സെൻസസ് തുടങ്ങാനിരിക്കുന്നത് 2021 -ലാണ്. എന്നാൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ NPR പുതുക്കുന്ന പ്രക്രിയ അസം ഒഴികെയുള്ള എല്ലാ  സംസ്ഥാനങ്ങളിലും  2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് പൂർത്തീകരിക്കപ്പെടുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം കേന്ദ്രം അടുത്ത സെൻസസിന് വേണ്ടി 8754 കോടി രൂപയും, NPR പുതുക്കാൻ വേണ്ടി 3941 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. 

എന്താണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ(NPR) ?

ലളിതമായി പറഞ്ഞാൽ, ഇന്ത്യയിൽ ഇന്ന് പതിവ് താമസക്കാരുടെ(usual residents)  ഒരു രജിസ്റ്റർ ആണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ NPR. ഇന്ത്യയിൽ പതിവായി താമസമുള്ള വിദേശീയരടക്കമുള്ള എല്ലാവർക്കും, ഈ രജിസ്‌ട്രേഷൻ നിർബന്ധമാകും. നമ്മുടെ രാജ്യത്ത് പതിവായി പാർക്കുന്ന ആളുകളുടെ തിരിച്ചറിയൽ രേഖകളുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കുക എന്നതാണ്  NPR -ന്റെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ ഒന്ന്. ഇന്ത്യയിൽ ദേശീയ തലത്തിൽ ഒരു ജനസംഖ്യാ രജിസ്റ്റർ ഉണ്ടാക്കുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. ഇതിനു മുമ്പ്, 2011 -ലെ സെൻസസിന് മുന്നോടിയായി ഇങ്ങനെ ഒരു രജിസ്റ്റർ ഉണ്ടാക്കിയിരുന്നു. അതിനെ 2015 -ൽ വീടുവീടാന്തരം കയറിയിറങ്ങി സർവേ വഴി പുതുക്കുകയുമുണ്ടായി. ഈ പ്രക്രിയ തന്നെയാണ് വരുന്ന ഏപ്രിൽ മുതൽ ആവർത്തിക്കാൻ പോകുന്നത്.  ഇത് 1955 -ലെ പൗരത്വ നിയമത്തിനും, 2003 -ലെ സിറ്റിസൺഷിപ്പ്( രജിസ്‌ട്രേഷൻ ഓഫ് സിറ്റിസൺസ് ആൻഡ് ഇഷ്യൂ ഓഫ് നാഷണൽ ഐഡി കാർഡ്‌സ്) നിയമങ്ങളുടെയും  അടിസ്ഥാനത്തിലാകും, വില്ലേജ്, പഞ്ചായത്ത്, ജില്ലാ, സംസ്ഥാന, ദേശീയതലങ്ങളിൽ പൂർത്തീകരിക്കപ്പെടും. 

പതിവ് താമസക്കാർ എന്ന നിർവചനത്തിൽ ആരൊക്കെ ഉൾപ്പെടും ?

2003 -ലെ പൗരത്വ നിയമങ്ങൾ(Citizenship Rules, 2003) പ്രകാരം ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് കഴിഞ്ഞ ആറുമാസമായി താമസിച്ചുവരികയോ അല്ലെങ്കിൽ തുടർന്ന് ദീർഘകാലത്തേക്ക് താമസിക്കാൻ താത്പര്യപ്പെടുകയോ ചെയ്യുന്ന ഏതൊരാളും ഇവിടത്തെ പതിവ് താമസക്കാരുടെ പട്ടികയിൽ പെടും. ഇത്തവണ പതിവ് വിവരങ്ങൾ ശേഖരിക്കുന്ന കൂട്ടത്തിൽ ബയോമെട്രിക് കൂടി ശേഖരിക്കും എന്ന ഒരു വ്യത്യാസമാണ് പ്രധാനമായും ഉള്ളത്. രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും ബയോമെട്രിക് വിവരങ്ങൾ അടങ്ങുന്ന ഒരു വൻ ഡാറ്റാബേസ് ആയിരിക്കും ഇത് നടപ്പിലായാൽ വരാൻ പോകുന്നത്. എല്ലാവരുടെയും മൊബൈൽ നമ്പർ, ഡ്രൈവിങ് ലൈസൻസ് നമ്പർ, വോട്ടർ ഐഡി, പാസ്പോർട്ട് വിവരങ്ങൾ എന്നീ വിവരങ്ങളും ശേഖരിക്കപ്പെടും. 

സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ ആധാർ നമ്പർ ശേഖരിക്കുന്നത് വ്യക്തികളുടെ സമ്മതത്തോടെ മാത്രമാവും. പതിവ് വിവരങ്ങൾ എന്ന് മേലേപ്പറഞ്ഞതിൽ, വ്യക്തിയുടെ പേര്, ഗൃഹനാഥനുമായുള്ള ബന്ധം, അച്ഛനമ്മമാരുടെ പേര്ज, വിവാഹിതരാണെങ്കിൽ ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ പേര്, ലിംഗം, ജനനത്തീയതി, വിവാഹം കഴിച്ചിട്ടുണ്ടോ ഇല്ലേ എന്നുള്ള വിവരം, ജന്മസ്ഥലം, ഇപ്പോഴത്തെ അഡ്രസ്സ്, എത്രകാലമായി ഇപ്പോഴത്തെ അഡ്രസ്സിൽ താമസമായിട്ട്, സ്ഥിരം അഡ്ഡ്രസ്സ്‌, ജോലി, വിദ്യാഭ്യാസയോഗ്യതകൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കപ്പെടും. 2010 -ലെ NPR -ൽ പതിനഞ്ചു പുറങ്ങളുള്ള ഒരു ഫോമായിരുന്നു ഉണ്ടായിരുന്നത്.  

എന്താണ് സെൻസസ് അഥവാ ജനസംഖ്യാ കണക്കെടുപ്പ് 

ഒരു രാജ്യത്തെ ജനങ്ങളുടെ തലയെണ്ണി കണക്കെടുക്കലാണ് സെൻസസ് അഥവാ കാനേഷുമാരി എന്ന പ്രക്രിയ. ഇത് സാധാരണയായി പത്തുവർഷത്തെ ഒരിക്കലാണ് നടത്താറുള്ളത്. 2021 -ൽ നടക്കാൻ പോകുന്നത് ഇന്ത്യയുടെ പതിനാറാമത്തെ സെൻസസ് ആണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായി സെൻസസ് നടക്കുന്നത് 1872 -ലാണ്. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെൻസസ് ആകുമിത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു പേപ്പർലെസ്സ് സെൻസസ് ആയിരിക്കും ഇത്. ഫോമുകൾക്ക് പകരം മൊബൈൽ ആപ്പുകളാകും പ്രയോജനപ്പെടുത്തുക. 


 

NPR / NRC ഇവ തമ്മിലുള്ള വ്യത്യാസമെന്താണ് ?

രണ്ടും രണ്ടു വ്യത്യസ്തമായ കാര്യങ്ങളാണ്. രണ്ടിലും പൊതുവായി രജിസ്റ്റർ എന്ന ഒരു വാക്കുണ്ടെങ്കിലും, കാര്യമായ സമയമൊന്നും അല്ലാതെ ഇവതമ്മിൽ ഇല്ല. NRC യിൽ വിദേശ പൗരന്മാർക്ക് ഇടമില്ല എന്നത് തന്നെയാണ് പ്രധാന വ്യത്യാസം. 2003 ഡിസംബർ 10 -നാണ് സിറ്റിസൺഷിപ്പ് റൂൾസ് സംബന്ധിച്ചുള്ള അറിയിപ്പ് വരുന്നത്. ഇവിടെ നിന്നാണ് NRC -യെപ്പറ്റിയുള്ള ചർച്ചകൾ പൊന്തിവരുന്നത്. NPR താമസക്കാരായ എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കൽ ആണെങ്കിൽ NRC ഇന്ത്യൻ പൗരന്മാരുടെ മാത്രം രജിസ്റ്റർ ആണ്. രണ്ടും തമ്മിൽ ബന്ധമില്ലെന്ന് തന്നെയാണ് അമിത് ഷാ അടുത്തിടെ പറഞ്ഞത്. NPR വഴി ശേഖരിക്കപ്പെടുന്ന ഡാറ്റ NRC ക്കുവേണ്ടി ഉപയോഗിക്കില്ല എന്നുകൂടി ഷാ പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ 2018 -19 ലെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് NPR എന്നത് NRC നടപ്പിലാക്കുന്നതിന്റെ  ആദ്യപടിയാണ് എന്നാണ്. ഇത് സംബന്ധിച്ച അനുദിനം പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് പല സർക്കാർ കേന്ദ്രങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. 
 
NPR -നോട് വിയോജിപ്പ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ 
 

NRC , CAA  തുടങ്ങിയ കേന്ദ്ര നയങ്ങളോടുള്ള തന്റെ വിയോജിപ്പ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇതിനകം തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. " സംസ്ഥാന സർക്കാരിന്റെ അനുമതി കൂടാതെ NPR ന്റെ ജോലികളും തുടങ്ങാൻ സാധിക്കില്ല" എന്ന് തന്നെയാണ് അവർ വീണ്ടും പറഞ്ഞിരിക്കുന്നത്. ബംഗാളിന് പുറമെ രാജസ്ഥാൻ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും NPR ന്റെ വിവരശേഖരണത്തോട് സഹകരിക്കില്ല എന്നറിയിച്ചിട്ടുണ്ട്. 
 


 

 അസമിനെ മാത്രം എന്തിന് ഒഴിവാക്കി  ?


ഈയടുത്ത് NRC നടപ്പിലാക്കിയ സംസ്ഥാനമാണ് അസം. അതുകൊണ്ട്, അസമിൽ ഇനി ഇപ്പോൾ NPR ന്റെ ജോലികൾ വേണ്ട എന്നാണ് കേന്ദ്ര തീരുമാനം. അനധികൃത താമസക്കാരെ കണ്ടെത്തി പുറത്താക്കുക എന്നതാണ് NRC യുടെ ലക്‌ഷ്യം. 

എന്തിനാണ് NPR -നെ ഇങ്ങനെ എതിർക്കുന്നത് ?

NPR നെയും NRC യെയും വേറിട്ട് കാണാനാവില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. CAA യ്ക്ക് NRC യുമായി യാതൊരു ബന്ധവുമില്ല എന്ന് കേന്ദ്രം ആണയിട്ടു പറയുമ്പോഴും, അവ തമ്മിലുള്ള അന്തർധാര സജീവമാണെന്ന് അവർ പറയുന്നു. സെൻസസിന്റെ മറവിൽ NPR വഴി NRC ഒളിച്ചുകടത്താനുള്ള ഗൂഢശ്രമങ്ങളാണ് കേന്ദ്രം നടത്തുവന്നതെന്നാണ് ആരോപിക്കപ്പെടുന്നത്.

NRC യുടെ ആദ്യപടിയാണ് NPR എന്നും, NRC യെ തടുക്കണമെങ്കിൽ അതിന്റെ ആദ്യഘട്ടവുമായ NPR നോടുതന്നെ നിസ്സഹകരണം പ്രഖ്യാപിക്കണം എന്ന ദൃഢനിശ്ചയത്തിലാണ് പൗരത്വ സംബന്ധിയായ കേന്ദ്ര സർക്കാർ നയങ്ങളെ ശക്തിയുക്തം എതിർക്കുന്നവർ.