ഫെബ്രുവരി 22 , ശനിയാഴ്ച രാത്രി ദില്ലിയിൽ ജാഫറാബാദ് മെട്രോ സ്റ്റേഷന് വെളിയിൽ ചില സ്ത്രീകൾ സംഘടിച്ച് ധർണ നടത്തുന്നു എന്നൊരു വാർത്ത വരുന്നു. അന്ന് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ റോഡിന്റെ നടുവിൽ സ്റ്റേജ് കെട്ടുന്നതിന്റെ ദൃശ്യങ്ങൾ കാണാം. ആ ജനക്കൂട്ടം പ്രതിഷേധിച്ചിരുന്നത് പൗരത്വ നിയമ ഭേദഗതിക്ക് എതിരായിട്ടായിരുന്നു.

എന്നാൽ, ഈ ജനക്കൂട്ടം നിരത്തിൽ ഇറങ്ങിയത്,  ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദ് ഭാരത് ബന്ദിന് ആഹ്വാനം നൽകിയ  ഫെബ്രുവരി 23 -നോടടുപ്പിച്ചായിരുന്നു. 22 -ന് രാത്രി ജാഫറാബാദിലേതിന് സമാനമായി ഉത്തരപൂർവ ദില്ലിയിലെ യമുനാ നടിയോട് ചേർന്ന പ്രദേശങ്ങളിൽ പലയിടത്തും റോഡ് തടസപ്പെടുത്തിക്കൊണ്ട് സമരങ്ങൾ തുടങ്ങാൻ പോകുന്നു എന്ന്  വാർത്ത പ്രചരിക്കുന്നു. ദില്ലിയിലെ കാശ്മീരി ഗേറ്റിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയാണ് സീലംപൂർ. അതിന്റെ തൊട്ടടുത്താണ് ജാഫറാബാദ്. അതിനപ്പുറം മോജ്പൂർ. അതിനെ തോറ്റുകൊണ്ട് ബാബർപൂർ. ഇതേ റോഡിലൂടെ പിന്നെയും മുന്നോട്ട് പോയാൽ യമുനാ വിഹാർ. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ ഗോകുൽ പുരി, ഇടത്തോട്ട് തിരിഞ്ഞാൽ ഒന്നുരണ്ടു കിലോമീറ്ററിനുള്ളിൽ ഭജൻപുര. കാലങ്ങളായി ഹിന്ദു, മുസ്ലിം, സിഖ് സമുദായക്കാർ ഇടകലർന്നു താമസിച്ചു പോരുന്നിടങ്ങാൻ ഇവയെല്ലാം. 22 ഫെബ്രുവരിയിൽ പ്രതിഷേധക്കാർ റോഡിൽ തടിച്ചു കൂടിയത് പലേടത്തും ട്രാഫിക് പ്രശ്നങ്ങൾ ഉണ്ടായി. പല റോഡുകളും പൂർണമായി അടച്ചു.


 

ഫെബ്രുവരി 23, ഞായറാഴ്ച.

ഞായറാഴ്ച രാവിലെ മുതൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവർ, പൊതുജനങ്ങൾക്കിടയിൽ റോഡ് ബ്ലോക്ക് ചെയ്യുന്നതിനെതിരെ പ്രതികരണങ്ങളുമായി ഇറങ്ങി. "ദില്ലിയിൽ രണ്ടാമതൊരു ഷാഹീൻബാഗ് ഉണ്ടാകാൻ അനുവദിക്കില്ല. കുട്ടികൾക്ക് ബോർഡ് എക്സാം വരികയാണ്. റോഡ് ബ്ലോക്ക് ചെയ്‌താൽ ആകെ ബുദ്ധിമുട്ടാകും" എന്ന മട്ടിലുള്ള പ്രചാരണങ്ങളായി.

എന്നാൽ ജാഫറാബാദിലെ വനിതാ പ്രതിഷേധക്കാർക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു.അവർ മാധ്യമങ്ങളോട് തങ്ങളുടെ പക്ഷം വിശദീകരിച്ചു. കഴിഞ്ഞ 45 ദിവസമായി തങ്ങൾ ജാഫറാബാദിൽ നിന്നും ഏതാനും കിലോമീറ്റർ മാറി സമാധാനപരമായി സമരം ചെയ്യുകയായിരുന്നു എന്നും, സർക്കാർ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല എന്നും അവർ പറഞ്ഞു. സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടാണ് തങ്ങൾ ഇന്ന് റോഡ് തടഞ്ഞുകൊണ്ട് രംഗത്തുവന്നത് എന്നും സമരക്കാർ പറഞ്ഞു.

 

ജാഫറാബാദിൽ ഈ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ തന്നെ തൊട്ടപ്പുറത്തുള്ള മോജ്പൂരിൽ സിഎഎ അനുകൂലികളുടെ മറ്റൊരു ജനക്കൂട്ടവും തടിച്ചു കൂടി. രണ്ടു ഭാഗത്തു നിന്നും പരസ്പരം കല്ലേറുണ്ടായി എന്നാണ് റിപ്പോർട്ട്. മോജ്‌പൂരിൽ ജനങ്ങളെ ഇളക്കിമറിച്ചവരിൽ ബിജെപി നേതാവ് കപിൽ മിശ്രയായിരുന്നു മുന്നിൽ. ആ സമയത്ത് പുറത്തുവന്ന ഒരു വീഡിയോയിൽ കപിൽ മിശ്ര ജനങ്ങളോടും പൊലീസിനോടും ഒപ്പം നിൽക്കുന്നത് കാണാം. അതിൽ മിശ്ര ഇങ്ങനെ പറയുന്നുണ്ട്," ഇവർ ആഗ്രഹിക്കുന്നത് ദില്ലിയിൽ തീ ആളിപ്പടരണം എന്നാണ്. അതുകൊണ്ടാണ് അവർ വഴിതടഞ്ഞിരിക്കുന്നതും, കലാപം പോലുള്ള സാഹചര്യത്തിലേക്ക് ദില്ലിയെ കൊണ്ടുപോയിരിക്കുന്നതും. ഞങ്ങളുടെ ഭാഗത്തു നിന്ന് ഇതുവരെ ഒരു കല്ലുപോലും എറിഞ്ഞിട്ടില്ല ആരും അങ്ങോട്ട്. ഇതാ ഡിസിപി സാബ് എന്റെ തൊട്ടടുത്ത് നിൽപ്പുണ്ട്. ഇവിടെ ഒന്നിച്ചു കൂടിയവരുടെ പ്രതിനിധിയായി ഞാൻ പൊലീസിനോട്  പറയാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രം. ട്രംപ് പോകും വരെ ഞങ്ങൾ അടങ്ങിയിരിക്കും. അതിനു ശേഷവും ഇവിടെ റോഡുകളിലെ തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ,  പിന്നെ ഞങ്ങൾ നിങ്ങൾ പറഞ്ഞാൽ പോലും കേട്ടെന്നു വരില്ല. ട്രംപ് പോകുന്നതിനുള്ളിൽ, ജാഫറാബാദും ചാന്ദ് നഗറും ഒക്കെ ക്ലിയർ ചെയ്യണം. ഇല്ലെങ്കിൽ അതിനായി ഞങ്ങൾക്ക് ഒരുവട്ടം കൂടി തിരിച്ചു വരേണ്ടി വരും. ഭാരത് മാതാ കീ ജയ്... വന്ദേ മാതരം."

 

 

ഞായറാഴ്ച രാത്രിയോടെ വേറെയും ചിലപ്രദേശങ്ങളിൽ കല്ലേറ് നടന്നതായുള്ള വാർത്തകൾ വന്നു. ഇരു പക്ഷത്തുമുള്ളവർ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങി. ശനിയാഴ്ച രാത്രിയിൽ യമുനാനദീതടത്തോട് ചേർന്നുള്ള ഒരു ഭാഗത്ത് ഒരു ട്രാക്ടറിൽ കല്ല് കൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ വന്നുതുടങ്ങി. ഇത് കൊണ്ടുവന്നിറക്കിയത് ആര് എന്തിനായിരുന്നു എന്നത് അപ്പോൾ വ്യക്തമായിരുന്നു.

ഫെബ്രുവരി 24,  തിങ്കളാഴ്ച

അന്നായിരുന്നു ട്രംപ് അഹമ്മദാബാദിൽ എത്താനിരുന്നത്. ഏതാണ്ട് അതേസമയത്തുതന്നെ ദില്ലിയിൽ ഒറ്റപ്പെട്ട അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ വന്നുതുടങ്ങി. ഈ അക്രമങ്ങൾ മോജ്പൂരിൽ നിന്ന്, ചാന്ദ് ബാഗ് വരെയുള്ള പ്രദേശങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാവിലെ 11 മണിയോടെ, അക്രമികൾ ഒരു പെട്രോൾ ബങ്കിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീകൊളുത്തി. അപ്പോഴേക്കും അക്രമം ജാഫറാബാദ് മുതൽ ഭജൻപുര വരെയുള്ള സ്ഥലങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നു. ഭജൻപുര ജംഗ്‌ഷനിലുള്ള ഒരു ദർഗയ്ക്കും അക്രമികൾ തീവെച്ചതായി വാർത്തകൾ വന്നു. അതിനു പിന്നാലെ സത്യവും അസത്യവുമായ പല അക്രമണങ്ങളെപ്പറ്റിയുള്ള വാർത്തകളും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചുകൊണ്ടിരുന്നു. അതൊക്കെ അവരവരുടെ സൗകര്യത്തിനനുസരിച്ച് കലാപകാരികളും എടുത്ത് പ്രചരിപ്പിച്ചുകൊണ്ടുമിരുന്നു. 

പൗരത്വ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്ന റോഡിലേക്ക് കയ്യിൽ ഒരു തോക്കുമായി ഒരു യുവാവെത്തിയത് അതിനിടെയാണ്. അയാൾ പത്തു റൗണ്ടോളം വെടിയുതിർത്തു. ഉച്ചയോടെ രത്തൻലാൽ എന്ന പൊലീസുകാരനും മറ്റൊരു യുവാവും കൊല്ലപ്പെട്ടതിന്റെ വിവരം മാധ്യമങ്ങൾ പുറത്തുവിട്ടു. വെടിയേറ്റായിരുന്നു ഈ മരണങ്ങൾ. അപ്പോഴേക്കും കപിൽ മിശ്ര അടക്കമുള്ളവർ പ്രസ്താവനകളുമായി എത്തി," അക്രമം ഒരു തർക്കത്തിനും പരിഹാരമല്ല. ദില്ലിയിൽ സാഹോദര്യം നിലനിർത്തുന്നത് തന്നെയാണ് എല്ലാവർക്കും നല്ലത്. സിഎഎയെ എതിർക്കുന്നവരോ അനുകൂലിക്കുന്നവരോ, ആരായാലും അക്രമം പ്രവർത്തിക്കുന്നത് ഉചിതമല്ല. അത് ഉടൻ അവസാനിപ്പിക്കണം. എന്ന് അദ്ദേഹത്തിന്റെ ട്വീറ്റ് വന്നു.

ഉച്ചക്ക് മൂന്നു മണിയോടെ അക്രമങ്ങളിൽ സങ്കടം പ്രകടിപ്പിച്ചുകൊണ്ട്, അക്രമങ്ങൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റും വന്നു. ക്രമസമാധാന നില പുനഃസ്ഥാപിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിന്റെ ട്വീറ്റും പിന്നാലെ വന്നു.

 

എന്നാൽ വൈകുന്നേരത്തോടെ പരിക്കേറ്റ്  ആശുപത്രിയിൽ ആയവരുടെ എണ്ണം കൂടിക്കൂടി വന്നു. രാത്രിയോടെ നാലുപേർ മരിച്ചതായുള്ള വാർത്ത പുറത്തുവന്നു. അന്താരാഷ്ട്ര ഫോട്ടോ ഏജൻസികൾ പിടിച്ച കലാപത്തിന്റെ ദൃശ്യങ്ങൾ രാത്രിയോടെ പുറത്തുവന്നുതുടങ്ങി. കടകൾക്ക് തീവെക്കുന്നതിന്റെയും, റോഡിൽ കല്ലേറ് നടക്കുന്നതിന്റെയും വളരെ ഭയാനകമായ ചിത്രങ്ങളായിരുന്നു അവ. പലയിടത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു, ലാത്തിച്ചാർജ്ജ് നടത്തി. കദംപുരി, ഗോകുൽപുരി, ബ്രഹ്മപുരി തുടങ്ങിയ ഇടങ്ങളിൽ രാത്രിയിലും അക്രമാസക്തമായ ജനക്കൂട്ടം ആയുധങ്ങളുമായി റോന്തുചുറ്റിക്കൊണ്ടിരുന്നു. പ്രകോപനപരമായ പല മുദ്രാവാക്യങ്ങളും അസഭ്യവർഷങ്ങളും കലാപകാരികളിൽ നിന്നുണ്ടായി. 

ബാബർപൂർ എംഎൽഎ ഗോപാൽ റായ് ട്വീറ്റ് ചെയ്തത് ഇങ്ങനെ, " ബാബർപൂരിൽ നാലുപാടും അക്രമികൾ അഴിഞ്ഞാടുകയാണ്. കടകൾക്ക് തീയിടുക്കുന്നു, വാഹനങ്ങൾ റോഡിലിട്ട് കത്തിക്കുന്നു, തീവെച്ചും വെടിയുണ്ടകൾ ഉതിർത്തും അക്രമികൾ റോന്തുചുറ്റുമ്പോഴും പൊലീസ് നിക്കുകുത്തിയായി നിൽക്കുകയാണ്. ലെഫ്റ്റനന്റ് ജനറൽ അനിൽ ബൈജാലിനോട് ഞാൻ ക്രമസമാധാനനില പുനഃസ്ഥാപിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 10-11 മണിയോടെ ആം ആദ്മി പാർട്ടിയുടെ എംഎൽഎമാർ ചേർന്ന് ലെഫ്റ്റനന്റ് ജനറലിനെ സമീപിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. അപ്പോഴേക്കും തീവെപ്പ് കൂടുതൽ ഇടങ്ങളിലേക്ക് പടർന്നിരുന്നു. തിങ്കളാഴ്ച രാവിലെ മൂന്നു മണി വരെ തങ്ങൾ 45 ഫയർ കാൾസ് എങ്കിലും അറ്റൻഡ് ചെയ്തതായി നോർത്ത് ഈസ്റ്റ് ദില്ലി ഫയർ ബ്രിഗേഡ് ഡയറക്ടർ ന്യൂസ് ഏജൻസി ആയ എഎൻഐയോട് പറഞ്ഞു. മൂന്നു ഫയർമാൻമാർക്ക് പരിക്കേറ്റതായും, ഒരു ഫയർബ്രിഗേഡ്‌ വണ്ടിക്ക് തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ വന്നതായും അദ്ദേഹം പറഞ്ഞു. രാത്രി മുഴുവൻ അക്രമസംഭവങ്ങളെക്കുറിച്ചുള്ള കോളുകൾ ജനങ്ങളിൽ നിന്ന് വന്നുകൊണ്ടിരുന്നതായി പൊലീസും പറഞ്ഞു.

മുസ്തഫാബാദിലെ അൽ ഹിന്ദ് ഹോസ്പിറ്റൽ എന്ന ചെറിയ ആശുപത്രിയിൽ, ദില്ലി കലാപത്തിൽ പരിക്കേറ്റ നിരവധി പേർ ജീവനോട് മല്ലടിക്കുകയായിരുന്നു. അവിടെ അവർക്ക് അടിയന്തരമായി നൽകേണ്ട വിദഗ്ദ്ധചികിത്സക്ക് വേണ്ട സൗകര്യമുണ്ടായിരുന്നില്ല. അവരെ എത്രയും പെട്ടെന്നുതന്നെ കൂടുതൽ സൗകര്യങ്ങളുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് എത്തിക്കേണ്ടതുണ്ടായിരുന്നു. ആംബുലൻസിൽ പോലും അവരെ പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കാതെ എല്ലാ വഴികളും കലാപകാരികള്‍ തടഞ്ഞ നിലയിലായിരുന്നു. അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ലോക്കൽ പൊലീസും കൂട്ടാക്കിയില്ല. അമ്പതിലധികം രോഗികളിൽ രണ്ട് പേർ അതിനകം മരിച്ചു കഴിഞ്ഞു. അടിയന്തിര ശസ്ത്രക്രിയ വേണ്ടവർ, മരുന്നുകൾ വേണ്ടവർ അങ്ങനെ പലരും ചികിത്സ കിട്ടാതെ അവിടെ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയായിരുന്നു.

 അപ്പോഴാണ് അഡ്വ. സുറൂർ മന്ദർ കാര്യത്തിൽ ഇടപെടുന്നത്. അവർ ഈ ആംബുലൻസുകൾക്ക് സുരക്ഷിതമായ ഒരു യാത്രാമാർഗം നൽകണം എന്ന ആവശ്യവുമായി രാത്രി തന്നെ കോടതിയെ വിളിച്ചുണർത്തി. അൽഹിന്ദ് ആശുപത്രിയിൽ നിന്ന് ദിൽഷാദ് ഗാർഡനിലുള്ള ജിടിബി ഹോസ്പിറ്റൽ വരെയുള്ള വഴി തടസ്സങ്ങൾ ഒഴിവാക്കി നൽകാൻ വേണ്ടത് ചെയ്യണം എന്ന് അവർ കോടതിയെ ബോധിപ്പിച്ചു. രാത്രി പന്ത്രണ്ട് മുപ്പതിന് ജസ്റ്റിസ് മുരളീധറിന്റെ വസതിയിൽ തന്നെ സിറ്റിംഗ് ആരംഭിച്ചു. അൽഹിന്ദ് ആശുപത്രിയിലെ ഇൻ ചാർജ് ആയ ഡോ. അൻവറുമായി ബെഞ്ച് വീഡിയോ കോൺഫറൻസ് നടത്തി. വേണ്ടത്ര ആംബുലൻസുകൾ അൽ ഹിന്ദ് ആശുപത്രിയിലെക്കെത്തിക്കാനും, രോഗികളെ അടിയന്തരചികിത്സക്കായി ജിടിബി ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് തന്നെ എത്തിക്കാനും ഡൽഹി പൊലീസിനോട് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസ് എത്തി അവരെ കൊണ്ട് പോകാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം പുലർച്ചെ രണ്ട് മണിക്കാണ് ഹൈക്കോടതിയുടെ സിറ്റിംഗ് അവസാനിച്ചത്.

ഫെബ്രുവരി 25,  ചൊവ്വാഴ്ച രാവിലെയോടെ ബ്രഹ്മപുരിയിൽ നിന്നുള്ള കല്ലേറിന്റെ ചിത്രങ്ങൾ പുറത്തുവന്നു. രാവിലെ തന്നെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചേർന്ന് സംയുക്തപത്രസമ്മേളനം നടത്തി ജനങ്ങളോട് അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അപേക്ഷിച്ചു. അവർ ഒന്നിച്ച് ദില്ലിയുടെ സുരക്ഷയും ക്രമണസമാധാനവും ചർച്ച ചെയ്യാൻ ഒരു ഉന്നതതല യോഗം നടന്നു. സർവകക്ഷിയോഗത്തിൽ എല്ലാ പാർട്ടികളോടും തങ്ങളുടെ അണികളെ ശാന്തരാക്കാൻ അപേക്ഷിച്ചിട്ടുണ്ടെന്നു കെജ്‌രിവാൾ പറഞ്ഞു. ഇത് പറയുമ്പോഴും ഗോകുൽ പുരി, ഭജൻപുര ഭാഗങ്ങളിൽ അപ്പോഴും അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. പൊലീസ് കൈകെട്ടി നോക്കി നിൽക്കുകയും .

ഫെബ്രുവരി 26, ബുധനാഴ്ച രാവിലെയോടെയാണ് അക്രമസംഭവങ്ങൾ ഒന്നടങ്ങുന്നതും, പുതിയ അക്രമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വരാതാകുന്നതും. ക്രമാസമാധാനത്തെക്കുറിച്ച് അന്വേഷിക്കാനും, സ്ഥിതിഗതികൾ നിയന്ത്രിക്കാനും കേന്ദ്രം ദേശീയ സുരക്ഷാ ഉപദേശതവായ അജിത് ഡോവലിനെ നിയോഗിച്ചു. ചൊവ്വാഴ്ച രാത്രി തന്നെ ദില്ലിയിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കലാപ ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ചു. ദില്ലി കമ്മീഷണര്‍ ഓഫീസിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വടക്കു കിഴക്കൻ ദില്ലിയിലെ പൊലീസ് വിന്യാസവും മേഖലയിൽ സമാധാനം തിരിച്ചെത്തിക്കാനുള്ള വഴികളുമാണ് ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്. 

പുലര്‍ച്ചെ മൂന്നര വരെ കലാപ ബാധിത മേഖലകളിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ സന്ദര്‍ശനം ഉണ്ടായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കേന്ദ്ര മന്ത്രിസഭായോഗത്തിൽ കലാപ ബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനവും ചര്‍ച്ചകളും വിലയിരുത്തലുകളും അടക്കം വിശദമായ റിപ്പോര്‍ട്ട് അജിത് ഡോവൽ അവതരിപ്പിക്കുകയും ചെയ്യും.