എന്നാൽ, ചിലർക്ക് സുഖദമായ ഒരു ദൃശ്യാനുഭവമല്ല ആ പരസ്യം. മുസ്‌ലിം പയ്യനെ സഹായിച്ചത് ഒരു ഹിന്ദു പെൺകുട്ടിയാണ്. ആ പ്രവൃത്തിയിൽ അവർ ലൈംഗികത ആരോപിക്കുന്നു. ഈ പരസ്യം 'ലവ് ജിഹാദ്' എന്ന ഗൂഢാലോചനയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്ന് ആക്രോശിച്ചുകൊണ്ട് ആ പരസ്യത്തെ നിരോധിക്കാനും, സർഫ് എക്സൽ മാത്രമല്ല, മൈക്രോസോഫ്റ്റ് എക്സൽ പോലും വർജ്ജിക്കാനും ഒക്കെയുള്ള ആഹ്വാനങ്ങൾ സൈബർ ചക്രവാളങ്ങളിൽ മുഴങ്ങുന്നു.
ഹോളി എന്നുവെച്ചാൽ ഉത്തരേന്ത്യക്കാർക്ക് ഹരമാണ്. വർണ്ണങ്ങളുടെ ഉത്സവമാണ് ഹോളി. അന്നേദിവസം ഉത്തരേന്ത്യയിലെ എല്ലാ വീടുകളുടെയും മട്ടുപ്പാവുകളിൽ പിള്ളേർ നിറങ്ങൾ വെള്ളത്തിൽ കലക്കി, അതിനെ ബലൂണുകളിൽ നിറച്ച് തയ്യാറായിരിക്കും. താഴെ തെരുവുകളിൽ പീച്ചാംകുഴലുകൾക്കുള്ളിലും അതുവഴി പോവുന്ന ആരുടേയും വസ്ത്രങ്ങളിൽ നിറങ്ങൾ പടർത്താൻ വേണ്ടത്ര നിറങ്ങൾ കലക്കി തയ്യാറായി നിൽപ്പുണ്ടാവും കുട്ടിക്കൂട്ടം. അതിനു പുറമെയാണ് പൊടികൾ കയ്യിലെടുത്തു നിൽക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും നേരിട്ടുള്ള നിറം തേപ്പ്. ചുരുക്കിപ്പറഞ്ഞാൽ, ഇവർ ഈ ആഘോഷം തുടങ്ങിയാൽ പിന്നെ ആർക്കും രക്ഷ കിട്ടില്ലെന്നർത്ഥം.
അങ്ങനെ എരിഞ്ഞെറിഞ്ഞ് അവരുടെ നിറങ്ങളൊക്കെ തീരുന്നു
ഈ ഒരു പശ്ചാത്തലത്തിലാണ് സർഫ് എക്സൽ എന്ന ഉൽപ്പന്നത്തിന്റെ സുന്ദരമായ ഒരു പരസ്യം വരുന്നത്. ഹോളി ആഘോഷങ്ങൾക്കിടെ ജുമാ നിസ്കരിക്കാൻ പോവാനായി വെളുത്ത കുർത്തയും പൈജാമയും വെള്ള വട്ടത്തൊപ്പിയും ഒക്കെ ധരിച്ച് തയ്യാറെടുക്കുന്ന ഒരു ബാലൻ. പുറത്ത് ഹോളി ആഘോഷങ്ങൾ തിമിർത്തുനടക്കുകയാണ്. അവനെ സംബന്ധിച്ചിടത്തോളം അപ്പോൾ പുറത്തേക്കിറങ്ങി നടന്നുപോവുന്നത്, ലാൻഡ് മൈനുകൾ നിറഞ്ഞ കാർഗിൽ യുദ്ധഭൂമിയിലൂടെ നടന്നുപോവുന്നതിലും അപായകരമാണ്. നിസ്കാരത്തിന്റെ പ്രമാണങ്ങളിൽ ആദ്യത്തേത് വൃത്തിയാണ്. ശുദ്ധമായ വസ്ത്രങ്ങൾ അണിഞ്ഞ് വുളു ചെയ്ത് പൂർണ്ണശുദ്ധിയോടെ ചെയ്യേണ്ടുന്ന ഒരു അനുഷ്ഠാനമാണത്. പുറത്ത് ആഘോഷത്തിനായി ത്രസിക്കുന്ന ആ തെരുവ് പിന്നിട്ട്, ദേഹത്ത് നിറം പുരളാതെ, തന്റെ മസ്ജിദിൽ എത്തിപ്പെടുക അവനെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു ദൗത്യമാണ്. അപ്പോഴാണ് രക്ഷകയുടെ റോളിൽ ഒരു ബാലിക എത്തുന്നത്. അവൾ മട്ടുപ്പാവിൽ നിൽക്കുന്ന കുട്ടികളെയെല്ലാം പറഞ്ഞിളക്കുന്നു. തന്നെ നിറങ്ങൾ വാരിയെറിയാൻ അവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ എരിഞ്ഞെറിഞ്ഞ് അവരുടെ നിറങ്ങളൊക്കെ തീരുന്നു, അപ്പോഴേക്കും അവളുടെ ഫ്രോക്കിൽ സകലവർണ്ണങ്ങളുടേയും കറകൾ പറ്റുന്നു.
തെരുവിലെ മട്ടുപ്പാവുകളിലെയെല്ലാം വർണ്ണക്കൂട്ടുകൾ തീർന്നെന്നുറപ്പിച്ചുകഴിഞ്ഞപ്പോൾ അവൾ തന്റെ കൂട്ടുകാരന് പുറത്തേക്കിറങ്ങാനുള്ള സിഗ്നൽ കൊടുക്കുന്നു. തൂവെള്ള വസ്ത്രങ്ങളണിഞ്ഞ് നിസ്കാരത്തിനു തയ്യാറായി വന്ന അവനെയും സൈക്കിളിനുപിന്നിലിരുത്തി അവൾ നിറങ്ങൾ തീർന്നുപോയ തെരുവിലൂടെ നിർബാധം സൈക്കിളോടിച്ച് പോവുന്നു. ഒരു ബലൂൺ ബാക്കി വന്നിരുന്നു. അതെടുത്ത് എറിയാൻ മട്ടുപ്പാവിലെ ഏതോ ഒരു കുട്ടി ആയുമ്പോൾ, പെൺകുട്ടി നേരത്തെ നിറങ്ങളൊക്കെ ഏറ്റുവാങ്ങിയതിലെ നന്മ തിരിച്ചറിഞ്ഞ ഏറുകാരിൽ ഒരാൾ അവനെ വിലക്കുന്നു. അവരെ നിറംപറ്റാതെ പോവാൻ അനുവദിക്കുന്നു. അവനെ പള്ളിപ്പടിക്കൽ ഇറക്കുമ്പോൾ അവൾ പറയുന്നുണ്ട്, നിസ്കാരം കഴിഞ്ഞു വന്നാൽ നിന്റെ മേൽ നിറങ്ങൾ പൂശും എന്ന്.. അതായത് ഞങ്ങളുടെ ആഘോഷങ്ങളിൽ നീയും പങ്കുചേർന്നേ പറ്റൂ, ഇപ്പോൾ നിന്റെ ആരാധനയ്ക്കായി ഞാൻ ചെറിയ ഒരു ഒഴിവു തന്നതാണ് നിനക്കെന്ന്. അവൻ ചിരിച്ചുകൊണ്ട് സമ്മതിക്കുന്നു. 'കറ നല്ലതാണ്.. ' എന്ന് സർഫ് എക്സൽകാരൻ പറയുമ്പോൾ ഭൂരിഭാഗം പേരുടെയും ഉള്ളിൽ സന്തോഷം തോന്നുന്നു.
എന്നാൽ, ചിലർക്ക് സുഖദമായ ഒരു ദൃശ്യാനുഭവമല്ല ആ പരസ്യം. മുസ്‌ലിം പയ്യനെ സഹായിച്ചത് ഒരു ഹിന്ദു പെൺകുട്ടിയാണ്. ആ പ്രവൃത്തിയിൽ അവർ ലൈംഗികത ആരോപിക്കുന്നു. ഈ പരസ്യം 'ലവ് ജിഹാദ്' എന്ന ഗൂഢാലോചനയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്ന് ആക്രോശിച്ചുകൊണ്ട് ആ പരസ്യത്തെ നിരോധിക്കാനും, സർഫ് എക്സൽ മാത്രമല്ല, മൈക്രോസോഫ്റ്റ് എക്സൽ പോലും വർജ്ജിക്കാനും ഒക്കെയുള്ള ആഹ്വാനങ്ങൾ സൈബർ ചക്രവാളങ്ങളിൽ മുഴങ്ങുന്നു.
നമ്മളോർക്കേണ്ടത്, ഈ പരസ്യത്തിൽ പരാമർശിക്കുന്ന സാഹചര്യത്തിന്റെ മറ്റൊരു സാധ്യതയെപ്പറ്റിയാണ്. ആ കുട്ടി വെള്ളയും വെള്ളയുമിട്ടു പുറത്തിറങ്ങിയ നേരത്ത് അവനെ രക്ഷിക്കാൻ, അവനുവേണ്ടി ഹോളിയുടെ നിറക്കൂട്ടുകൾ ഏറ്റുവാങ്ങാൻ സൈക്കിളിൽ ആ പെൺകുട്ടി ഇല്ലായിരുന്നെങ്കിലോ..? എങ്കിൽ സ്വാഭാവികമായും അവന്റെ വെള്ള വസ്ത്രങ്ങളിൽ നാട്ടിലുള്ള സകല വർണ്ണങ്ങളും പടർന്നേനെ. നിസ്കാരം വിശുദ്ധിയോടെ മാത്രം അനുഷ്ഠിക്കേണ്ട ഒന്നാകയാൽ അവന്റെ പ്രാർത്ഥന മുടങ്ങിയേനെ. തന്റെ നിസ്കാരം മുടക്കിയവരിൽ ചിലരോടെങ്കിലും ചിലപ്പോൾ അവൻ അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്ത് വഴക്കിട്ടേനെ. അവൻ ഒറ്റയ്ക്കായതിനാൽ ഭൂരിപക്ഷം വരുന്ന ഹോളി പ്രേമികൾ ചേർന്ന് അവനെ പഞ്ഞിക്കിട്ടേനെ. അടികൊണ്ട പരിക്കുകളുമായി അവൻ കരഞ്ഞുപിടിച്ച് തന്റെ വീട്ടിലേക്ക് പോയേനെ.
ഇത്തവണത്തെ വിഷയം പെൺകുട്ടിയോ ആൺകുട്ടിയോ എന്നുള്ളതല്ല
ഹോളി നിറങ്ങളുടെ ഉത്സവമാണ്. പണ്ടുമുതലേ നമ്മൾ കണ്ടുവരുന്നതെന്താണ്. ആ വഴിയ്ക്ക് പോവുന്ന ഒരുത്തനെയും വിടരുത്. നിറം പൂശിയിട്ടുമാത്രമേ നമ്മളെ കടന്നുകൊണ്ട് ഒരാൾ പോവാൻ പാടുള്ളൂ. വരുന്നയാൾ മാനസികമായി നമ്മുടെ കളിയ്ക്ക് തയ്യാറാണോ ഇല്ലയോ എന്നത് നമ്മൾ അന്വേഷിക്കാൻ മെനക്കെടുന്നതേയില്ല. ഒരാളെയും വിടരുത് എന്നാണ് മൂത്തവർ കുട്ടികളെ പഠിപ്പിക്കുന്നത്. മുതിർന്നവർ ഹോളി ആഘോഷങ്ങൾക്കിടെ ഭാംഗ് എന്ന ലഘുലഹരി ചെലുത്തും. ലഹരികൂടി സീനിൽ വരുമ്പോൾ പലപ്പോഴും ഈ 'ഒരാളെയും വിടരുത്' എന്ന നിർദ്ദേശം അറിയാതെയെങ്കിലും ഹിംസയിൽ കലാശിക്കും. മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്നതിലും. അപൂർവം ചിലപ്പോൾ ലൈംഗിക അതിക്രമത്തിലും. ഹോളി ആഘോഷം എന്ന പേരിൽ ഒരു പുരുഷൻ മറ്റൊരു സ്ത്രീയെ സ്പർശിക്കാമോ എന്ന ചോദ്യം ആഘോഷത്തിമിർപ്പിനിടെ അസാധുവാകുന്നു. ഇപ്പോൾ സർഫ് എക്സൽ പരസ്യത്തെ എതിർക്കുന്നവരെല്ലാം തന്നെ പീഡകരോ പീഡനത്തിനെ പ്രോത്സാഹിപ്പിക്കുന്നവരോ ആണെന്നല്ല. അവിടെ 'ഉഭയസമ്മത'ത്തിന്റെ ഒരു വിഷയമുണ്ട് എന്നത് പരിഗണിക്കപ്പെടാതെ പോവരുത് എന്നുമാത്രം.
മട്ടുപ്പാവിൽ നിന്നുകൊണ്ട് ഹോളി കളിക്കുന്ന ആൺകുട്ടികൾ വലുതാവുന്നു. തെരുവിലേക്ക് സൈക്കിളുകളിൽ ഇറങ്ങുന്ന പെൺകുട്ടികളുമതേ. ആഘോഷങ്ങൾ ഒരൊറ്റ ദിവസത്തിൽ ഒടുങ്ങുന്നില്ല. ഹോളിയുടെ തലേന്നോ പിറ്റേന്നു ഒക്കെ പ്രധാനപ്പെട്ട ഒരു ഇന്റർവ്യൂവിനോ അല്ലെങ്കിൽ ഓഫീസിലേക്കോ ഒക്കെ പോവുന്നവരുടെ മേൽ അവരുടെ സമ്മതമില്ലാതെ നിറങ്ങൾ ചാർത്തുന്നു. അത് അവരെ എങ്ങനെ ബാധിക്കുന്നു എന്ന് ചോദ്യമില്ല. കാമ്പസുകളിൽ പെൺകുട്ടികളുടെ കൈക്കുപിടിച്ചുകൊണ്ട് മറ്റുള്ള ആൺകുട്ടികൾ അവരുടെ കവിളുകളിൽ കൈകൊണ്ട് നിറങ്ങൾ വാരിപ്പൂശുന്നു. ഞാൻ നിന്നെ തൊടുന്നതിൽ നിനക്ക് വിരോധമുണ്ടോ എന്ന ചോദ്യമില്ലവിടെ. " ബുരാ നാ മാനോ... ഹോളി ഹേ.. " എന്ന ഒരൊറ്റ ജാമ്യത്തിൽ തീരും എല്ലാ അപമര്യാദകളുടെയും പാപഭാരം. എല്ലാ തമാശകളും രസകരമാവുന്നത് രണ്ടുപക്ഷവും അതിനെ ഒരുപോലെ ആസ്വദിക്കുമ്പോഴാണ്. എന്നാൽ നമ്മൾ സിനിമകളിൽ കണ്ടു ശീലിച്ചിരിക്കുന്നത്, ഹോളി കളിക്കാൻ മടി കാണിക്കുന്നവരുടെ അനിഷ്ടത്തിലും ഒരിഷ്ടമൊക്കെ ഉണ്ടെന്നാണ്.
ഇത്തവണത്തെ വിഷയം പെൺകുട്ടിയോ ആൺകുട്ടിയോ എന്നുള്ളതല്ല. ഹോളി എല്ലാവരും കളിച്ചേ പറ്റൂ എന്നതാണ് ഭാവം. എന്താ നിങ്ങൾക്ക് ഞങ്ങളുടെ ആഘോഷങ്ങളിൽ പങ്കുചേർന്നാൽ..? നിങ്ങളുടെ മതം അങ്ങ് അലിഞ്ഞു പോവോ..? എന്നാണ് ചോദ്യം. തിരിച്ചും അതേ ചോദ്യം തന്നെയാണുള്ളത്. നൂറുപേരിൽ ഒരു വെള്ളക്കുർത്തക്കാരന്റെ മേൽ നിറം പടർത്തിയില്ല എന്നുവെച്ച് നിങ്ങളുടെ മതം ഇല്ലാതാവുമോ..? ആഘോഷങ്ങൾ നിറം മങ്ങിപ്പോവുമോ..?
ഇതിൽ ലവ് ജിഹാദിന്റെ റെഫറൻസ് ആപത്കരമായ ഒരു സൂചനയാണ്. ഒരു പെൺകുട്ടി കൂട്ടുകാരനായ ഒരു ആൺകുട്ടിയെ സഹായിക്കാൻ സന്മനസ്സുകാണിക്കുന്നത് എങ്ങനെയാണ് ലവ് ജിഹാദായി മാറുന്നത്..? കുട്ടികളുടെ നിഷ്‌കളങ്ക സൗഹൃദങ്ങളിൽ അനാവശ്യമായി ഇത്തരം ആരോപണങ്ങളുടെ കളങ്കം ചാർത്തുന്നത് ചുരുങ്ങിയ ഭാഷയിൽ പറഞ്ഞാൽ നീചത്വമാണ്. കുട്ടികളെ അല്ലെങ്കിൽ തന്നെ ചെറുപ്പത്തിലേ വെവ്വേറെ വളർത്തിക്കൊണ്ടുവന്ന് അവർ തമ്മിൽ നൈസർഗികമായ ഒരു സൗഹൃദങ്ങളും സാധ്യമല്ലാത്ത സാമൂഹിക സാഹചര്യം സൃഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിനിടയിലേക്കാണ് ഈ വിഷാശം കൂടി കടന്നുവരുന്നത്. അവർക്കിടയിലെ സ്വാഭാവിക സൗഹൃദം നമ്മുടെ സദാചാരഘടനയ്ക്ക് ഒരു അപായമായി കണ്ടാണ് നമ്മൾ ഇത്തരത്തിലുള്ള പ്രതികരണവുമായി വരുന്നത്.
ഇന്ന് ഈ പരസ്യം അതേ കാരണം കൊണ്ടുതന്നെ ലക്ഷക്കണക്കിന് പേര് കണ്ട് വൈറലായിക്കഴിഞ്ഞു
ഈ പരസ്യം നിങ്ങൾ ഒരിക്കൽ കൂടി കാണണം. ഇത് ഐതിഹാസികമായ ഒരു പരസ്യമായതുകൊണ്ടല്ല.. പരസ്യകലയുടെ ഉദാത്ത മാതൃകയാണ് ഈ പരസ്യമെന്നും പറയാൻ പറ്റില്ല. ഇതൊരു കലാസൃഷിയാണ് എന്നുളള അവകാശവാദം പോലുമില്ല. ഇത് കാണേണ്ടത്, മറ്റുചിലകാരണങ്ങളാലാണ്. സഹജീവികളോട് അനുവാദം ചോദിക്കുന്നതുകൊണ്ട് നമ്മുടെ പൗരുഷത്തിന്റെ ഉടവ് പറ്റില്ലെന്നും, മറ്റുമതക്കാരോട് ഒരല്പം സൗജന്യം നമ്മുടെ ആഘോഷങ്ങൾക്കിടയിൽ കാണിച്ചെന്നുവെച്ച് ആഘോഷങ്ങളുടെ പകിട്ടിന് ഒട്ടും കുറവ് വരില്ലെന്നും ഈ പരസ്യം നമ്മളെ പഠിപ്പിക്കുന്നു. മതപരമായ വിവാദങ്ങൾ ഇത്രയ്ക്കു കളങ്കം ചാർത്തിയില്ലായിരുന്നെങ്കിൽ ഈ പരസ്യം ഇത്രയൊന്നും ആളുകൾ കാണുകപോലും ചെയ്യില്ലായിരുന്നു. ഇന്ന് ഈ പരസ്യം അതേ കാരണം കൊണ്ടുതന്നെ ലക്ഷക്കണക്കിന് പേര് കണ്ട് വൈറലായിക്കഴിഞ്ഞു. ഇതൊരു മതേതരത്വത്തിന്റെ കെട്ടുകാഴ്ചയല്ല. സുവ്യക്തമായൊരു രാഷ്ട്രീയമാണ് ഇത് മുന്നോട്ടുവെക്കുന്നത്. നമ്മുടെ മുതിർന്നവരെ അവരുടെ ക്രോധങ്ങളിൽ നിന്നും രക്ഷിച്ചെടുക്കാൻ ചരിത്രത്തിൽ ഇതുപോലുള്ള പെൺ കുരുന്നുകൾ എന്നുമുണ്ടാവും. നമ്മളൊക്കെ വളർന്ന് വലുതാവുമ്പോൾ ആയിത്തീരേണ്ടത് ആ പെൺകുട്ടിയാണ്.
( An independent translation of an article by Prateeksha PP in The Lallantop)
