60 ശതമാനത്തിലധികം പേർക്കും ജോലിസ്ഥലത്ത് പ്രണയബന്ധങ്ങളുണ്ടെന്ന് സര്‍വേ. നീണ്ട ജോലി സമയവും സഹപ്രവർത്തകരുമായുള്ള അടുപ്പവുമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ഈ ബന്ധങ്ങൾ ജോലിയെയും സഹപ്രവർത്തകരുടെ മനോഭാവത്തെയും ബാധിക്കുന്നതായും റിപ്പോർട്ട് പറയുന്നു. 

പലരും പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും ഓഫീസ് പ്രണയങ്ങൾ വ്യാപകമാണെന്ന് പുതിയ സർവേ റിപ്പോർട്ടുകൾ. 60% -ത്തിലധികം മുതിർന്നവർ ജോലിസ്ഥലത്ത് പ്രണയബന്ധമുണ്ടായിരുന്നവരെന്ന് ഒരു ഫോബ്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആധുനിക തൊഴിൽ സംസ്കാരം ഒരാളുടെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നാണ് പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

നീണ്ടുപോകുന്ന ജോലി സമയം, പുറമെ സാമൂഹിക ബന്ധങ്ങൾക്കായി സമയം ലഭിക്കാത്ത സാഹചര്യം, സഹപ്രവർത്തകരുമായുള്ള നിരന്തര സമ്പർക്കം എന്നിവയാണത്രെ ഓഫീസ് റൊമാൻസിന് പ്രധാന കാരണമായി മാറുന്നത്. സർവേ പ്രകാരം 'അടുപ്പവും സൗകര്യവും' അതായത് 'കംഫർട്ടബിലിറ്റി' ആണ് ഇതിലെ പ്രധാന ഘടകം. 65% പേരും പരിചിതരാണ്, അടുത്ത് പെരുമാറാൻ എളുപ്പവുമാണ് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. പുറത്തുനിന്ന് ഒരാളെ കണ്ടെത്താൻ സമയമില്ലെന്ന് 61% പേരും അഭിപ്രായപ്പെട്ടു. തങ്ങളുടെ ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ എന്നതും ഇതിനൊരു കാരണമാണ്.

ജോലിയെ ബാധിക്കുമോ?

ഓഫീസ് പ്രണയങ്ങൾ ജോലി കാര്യങ്ങളിലുള്ള നമ്മുടെ തീരുമാനങ്ങളെയും പെരുമാറ്റത്തെയും ബാധിക്കാറുണ്ട്. ഒരു സഹപ്രവർത്തകനുമായി പ്രണയത്തിലാകുമ്പോൾ വേർപിരിയലിനെക്കുറിച്ചുള്ള ഭയം മറ്റുള്ളവരേക്കാൾ 17% കൂടുതലാണെന്ന് പഠനം പറയുന്നു. വേർപിരിഞ്ഞാൽ ജോലിസ്ഥലത്തുണ്ടാകുന്ന അസ്വസ്ഥതകളാണ് ഈ ആശങ്കയ്ക്ക് പിന്നിൽ. 54% പേർ പ്രണയം തങ്ങളുടെ വർക്ക് ലൈഫ് ബാലൻസിനെ ബാധിച്ചതായി കരുതുന്നു.

സഹപ്രവർത്തകർ

പ്രണയബന്ധങ്ങൾ ഓഫീസിൽ അധിക കാലമൊന്നും രഹസ്യമായി കൊണ്ടുനടക്കാനാവില്ല. ഇങ്ങനെ പ്രണയിക്കുന്നവരോട് സഹപ്രവർത്തകർ വ്യത്യസ്തമായി പെരുമാറാൻ തുടങ്ങുന്നതായി പകുതിയിലധികം പേരും സമ്മതിക്കുന്നു. 60% പേരും തങ്ങളുടെ സഹപ്രവർത്തകരുടെ പ്രണയത്തെക്കുറിച്ച് ഗോസിപ്പുകൾ കേട്ടിട്ടുണ്ട്. മൂന്നിലൊന്ന് ഭാഗം പേരിൽ ഇത് അസൂയയ്ക്ക് കാരണമാകുന്നു. ഓഫീസ് പരിസരത്തെ പരസ്യമായ സ്നേഹപ്രകടനങ്ങൾ 41% പേർക്കും അസ്വസ്ഥതയുണ്ടാക്കുന്നതായും സർവേ പറയുന്നു.

പങ്കാളിയെ വഞ്ചിച്ച് പുതിയ ബന്ധം

സഹപ്രവർത്തകരുമായി പ്രണയത്തിലായവരിൽ 40% പേരും തങ്ങളുടെ നിലവിലുള്ള പങ്കാളിയെ വഞ്ചിച്ച് ഓഫീസിൽ ബന്ധം കണ്ടെത്തിയവരാണ്. അതേസമയം, 43% പേർ ജോലിസ്ഥലത്ത് കണ്ടുമുട്ടിയവരെ വിവാഹം കഴിച്ചു. ബന്ധം തുടരാനായി പകുതിയോളം പേർ ജോലി മാറുക പോലും ചെയ്തു. 30% പേർ പ്രണയം പരാജയപ്പെട്ടാൽ ജോലിസ്ഥലത്ത് എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് മുൻകൂട്ടി പ്ലാൻ ചെയ്യുന്നവരാണ്.

എച്ച് ആർ ഇടപെടൽ

62% പേരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് എച്ച് ആർ വിഭാഗത്തെ അറിയിക്കാറുണ്ട്. കമ്പനികൾ ഇപ്പോൾ ഇത്തരം ബന്ധങ്ങൾ പാടില്ല എന്ന നിലപാടിന് പകരം കൃത്യമായി നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. പക്ഷപാതം, ടീം വർക്കിനെ ബാധിക്കൽ എന്നിവയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, സഹപ്രവർത്തകരെ ഡേറ്റ് ചെയ്യുന്നത് തെറ്റാണെന്ന് അഞ്ചിലൊന്ന് ഭാഗം ആളുകൾ മാത്രമേ കരുതുന്നുള്ളൂ. കൂടാതെ, 50% പേർ സഹപ്രവർത്തകരോട് ഫ്ലർട്ട് ചെയ്യാറുണ്ടെന്നും, 39% പേർ രഹസ്യ പ്രണയബന്ധം പുലർത്തുന്നതായും 17% പേർ 'വൺ നൈറ്റ് സ്റ്റാൻഡ്' അനുഭവിച്ചിട്ടുള്ളതായും സർവേ വ്യക്തമാക്കുന്നു.