Asianet News MalayalamAsianet News Malayalam

ബ്രസീലിയൻ പ്രസിഡന്റ് ബോള്‍സൊനാരോയെ നരേന്ദ്ര മോദി റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയാക്കിയതിൽ എന്താണ് കുഴപ്പം ?

ഒരിക്കൽ ബ്രസീലിലെ ഒരു വനിതാ രാഷ്ട്രീയ പ്രവർത്തകയോട് ബോൾസൊനാരോ പറഞ്ഞത്, 'ഒന്ന് ബലാത്സംഗം ചെയ്യാൻ പോലും തോന്നാത്തത്ര വിരൂപയാണ് നിങ്ങൾ' എന്നായിരുന്നു. 

What is the issue with Narendra Modi Making Brazilian President Jair Bolsonaro the Chief Guest in Republic day parade
Author
Delhi, First Published Jan 24, 2020, 12:27 PM IST

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സർക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയൻ പ്രസിഡന്റ് നമ്മുടെ റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി ആയി എത്തുന്നത്. ഇതിന് മുമ്പ് 1996, 2004   എന്നീ വർഷങ്ങളിലും ഇന്ത്യ റിപ്പബ്ലിക് ദിനത്തിൽ പ്രസിഡന്റുമാർക്ക് ആതിഥ്യമരുളിയിരുന്നു. എന്നാൽ അന്നൊന്നുമില്ലാത്ത കോലാഹലങ്ങളാണ് ഇത്തവണ സോഷ്യൽ മീഡിയയിലും മറ്റുമായി അലയടിച്ചുയരുന്നത്. ആമസോൺ കാടുകൾ കത്തിയെരിയാൻ കാരണക്കാരൻ എന്ന് പല സംഘടനകളും വിളിച്ച, തന്റെ വംശവെറിക്കും, സ്ത്രീ വിരുദ്ധതയ്ക്കും, ഹോമോഫോബിയക്കും,സ്വേച്ഛാധിപത്യ പ്രിയത്തിനും കുപ്രസിദ്ധിയാർജ്ജിച്ച ഭരണാധികാരിയാണ് ബോൾസൊനാരോ എന്നതുതന്നെ കാരണം. 

എന്നാൽ, ബ്രസീലുമായി ഇന്ത്യക്കുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് മോദി ഈ ക്ഷണത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയും ബ്രസീലും തമ്മിലുള്ള വ്യാപാരഉടമ്പടി 7.57 ബില്യൺ അമേരിക്കൻ ഡോളറിന്റേതാണ്. അത് വരുന്ന മൂന്നുവർഷത്തിനിടെ 25 ബില്യണെങ്കിലും ആക്കി ഉയർത്താനാണ് ഭാരത സർക്കാർ ആഗ്രഹിക്കുന്നത്. കഴിഞ്ഞ നവംബറിൽ  ബ്രസീലിയയിൽ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പരസ്പരം കണ്ടപ്പോഴാണ് മോദി ഈ ക്ഷണം ബോൾസൊനാരോയ്ക്ക് വെച്ചുനീട്ടുന്നതും അദ്ദേഹം അത് സ്വീകരിക്കുന്നതും.  

ആരാണ് ബോൾസൊനാരോ?

വിമർശകർക്ക് അദ്ദേഹം കുടിലബുദ്ധിയായ ഒരു സ്വേച്ഛാധിപതിയാണ്. പരിസ്ഥിതിപ്രവർത്തകർ അദ്ദേഹത്തെ വിളിക്കുന്ന ഓമനപ്പേര്, 'ആമസോണിന്റെ കശാപ്പുകാരൻ' എന്നാണ്. എന്നാൽ അണികൾക്ക് അദ്ദേഹം ബ്രസീലിനെ ഇപ്പോൾ നിലനിൽക്കുന്ന ദുരവസ്ഥയിൽ നിന്ന് കരകയറ്റാൻ വന്ന ദൈവദൂതനിൽ കുറഞ്ഞൊന്നുമല്ല ബോൾസൊനാരോ. തീവ്ര വലതുപക്ഷ നിലപാടുകാരനായ, തികഞ്ഞ വിഘടനചിന്തകൾ മനസ്സിൽ കൊണ്ടുനടക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് കാര്യമായ രാഷ്ട്രീയ ഭൂതകാലമൊന്നും അവകാശപ്പെടാനില്ല.

What is the issue with Narendra Modi Making Brazilian President Jair Bolsonaro the Chief Guest in Republic day parade

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ബ്രസീലിന്റെ മുപ്പത്തെട്ടാമത്തെ പ്രസിഡണ്ടായി അടുത്തിടെ സ്ഥാനമേറ്റെടുത്ത ബോൾസൊനാരോ, തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ടതിന്റെ അമ്പത്തഞ്ചുശതമാനം വോട്ടും നേടി, തന്റെ എതിർസ്ഥാനാർത്ഥി ഫെർണാണ്ടോ ഹദ്ദാദിനെ വളരെ ആധികാരികമായി പരാജയപ്പെടുത്തിക്കൊണ്ടാണ് അധികാരത്തിലേറുന്നത്. ഫലം തനിക്ക് അനുകൂലമായില്ലെങ്കിൽ അതിനെ താൻ സ്വീകരിക്കില്ല എന്നുപോലും അദ്ദേഹം പറഞ്ഞിരുന്നു ഇടക്കെപ്പോഴോ. 1991 മുതൽ പാർലമെന്ററി രാഷ്ട്രീയത്തിൽ പാർട്ടിവിട്ടു പാർട്ടി മാറിക്കൊണ്ട് തന്റെ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും, ബ്രസീലിന് പുറത്ത് ഒരാൾക്കും ബോൾസൊനാരോയെ അറിയില്ലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഈ 63 -കാരൻ രാഷ്ട്രീയത്തിന്റെ പടികൾ ചവിട്ടിക്കേറി ബ്രസീലിന്റെ തലപ്പത്തെത്തുന്നത്.

ബ്രസീലിനെ ചൂഴ്ന്നുനിന്ന കടുത്ത സാമ്പത്തികപ്രതിസന്ധികളാണ് ബോൾസൊനാരോ എന്ന നേതാവിനെ രാഷ്ട്രീയത്തിൽ വിജയിക്കാൻ സഹായിച്ചത്. നിലവിലെ രാഷ്ട്രീയക്കാരിൽ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടതും, രാഷ്ട്രം കഴിഞ്ഞ നൂറുവർഷത്തിനിടെയുള്ള ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് വഴുതിവീണതും ഒക്കെ ജനത്തെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. പന്ത്രണ്ടു ശതമാനത്തിലധികമായിരുന്നു ബ്രസീലിലെ തൊഴിലില്ലായ്മ അക്കാലത്ത്. ആ മാന്ദ്യത്തിനിടയിലും ഭരിച്ചിരുന്ന സർക്കാരിനെ പലതരത്തിലുള്ള കുംഭകോണങ്ങൾ വലച്ചു. അക്കൂട്ടത്തിൽ ഏറ്റവും വലിയ അഴിമതിയായിരുന്നു ലാവാ ജാറ്റോ അഥവാ കാർ വാഷ് സ്കാൻഡൽ. മുൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ഡാ സിൽവ അടക്കമുള്ള പലരും അക്കാലത്ത് അഴിക്കുള്ളിലായി. അഴിമതികൊണ്ട് പൊറുതിമുട്ടിയ ജനം ഗതികെട്ട് പ്രതികരിച്ചുതുടങ്ങി. ഈ അഴിമതിവിരുദ്ധ മുന്നേറ്റത്തിന്റെ ചുക്കാൻ പിടിച്ചുകൊണ്ടാണ് ബോൾസൊനാരോ എന്ന രാഷ്ട്രീയ നേതാവ് വെള്ളിവെളിച്ചത്തിലേക്ക് കേറിനിൽക്കുന്നത്. 

What is the issue with Narendra Modi Making Brazilian President Jair Bolsonaro the Chief Guest in Republic day parade

രാഷ്ട്രീയത്തിലെ വൻതോക്കുകൾക്കെതിരെ, ജനങ്ങളെ ഒരർത്ഥത്തിൽ പറഞ്ഞാൽ ഏറെക്കുറെ അരാഷ്ട്രീയമായി, വെറും അഴിമതി വിരുദ്ധത എന്ന ഒരൊറ്റ പൊതു താത്പര്യത്തിന്റെ പുറത്ത് ഒരുമിപ്പിച്ച് ഒരു കുടക്കീഴിൽ നിർത്തി മുന്നോട്ടുപോയിക്കൊണ്ടാണ് ബോൾസൊനാരോ ഇന്നത്തെ നിലയിലേക്കെത്തുന്നത്. ഈ പ്രയത്നത്തിൽ സോഷ്യൽ മീഡിയയും വളരെ ഫലപ്രദമായി വിനിയോഗിക്കാൻ ബോൾസൊനാരോ പാളയത്തിന് സാധിച്ചിരുന്നു.

ബ്രസീലിൽ നടമാടിക്കൊണ്ടിരുന്ന കുറ്റകൃത്യങ്ങൾക്കും താൻ അധികാരത്തിലേറിയാൽ ശമനമുണ്ടാക്കും എന്ന് ബോൾസൊനാരോ വാക്കുനല്കിയിരുന്നു. ലോകത്തിലെ ഏറ്റവും അക്രമാസക്തമായ പട്ടണങ്ങളിൽ ഇരുപതെണ്ണം ബ്രസീലിലാണ് എന്നോർക്കുക. ഇതിനെയൊക്കെ അവഗണിച്ചുകൊണ്ട് ഭരണം തുടർന്നിരുന്ന പഴയ സർക്കാരിന് അതുകൊണ്ടുതന്നെ ജനം പുതിയൊരവസരം നൽകിയില്ല. അവരുടെ നഷ്ടം ബോൾസൊനാരോയുടെ നേട്ടമായി മാറി.

What is the issue with Narendra Modi Making Brazilian President Jair Bolsonaro the Chief Guest in Republic day parade

ബ്രസീൽ സൈന്യത്തിലെ മുൻ ക്യാപ്റ്റൻ ആണ് ബോൾസൊനാരോ. പൊലീസിന്റെയും പട്ടാളത്തിന്റെയും സഹകരണത്തോടെ രാജ്യത്തെ അസുരക്ഷിതാവസ്ഥയ്ക്ക് താൻ പരിഹാരം കാണുമെന്ന് അദ്ദേഹം വാക്കുനല്കി. രാജ്യത്തെ ആയുധനിയമങ്ങളിൽ അദ്ദേഹം അയവുവരുത്തി. പോലീസുകാർക്ക് ക്രിമിനലുകളെ വെടിവെച്ചുകൊല്ലാൻ കൂടുതൽ അധികാരങ്ങൾ നൽകി. പ്രത്യക്ഷത്തിൽ ഫലപ്രദം എന്ന തോന്നലുണ്ടാക്കി എങ്കിലും, നിരവധി നിരപരാധികൾ ഇതിന്റെ മറവിൽ അറസ്റ്റിനും പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും ഇരയായി. മനുഷ്യാവകാശലംഘനങ്ങളുടെ കൂത്തരങ്ങായി ബ്രസീൽ മാറിയിട്ടുണ്ടിന്ന്.

പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ചുകൊണ്ട് വിഹഗവീക്ഷണത്തോടെയുള്ള പരിഹാരങ്ങൾ കൊണ്ടുവരുന്നതിന് പകരം, പൊതുജനപ്രീണനം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള, ദീർഘവീക്ഷണമില്ലാത്ത തട്ടുപൊളിപ്പൻ കാംപെയ്നുകൾ മാത്രമാണ് ബോൾസൊനാരോ നടത്തുന്നതെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപം.

മൂന്നുതരത്തിലുള്ള വലതുപക്ഷമുണ്ടത്രെ ബ്രസീലിൽ: ഒന്ന് തീവ്രവലതുപക്ഷം. അത് അഭിരമിക്കുന്നത് മിലിട്ടറി നൊസ്റ്റാൾജിയയിലാണ്. രാജ്യസുരക്ഷ, ദേശീയബോധം എന്നിവയൊക്കെയാണ് മുഖ്യ ആയുധങ്ങൾ അവർക്ക്. രണ്ട്, മൃദു വലതുപക്ഷമാണ്. അവർ ഒറ്റനോട്ടത്തിൽ വളരെ യുക്തിസഹം എന്ന് തോന്നിപ്പിക്കും. എന്നാൽ, ഉള്ളിൽ കടുത്ത വലതുപക്ഷ നിലപാടുകളാവും ഉണ്ടാവുക. ബ്രസീലിലെ ക്രിസ്തീയ സഭകളുമായാണ് ഈ കൂട്ടർക്ക് അടുത്ത ബന്ധം. മൂന്നാമത് സ്വതന്ത്രവലതുപക്ഷം. ഇവരാണ് പുരോഗമന വലതുപക്ഷം. ഇവർ ബ്രസീൽ എന്ന രാഷ്ട്രത്തിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരാണ്. ഈ മൂന്നുപക്ഷവും ബോൾസൊനാരോ എന്ന നേതാവിന്റെ കീഴിൽ ഒന്നിച്ചിരിക്കുകയാണിന്ന് ബ്രസീലിൽ.

പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് സത്യമാണെങ്കിലും, കാലാകാലങ്ങളിലായി നിരവധി വിമർശനങ്ങൾക്കും ബോൾസൊനാരോ വിധേയനായിട്ടുണ്ട്. വംശീയവിദ്വേഷമുണർത്തുന്ന, വിവേചനപരമായ, ലൈംഗിക ന്യൂനപക്ഷങ്ങളെ അവമതിക്കുന്ന നിരവധി പ്രസ്താവനകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പട്ടാളത്തിന്റെ ജനപീഡനങ്ങളെ ബോൾസൊനാരോ പിന്തുണക്കുന്നു എന്നൊരു ആരോപണവുമുണ്ട്. പെൺകുഞ്ഞുങ്ങളുണ്ടാകുന്നത് കുടുംബത്തിന് 'ക്ഷീണമാണ്' എന്നൊരിക്കൽ പറഞ്ഞ ബോൾസൊനാരോ, ബലാത്സംഗം ചെയ്യപ്പെടുന്നത് വളരെ 'വൃത്തികെട്ട' കാര്യമാണ് എന്നും പറഞ്ഞിട്ടുണ്ട്. കറുത്തവംശജർക്കെതിരെയും വളരെ മോശം കമന്റുകൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്റെ നാലുമക്കൾ സ്വവർഗ്ഗരതിക്കാരാകുന്നതിലും ഭേദം വണ്ടിയിടിച്ചു മരിക്കുന്നതാണ് എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധതയും കുപ്രസിദ്ധമാണ്. ഒരിക്കൽ ബ്രസീലിലെ ഒരു വനിതാ രാഷ്ട്രീയ പ്രവർത്തകയോട് ബോൾസൊനാരോ പറഞ്ഞത്, 'ഒന്ന് ബലാത്സംഗം ചെയ്യാൻ പോലും തോന്നാത്തത്ര വിരൂപയാണ് നിങ്ങൾ' എന്നായിരുന്നു. 

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിന്റെ പത്നി ബ്രിജിറ്റിനെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിൽ വന്ന ഒരു ട്രോളിനോട് പ്രതികരിച്ചതിന് പേരിലും ബോൾസൊനാരോ ഒരിക്കൽ രൂക്ഷവിമർശനങ്ങൾക്ക് വിധേയനായിരുന്നു.'സ്വന്തം പ്രസിഡണ്ടിന്റെ മാനസിക നിലവാരമോർത്ത് ബ്രസീലുകാർ നാണിക്കുന്നുണ്ടാകും ' എന്ന് മാക്രോൺ പോലും പ്രതികരിച്ചു.

What is the issue with Narendra Modi Making Brazilian President Jair Bolsonaro the Chief Guest in Republic day parade 

ബ്രസീലിനെ വലച്ച ആമസോൺ കാട്ടുതീയുടെ പേരിലും ആരോപണനകൾ നേരിടേണ്ടി വന്നു ബോൾസൊനാരോയ്ക്ക്. അദ്ദേഹവും, കുപ്രസിദ്ധനായ ബ്രസീലിലെ പരിസ്ഥിതിവകുപ്പ് മന്ത്രി റിക്കാർഡോ സാലസും ഈ പ്രശ്നത്തിൽ രൂക്ഷവിമർശനങ്ങൾക്ക് വിധേയരായി. കാട്ടുതീ തടയാൻ അവർ ഒരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള നടപടികൾ സ്വീകരിച്ചു എന്നും പരാതി ഉയർന്നു.

2019 -ൽ മാത്രം ആമസോണിൽ ഉണ്ടായത് 30,194 കാട്ടുതീകളാണ്. 2018 -ലെ കാട്ടുതീകളുടെ എണ്ണത്തേക്കാൾ 77 ശതമാനം അധികമാണിത്. വ്യവസായങ്ങളുടെ വളർച്ചക്ക് വേണ്ടി കാടുവെട്ടിത്തെളിച്ചും, അതിനു മടിയുള്ളിടങ്ങളിൽ ചുട്ടെരിച്ചും, ആ കാടുകളിലെ ഗോത്രവര്‍ഗങ്ങളെ എന്നെന്നേക്കുമായി അവരുടെ ആവാസങ്ങളിൽ നിന്ന് തുരത്തിയോടിച്ചും ബോൾസൊനാരോ തന്റെ ബിസിനസ് സൗഹൃദങ്ങൾക്ക് നിലമൊരുക്കി. യാതൊരു തത്വദീക്ഷയുമില്ലാതെ ആ ബഹുരാഷ്ട്രകുത്തകകൾ ആമസോണിനെ കട്ടുമുടിച്ചു. 

What is the issue with Narendra Modi Making Brazilian President Jair Bolsonaro the Chief Guest in Republic day parade

മാരകവിഷങ്ങൾ എന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുൻവർഷങ്ങളിൽ നിരോധനപ്പട്ടികയുടെ ഭാഗമായിരുന്ന നിരവധി കെമിക്കൽ കീടനാശിനികൾ ബോൾസൊനാരോയുടെ അനുവാദത്തോടെ വീണ്ടും ബ്രസീലിന്റെ മണ്ണിലേക്ക് തിരിച്ചുവന്നു. എതിർപ്പുകൾ പ്രകടിപ്പിച്ച പരിസ്ഥിതി ഗോത്രവർഗനേതാക്കളെ നിർദാക്ഷിണ്യം വെടിവെച്ചുകൊന്നു. ബ്രസീലിലെ വനനശീകരണത്തെപ്പറ്റി മാധ്യമങ്ങളിലൂടെ തന്റെ ആശങ്കകൾ പങ്കുവെച്ചതിന് കഴിഞ്ഞ മാസം ബോൾസൊനാരോ രാജ്യത്തെ ഏറ്റവും ആദരിക്കപ്പെടുന്ന ശാസ്ത്രജ്ഞരിൽ ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കാട്ടുതീയടക്കമുള്ള പരിസ്ഥിതിനാശങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരോടും വളരെ പരുഷമായ സമീപനമാണ് അദ്ദേഹത്തിന്റെ പക്ഷത്തുനിന്നുണ്ടായത്.

2020 -ലെ റിപ്പബ്ലിക്ദിന പരേഡിൽ ഭാരത സർക്കാരിന്റെ വിശിഷ്ടാതിഥിയായി ബ്രസീലിയൻ പ്രസിഡന്റ്  ജൈർ ബോൾസൊനാരോ ഇന്ത്യൻ മണ്ണിൽ കാലുകുത്തുമ്പോൾ, ഈ വിഷയങ്ങളോടുള്ള നരേന്ദ്ര മോദിയുടെ നിലപാടും ചർച്ചാവിഷയമാകും എന്നതിൽ സംശയമില്ല. 

Follow Us:
Download App:
  • android
  • ios