ലെനിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ച പാടെ തന്നെ, ആ കേശരഹിതമായ ശിരസ്സു വെട്ടിപ്പിളർന്ന് അതിനുള്ളിൽ സുരക്ഷിതമായിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്‌കം പുറത്തെടുക്കുകയാണ് റഷ്യൻ ഗവണ്മെന്റ് ഡോക്ടർമാർ ചെയ്തത്. പുറത്തെടുത്തപാടെ അതിനെ അവർ ഫോർമാലിൻ ലായനിയിലേക്ക് തുടർ പഠനങ്ങൾ നടത്തുന്നതിനായി മാറ്റി. 1924 ജനുവരി 21 -ന് റെക്കോർഡ് ചെയ്യപ്പെട്ട ലെനിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു, "തലച്ചോറിന്റെ ഇടത്തെ പാതി, വലത്തെ പാതിയുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതായി ചുരുങ്ങിയിട്ടുണ്ട്. സ്തരം കൂടാതെയുള്ള മസ്തിഷ്കത്തിന്റെ ഭാരം 1340 ഗ്രാം ആയിരുന്നു. "

 

 

ലെനിനുമായി രാഷ്ട്രീയ മതഭേദങ്ങൾ ഉള്ളവർ പോലും സമ്മതിച്ചു തരുന്ന ഒരു വസ്തുത അദ്ദേഹത്തിന്റെ അപാരമായ ധിഷണയായിരുന്നു. സിംബിർസ്ക്ക് ക്‌ളാസിക്കൽ ജിംനേഷ്യം(Simbirsk Classical Gymnasium) എന്ന കോളേജിൽ നിന്ന് ലെനിൻ സ്വർണ മെഡലോടെയാണ് തന്റെ ബിരുദപഠനം പൂർത്തിയാക്കുന്നത്. റഷ്യന് പുറമെ ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് എന്നീ ഭാഷകളിൽ അക്കാദമികമായിത്തന്നെ എഴുതാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.  ഗ്രീക്കും, ഇറ്റാലിയനും സംസാരിക്കാനും ലെനിന് സാധിച്ചിരുന്നു. ഒരു മണിക്കൂർ നേരം കൊണ്ട് ഗഹനമായ ഒരു മുഖപ്രസംഗമൊക്കെ എഴുതാൻ ലെനിന് സാധിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന അലക്‌സാണ്ടർ ശ്ലിച്ച്റ്റർ ഓർത്തെടുത്തിട്ടുണ്ട് പിന്നീട്. ലെനിൻ ഒരു സഞ്ചരിക്കുന്ന വിജ്ഞാന കോശമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്. അപാരമായ ഓർമശക്തിയും, അടങ്ങാത്ത ശാസ്ത്രകൗതുകവും, അസാധാരണമായ പ്രവൃത്തികൗശലവും അദ്ദേഹത്തിൽ ദൃശ്യമായിരുന്നു. 

 

 

വർഷങ്ങളോളം ഒളിവിലും തെളിവിലുമായി കഠിനാധ്വാനം ചെയ്താണ്, എഴുത്തിലും പ്രവൃത്തിയിലൂടെയും വിപ്ലവത്തിനുവേണ്ട പണിയെടുത്തിട്ടാണ് റൊമാനോവ് സാമ്രാജ്യത്തെ സിംഹാസനങ്ങളിൽ നിന്ന് തൂത്തെറിഞ്ഞ് പൊതുജനത്തിന്റെ പ്രതിനിധികളെ ലെനിൻ അധികാരത്തിലേറ്റിയത്, യുഎസ്എസ്ആർ രൂപീകരിച്ചത്. അതിനുവേണ്ടി എഴുതിയ പ്രത്യയശാസ്ത്ര ലേഖനങ്ങൾ, മാർക്സിയൻ തത്വങ്ങളുടെ വ്യാഖ്യാനങ്ങൾ ഒക്കെ ലെനിനെ ഒരു അതിമാനുഷ പരിവേഷത്തിലേക്ക്, അസാധാരണമായ തലച്ചോറുള്ള ഒരാൾ എന്ന ഒരു പ്രതിച്ഛായയിലേക്ക് ഉയർത്തിയിരുന്നു. അങ്ങനെ ഒരു പരികല്പന പൊതുബോധത്തിന്റെ ഭാഗമായിരുന്നതുകൊണ്ടാവും ബോൾഷെവിക്കുകൾ ലെനിന്റെ മരണശേഷം, അദ്ദേഹത്തിന്റെ തലച്ചോറിൽ ജൈവശാസ്ത്രപരമായ വല്ല അതിമാനുഷ രൂപകല്പനയുമുണ്ടോ എന്നറിയാൻ വേണ്ടി, ആ തലച്ചോറിനെ പുറത്തെടുത്ത് ഡിസെക്ഷൻ ടേബിളിൽ എത്തിച്ചത്. 

മോസ്കോയിലെ കുർസ്‌കി റെയിൽവേ സ്റ്റേഷനിൽ നിന്ന് അധികം ദൂരെയല്ലാതെ ഒബുക ലൈൻ എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് പണ്ട് ഇവാഞ്ചലിക്കൽ ലൂഥറൻ ആശുപത്രി എന്നും, പിൽക്കാലത്ത് റഷ്യൻ അക്കാദമി ഓഫ്  മെഡിക്കൽ സയൻസസിന്റെ മസ്തിഷ്ക ഗവേഷണ കേന്ദ്രമെന്നും അറിയപ്പെട്ട ഒരു പ്രസിദ്ധ കെട്ടിടമുണ്ട്. 1903 -ൽ പ്രസിദ്ധ ആർക്കിടെക്റ്റ് ഓട്ടോ വോൻ ഡെസ്സിയെൻ രൂപകൽപന ചെയ്തതാണ് ഈ കെട്ടിടം. ഇപ്പോൾ അത് ഡിപ്പാർട്ട്മെന്റ് ഓഫ് ബ്രെയിൻ റിസർച്ച് ആൻഡ് സയന്റിഫിക് സെന്റർ ഫോർ ന്യൂറോളജി എന്നും അറിയപ്പെടുന്നു. ലെനിൻ മരിച്ച ദിവസം ഗോർക്കി എസ്റ്റേറ്റിലെ കുളിമുറിയിലെ ബാത്ത് ടബ്ബിൽ വെച്ച് ലെനിന്റെ തലയോട്ടിക്കുള്ളിൽ നിന്ന് പുറത്തെടുക്കപ്പെട്ട അദ്ദേഹത്തിന്റെ മസ്തിഷ്‌കം ഇന്ന് വിശ്രമം കൊള്ളുന്നത് അവിടെയാണ്. റെഡ് സ്‌ക്വയറിലെ മൗസോളിയത്തിൽ ഇന്നും കേടുകൂടാതെ സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മൃതശരീരത്തിനുള്ളിൽ തലച്ചോർ മാത്രം ഇല്ല. 

 

ഓസ്കാർ വോഗ്ട്ട്

1925 -ൽ ഈ മസ്തിഷ്‌കം  ഫോർമാലിൻ ലായനിക്കുള്ളിലേറി ഈ ഗവേഷണസ്ഥാപനത്തിനുള്ളിലേക്ക് വന്നെത്തിയ അന്നുതന്നെ ഇതിനെ പഠിക്കാൻ വേണ്ടി ഒരു പ്രത്യേക ലബോറട്ടറി തന്നെ തുറക്കപ്പെട്ടു.  പല വിശ്വപ്രസിദ്ധ റഷ്യൻ ന്യൂറോ സയന്റിസ്റ്റുകളും ഈ തലച്ചോറിനെ പഠിക്കാൻ വേണ്ടി നിയുക്തരായി. ഓസ്കാർ വോഗ്ട്ടിന്റെ  മേൽനോട്ടത്തിൽ 20 മൈക്രോ മീറ്റർ കനമുള്ള 30,953 കഷ്ണങ്ങളായി വിഭജിക്കപ്പെട്ടു ലെനിന്റെ തലച്ചോർ. എന്നാൽ ഈ തലച്ചോറിനെ മൈക്രോസ്കോപ്പിനു ചുവട്ടിൽ എത്തിച്ചു നടത്തിയ പഠനങ്ങളിൽ നിന്ന് കാര്യമായ ശാസ്ത്രീയ വിവരങ്ങളൊന്നും തന്നെ ലഭ്യമാവുകയുണ്ടായില്ല എന്നതാണ് സത്യം. പഠനങ്ങൾ എങ്ങുമെത്താതെ കെട്ടിപ്പൂട്ടി. അവസാനിപ്പിച്ച്. 

ലെനിന്റെ മരണകാരണം എന്തായിരുന്നു ?

ഇത് സംബന്ധിച്ചും ഒന്നിലധികം സിദ്ധാന്തങ്ങൾ നിലവിലുണ്ട്.  മരിക്കുന്നതിന് മുമ്പുള്ള മാസങ്ങളിൽ ലെനിന് മസ്തിഷ്ക സംബന്ധിയായ എന്തോ ഗുരുതര രോഗമുണ്ട് എന്ന് സൂചിപ്പിക്കുന്ന പലവിധം ലക്ഷണങ്ങളും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. തലകറക്കം, കണ്ണിൽ ഇരുട്ട് കയറുക, നിദ്രാ വിഹീനത, കൈകാലുകൾ കുഴയുക, സംസാര ശേഷി നഷ്ടപ്പെടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ മസ്തിഷ്കത്തിലേക്കുള്ള രക്ത ധമനികൾ കട്ടിപിടിക്കുക(atherosclerosis ), അല്ലെങ്കിൽ തലച്ചോറിൽ സിഫിലിസ് ബാധകൊണ്ട് രക്തസ്രാവം ഉണ്ടാവുക എന്നീ രണ്ടു സാധ്യതകളിൽ ഒന്നാകാം എന്ന സംശയം ഡോക്ടർമാരിൽ ഉണ്ടാക്കി. ഇതുരണ്ടുമല്ല ഹൃദയ ധമനികളിൽ ഉണ്ടായ കാൽസിഫിക്കേഷനാണ് മരണത്തിനു കാരണമായത് എന്നൊരു തിയറി വേറെയും ഉണ്ടായിരുന്നു. 

 

'ലെനിൻ അവസാനകാലത്ത് വീൽ ചെയറിൽ ഗോർക്കി എസ്റ്റേറ്റിൽ'

എന്നാൽ ഇതൊന്നും തന്നെ ലെനിന്റെ ധിഷണയ്ക്ക് യാതൊരു ചാഞ്ചല്യവും ഉണ്ടാക്കിയിരുന്നില്ല എന്ന് ഡോക്ടർമാർ നിരീക്ഷിച്ചു. ഇടക്ക് രോഗം മൂർച്ഛിക്കുമ്പോൾ ജോലിയിൽ നിന്ന് ഇടവേളയെടുക്കുമായിരുന്നു ലെനിൻ എങ്കിലും, അല്ലാത്ത സമയങ്ങളിൽ സെൻട്രൽ കമ്മിറ്റിക്കുവേണ്ടി ലഘുലേഖകൾ എഴുതുന്ന പണിയിൽ മുഴുകിയിരുന്നു. 

 

കടപ്പാട് : RBTH