Asianet News MalayalamAsianet News Malayalam

ചൈനയിൽ ഉയ്​ഗറുകളെ പീഡിപ്പിക്കുന്നു, ഉദ്യോ​ഗസ്ഥർക്ക് വിലക്കേർപ്പെടുത്തി പാശ്ചാത്യരാജ്യങ്ങൾ

ഉയ്ഗർ സ്ത്രീകൾക്ക് നേരെ നിർബന്ധിത വന്ധ്യകരണം നടത്തിയതായും കുട്ടികളെ കുടുംബത്തിൽ നിന്ന് വേർപെടുത്തിയതായും ചൈനീസ് സർക്കാരിനെതിരെ ആരോപണമുണ്ട്. 

western countries sanctions china over abuse of Uyghurs
Author
China, First Published Mar 23, 2021, 2:47 PM IST

ഉയ്ഗർ ന്യൂനപക്ഷ വിഭാഗത്തിനെതിരായ അവകാശ ലംഘനങ്ങളുടെ പേരിൽ നിരവധി പാശ്ചാത്യ രാജ്യങ്ങൾ ചൈനയിലെ ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി. പീഡനം, നിർബന്ധിത തൊഴിൽ, ലൈംഗിക പീഡനം എന്നീ ആരോപണങ്ങൾ ഉയർന്നിരിക്കുന്ന സിൻജിയാങ്ങിന്റെ വടക്ക്-പടിഞ്ഞാറൻ മേഖലയിലെ ക്യാമ്പുകളിൽ ചൈന ഉയ്ഗർ മുസ്ലിംകളെ തടഞ്ഞുവച്ചിരിക്കുന്നതായി പറയുന്നു. എന്നാൽ അതിനെതിരെ ശക്തമായി തിരിച്ചടിക്കാൻ തന്നെയാണ് രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ, യുകെ, യുഎസ്, കാനഡ എന്നിവയുടെ ഏകോപന ശ്രമമായാണ് ഉപരോധം.  

അതേസമയം രാജ്യത്ത് യൂറോപ്യൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയാണ് ചൈന അതിന് മറുപടി നൽകിയത്. രാജ്യത്തിനെതിരെ ഉയർന്ന ആരോപണങ്ങളും ചൈന നിഷേധിച്ചു. തീവ്രവാദത്തിനെതിരെ പോരാടാൻ ഉപയോഗിക്കുന്ന "പുനർ-വിദ്യാഭ്യാസ" (re-education) ക്യാമ്പുകളാണ് അതെന്ന് ചൈന അവകാശപ്പെട്ടു. അതേസമയം ചൈന ഉയ്ഗർകളെ കൈകാര്യം ചെയ്യുന്ന രീതി അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളെ ഭയപ്പെടുത്തുന്നതാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. യൂറോപ്യൻ യൂണിയൻ ചൈനയ്‌ക്കെതിരെ അവസാനമായി ഉപരോധം ഏർപ്പെടുത്തിയത് 1989 -ലെ ടിയാനൻമെൻ സ്ക്വയർ ആക്രമണ സമയത്താണ്. അന്ന് നടന്ന സംഘട്ടനത്തിൽ ബെയ്ജിംഗിലെ സൈന്യം ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കുകയുണ്ടായി.

western countries sanctions china over abuse of Uyghurs

യാത്രാനിരോധനം, സ്വത്ത് മരവിപ്പിക്കൽ ഉൾപ്പെടെയുള്ള ഉപരോധങ്ങൾ സിൻജിയാങ്ങിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നു. കൂടാതെ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന് അവർക്കെതിരെ കേസുമെടുത്തിട്ടുണ്ട്. പ്രാദേശിക പൊലീസ് സേനയായ സിൻജിയാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ഡയറക്ടർ ചെൻ മിങ്‌ഗുവോ, സിൻജിയാങ്ങിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം വാങ് മിങ്‌ഷാൻ, സർക്കാർ ഉടമസ്ഥതയിലുള്ള സാമ്പത്തിക, അർദ്ധസൈനിക സംഘടനയായ സിൻജിയാങ് പ്രൊഡക്ഷൻ ആൻഡ് കൺസ്ട്രക്ഷൻ കോർപ്സിന്റെ (എക്സ്പിസിസി) പാർട്ടി സെക്രട്ടറി വാങ് ജുൻഷെംഗ് ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. സിൻജിയാങ്ങിലെ ഉയ്ഗർ മുസ്‌ലിംകളെ ദുരുപയോഗം ചെയ്യുന്നത് "നമ്മുടെ കാലത്തെ ഏറ്റവും മോശമായ മനുഷ്യാവകാശ പ്രതിസന്ധികളിലൊന്നാണ്" എന്ന് റാബ് പറഞ്ഞു.

തങ്ങൾ ചൈനീസ് സർക്കാരിന് വ്യക്തമായ സന്ദേശം നല്കാൻ ഉദ്ദേശിക്കുന്നുവെന്നും, അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഗുരുതരമായതും ആസൂത്രിതവുമായ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കില്ലെന്നും, ഉത്തരവാദിത്തപ്പെട്ടവരെ വെളിച്ചത്ത് കൊണ്ടുവരാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം സഹപാർലമെന്റ് അംഗങ്ങളോട് പറഞ്ഞു. ഒരു ദശലക്ഷത്തിലധികം ഉയ്ഗർകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സിൻജിയാങ്ങിലെ ക്യാമ്പുകളിൽ തടങ്കലിലാക്കിയതായി കണക്കാക്കപ്പെടുന്നു. ചൈനയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് സിൻജിയാങ് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രദേശമാണിത്. ടിബറ്റിനെപ്പോലെ, അതിന് സ്വയംഭരണാധികാരമുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്റെ വലിയ നിയന്ത്രണങ്ങളും അത് നേരിടുന്നു. ഈ പ്രദേശത്ത് താമസിക്കുന്ന ഉയ്ഗർ മുസ്ലിമുകൾ തുർക്കിഷ് ഭാഷയ്ക്ക് സമാനമായ ഒരു ഭാഷ സംസാരിക്കുകയും സാംസ്കാരികമായും വംശീയമായും മധ്യേഷ്യൻ രാജ്യങ്ങളുമായി അടുത്ത് കിടക്കുകയും ചെയ്യുന്നു.

western countries sanctions china over abuse of Uyghurs

ഉയ്ഗർ സ്ത്രീകൾക്ക് നേരെ നിർബന്ധിത വന്ധ്യകരണം നടത്തിയതായും കുട്ടികളെ കുടുംബത്തിൽ നിന്ന് വേർപെടുത്തിയതായും ചൈനീസ് സർക്കാരിനെതിരെ ആരോപണമുണ്ട്. ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഒരു ബിബിസി അന്വേഷണത്തിൽ ആസൂത്രിതമായ ബലാത്സംഗം, ലൈംഗിക പീഡനം, തടവുകാരെ പീഡിപ്പിക്കൽ എന്നിവ അവിടെ നടന്നതായി പറയുന്നു. എല്ലാ രാത്രിയും സ്ത്രീകളെ അവരുടെ സെല്ലുകളിൽ നിന്ന് മാറ്റുകയും, ഒന്നോ അതിലധികമോ മുഖംമൂടി ധരിച്ച ചൈനീസ് പുരുഷന്മാർ ബലാത്സംഗം ചെയ്യുകയോ ചെയ്തുവെന്ന് ഒരു സ്ത്രീ സാക്ഷ്യപ്പെടുത്തിയിരുന്നു. ക്യാമ്പുകളിലൊന്നിലെ ഒരു മുൻ കാവൽക്കാരൻ, ആ അജ്ഞാതയുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയും,  തടവുകാരുടെ പീഡനത്തെയും ഭക്ഷണക്ഷാമത്തെയും കുറിച്ച് വിവരിക്കുകയും ചെയ്തു.

“തെളിവുകൾ വർദ്ധിക്കുന്നത് ചൈനീസ് അധികാരികളുടെ വ്യവസ്ഥാപരമായ, സർക്കാർ നേതൃത്വത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്,” കാനഡയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഉയ്ഗർകളോടുള്ള ചൈനയുടെ സമീപനം അന്താരാഷ്ട്ര പരിശോധനകൾക്ക് വിധേയമാകുന്നതിനിടയിലാണ് ഉപരോധം. ഉയ്ഗർ പ്രശ്നത്തെയും, കൊറോണ വൈറസിനെയും കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്ന് ചൈന ബിബിസി വേൾഡ് ന്യൂസ് രാജ്യത്ത് നിരോധിച്ചു.

യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച ഉപരോധത്തിനതിരെ സംസാരിച്ച ചൈന നുണകളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് പ്രഖ്യാപിച്ചതെന്ന് ആരോപിച്ചു. ചൈനയുടെ പരമാധികാരത്തെയും താൽപ്പര്യങ്ങളെയും സാരമായി ബാധിക്കുന്നുവെന്നും നുണകളും തെറ്റായ വിവരങ്ങളും ദോഷകരമായി പ്രചരിപ്പിക്കുന്നുവെന്നും പറഞ്ഞ് 10 പേർക്കും യൂറോപ്പിലെ നാല് സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. ഉപരോധം ഏർപ്പെടുത്തിയ വ്യക്തിയ്ക്ക് ചൈനയിൽ പ്രവേശിക്കുന്നതിനോ, രാജ്യത്ത് വ്യാപാരം നടത്തുന്നതിനോ വിലക്കേർപ്പെടുത്തിയിരിക്കുന്നു. ചൈന ആദ്യം ക്യാമ്പുകൾ നിലവിലുണ്ടെന്നത് നിഷേധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ നിഷേധിക്കുന്നു.

western countries sanctions china over abuse of Uyghurs

ചൈനയുടെ ഉപരോധ പട്ടികയിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ് ചൈനയിലേക്കുള്ള യൂറോപ്യൻ പാർലമെന്റിന്റെ പ്രതിനിധിസംഘത്തിന്റെ അദ്ധ്യക്ഷനായ ജർമ്മൻ രാഷ്ട്രീയക്കാരൻ റെയ്ൻഹാർഡ് ബുട്ടിക്കോഫർ. സിൻജിയാങ്ങിലെ ചൈനയുടെ നയങ്ങളെക്കുറിച്ച് വിമർശിച്ച പ്രമുഖ വിദഗ്ദ്ധനായ അഡ്രിയാൻ സെൻസും, സ്വീഡിഷ് പണ്ഡിതൻ ജോർജൻ ജെർഡനും ചൈനയുടെ ഉപരോധ പട്ടികയിൽപ്പെടുന്നു. സിൻജിയാങ്ങിൽ നടന്ന ആരോപണങ്ങളെക്കുറിച്ച് അഡ്രിയാൻ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉയ്ഗർകളെ നിർബന്ധിതമായി വന്ധ്യംകരിച്ചതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയെ അതിനെ കുറിച്ച് അന്വേഷിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ചൈനയിലെ മാധ്യമങ്ങൾ അദ്ദേഹത്തെ "കുപ്രസിദ്ധമായ ചൈന വിരുദ്ധ" വ്യക്തി എന്ന് വിളിക്കുകയും, അദ്ദേഹത്തിനെതിരെ നുണ പ്രചരണം നടത്തുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios