Asianet News MalayalamAsianet News Malayalam

എന്തൊക്കെയാണ് മരടിലെ ഫ്ലാറ്റുകൾ ലംഘിച്ച കോസ്റ്റൽ റെഗുലേഷൻ സോൺ ചട്ടങ്ങൾ ?

7517 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന നമ്മുടെ കടൽത്തീരത്തെ ആശ്രയിച്ചു കഴിയുന്ന നിരവധിപേരുടെ ജീവിതമാർഗം മുടക്കുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികൾ വഷളായി എന്ന് തോന്നിയ സാഹചര്യത്തിലാണ് കേന്ദ്രം CRZ ചട്ടങ്ങളുമായി മുന്നോട്ടുവരുന്നത്. 
 

What are the Coastal Regulation Zone CRZ rules that the builders flauted in Maradu Flats Construction
Author
Maradu, First Published Jan 11, 2020, 8:53 AM IST

പതിമൂന്നു വർഷം ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ കയറിയിറങ്ങി നടത്തിയ വ്യവഹാരങ്ങൾക്കൊടുവിൽ സുപ്രീം കോടതി കല്പിച്ച വിധി ഏതാനും മണിക്കൂറുകൾക്കകം നടപ്പിലാക്കാൻ പോകുന്നു. നാനൂറോളം കുടുംബങ്ങൾക്ക് വീടായിരുന്ന മരടിലെ നാല് കെട്ടിടങ്ങൾ ഇന്നും നാളെയുമായി നിലം പൊത്താൻപോകുന്നു.  അതിലേക്ക് നയിച്ചത് കോസ്റ്റൽ റെഗുലേഷൻ സോൺ അഥവാ തീരദേശ നിയന്ത്രണ നിയമങ്ങൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള ചില നിയമങ്ങളുടെ ലംഘനങ്ങളാണ്.  എന്തൊക്കെ നിയമങ്ങളാണ് മരടിൽ ഈ നാലു ബിൽഡർമാരും തങ്ങളുടെ ബഹുനില ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുന്നതിനിടെ അറിഞ്ഞുകൊണ്ടുതന്നെ ലംഘിച്ചത്?

സ്ഥിതിഗതികൾ വഷളാകുന്നത് 2010 -ൽ. അക്കൊല്ലമാണ് ഓഡിറ്റിങ്ങിനിടെ CRZ ചട്ടലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ബിൽഡർമാർക്ക് ആദ്യമായി നോട്ടീസ് നൽകപ്പെടുന്നത്. 2005 -06 വർഷത്തിലാണ് അഞ്ചു ബിൽഡിങ് പെർമിറ്റുകൾ നല്കപ്പെട്ടതും നാല് റിയൽ എസ്റ്റേറ്റ് ഡെവലപ്പിംഗ് കമ്പനികൾ ചേർന്നുകൊണ്ട് നാലു ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമിച്ചു തുടങ്ങുന്നതും. മരട് പഞ്ചായത്തിൽ നിന്ന് നിർമാണ പെർമിറ്റ് കിട്ടിയ സമയത്തോ ബിൽഡർമാർ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിത്തുടങ്ങിയ സമയത്തോ ഒന്നും തന്നെ CRZ  ചട്ടലംഘനങ്ങളുടെ നോട്ടീസ് ലഭിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മരട് പഞ്ചായത്തിൽ നിന്ന് മുനിസിപ്പാലിറ്റി ആയപ്പോഴാണ്, കോസ്റ്റൽ റെഗുലേഷൻ സോൺ ചട്ടങ്ങളുടെ ലംഘനങ്ങൾ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുന്നതും അവർ ബിൽഡർമാർക്ക് നോട്ടീസ് നൽകുന്നതും.

What are the Coastal Regulation Zone CRZ rules that the builders flauted in Maradu Flats Construction

ബിൽഡർമാർ അതിനെതിരെ കോടതിയിൽ ചെന്ന് അനുകൂലമായ താത്കാലിക വിധികൾ സമ്പാദിച്ചു എങ്കിലും, ഒടുവിൽ സുപ്രീം കോടതിയിൽ വിധി അവർക്ക് എതിരാവുകയായിരുന്നു. 2019 മെയ് 19 -ന് മുമ്പുതന്നെ ഫ്ലാറ്റുകൾ പൊളിക്കണം എന്നായിരുന്നു സുപ്രീം കോടതി അന്തിമ ഉത്തരവ്. അത് പാലിക്കപ്പെടാതെ വന്നപ്പോൾ, സുപ്രീം കോടതി ചീഫ് സെക്രട്ടറി ടോം ജോസിനെ  വിളിച്ചുവരുത്തി ശാസിച്ചതിനു ശേഷമാണ് ഇപ്പോൾ നടക്കുന്ന പൊളിക്കൽ പ്ലാനിലേക്ക് സർക്കാർ എത്തിച്ചേർന്നത്. 

എന്തിനാണ് CRZ ചട്ടങ്ങൾ?

കടൽ തീരങ്ങളും ജനവാസ പ്രദേശങ്ങളും തമ്മിലുള്ള ബഫർ സോണുകൾ അഥവാ സംരക്ഷിത മേഖലകളാണ് CRZ അഥവാ തീരദേശ നിയന്ത്രിത പ്രദേശങ്ങൾ. അവയിൽ കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ, തീരപ്രദേശങ്ങൾ തുടങ്ങിയ പലതും ഉൾപ്പെടും. വർഷാവർഷം കണക്കില്ലാത്ത മാലിന്യങ്ങളാണ് ഇന്ത്യൻ ജനത തീരത്തോട് ചേർന്ന കടലിലേക്ക് വലിച്ചെറിയുന്നത്. ഇത്  7517 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന നമ്മുടെ കടൽത്തീരത്തെ ആശ്രയിച്ചു കഴിയുന്ന നിരവധിപേരുടെ ജീവിതമാർഗം മുടക്കുന്ന അവസ്ഥയിലേക്ക് വഷളായി എന്ന് തോന്നിയ സാഹചര്യത്തിലാണ് കേന്ദ്രം CRZ ചട്ടങ്ങളുമായി മുന്നോട്ടുവരുന്നത്. 1991 -ലാണ് 1986 -ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ചുകൊണ്ട്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം CRZ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കപ്പെടുന്നത്. 

എന്താണ്  CRZ ചട്ടങ്ങൾ?

ഈ നോട്ടിഫിക്കേഷൻ പ്രകാരം, വേലിയേറ്റ രേഖ (High Tide Line) ൽ നിന്ന് 500 മീറ്റർ അകലം വരെയും, വേലിയേറ്റത്തിനും ഇറക്കത്തിനും വിധേയമായ നദീമുഖങ്ങൾ, പൊഴികൾ, കായലുകൾ, പുഴകൾ എന്നിവയിൽ നിന്ന് 100 മീറ്റർ ദൂരം വരെയുമാണ് CRZ നിയന്ത്രണങ്ങൾ ബാധകമാവുന്നത്.

What are the Coastal Regulation Zone CRZ rules that the builders flauted in Maradu Flats Construction

തീരദേശപ്രദേശങ്ങളെ ഈ നോട്ടിഫിക്കേഷൻ CRZ-I, CRZ-II, CRZ-III & CRZ-IV എന്നിങ്ങനെ നാലു സോണുകളായി തിരിച്ചിട്ടുണ്ട്. പരിസ്ഥിതി ലോലമായ വേലിയേറ്റ-വേലിയിറക്ക രേഖയ്ക്ക് ഇടയ്ക്കുള്ള പ്രദേശങ്ങൾ CRZ-I ആണ്. ഇവിടെ പ്രകൃതിവാതക പര്യവേക്ഷണവും, സാൾട്ട് മൈനിംഗും മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. തീരത്തിന്റെ അടുത്തുളള പ്രദേശങ്ങൾ CRZ-II ആണ്. ഇവിടെ യാതൊരു വിധ നിർമ്മാണപ്രവർത്തനങ്ങളും അനുവദനീയമല്ല. തീരത്തോട് ചേർന്നുകിടക്കുന്ന ഈ അതിലോലസോണുകൾക്ക് പുറത്ത് കിടക്കുന്ന പ്രദേശങ്ങളെ CRZ-III & CRZ-IV എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഇവിടെ കൃഷിസംബന്ധമായ പ്രവർത്തനങ്ങളും, പൊതുപ്രവർത്തനങ്ങളും മാത്രമാണ് അനുവദനീയം. സംസ്ഥാനസർക്കാരുകൾ പലതവണയായി മുന്നോട്ടുവെച്ച അപേക്ഷകളിന്മേൽ, 1991 -ലെ ചട്ടം 25 തവണയാണ് ഭേദഗതി ചെയ്യപ്പെട്ടത്. മേൽപ്പറഞ്ഞ ഭേദഗതികളെല്ലാം കൂടി ഒന്നിച്ചു ചേർത്തുകൊണ്ട്, ഡോ. എം എസ് സ്വാമിനാഥൻ കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് 2011 -ൽ ചട്ടം അവസാനമായി ഒരിക്കൽ കൂടി പരിഷ്കരിക്കപ്പെട്ടുകൊണ്ട് നോട്ടിഫിക്കേഷനിറങ്ങി. 

ഈ ചട്ടങ്ങളുടെ നിയമാവലിയിൽ പറയുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടേണ്ടത് നമ്മുടെ തീരദേശങ്ങളുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. താത്കാലികമായ ലാഭത്തിനുവേണ്ടി  അവയെ മറികടന്നുകൊണ്ട് നിർമാണങ്ങൾ നടത്തുന്നത്, ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ തീരദേശത്തിനും, അതിനെ ആശ്രയിച്ചും കഴിയുന്നവരുടെ അതിജീവനത്തിനു തന്നെ വെല്ലുവിളിയാകും. അതുകൊണ്ടാണ് സുപ്രീം കോടതി, യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഈ നാല് ഫ്ലാറ്റുകളും പൊളിച്ചു കളയാൻ തന്നെ ഉത്തരവിട്ടതും, അവസാനം വരെ അത് ഉറപ്പിച്ചു പറഞ്ഞതും. 
  

 

Follow Us:
Download App:
  • android
  • ios