ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ തീപ്പൊരി നേതാക്കളിൽ ഒരാളായിരുന്നു വനിതാ സഖാവായ കായി ഷിയാ. അവരുടെ ഒരു സംഭാഷണം കഴിഞ്ഞ ജൂൺ മാസത്തിൽ ചോർന്നു പുറത്തുവന്നു. ആ സ്വകാര്യ സംഭാഷണത്തിൽ അവർ ചൈനയുടെ പ്രസിഡന്റായ ഷീ ജിൻ പിങ്ങിനെപ്പറ്റിയുള്ള തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് ആരോടോ പറയുന്നതിന്റെ റെക്കോർഡിങ് ആണുള്ളത്. "അയാളൊരു മാഫിയത്തലവനെപ്പോലെയാണ് പെരുമാറുന്നത് "എന്നായിരുന്നു കായി ഷിയാ ആരോടോ പറഞ്ഞത്. എന്തായാലും, ഈ ഓഡിയോ കായി ഷിയയുടെ രാഷ്ട്രീയ ജീവിതത്തിനുതന്നെ തിരശ്ശീല വീഴ്‌ത്തുന്ന ലക്ഷണമാണ് ഇപ്പോൾ കാണുന്നത്. കാരണം, ഈ ഓഡിയോ ക്ലിപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന ഉൾപ്പാർട്ടി അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ കായിയെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നുതന്നെ പുറത്താക്കിയിരിക്കുകയാണ് പാർട്ടി.

കായി ഷിയാ എന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അങ്ങനെ ആർക്കും എളുപ്പത്തിൽ അവഗണിക്കാവുന്ന ഒരു സ്വരമല്ലായിരുന്നു.കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി അവർ പാർട്ടിയിലെ ഉയർന്ന പല ഉത്തരവാദിത്തസ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഒരു കൊല്ലത്തോളമായി പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന അവർ തലപ്പത്തിരിക്കുന്ന നേതാക്കളിൽ ചിലരുടെ, വിശേഷിച്ച് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ മുരടൻ സ്വഭാവത്തെയും, ഏകാധിപത്യ പ്രവണതയെയും നിശിതമായി വിമർശിച്ചുകൊണ്ട് പരസ്യമായിത്തന്നെ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ഗാർഡിയൻ പത്രത്തിന് നൽകിയ ഇന്റർവ്യൂവിൽ അവർ സ്വന്തം പാർട്ടിയെ വിളിച്ചത് 'രാഷ്ട്രീയ പേക്കോലം' എന്നാണ്. പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ തികച്ചും സ്വേച്ഛാധിപത്യപരമായ നയങ്ങൾ ലോകത്തിനു മുന്നിൽ ചൈനയുടെ അന്തസ്സ് കെടുത്തുന്നതായിരുന്നു എന്നും അവർ തുറന്നു പറഞ്ഞു.

ഷി ജിൻ പിങ്ങിനോടുള്ള എതിർപ്പും പ്രകടിപ്പിച്ചുകൊണ്ട് ചൈനയിൽ തനിക്ക് സ്വൈര്യമായി ജീവിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം നാടുവിട്ട് അമേരിക്കയ്ക്ക് പോന്ന കായി ഷിയാ കഴിഞ്ഞ ഒരു വർഷമായി അമേരിക്കയിൽ തന്നെ അഭയം തേടിയിരിക്കുകയാണ്. അവർ ചൈനയിലെ രാഷ്ട്രീയ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം ശബ്ദിക്കുന്ന അപൂർവം കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 'സെൻട്രൽ പാർട്ടി സ്‌കൂളിൽ' ഡെമോക്രാറ്റിക് പൊളിറ്റിക്സ് അധ്യാപികയായി വിരമിച്ച കായി ഷിയാ, രാജ്യത്ത് അധികാര സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ബ്യൂറോക്രാറ്റുകള്‍ക്ക് വേണ്ട ജനാധിപത്യരാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വങ്ങൾ പറഞ്ഞുകൊടുക്കാൻ ചുമതലപ്പെട്ട പ്രൊഫസർ ആയിരുന്നു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ട് എന്നുറപ്പിക്കാൻ വേണ്ടി ദശാബ്ദങ്ങൾക്ക് മുമ്പുതന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയത ഒന്നാണ് ഈ സെൻട്രൽ പാർട്ടി സ്‌കൂൾ. മുൻകാലങ്ങളിൽ പ്രീമിയറുകളായ മാവോ സെ ഡുങ്, ഹൂ ജിൻ താവോ എന്നിവരാൽ നയിക്കപ്പെട്ടിരുന്ന ഈ സ്ഥാപനത്തെ ഇന്ന് മുന്നോട്ടു നയിക്കുന്നത് സാക്ഷാൽ ഷി ജിൻ പിങ് നേരിട്ടാണ്.

ചൈനീസ് വിപ്ലവത്തിന്റെ ചോരക്കളങ്ങളിൽ നേരിട്ടിറങ്ങി പോരാടിയ ചരിത്രമുള്ള നല്ല ഒന്നാന്തരം സമരസഖാക്കളായിരുന്നു കായി ഷിയായുടെ മാതാപിതാക്കൾ. പ്രാഥമികാംഗത്വത്തിൽ തുടങ്ങി, പാർട്ടിപരിപാടികളിൽ പങ്കെടുത്ത് മെല്ലെമെല്ലെ പടിപടിയായി വളർന്നുവന്ന ഒരു കഠിനാധ്വാനിയായിരുന്നു കായിയും. മറ്റു പല ചൈനക്കാരെയും പോലെ യൗവ്വനത്തിൽ മിലിട്ടറിയിൽ പ്രവർത്തിച്ച്, മധ്യവയസ്സിൽ ഫാക്ടറി ജീവനക്കാരിയാണ്, വാർദ്ധക്യകാലത്ത് അധ്യാപികയായ ഒരു വ്യക്തിയാണ് കായി ഷിയാ.

മറ്റുള്ള വിമതസ്വരങ്ങൾ പോലെയല്ല കായി ഷിയാ ഇപ്പോൾ ഉയർത്തിയിട്ടുളള പ്രതിഷേധങ്ങൾ. ഒന്ന്, കായി എന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലും അധികാര കേന്ദ്രങ്ങളിലും ഇന്നുള്ള പല യുവാക്കളുടെയും ഗുരുസ്ഥാനത്തുള്ള, ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ്. രണ്ട്, അവർ ഇപ്പോൾ അമേരിക്കയിലാണ്. അവരെ പർജ് ചെയ്യാനോ കായികമായി കൈകാര്യം ചെയ്തോ വധിച്ചോ ആ സ്വരം അടിച്ചമർത്താനോ ഒന്നും അത്ര എളുപ്പത്തിൽ സാധിക്കില്ല. ഇങ്ങനെ ദിനംപ്രതിയെന്നോണം അവർ ഷി ജിൻ പിങിനെ ദുഷിച്ചിട്ടും അദ്ദേഹത്തിന് അവരെ നിയന്ത്രിക്കാൻ ഒന്നും ചെയ്യാൻ സാധിക്കാത്തത് പാർട്ടിക്കുള്ളിൽ ഷി ജിൻ പിങ്ങിന്റെ ശക്തി ക്ഷയിച്ചു തുടങ്ങുന്നതിന്റെ ലക്ഷണം കൂടിയായാണ് പാർട്ടി വിമർശകർ വിലയിരുത്തുന്നത്.

"ഷീ ജിൻ പിങ് ചൈനയുടെ പുരോഗതിക്ക് ഒരു തടസ്സമാണ്" എന്ന് കായി ഷിയാ കഴിഞ്ഞു ദിവസം ആക്ഷേപിച്ചിരുന്നു. "രാജ്യത്തിന്റെയും പാർട്ടിയുടെയും അന്ത്യം കുറിക്കാൻ ഇറങ്ങിത്തിരിച്ചിട്ടുള്ള ഷി ജിൻ പിങിനെ എത്രയും പെട്ടെന്ന് പുറത്താക്കി, പോളിറ്റ്ബ്യൂറോ നേരിട്ട് അധികാരനിയന്ത്രണം കയ്യാളണം എന്നാണ് കായി ഷിയയുടെ അഭിപ്രായം. അതുപോലെ പാർട്ടിയെ വിമർശിക്കുന്ന നേതാക്കളെയും ബിസിനസ് ടൈക്കൂണുകളെയും മറ്റും കായികമായി നേരിട്ട്, ചില കേസുകളിൽ വധിച്ചുകളയുക വരെ ചെയ്യുന്ന പാർട്ടി നയത്തെയും കായി ഷിയാ നിശിതമായി വിമർശിക്കുന്നുണ്ട്.

"ഈ അഭിപ്രായങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന ചൈനയിലെ ഒരേയൊരു വ്യക്തിയൊന്നും അല്ല ഞാൻ. എന്നെപ്പോലെ തന്നെ പാർട്ടിയുടെ ഈ ദുഷിച്ച നയങ്ങളോട് പ്രതിഷേധമുള്ള നിരവധിപേരുണ്ടവിടെ. അവർക്കൊന്നും പക്ഷെ എന്നെപ്പോലെ നാടുവിട്ടുപോരാനോ എന്നെപ്പോലെ അഭിപ്രായങ്ങൾ തുറന്നു പറയാനോ സാധിക്കുന്നില്ല എന്ന് മാത്രം. പാർട്ടി നേതൃത്വത്തെക്കുറിച്ചുള്ള കൈയുടെ വിമർശനങ്ങളോട് ഷി ജിൻ പിങ് ഇതുവരെ പരസ്യമായി പരാമർശിച്ചിട്ടില്ല. എന്നാൽ, പാർട്ടിയുടെ സമ്പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചൈനയിലെ മുഖ്യധാരാ പത്രങ്ങളിൽ പലതും കായി ഷിയായെ ഇന്ന് പരസ്യമായി വിളിക്കുന്നത് 'വഞ്ചകി', 'കുലംകുത്തി' എന്നൊക്കെയാണ്.

 

 

പാർട്ടിക്കെതിരെ ഇങ്ങനെ വിമർശനം ഉന്നയിക്കുന്നതിന്റെ പേരിൽ അവർ 2011 മുതൽ തന്നെ ആക്രമിക്കപ്പെടുന്നുണ്ട്. ചൈനയിലേക്ക് തിരികെ ചെല്ലാനുള്ള സമ്മർദ്ദവും ഏറെയാണ്. ഈ വിമതസ്വരങ്ങളെത്തുടർന്ന് പാർട്ടി അവർക്കുണ്ടായിരുന്ന പെൻഷൻ ആനുകൂല്യങ്ങൾ പിൻവലിച്ചിട്ടുണ്ട്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ അച്ചടക്ക നടപടിയെപ്പറ്റി ചോദിച്ചപ്പോൾ അവർ 'സന്തോഷം...' എന്ന ഒരൊറ്റ വാക്കിൽ മറുപടി ഒതുക്കുകയാണ് ഉണ്ടായത്. മാപ്പൊന്നും പറയുന്ന പ്രശ്നമേയില്ല എന്നും, പറഞ്ഞ അഭിപ്രായങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നു എന്നുമാണ് കായി ഷിയാ അടിവരയിട്ടു പറയുന്നത്.