Asianet News MalayalamAsianet News Malayalam

ജ്യൂസ് കടയില്‍ നിന്ന് 5000 കോടിയുടെ ആസ്തിയിലേക്ക്! സണ്ണി ലിയോൺ അടക്കം എത്തിയ വിവാഹം വിനയായി, പണി വന്ന വഴി

2016ല്‍ ആരംഭിച്ച ആപ്പ് ആണെങ്കിലും കൊവിഡില്‍ എല്ലാവരും വീടുകളില്‍ കുടുങ്ങിയ സമയത്താണ് മഹാദേവ് പണം കൊയ്തത് . ചന്ദ്രാകര്‍ ഭിലായില്‍ ജ്യൂസ് കട നടത്തുകയായിരുന്നതായി പറയപ്പെടുന്നു.

What is Mahadev online betting case owner details and more explained btb
Author
First Published Nov 6, 2023, 9:10 PM IST

ഒരു സംസ്ഥാനത്തെയാകെ ഞെട്ടിച്ച് കൊണ്ടാണ് മഹാദേവ് ഗെയിമിംഗ് ആപ്പിനെ കുറിച്ചുള്ള വിവാദം കത്തിപ്പടരുന്നത്. ഛത്തീസ്​ഗഡ് ഭൂപേഷ് ബാഗേലുമായി ബന്ധമുണ്ടെന്ന് മഹാദേവ് ആപ്പ് പ്രമോട്ടർ ശുഭം സോണിയുടെ വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നതോടെ വരും ദിവസങ്ങളിലും ഈ വിഷയം കത്തിപ്പടരുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് താൻ  ബിസിനസിനായി ദുബായിലേക്ക് പോയതെന്നും മുഖ്യമന്ത്രിക്ക് മുൻപും പണമെത്തിച്ചിട്ടുണ്ടെന്നും  ശുഭം സോണി വെളിപ്പെടുത്തി. തന്‍റെ നിർദ്ദേശപ്രകാരമാണ് അസിം ദാസ് പണവുമായി ഛത്തീസ്ഘട്ടിലേക്ക് പോയത്. ഇക്കാര്യങ്ങൾ ഇഡിയെ അറിയിച്ചെന്നും മഹാദേവ് ആപ്പ് പ്രമോട്ടർ വെളിപ്പെടുത്തി. 

എന്താണ് മഹാദേവ് ഗെയിമിംഗ് ആപ്പ്?

ബാഡ്മിന്റണ്‍, ടെന്നീസ്, ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നിങ്ങനെ വിവിധ ഗെയിമുകളില്‍ ഉപയോക്താക്കള്‍ക്ക് ലൈവായി ചൂതാട്ടത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഒരു ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമാണ് മഹാദേവ് ഗെയിമിംഗ് ആപ്പ് എന്ന് ചുരുക്കി പറയാം. വെര്‍ച്വല്‍ ക്രിക്കറ്റ് മത്സരങ്ങള്‍, പോക്കര്‍ വിവിധ തരത്തിലുള്ള ചീട്ടുകളികളുടെ ഒരു നിര തന്നെ മഹാദേവ് ആപ് വാഗ്ദാനം ചെയ്യുന്നു.  മെസേജിംഗ് ആപ്പുകളിലെ ഗ്രൂപ്പുകളിലൂടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 

ആപ്പിലൂടെ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും എന്ന രീതിയിലുള്ള പരസ്യങ്ങള്‍ വെബ്‌സൈറ്റുകളില്‍ നല്‍കി കൊണ്ടാണ് മഹാദേവ് ആപ്പ് കളം പിടിച്ചത്. ഗെയിം കളിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ ആകര്‍ഷകങ്ങളായ പരസ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതിന് താഴെയായി കോണ്‍ടാക്റ്റ് നമ്പറുകളും നല്‍കിയിട്ടുണ്ടാകും.  

പ്രധാനമായും വാട്‌സാപ്പ് മെസേജുകള്‍ വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. നടത്തിപ്പുകാരുമായി ബന്ധപ്പെടുമ്പോള്‍ രണ്ട് നമ്പറുകള്‍ ഇടപാടുകള്‍ക്കായി നല്‍കും. ഒന്ന് പണം നിക്ഷേപിക്കുന്നതിനും വാതുവെപ്പില്‍ ഉപയോഗിക്കാനും വേണ്ടി ഉപയോഗിക്കുന്നു രണ്ടാമത്തേത് പോയിന്റുകള്‍ റെഡീം ചെയ്യാനും പോയിന്റുകളെ പണമാക്കി മാറ്റുവാനും ഉപയോഗിക്കുന്നു.  

മഹാദേവ് ഗെയിമിംഗ് ആപ്പ് ആരുടേതാണ് എന്നാണ് പിന്നെ ഉയരുന്ന സംശയം,ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ  സൗരഭ് ചന്ദ്രാകര്‍, രവി ഉപ്പല്‍ എന്നിവര്‍ക്കാണ് മഹാദേവ് കമ്പനിയുടെ ഉടമകള്‍. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 5000 കോടിയുടെ സാമ്രാജ്യമാണെന്ന് ഇഡി പറയുന്നു. ദുബായ് ആസ്ഥാനമാക്കിയാണ് ഇരുവരുടെയും പ്രവര്‍ത്തനം. 2016ല്‍ ആരംഭിച്ച ആപ്പ് ആണെങ്കിലും കൊവിഡില്‍ എല്ലാവരും വീടുകളില്‍ കുടുങ്ങിയ സമയത്താണ് മഹാദേവ് പണം കൊയ്തത് . ചന്ദ്രാകര്‍ ഭിലായില്‍ ജ്യൂസ് കട നടത്തുകയായിരുന്നതായി പറയപ്പെടുന്നു. രവി ഉപ്പലിന് ടയര്‍ കടയിലായിരുന്ന ജോലി. ഓണ്‍ലൈന്‍ വാതുവെപ്പില്‍ പെട്ട് നാട്ടില്‍ നിക്കക്കള്ളി ഇല്ലാതെ വന്നപ്പോള്‍ ഇവര്‍ കടല്‍ കടന്നു. 

ഇരുവര്‍ക്കും പണം നഷ്ടപ്പെടാന്‍ ഇടയാക്കിയ ഓണ്‍ലൈന്‍ വാതുവെയ്പ് പരിപാടി തന്നെ അപ്പ് ആക്കി ദുബായിയില്‍ നിന്ന് ആരംഭിക്കുകയാണ് പിന്നെ ചെയ്തത്. പിന്നീട് ആപ് വളര്‍ന്ന് ദിവസേന 200 കോടി രൂപയുടെ ഇടപാട് നടത്തുന്ന അവസ്ഥയിലേക്ക് ഉയര്‍ന്നു.  വാതുവെപ്പിലൂടെ നേടുന്ന പണം കൈമാറി വിദേശത്തുള്ള ഉടമസ്ഥരുടെ അക്കൗണ്ടുകളില്‍ എത്തിക്കുന്നതാണ് പ്രവര്‍ത്തന രീതി. റെഡ്ഡി അണ്ണാ എന്ന ആപ് വാങ്ങി  മഹാദേവ് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അമ്പത് ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. വാതുവെയ്പ്പ് നടത്തുന്നവര്‍ക്ക് ആദ്യമൊക്കെ ലാഭം ലഭിക്കുമെങ്കിലും പിന്നെ കമ്പനി കൃത്രിമം നടത്തും. പിന്നെ പണം മുഴുവന്‍ പോകുന്നത് മുതലാളിക്കായിരിക്കും. പണം നഷ്ടമായവര്‍ എങ്ങനയെങ്കിലും തിരിച്ച് പിടിക്കണമെന്ന ആഗ്രഹത്തോടെ പിന്നെയും പണമിറക്കി കടക്കെണിയിലാകും.  

തട്ടിപ്പ് നടത്തി പണം കൊയത് മഹാദേവില്‍ ഇഡി പിടിമുറുക്കുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റാസല്‍ഖൈമയില്‍ വെച്ച് ഒരു ആഡംബര വിവാഹം നടന്നു. ആപ് ഉടമയായ ചന്ദ്രാകറിന്റെ വിവാഹത്തിന് 260 കോടി രൂപയോളമാണ് പൊടിപൊടിച്ചത്. ആ വിവാഹ മാമാങ്കത്തില്‍ ബോളിവുഡ് താരങ്ങളും പ്രശസ്ത ഗായകരും അണി നിരന്നു. ടൈഗര്‍ ഷ്‌റോഫ്, സണ്ണി ലിയോണ്‍ എന്നിവരടക്കം 14 ബോളിവുഡ് താരങ്ങളാണ് സൗരഭിന്‍റെ വിവാഹ ആഘോഷത്തിന് എത്തിയത്. ഇവരെയെല്ലാം എത്തിച്ചത് പ്രത്യേക ചാര്‍ട്ടഡ് വിമാനത്തിലാണ്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് മാത്രം ഹവാല ഇടപാട് വഴി നല്‍കിയത് 112 കോടിയാണെന്ന് ഇഡി പറയുന്നു.  

ഹോട്ടല്‍ ബുക്കിങ്ങുകള്‍ക്ക് വേണ്ടി ചെലവഴിച്ചതാകട്ടെ 42 കോടിയും. ഈ വിവാഹ മാമാങ്കത്തിന് പിന്നിലെ പണത്തിന്‍റെ വരവ് ഇഡി അന്വേഷിച്ചു. ഹവാല ഇടപാടുകള്‍ പലതും കണ്ടെത്തി. ആപ്പിലുടെ പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ പരാതികളിലും ഇഡി അന്വേഷണം ആരംഭിച്ചു.  ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ മഹാദേവ് ആപുമായി ബന്ധപ്പെട്ട് 417 കോടി രൂപയോളം ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

മഹാദേവ് ആപ്പിന് എതിരെ ആദ്യമായി കേസ് എടുക്കുന്നത് ഛത്തീസ്ഗഡ് പൊലീസാണ്, അതും രണ്ട് വര്‍ഷം മുമ്പ്. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ഇഡി നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് 508 കോടി നല്‍കിയെന്ന് ഇഡി പറയുന്നു. രാഷ്ട്രീയ വിവാദം കൊടുമ്പിരികൊണ്ടു. ബിജെപി മഹാദേവ് വിവാദം പ്രധാന രാഷ്ട്രീയ ആയുധമാക്കി.
തെരഞ്ഞെടുപ്പ് സമയത്തെ കേന്ദ്ര ഏജന്‍സിയുടെ ഇടപെടലിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് പറയുന്നത്.
ഇത്രയും വലിയ തട്ടിപ്പ് കോലാഹലം ഉണ്ടാക്കിയ മഹാദേവ് ആപ്പിന്റെ ഉടമസ്ഥരായ സൗരവ് ചന്ദ്രാകറും രവി ഉപ്പലും ദുബായിയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇരുവരെയും കണ്ടത്താന്‍ ഇഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

5 പെഗ് എംസിബി അടിച്ചു, എഗ്ഗ് ചില്ലിയും അകത്താക്കി! കാശുമായി ദാ വരാമെന്ന് പറഞ്ഞ യുവാവിനെ തേടി ബാർ ജീവനക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios