Asianet News MalayalamAsianet News Malayalam

ട്രംപിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയും മുമ്പ് 20 സെക്കൻഡോളം ട്രൂഡോ ആലോചിച്ചത് എന്താണ്?

"അമേരിക്കയിലെ പ്രശ്നം വിവേചനത്തിന്റേതാണ്. അതിൽ നിന്ന് നമ്മളും മുക്തരല്ല. ആ വിവേചനത്തിനെതിരെ ഇന്ന് അവിടെ നടക്കുന്ന പോരാട്ടത്തിൽ ഇവിടെ നമ്മളും പങ്കുചേരണം."

what did Trudeau think for 20 seconds to reply to the question about Trump?
Author
Canada, First Published Jun 3, 2020, 2:51 PM IST

കനേഡിയൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോയോട് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ അല്പം കുഴക്കുന്ന ഒരു ചോദ്യം ചോദിച്ചു.  വാഷിങ്ടൺ ഡിസിയിൽ, കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപിന് ചർച്ചിന് മുന്നിൽ ബൈബിളും കയ്യിൽ പിടിച്ചുകൊണ്ട് ഒരു പി ആർ എക്സർസൈസ് ചെയ്യാൻ വേണ്ടി ആളുകളെ കണ്ണീർ വാതകം പൊട്ടിച്ച് ഓടിച്ചത് ശരിയായോ ? എന്നതായിരുന്നു ആ ചോദ്യം.

ചോദ്യത്തിനു ശേഷം ഒരു നീണ്ട മൗനത്തിന്റെ ഇടവേളയായിരുന്നു. കൃത്യമായി പറഞ്ഞാൽ 20 സെക്കൻഡ്. അത്രയും നേരമെടുത്തു  ട്രംപിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പറയേണ്ട വാചകങ്ങൾ തെരഞ്ഞെടുക്കാൻ ട്രൂഡോയ്ക്ക്. വാക്കുകൾ വീണ്ടും വീണ്ടും ആലോചിച്ചുറപ്പിച്ച ശേഷം ഒരു നീണ്ട ശ്വാസം ഉള്ളിലേക്കെടുത്ത് ട്രൂഡോ തുടങ്ങി,

 

" അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളെ ഞങ്ങൾ തികഞ്ഞ ഭീതിയോടും സംഭ്രമത്തോടുമാണ് നിരീക്ഷിക്കുന്നത്. ഇത് ജനങ്ങളെ ഒന്നിച്ച് നിർത്തേണ്ട സമയമാണ്. അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള സമയവുമാണ്. വർഷങ്ങൾ കൊണ്ട്, നൂറ്റാണ്ടുകൾ കൊണ്ട് മനുഷ്യരാശി ആർജിച്ച പുരോഗതിയ്ക്കിടയിലും അനീതികൾ പലതും നിലനില്ക്കുന്നുണ്ട് എന്ന തിരിച്ചറിവുണ്ടാകേണ്ട സമയം കൂടിയാണിത്. 

ഇത് നമ്മൾ കനേഡിയൻ പൗരന്മാരും ഒരു കാര്യം മനസ്സിലാക്കേണ്ട സമയമാണ്. നമ്മുടെ രാജ്യത്തും വിവേചനങ്ങൾ നിലവിലുണ്ട്. കറുത്തവർഗക്കാരായ കനേഡിയൻ പൗരന്മാരും, മറ്റു വംശങ്ങളിൽ പെട്ട കനേഡിയൻ പൗരന്മാരും ഇവിടെ ജീവിക്കുന്ന ഓരോ നിമിഷവും വിവേചനങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന യാഥാർഥ്യം നമ്മളും ഓർക്കണം. 

ആ വിവേചനം നമ്മുടെ സിസ്റ്റത്തിന്റെ ഭാഗമാണ്. നമ്മുടെ നാട്ടിലെ ഭരണനിർവഹണ സംവിധാനങ്ങൾ, സമൂഹം ഇന്നാട്ടിലെ ചില പൗരന്മാരോഡ് അവർ ജനിച്ച വംശത്തിന്റെ പേരിൽ, അവരുടെ തൊലിയുടെ നിറത്തിന്റെ പേരിൽ, മറ്റുള്ളവരോടുള്ളതിൽ നിന്ന് വ്യത്യസ്തമായി പെരുമാറുന്നു. 

നമ്മുടെ നാട്ടിൽ നടക്കുന്ന വിവേചനങ്ങൾ നമ്മൾ പലരുടെയും കണ്ണിൽ പെടുന്നില്ല. നമുക്ക് കാണാനാവുന്നില്ല  എങ്കിലും ആ വിവേചനങ്ങൾ ഒരു യാഥാർഥ്യമാണ്. അത് നമ്മൾ കാണണം, തിരിച്ചറിയണം, അതിനെതിരെ പോരാടണം. 

അമേരിക്കയിലെ പ്രശ്നം വിവേചനത്തിന്റേതാണ്. അതിൽ നിന്ന് നമ്മളും മുക്തരല്ല. ആ വിവേചനത്തിനെതിരെ ഇന്ന് അവിടെ നടക്കുന്ന പോരാട്ടത്തിൽ ഇവിടെ നമ്മളും പങ്കുചേരണം. നമ്മുടെ നാട്ടിൽ അത്തരത്തിലുള്ള വിവേചനങ്ങൾ ഇന്നും നടക്കുന്നുണ്ട്. അതിനെതിരെ നമ്മളും പോരാടണം. 

അത് കാണണം. വിവേചനം അനുഭവിക്കുന്നവർക്ക് പറയാനുള്ളത് കേൾക്കണം. ഗവണ്മെന്റ് എന്ന നിലയിൽ, സമൂഹം എന്ന നിലയിൽ വേണ്ടത് ചെയ്യാൻ അധ്വാനിക്കണം. 

ഈ ഗവൺമെന്റ് ആ ലക്ഷ്യത്തോടെ ഇന്നുവരെ പലതും ചെയ്തിട്ടുണ്ട് എങ്കിലും ഇനിയും ഏറെ കാര്യങ്ങൾ ചെയ്യേണ്ടതായി അവശേഷിക്കുന്നുണ്ട്. ഞങ്ങൾ ഇനിയും ആ ദിശയിലുള്ള പ്രവർത്തനങ്ങൾ അതേ ഊർജത്തോടെ തുടരും... കാരണം, ഞങ്ങൾക്ക് ആ വിവേചനം കൃത്യമായി കാണാൻ സാധിക്കുന്നുണ്ട്. അതിനെ ഞങ്ങൾ കണ്ടില്ലെന്നു നടിക്കുന്നില്ല. അമേരിക്കയിലേതുപോലെ തന്നെ വിവേചനങ്ങൾ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട്. അതിനെതിരെയുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ, വിവേചനത്തിന് ഒരു പരിഹാരം കണ്ടെത്തി, ആ പരിഹാരത്തിന്റെ ഭാഗമാകാൻ ഞാനും നിങ്ങളും ഒക്കെ പ്രയത്നിക്കണം. "

അമേരിക്കയിൽ നടക്കുന്ന തരത്തിലുള്ള വിവേചനങ്ങളിൽ നിന്ന് കാനഡ മുക്തമാണ്, ഇവിടെ അങ്ങനെ ഒരു തരത്തിലുള്ള വിവേചനങ്ങളും നടക്കുന്നില്ല എന്ന ഒരല്പം ഉയർന്ന നിലപാടുതറയിൽ നിന്നുകൊണ്ട് ആ കനേഡിയൻ റിപ്പോർട്ടർ ചോദിച്ച ചോദ്യത്തെ, സ്വന്തം രാജ്യത്ത് നടക്കുന്ന വർണ്ണ വർഗ വിവേചനങ്ങൾക്കു നേരെ കണ്ണാടി പിടിച്ചുകൊണ്ട്, അങ്ങനെയുള്ള വിവേചനങ്ങൾ നടക്കുന്നുണ്ട് എന്ന് തുറന്നു സമ്മതിച്ചുകൊണ്ട് നിഷ്പ്രഭമാക്കുകയാണ് ട്രൂഡോ ചെയ്തത്. അമേരിക്കയെ കുറ്റപ്പെടുത്താൻ ഒരാവകാശവും കനേഡിയൻ പൗരന്മാർക്ക് ഇല്ല എന്നും, കാനഡയിൽ നടക്കുന്ന വർണ്ണവിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഇനിയും എത്രയോ ദൂരം സഞ്ചരിക്കാനുണ്ട് എന്നുമുള്ള ഓർമപ്പെടുത്തലായി ട്രൂഡോയുടെ കുറിക്കുകൊള്ളുന്ന ആ മറുപടി. 

 

Follow Us:
Download App:
  • android
  • ios