടന കണ്ടുപിടിക്കാൻ ശ്രമിക്കുന്നത്.

ച്യൂയിങ്ഗം പോലെയുള്ള വസ്‍തുവില്‍നിന്ന് വളരെ രസകരമായ കാര്യങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. മരത്തിന്‍റെ പശയിൽനിന്നുണ്ടാക്കിയ ആ ച്യൂയിങ്ഗം വച്ച്, അവൾക്ക് കറുത്ത തൊലിയും ഇരുണ്ട തവിട്ടുനിറമുള്ള മുടിയും നീലക്കണ്ണുകളുമായിരുന്നു എന്നവർ കണ്ടെത്തി.

 

രൂപം മാത്രമല്ല അവളുടെ ജീവിതത്തെപ്പറ്റിയും വിവരങ്ങൾ ശേഖരിക്കാൻ അവർക്കായി. യൂറോപ്പിൽ  അന്നത്തെ കാലത്ത് ജീവിച്ചിരുന്ന വേട്ടക്കാരുമായി അവൾക്ക് ജനിതകപരമായി കൂടുതൽ ബന്ധമുണ്ടായിരുന്നു. അവർക്കും ഇരുണ്ട ചർമ്മവും ഇരുണ്ട തവിട്ട് നിറമുള്ള മുടിയും നീലക്കണ്ണുകളുമുണ്ടായിരുന്നു. ബാൾട്ടിക് കടലിലെ ഡെൻമാർക്ക് ദ്വീപിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ഹാസൽനട്ടും താറാവും അവരുടെ ഭക്ഷണത്തിന്‍റെ ഭാഗമായിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി.

ഡെൻമാർക്കിലെ ഏറ്റവും വലിയ ശിലായുഗ സൈറ്റിൽനിന്നാണ് അവർക്ക് ഈ തെളിവുകൾ ലഭിച്ചത്. ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഇവിടെ താമസിച്ചിരുന്ന ആളുകൾ വനവിഭവങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ്. തെക്കൻ സ്‍കാൻഡിനേവിയയിൽ ആദ്യമായി കൃഷിയും വളർത്തുമൃഗങ്ങളും ഉണ്ടായത് ഈ കാലഘട്ടത്തിലാണ് എന്ന് കോപ്പൻഹേഗൻ സർവകലാശാലയിൽ നിന്നുള്ള തീസ് ജെൻസൻ പറഞ്ഞു.

ച്യൂയിങ്ഗം പോലെയുള്ള വസ്‍തുവില്‍ ഉണ്ടായിരുന്ന സൂക്ഷ്‍മാണുക്കളിൽനിന്നും ഗവേഷകർ ഡിഎൻഎ വേർതിരിച്ചെടുത്തു. നമ്മെപ്പോലെ അസുഖങ്ങൾ അവർക്കും ഉണ്ടായിരുന്നു എന്ന് കണ്ടെത്തലുകൾ തെളിയിക്കുന്നു. ന്യുമോണിയക്കടക്കം കാരണമാകുന്ന രോഗാണുക്കളെ അതിൽനിന്ന് അവർ കണ്ടെത്തി.

മരത്തിന്‍റെ തൊലിയിൽനിന്ന് വരുന്ന ഒരുതരം കറുത്ത / തവിട്ട് നിറത്തിലുള്ള പശയാണ് ഈ ച്യൂയിങ്ഗം പോലെയുള്ള വസ്‍തു. അക്കാലത്ത് കല്ലായുധങ്ങൾ ഒട്ടിക്കാൻ പശയായി ഇതുപയോഗിച്ചിരുന്നു. അതിലെ പല്ലിന്‍റെ അടയാളങ്ങൾ സൂചിപ്പിക്കുന്നത് ഈ പദാർത്ഥം ച്യൂയിങ്ഗം പോലെ ചവച്ചരച്ചിരുന്നുവെന്നാണ്. ഇത് ഒരുപക്ഷേ പല്ലുവേദനയ്ക്കോ മറ്റ് അസുഖങ്ങള്‍ക്കോ ഒരു മരുന്നായി ഉപയോഗിച്ചിരുന്നിരിക്കാം.

എന്തായാലും ഇത്തരം കണ്ടെത്തലുകൾ ജനങ്ങളുടെ വംശപരമ്പര, ഉപജീവനമാർഗ്ഗം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുവെന്ന് ഗവേഷകർ പറഞ്ഞു. ച്യൂയിങ്ഗത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഡിഎൻ‌എ വർഷങ്ങളായി മനുഷ്യരോഗങ്ങൾക്ക് കാരണമായ അണുക്കളെ തിരിച്ചറിയാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.