Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി പരാമര്‍ശിച്ച ആ അദ്ഭുത സസ്യം ഏതാണ്? എന്താണതിന്‍റെ ഗുണങ്ങള്‍?

പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പേര് പരാമർശിച്ചതോടെ 'സോളോ'യ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ഭാരതീയർ തങ്ങളുടെ അതിർത്തിക്കുള്ളിലുള്ള ഈ അപൂർവ സസ്യത്തെപ്പറ്റി തികഞ്ഞ അഭിമാനത്തോടെ ഇന്റർനെറ്റിൽ സെർച്ചുകൾ നടത്തി. 

what is the sanjeevani plant in Ladakh
Author
Delhi, First Published Aug 10, 2019, 3:49 PM IST

2019 ഓഗസ്റ്റ് എട്ടാം തീയതി. രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി  രാഷ്ട്രത്തെ അഭിസംബോധന ചെയ്യും എന്നൊരു മുന്നറിയിപ്പ് മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് കിട്ടുന്നു. അവർ ആകെ ചിന്താകുലരായി. എന്തിനാവും ഈ പ്രത്യേക സംപ്രേഷണം? മൂന്നുവർഷം മുമ്പ് ഒരു നവംബറിൽ, ഇതുപോലെ ഒരു എട്ടുമണിക്കാണ് പ്രധാനമന്ത്രി മോഡി നോട്ടു നിരോധനം പ്രഖ്യാപിച്ചത്... ഇത്തവണ എട്ടുമണിക്ക് ഇന്ത്യയിലെ ലക്ഷോപലക്ഷം പേര്‍ ദൂരദർശന്റെ ഫീഡിനുവേണ്ടി ടെലിവിഷൻ സെറ്റുകൾക്കുമുന്നിൽ കുതൂഹലത്തോടെ കാത്തിരുന്നു. 

എന്നാൽ, പ്രധാനമന്ത്രിയുടെ ഈ അഭിസംബോധന വിശേഷിച്ചൊന്നും തന്നെ പുതുതായി പ്രഖ്യാപിച്ചുകളയാൻ വേണ്ടി ആയിരുന്നില്ല. കുറച്ചുദിവസം മുമ്പ് അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്ലിനെപ്പറ്റി ജനങ്ങളെ ഒന്ന് വിശദമായി പറഞ്ഞു മനസ്സിലാക്കിക്കണം എന്നതുമാത്രമായിരുന്നു ആ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം. 

what is the sanjeevani plant in Ladakh

കശ്മീർ വിഷയത്തെപ്പറ്റി പലതും പറഞ്ഞ കൂട്ടത്തിൽ അദ്ദേഹം തന്റെ പ്രഭാഷണത്തിനിടെ ലഡാക്കിലെ ഒരു വിശേഷയിനം സസ്യത്തെപ്പറ്റിയും ഇതാ ഇങ്ങനെ പറഞ്ഞു വെച്ചു, "ലഡാക്കിൽ 'സോളോ' എന്ന് പേരായ ഒരു സസ്യമുണ്ട്. പറയപ്പെടുന്നത് ഈ സസ്യം സമുദ്രനിരപ്പിൽ നിന്നും വളരെയധികം ഉയരത്തിൽ കഴിയുന്നവർക്ക് വേണ്ടി പ്രകൃതി കരുതിവെച്ചിരിക്കുന്ന ഒരു ഔഷധസസ്യമാണ് എന്നാണ്. മഞ്ഞുപുതച്ചുകിടക്കുന്ന കൊടുമുടികളിൽ   രാജ്യത്തിന്റെ അതിർത്തി കാക്കാൻ നിയോഗിക്കപ്പെടുന്ന നമ്മുടെ വീര സൈനികർക്ക് ഏറെ  ഗുണം ചെയ്യുന്ന ഒന്നാണിത്. വായുവിൽ ഓക്സിജൻ കുറവുള്ള ലഡാക്ക് പോലുള്ള ഇടങ്ങളിൽ  പട്ടാളക്കാരുടെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെടാതെ കാക്കുന്നതിൽ ഈ ചെടിക്ക് വലിയ പങ്കാണുള്ളത്. ഇങ്ങനെ അത്ഭുതകരമായ കഴിവുകളുള്ള ഒരു ഔഷധസസ്യത്തിൽ നിന്നുള്ള ഉത്പന്നങ്ങൾ ലോകത്തിലെമ്പാടും വിലക്കപ്പെടേണ്ടേ? പറയൂ... വേണ്ടേ? "

പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പേര് പരാമർശിച്ചതോടെ 'സോളോ'യ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ഭാരതീയർ തങ്ങളുടെ അതിർത്തിക്കുള്ളിലുള്ള ഈ അപൂർവ സസ്യത്തെപ്പറ്റി തികഞ്ഞ അഭിമാനത്തോടെ ഇന്റർനെറ്റിൽ സെർച്ചുകൾ നടത്തി. ഒടുവിൽ അന്വേഷകർ വിജയം കണ്ടു. ഈ സസ്യം പ്രാദേശികമായി അറിയപ്പെടുന്ന പേരാണ് സോളോ എന്നത്. ഇതിന്റെ ശാസ്ത്രനാമം റേഡിയോള എന്നാണ്. ഇത് ലഡാക്കിലെ ഖർദൂംഗാ എന്ന സ്ഥലത്ത് 18,000  അടി ഉയരത്തിൽ കാണപ്പെടുന്ന ഒരു സസ്യ വർഗ്ഗമാണ്. രാമായണത്തിൽ ശ്രീരാമന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി വേണ്ടി ഒരു മരുത്വമല തന്നെ അടർത്തിക്കൊണ്ടുവന്ന സഞ്ജീവനി എന്ന സസ്യത്തോടാണ് ശാസ്ത്രജ്ഞർ ഇതിനെ ഉപമിക്കുന്നത്. 

what is the sanjeevani plant in Ladakh

ഇതിന്റെ ഔഷധഗുണങ്ങളെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും തന്നെ അടുത്തകാലം വരെയും ആർക്കും ഉണ്ടായിരുന്നില്ലത്രേ. തദ്ദേശീയർ ഈ ചെടിയുടെ ഇല  പാചകത്തിനായി ഉപയോഗിക്കുമായിരുന്നു.  ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈ ആൾട്ടിട്യൂഡ് റിസർച്ച് ( DIHAR)  എന്ന കേന്ദ്രസർക്കാർ സ്ഥാപനം തങ്ങളുടെ സൈനികഗവേഷണങ്ങളുടെ ഭാഗമായി ഈ സസ്യത്തിന്മേൽ പരീക്ഷണങ്ങൾ നടത്തിയപ്പോഴാണ് ഇതിന്റെ അത്ഭുതഗുണങ്ങൾ ഒന്നൊന്നായി വെളിപ്പെട്ടത്. 

what is the sanjeevani plant in Ladakh

ഈ സസ്യത്തിൽ നിന്നും നിർമ്മിച്ചെടുക്കുന്ന പച്ചമരുന്നുകൾ സിയാച്ചിൻ ഗ്ലേഷ്യർ പോലെ പതിനെട്ടായിരത്തോളം അടി ഉയരത്തിൽ കഴിച്ചുകൂട്ടുന്ന സൈനികർക്ക് വലിയ അനുഗ്രഹമാണ്. ഈ ചെടിയിലുള്ള സെക്കണ്ടറി മെറ്റാബോളൈറ്റുകളും ഫൈറ്റോആക്റ്റീവ് കോമ്പൗണ്ടുകളും കാരണം ഈ ചെടിയിൽ നിന്നും നിർമിച്ചെടുക്കാവുന്ന മരുന്നുകൾക്ക് രോഗപ്രതിരോധ ശേഷി കൂട്ടാനും, കൂടിയ ഉയരങ്ങളിലേ വിപരീത കാലാവസ്ഥയെ നേരിടാനും, റേഡിയോ ആക്ടിവിറ്റിയെ പ്രതിരോധിക്കാനും ഒക്കെ കഴിവുകിട്ടുന്നു എന്ന് DIHAR ഡയറക്ടർ ഐബി ശ്രീവാസ്തവ, IANS -നോട് പറഞ്ഞു. ബയോകെമിക്കൽ യുദ്ധമുറകളിൽ ഉപയോഗിക്കുന്ന റേഡിയോ ആക്റ്റീവ് ബോംബുകളിൽ നിന്നും പുറപ്പെടുന്ന ഗാമാ റേഡിയേഷനുകൾക്കെതിരെ വരെ ഇത് ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഈ അപൂർവ സസ്യയിനത്തിന്റെ ശാസ്ത്രീയമായ സംരക്ഷണവും, വൻതോതിലുള്ള വളർത്തിയെടുക്കലും, ഇതിൽ നിന്നുള്ള വ്യാവസായികാടിസ്ഥാനത്തിലുള്ള  മരുന്നുനിർമ്മാണവും ഒക്കെ വിജയിച്ചാൽ അതിർത്തി കാക്കുന്ന സൈനികരെ സംബന്ധിച്ചിടത്തോളം അത് പഴയ സഞ്ജീവനീ ലതയുടെ പുനർജന്മത്തിൽ കുറഞ്ഞൊന്നുമാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ലേഹ് കേന്ദ്രീകരിച്ചുള്ള ഡിആർഡിഒയുടെ ലോകത്തിലെ ഏറ്റവും  ഉയരത്തിൽ സ്ഥിതിചെയ്യുന്ന അഗ്രോ-അനിമൽ റിസർച്ച് ലബോറട്ടറിയിൽ ഈ സസ്യത്തിൽ നിന്നും മരുന്നുണ്ടാക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയായിരുന്നു.  മാറുന്ന സാഹചര്യങ്ങളോട് യോജിച്ചുപോകാനുള്ള ശക്തി ശരീരത്തിന് പകരാനുള്ള ഈ സസ്യത്തിന്റെ കഴിവ്, വായുവിൽ ഓക്സിജന്റെ സാന്നിദ്ധ്യം കുറഞ്ഞ, അന്തരീക്ഷ മർദ്ദം കുറഞ്ഞ മേഖലകളിൽ പട്ടാളക്കാർക്ക് അതിജീവനം എളുപ്പമാക്കാൻ സഹായിക്കും. ഇതിന് വിഷാദരോഗം കുറയ്ക്കാനും, വിശപ്പ് കൂട്ടാനുമുള്ള കഴിവും ഉണ്ടെന്നു അദ്ദേഹം പറയുന്നു. 

കണ്ണെത്തും ദൂരത്തോളം വെള്ളമഞ്ഞുമാത്രം കാണാൻ കഴിയുന്ന സിയാച്ചിനിൽ പോസ്റ്റിങ്ങ് കിട്ടിവരുന്ന സൈനികർക്ക് വളരെ പെട്ടെന്ന് വിഷാദരോഗം പിടിപെടാറുണ്ട്. അതുകൊണ്ട് ഈ ദിശയിലെ ഗവേഷങ്ങളിൽ സൈന്യത്തിന് ഏറെ പ്രതീക്ഷകളുണ്ട്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെയും മഞ്ഞുപുതച്ച മലകളിൽ ഈ സസ്യമുണ്ട്. അവരും ഇതേ മരുന്നുകൾക്കായുള്ള ഗവേഷണത്തിലാണ്. ഇപ്പോൾ തന്നെ ചൈനയിലെയും മംഗോളിയയിലെയും നാട്ടുവൈദ്യന്മാർ ഈ ചെടിയുടെ ചാറ് ഉയരക്കൂടുതൽ കാരണമുള്ള അസുഖങ്ങൾക്കും, ക്ഷയത്തിനും, കാൻസറിനും മറ്റുമുള്ള മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിച്ച് വരുന്നുണ്ട്. റഷ്യൻ ശാസ്ത്രജ്ഞരാണെങ്കിൽ ഈ സസ്യത്തിൽ നിന്നുള്ള ഉത്പന്നങ്ങൾ കായികതാരങ്ങളും, ബഹിരാകാശ സഞ്ചാരികളിലും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 

സോളോയിൽ നിന്നുള്ള വ്യവസായികാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങൾ അധികം താമസിയാതെ പൊതുജനങ്ങൾക്കും ലഭ്യമാക്കുമെന്ന് ഡിആർഡിഒയിലെ സോളോ സംബന്ധിയായ ഗവേഷണങ്ങളുടെ തലവൻ ഓ പി ചൗരസ്യ അറിയിച്ചു.

Follow Us:
Download App:
  • android
  • ios