2002 ഫെബ്രുവരി 22. ഗുജറാത്തിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ്. അന്നേദിവസം, ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനിൽ വെച്ച് സബർമതി എക്സ്പ്രസ് എന്ന ട്രെയിനിന് അക്രമികൾ തീവെച്ചു. നാലു കോച്ചുകളിൽ തീ പടർന്നുപിടിച്ചു. ഈ കോച്ചുകളിലുണ്ടായിരുന്ന 25 സ്ത്രീകളും, 25 കുട്ടികളുമടക്കം 59 പേർ പൊള്ളലേറ്റു മരിച്ചു. അയോധ്യയിൽ നിന്നും  തിരികെ അഹമ്മദാബാദിലേക്ക് വന്നുകൊണ്ടിരുന്ന നിരവധി കാർസേവകർ ആ തീവണ്ടിയിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. തീവെച്ചത് മുസ്ലിങ്ങളാണ് എന്ന പ്രചാരണമുണ്ടായി. ഈ തീവെപ്പിനെത്തുടർന്ന് ഗുജറാത്തിലെങ്ങും പരക്കെ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അതിൽ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെടുകയും, ഒന്നരക്ഷത്തിലധികം പേർക്ക് വീടുകളുപേക്ഷിച്ച് നാടുവിടേണ്ടി വരികയും ചെയ്തു. 

അങ്ങനെ നാടിനെ പിടിച്ചുകുലുക്കിയ ഈ സംഭവപരമ്പരകൾക്ക് തുടക്കമിട്ട ഗോധ്ര തീവണ്ടി കത്തിപ്പ് കേസ് അന്വേഷിക്കാൻ വേണ്ടി നിയമിതമായ ജുഡീഷ്യൽ കമ്മീഷനായിരുന്നു ജസ്റ്റിസ് നാനാവതി കമ്മീഷൻ. തുടക്കത്തിൽ ജസ്റ്റിസ് കെ ജി ഷാ എന്നൊരു ജഡ്ജിയായിരുന്നു കമ്മീഷനിലെ ഒരേയൊരംഗം എങ്കിലും, അദ്ദേഹത്തിന് മോദിയുമായുണ്ടായിരുന്ന അടുപ്പം കാരണം ആ നിയമനം വിവാദമായി. പരക്കെ എതിർപ്പുകൾ ഉയർന്നതോടെ, ജസ്റ്റിസ് ഷായ്ക്ക് പുറമെ, ജസ്റ്റിസ് ജി ടി നാനാവതിയെക്കൂടി അംഗമാക്കിക്കൊണ്ട് കമ്മീഷൻ വികസിപ്പിച്ചു. ജസ്റ്റിസ് ഷാ 2008 -ൽ മരണപ്പെട്ടതോടെ കമ്മീഷനിൽ ജസ്റ്റിസ് നാനാവതി മാത്രമായി. കമ്മീഷൻ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാറായ കാലത്ത് സർക്കാർ റിട്ട. ജഡ്ജ് അക്ഷയ് മെഹ്ത്തയെ സഹായത്തിന് നിയമിച്ചു. അതിനിടെ 2011 -ൽ ഗോധ്രയിലെ തീവെപ്പിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് കമ്മീഷന്‍ ആരോപിച്ച മൗലവി ഉമർജി അടക്കമുള്ള 63 പേരെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. 

 40,000 -ലധികം രേഖകൾ പരിശോധിച്ച്, 1000 -ലധികം സാക്ഷികളെ വിസ്തരിച്ച് നടത്തപ്പെട്ട വിപുലമായ ഒരു അന്വേഷണമായിരുന്നു കമ്മീഷന്റേത്. പന്ത്രണ്ടുവർഷത്തെ അന്വേഷണത്തിനൊടുവിൽ 2014 -ലാണ് അന്തിമ റിപ്പോർട്ട് തയ്യാറായത്. പിന്നെയും അഞ്ചുവർഷം ആ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കപ്പെടാൻ എടുത്തു. ഒടുവിൽ റിപ്പോർട്ട് വന്നപ്പോൾ കുറ്റാരോപിതരായിരുന്ന നരേന്ദ്ര മോദി, ഗുജറാത്ത് പൊലീസ്, ബിജെപി, വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദൾ എന്നിവർക്ക് ജസ്റ്റിസ് നാനാവതി കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. 

2014 -ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലിനാണ് കമ്മീഷൻ അതിന്റെ അന്തിമറിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് കിട്ടിയിട്ടും സഭയുടെ പരിഗണനയ്ക്ക് വെക്കാൻ എന്തുകൊണ്ട് ഇത്ര വൈകി എന്ന ചോദ്യത്തിന് മറുപടിയായി ആഭ്യന്തരകാര്യ സഹമന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞത്, ഒട്ടേറെ പേജുകളുള്ള ബൃഹത്തായ ഒരു റിപ്പോർട്ടായതുകൊണ്ട് മുഴുവൻ പഠിച്ച ശേഷമേ സഭയിൽ അവതരിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ, അതാണ് വൈകിയത് എന്നാണ്. റിപ്പോർട്ട് സഭയിൽ വെക്കുന്നതിന് കാലതാമസമുണ്ടായതിനെപ്പറ്റി മലയാളിയായ റിട്ട. ഗുജറാത്ത് പൊലീസ് ഡിജിപി ആർ ബി ശ്രീകുമാർ, ഹൈക്കോടതിയിൽ ഒരു ഹർജി നൽകിയിരുന്നു. അതിനെത്തുടര്‍ന്നാണ് ഇപ്പോൾ ഈ വൈകിയ വേളയിലെങ്കിലും പ്രസ്തുത റിപ്പോർട്ട് സഭയ്ക്കുമുന്നിലെത്തിയത്. 

തീവണ്ടിക്ക് തീവെച്ചത് മാത്രം അന്വേഷണവിധേയമാക്കിക്കൊണ്ട് സമർപ്പിക്കപ്പെട്ട ഇടക്കാല റിപ്പോർട്ടില്‍ മോദിക്ക് ക്ലീൻ ചിറ്റ്  കിട്ടിയിരുന്നു. പ്രസ്തുത ആക്രമണം കാർസേവകരെ അപായപ്പെടുത്താൻ വേണ്ടി കരുതിക്കൂട്ടി ആസൂത്രണം ചെയ്യപ്പെട്ട ഒന്നാണ് എന്ന് ഇടക്കാല റിപ്പോർട്ടിലും പറഞ്ഞിരുന്നു. 

അന്തിമറിപ്പോർട്ടിൽ എന്തൊക്കെ?

ഒമ്പതു വാല്യങ്ങളിലായി, 2500 പേജുള്ള ബൃഹത്തായ ഒരു റിപ്പോർട്ടാണ്  ജസ്റ്റിസ് നാനാവതി കമ്മീഷന്റേത്. സർക്കാരിന്റെയും, സർക്കാർ സംവിധാനങ്ങളുടെയും ദുർവിനിയോഗം നടത്തിക്കൊണ്ട് മോദിയും സംഘവും നിയമവിരുദ്ധമായ ഇടപെടലുകൾ നടത്തി എന്നാരോപിച്ചുകൊണ്ട്‌ ആർ ബി ശ്രീകുമാർ, രാഹുൽ ശർമ്മ, സഞ്ജീവ് ഭട്ട് എന്നീ പൊലീസ് അധികാരികൾ നൽകിയ തെളിവുകൾ കമ്മീഷൻ തള്ളി. പരേതനായ മന്ത്രി ഹരേൻ പാണ്ഡ്യ, അശോക് ഭട്ട്, ഭരത് ബാറോട്ട് എന്നിവരെയും കമ്മീഷൻ കുറ്റവിമുക്തരാക്കി. അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഗോർദ്ധൻ സഫാദിയയ്ക്കെതിരെ നൽകിയ തെളിവുകളും വ്യാജമാണ് എന്ന് കമ്മീഷൻ വിധിച്ചു. കമ്മീഷന്റെ കണ്ടെത്തലുകളെ മുൻനിർത്തിക്കൊണ്ട് ആർ ബി ശ്രീകുമാർ, രാഹുൽ ശർമ്മ, സഞ്ജീവ് ഭട്ട് എന്നീ ഐപിഎസ് ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര സഹമന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞു. 

വടക്കൻ ഗുജറാത്ത്, തെക്കൻ ഗുജറാത്ത്, മധ്യഗുജറാത്ത്, സൗരാഷ്ട്ര, കച്ച് എന്നീ പ്രവിശ്യകൾക്കായി പ്രത്യേകം പ്രത്യേകം വാള്യങ്ങൾ റിപ്പോർട്ടിലുണ്ട്. വഡോദര ജില്ലയ്ക്ക് ഒന്നും, അഹമ്മദാബാദ് നഗരത്തിനും, ജില്ലയ്ക്കുമായി രണ്ടും വാല്യങ്ങളുമുണ്ട്. ബെസ്റ്റ് ബേക്കറി, നരോദ പാട്യാ, നരോദാ ഗാം, ഗുൽബർഗ് സൊസൈറ്റി എന്നിവിടങ്ങൾ അഹമ്മദാബാദിൽ പെടുന്നവയാണ്. 

കമ്മീഷന്റെ കണ്ടെത്തലുകൾ 

ഗുജറാത്ത് കലാപത്തിന് പിന്നിൽ ആരുടെയും ഗൂഢാലോചനകൾ ഉണ്ടായിരുന്നില്ല എന്ന നിഗമനത്തിലാണ് അന്വേഷണത്തിന് ശേഷം കമ്മീഷൻ എത്തിച്ചേർന്നിട്ടുള്ളത്. ഗോധ്ര തീവണ്ടി കത്തിപ്പ് സംഭവത്തിന് ശേഷം ഉയർന്ന ജനരോഷമാണ് കലാപത്തിലേക്ക് നയിച്ചതെന്ന് കമ്മീഷൻ കണ്ടെത്തി. ടീസ്റ്റ സെറ്റിൽവാദ്, സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്, ജൻ സംഘർഷ് മഞ്ച് എന്നിവ നൽകിയ തെളിവുകൾ പരിഗണിച്ച ശേഷമാണ് കമ്മീഷന്റെ ഈ നിഗമനങ്ങൾ പുറത്തുവന്നിരിക്കുന്നത്. 

ലഹളകളെപ്പറ്റി മോദി നൽകിയ വിശദീകരണങ്ങളിൽ നാനാവതി കമ്മീഷൻ പൂർണ തൃപ്‍തി രേഖപ്പെടുത്തി. ഗോധ്ര തീവെപ്പിനെത്തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളെപ്പറ്റി താൻ 2002 ഫെബ്രുവരി 27 -ന് തന്നെ അറിഞ്ഞിരുന്നു എന്നും, ഉടനടി വകുപ്പുതലത്തിൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ലഹള നിയന്ത്രിക്കാൻ വേണ്ട എല്ലാവിധ സംവിധാനങ്ങളും നിയോഗിച്ചിരുന്നു എന്നും മോദി പറഞ്ഞിരുന്നു. 

"വിശ്വഹിന്ദു പരിഷത്തോ, ബജരംഗ്‌ ദളോ മറ്റേതെങ്കിലും പാർട്ടികളോ ഹൈന്ദവസംഘടനകളോ  മുസ്ലീങ്ങൾക്കെതിരെ കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്തതിന് തെളിവുകളില്ല എന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. രണ്ട് ഒറ്റപ്പെട്ട സംഭവങ്ങളാണ് വിഎച്ച്പി നേതാക്കൾ ഇടപെട്ട് നടന്നിട്ടുള്ളത്. അതുതന്നെ ഗോധ്രസംഭവത്തിലുണ്ടായ തത്സമയ പ്രതികരണം മാത്രമായാണ് കാണാൻ കഴിയുന്നത്. അക്രമങ്ങൾ നയിച്ചത് പലതും സാമൂഹ്യവിരുദ്ധരാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്" നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് നിഷ്ക്രിയത്വമുണ്ടായി എന്ന് സൂചിപ്പിക്കുന്ന ഒരു തെളിവും കമ്മീഷന് ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പൊലീസ് സ്തുത്യർഹമായി ഇടപെട്ടതിന് സാക്ഷ്യമായി നിരവധി സത്യവാങ്മൂലങ്ങളും കമ്മീഷനുമുന്നിൽ എത്തുകയുണ്ടായി എന്നതും കമ്മീഷൻ സ്ഥിരീകരിക്കുന്നു. 

കമ്മീഷന്റെ നിർദ്ദേശങ്ങൾ 

സാമുദായിക ലഹളകൾ നടക്കുമ്പോൾ സംഭവങ്ങളെപ്പറ്റിയുള്ള പൊടിപ്പും തൊങ്ങലും കലർന്ന റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തുന്നതു സംബന്ധിച്ച് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം എന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു. ഗോധ്ര സംഭവത്തിന് മാധ്യമങ്ങൾ നൽകിയ വമ്പിച്ച കവറേജ് ജനങ്ങൾക്കിടയിൽ രോഷം ആളിക്കത്താൻ ഇടയാക്കി എന്നും കമ്മീഷൻ നിരീക്ഷിക്കുന്നു. ടിവി സ്‌ക്രീനുകളിൽ ആവർത്തിച്ച് പ്രക്ഷേപണം ചെയ്യപ്പെട്ട തീവെപ്പിന്റെ ദൃശ്യങ്ങൾ കണ്ട് കുപിതരായാണ് ജനങ്ങൾ കലാപത്തിന് ഇറങ്ങിപ്പുറപ്പെട്ടത് എന്ന് കമ്മീഷൻ പറയുന്നു.

ഗുജറാത്തിലെ ഹിന്ദു മുസ്‌ലിം സമുദായങ്ങൾക്കിടയിൽ രൂഢമൂലമായ പരസ്പര വൈരമാണ് ഗുജറാത്ത് കലാപത്തിന്റെ പ്രധാന കാരണം എന്ന് കമ്മീഷൻ നിരീക്ഷിക്കുന്നു. സമൂഹത്തിന്റെ ഈ ഒരു ദൗർബല്യം ഇല്ലാതാക്കാൻ വേണ്ട ശ്രമങ്ങൾ സംസ്ഥാന കേന്ദ്ര ഗവണ്മെന്റുകളുടെ ഭാഗത്തുനിന്നുണ്ടാകണം എന്ന് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്‌. മുസ്ലീങ്ങളെ സഹായിക്കാനും, രക്ഷിക്കാനും ശ്രമിച്ച ഹിന്ദുക്കൾക്ക് നേരെയും കലാപത്തിനിടെ ആക്രമണമുണ്ടായി സംഭവങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കമ്മീഷന്റെ ഈ നിരീക്ഷണം.