Asianet News MalayalamAsianet News Malayalam

കേരളത്തിലുണ്ടായത് മേഘവിസ്ഫോടനമോ? എന്താണ് ഇതിന് കാരണം?

കേരളത്തിലുണ്ടായത്, മേഘസ്ഫോടനമാണെന്നും അല്ലെന്നുമുള്ള വാദമുഖങ്ങൾ കേരളത്തിലേയും കേന്ദ്രത്തിലേയും കാലാവസ്ഥാ നിരീക്ഷകരും ശാസ്ത്രജ്ഞരും ഉന്നയിക്കുന്നുണ്ടെങ്കിലും 2019 -ലെ ഉരുൾപൊട്ടലിനു കാരണമായത് 
മേഘസ്ഫോടനമാണെന്ന കാര്യത്തിൽ ഇരുകൂട്ടർക്കും തർക്കമില്ല. 

what is Cloud burst Dr.Daison Panengadan writes
Author
Thiruvananthapuram, First Published Oct 18, 2021, 2:04 PM IST
  • Facebook
  • Twitter
  • Whatsapp

കേരളത്തിന്റെ കാലാവസ്ഥാ ഭൂപടത്തിൽ ഈയടുത്ത നാളുകളിലായി കണ്ടുവരുന്ന മാറ്റങ്ങളെ നാം കാണാതെ പോകരുത്. നമ്മുടെ മലയാളം കലണ്ടറിന്റെ സമയനിഷ്ഠയോടെ, നാടിന്റെ ആവശ്യത്തിന് വേണ്ടിയെന്നോണം പെയ്തിറങ്ങിയിരുന്ന മഴ, കഴിഞ്ഞ നാലു വർഷക്കാലങ്ങളിലായി ഉഗ്രരൂപിണിയായി സംഹാരതാണ്ഡവമാടുകയാണ്. 

what is Cloud burst Dr.Daison Panengadan writes

വടക്കേയിന്ത്യയിൽ മാത്രം കേട്ടു സുപരിചിതമായ 'മേഘവിസ്ഫോടനം' പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ കേരളത്തെയും ദുരന്തഭൂമിയാക്കുന്ന കാഴ്ച അത്യന്തം വേദനാജനകമാണ്. കഴിഞ്ഞ നാലു വർഷക്കാലയളവിൽ, മഴയനുബന്ധ ദുരന്തത്തിൽ പൊലിഞ്ഞത് അഞ്ഞൂറോളം ജീവനുകളാണെന്നുള്ളത്, വിഷയം അതീവഗൗരവമുള്ളതാക്കുന്നു. 

കാലാവസ്ഥാ വകുപ്പ് നിർണയിച്ചിട്ടുള്ള മഴയളവുകളിൽ അതിതീവ്ര മഴയായി നിർവചിച്ചിട്ടുള്ളത്, 204.5 മില്ലിമീറ്ററിനു മുകളിൽ ചെയ്യുന്ന മഴയെയാണ്. എന്നാൽ, കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് പെയ്ത മഴ, ജലസേചനവകുപ്പിന്റെ മഴമാപിനിയിൽ അടയാളപെടുത്തിയത് 347 മില്ലിമീറ്ററാണെന്നത് ആശങ്കാജനകമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങിയ, ഈ വലിയ മഴ തന്നെയാണ് അനുബന്ധ പ്രദേശങ്ങളിലെ ഉരുൾപൊട്ടലിലേക്കും വെള്ളപൊക്കത്തിലേക്കും നയിച്ചെതെന്നാണ് ശാസ്ത്രീയ നിഗമനം.

what is Cloud burst Dr.Daison Panengadan writes
 
കേരളത്തിലുണ്ടായത്, മേഘസ്ഫോടനമാണെന്നും അല്ലെന്നുമുള്ള വാദമുഖങ്ങൾ കേരളത്തിലേയും കേന്ദ്രത്തിലേയും കാലാവസ്ഥാ നിരീക്ഷകരും ശാസ്ത്രജ്ഞരും ഉന്നയിക്കുന്നുണ്ടെങ്കിലും 2019 -ലെ ഉരുൾപൊട്ടലിനു കാരണമായത് മേഘസ്ഫോടനമാണെന്ന കാര്യത്തിൽ ഇരുകൂട്ടർക്കും തർക്കമില്ല. മാത്രവുമല്ല, ശനിയാഴ്ച പെയ്തിറങ്ങിയ മഴയില്‍, വലിയൊരു ഭാഗം പെയ്തിറങ്ങിയത് മൂന്നു മണിക്കൂറിനിടയിലായിരുന്നുവെന്നത്, കേരളത്തിൽ മേഘവിസ്ഫോടനം നടന്നുവെന്ന വാദത്തെ ബലപ്പെടുത്തുന്നുണ്ട്. ഈ വാദംതന്നെയാണ്, മുണ്ടക്കയത്ത് പെയ്തിറങ്ങിയ 347 മില്ലി ലിറ്റർ മഴയുടെ പശ്ചചാത്തലത്തെ,  മേഘവിസ്ഫോടനമെന്ന അനുമാനത്തിലെത്താൻ കാലാവസ്ഥാ നീരീക്ഷകരെ പ്രേരിപ്പിക്കുന്നത്. 

what is Cloud burst Dr.Daison Panengadan writes

കഴിഞ്ഞ വർഷം കർണാടകയിലും 2019 -ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ പ്രകൃതി ദുരന്തങ്ങൾക്കു കാരണം മേഘവിസ്ഫോടനമാണെന്നത്, തെക്കേ ഇന്ത്യയിലും വലിയ കാലാവസ്ഥ വ്യതിയാനങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്. വളരെ അപൂർവമായി ഉണ്ടാകുന്ന പ്രതിഭാസമാണ് മേഘസ്ഫോടനം അല്ലെങ്കിൽ മേഘവിസ്ഫോടനം (Cloud burst) എങ്കിലും, ഇതിന്റെ തീവ്രത മുന്നേ കൂട്ടി പ്രവചിക്കുകയെന്നത് ആയാസകരമാണ്. മുൻകൂട്ടി പ്രവചിക്കാൻ സാധിക്കാത്തതിനാൽ, ഒരു അപ്രതീക്ഷിത ദുരന്തമായി  മേഘസ്ഫോടനങ്ങൾ അവശേഷിക്കാറാണ് പതിവ്. വലിയ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും മുന്നറിയിപ്പില്ലാത്ത   വെള്ളപൊക്കങ്ങൾക്കും സ്വാഭാവികമായും ഇതു കാരണമാകുന്നു.

എന്താണ് മേഘസ്ഫോടനം?

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘസ്ഫോടനം (Cloud burst) എന്നു നിർവചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ, മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

മേഘസ്ഫോടനത്തിനു കാരണമെന്ത്?

മേഘങ്ങളിൽ തന്നെ വലിപ്പ - ചെറുപ്പമുള്ളവയുണ്ട്. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ്, അക്ഷരാർത്ഥത്തിൽ  മേഘസ്ഫോടനമുണ്ടാക്കുന്നത്. എന്നാൽ, എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്ഫോടനമുണ്ടാക്കുന്നില്ല. മേഘസ്ഫോടനത്തിന് കാരണമാകുന്ന മേഘങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. താഴെ ക്ലാസ്സുകളിൽ പഠിച്ചതനുസരിച്ച്, ഈർപ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ്, മേഘങ്ങൾ രൂപപ്പെടുന്നത്. അവയിൽ തന്നെ സവിശേഷ സ്വഭാവമുള്ള കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്നാരംഭിച്ച്‌ 15 കിലോമീറ്റർ ഉയരത്തിൽ വരെ അവയെത്തുന്നു. കേരളത്തിലെ സവിശേഷ കാലാവസ്ഥാ സ്വഭാവമനുസരിച്ച്, തുലാവർഷക്കാലയളവിലും, സാധാരണ കാലവർഷാ കാലയളവിൽ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും കുമുലോ നിംബസ് മേഘങ്ങളെ കേരളത്തിലും കാണാം.

what is Cloud burst Dr.Daison Panengadan writes

ഇങ്ങനെയുണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനത്തിനു കാരണം. ഇവയ്ക്കുള്ളിൽ, ശക്തിയേറിയ ഒരു വായുപ്രവാഹം ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ പ്രക്രിയയുടെ ഭാഗമായി, മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുന്നു. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതുകാരണം ഈർപ്പം, സ്വാഭാവികമായും മഞ്ഞുകണങ്ങളായി മാറുന്നു.

ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടി, മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങൾ, കൂടുതൽ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോൾ അന്തരീക്ഷതാപനില ഉയർന്നതായതിനാൽ മഞ്ഞുകണങ്ങൾ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയിൽ പതിക്കുകയാണ് ചെയ്യുന്നത്.

(സെന്റ്. തോമസ് കോളേജ്, തൃശ്ശൂർ, ഫിസിക്സ് ഡിപ്പാർട്ടുമെന്റിലെ അസി.പ്രഫസറാണ് ലേഖകന്‍)

(ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ ജികെപി വിജേഷ്, ഷഫീഖ് മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവർ പകർത്തിയത്.) 

Follow Us:
Download App:
  • android
  • ios