കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാടുപ്പെടുകയാണ് ലോകം. മഹാമാരിയെ നിയന്ത്രിക്കാൻ വാക്‌സിൻ മാത്രമാണ് ശാശ്വത പരിഹാരമെന്ന് കണ്ട് പല രാജ്യങ്ങളും ജനങ്ങളെ കൊണ്ട് വാക്‌സിൻ എടുപ്പിക്കാനുള്ള ശ്രമത്തിലാണ്. പല സ്ഥലങ്ങളിലും ആളുകൾ വാക്‌സിൻ എടുക്കാൻ ഉത്സാഹം കാണിക്കുന്നില്ല എന്നത് സർക്കാരിനെ കൂടുതൽ പ്രശ്‍നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ വാക്‌സിൻ എടുക്കാൻ തയ്യാറാകുന്നവർക്ക് പല ഓഫറുകളും ഭരണകൂടം വാഗ്ദാനം ചെയ്യുന്നു. യുഎസിലെ വെസ്റ്റ് വിർജീനിയ ഭരണകൂടം ആളുകളെ വാക്സിൻ എടുപ്പിക്കാനായി ഒരു ലോട്ടറി പദ്ധതി ആവിഷ്കരിച്ചിരിക്കയാണ്. വിജയിയ്ക്ക് പണം മാത്രമല്ല, മറിച്ച് റൈഫിളുകളും തോക്കുകളും വരെ സമ്മാനമായി ലഭിക്കും.  

സമ്മാനമായി തോക്കുകൾ നൽകുകയോ എന്ന് ചിലപ്പോൾ ചിന്തിക്കുന്നുണ്ടാകും. അവിടത്തെ മണ്ണിൽ ആഴത്തിൽ വേരോടിയ ഒന്നാണ് ഈ തോക്ക് സംസ്കാരം. അവർ തലമുറകളായി പിന്തുടരുന്ന ഒരു പാരമ്പര്യമാണ് വേട്ടയാടൽ. അതുകൊണ്ട് തന്നെ തോക്കുകൾ കൈവശം വയ്ക്കുന്നത് അഭിമാനകരമായ ഒരു കാര്യമായിട്ടാണ് അവിടുത്തുകാർ കാണുന്നത്. എന്നാൽ, ഇത് കൂടാതെ മറ്റ് നിരവധി ആകർഷകമായ സമ്മാനങ്ങളും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഒരു ഡോസെങ്കിലും എടുത്ത നിവാസികൾക്കാണ് സമ്മാനങ്ങൾ നൽകുക. പുതിയ വാക്സിൻ പ്രോത്സാഹന പദ്ധതി ജൂൺ 20 -ന് ആരംഭിച്ച് ഓഗസ്റ്റ് നാല് വരെയാണ് നടത്തുന്നത്. 

എല്ലാ ആഴ്ചയും സമ്മാനങ്ങൾ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന റിപ്പബ്ലിക്കൻ ഗവർണർ ജിം ജസ്റ്റിസ് പ്രഖ്യാപിച്ചു. വെസ്റ്റ് വെർജീനിയയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഒന്നാം സമ്മാനമായി 1.588 മില്യൺ ഡോളറും, രണ്ടാം സമ്മാനം 588,000 ഡോളറും, കൂടാതെ 12 -നും 25 -നും ഇടയിൽ പ്രായമുള്ളവർക്ക് ഒരു സംസ്ഥാന സർവകലാശാലയിൽ നാല് വർഷത്തെ പൂർണ സ്‌കോളർഷിപ്പും, ട്രക്കുകളും, സംസ്ഥാന പാർക്കുകളിൽ വാരാന്ത്യ അവധിക്കാല പാക്കേജും, ആജീവനാന്ത വേട്ട, മീൻപിടുത്ത ലൈസൻസുകളും, വേട്ടയാടാനുള്ള ഹണ്ടിംഗ് റൈഫിളുകളും, കസ്റ്റം ഹണ്ടിംഗ് ഷോട്ട്ഗണുകളും സമ്മാനമായി നൽകപ്പെടും.  

“വാക്സിനേഷൻ എടുക്കാൻ താല്പര്യം കാണിക്കാത്ത ഒരു വലിയ വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്” വെസ്റ്റ് വിർജീനിയ സർവകലാശാലയിലെ ചീഫ് ഹെൽത്ത് ഓഫീസർ ക്ലേ മാർഷ് പറഞ്ഞു. 16 -നും 35 -നും ഇടയിലുള്ളവരാണ് വാക്സിൻ എടുക്കാൻ ഏറ്റവും കൂടുതൽ വിമുഖത കാണിക്കുന്നത്. അടുത്ത മാസങ്ങളിൽ വാക്സിൻ എടുക്കുന്നവർക്ക് 100 സേവിംഗ്സ് സർട്ടിഫിക്കറ്റുകളോ ഗിഫ്റ്റ് സർട്ടിഫിക്കറ്റുകളോ സംസ്ഥാനം ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

വെസ്റ്റ് വിർജീനിയയിലെ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 51 ശതമാനം ആളുകൾ ഒരു ഡോസ് വാക്സിനും, 41 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. എന്നിരുന്നാലും, യുഎസിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്സിനേഷൻ നിരക്ക് താരതമ്യേന കുറവാണ് ഇവിടെ. യു എസിലെ മറ്റ് പല സംസ്ഥാനങ്ങളും ഇതുപോലുള്ള പ്രോത്സാഹന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഒറിഗോൺ, ഒഹായോ സംസ്ഥാനങ്ങൾ ദശലക്ഷം ഡോളറിന്റെ ക്യാഷ് ലോട്ടറികൾ പ്രഖ്യാപിച്ചപ്പോൾ ന്യൂജേഴ്‌സി സൗജന്യ ബിയർ വാഗ്ദാനം ചെയ്‌തു.