ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) അഥവാ പ്രതിരോധ സേനാ തലവൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു മുമ്പാകെ, ഇന്ത്യൻ സൈന്യത്തിൽ ഇങ്ങനെ ഒരു പുതിയ സ്ഥാനം കൊണ്ടുവരുന്നതിനെപ്പറ്റി ആദ്യമായി പരാമർശിക്കുന്നത് 2019 -ലെ സ്വാതന്ത്ര്യദിനത്തിന്, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയിൽ നിന്ന് നടത്തിയ തന്റെ പ്രസംഗത്തിനിടെയാണ്. ഡിസംബർ 24 -ന്, അതായത് ഇന്നലെ,  വാർത്താവിതരണ വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കറും ഈ വിവരം സ്ഥിരീകരിക്കുകയുണ്ടായി. ഇങ്ങനെയൊരു തീരുമാനത്തിന് വേണ്ട കാബിനറ്റ് അനുമതി കിട്ടിക്കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സംബന്ധിച്ച വളരെ വിശദമായ ഒരു പത്രക്കുറിപ്പ് അധികം താമസിയാതെ പ്രതീക്ഷിക്കാമെന്നും അന്നദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കഴിഞ്ഞ കുറേ പതിറ്റാണ്ടുകൾക്കിടയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വിപ്ലവാത്മകമായ പരിഷ്കാരമെന്നാണ് ഈ ഒരു പുതിയ സ്ഥാനം സൈന്യത്തിൽ അവതരിപ്പിച്ചതിനെ പ്രതിരോധ രംഗത്തെ വിദഗ്ധർ കാണുന്നത്. 

എന്താണ് ഡിസംബർ 24 -ന് നടന്നത് ?

ഇന്നലെ പ്രതിരോധസംബന്ധിയായ മന്ത്രിതല സമിതി(Cabinet  Committee  on  Defence) യുടെ ഒരു സുപ്രധാനയോഗം ചേർന്നിരുന്നു. അതിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ(NSA) അജിത് ഡോവലും പങ്കെടുത്തിരുന്നു. അദ്ദേഹം നേതൃത്വം നൽകിയ ഒരു ഉന്നതതല സമിതി തയ്യാറാക്കിയ ഒരു റിപ്പോർട്ട് ഈ പ്രതിരോധ സമിതിക്ക് മുന്നിൽ ചർച്ചക്കുവെച്ചു. അതിൽ നിയുക്ത പ്രതിരോധ സേനാ തലവന്റെ ഉത്തരവാദിത്തങ്ങളെപ്പറ്റിയുള്ള മാർഗ്ഗനിർദേശങ്ങളുടെ കരട് രൂപമാണുണ്ടായിരുന്നത്. പ്രസ്തുത കരട് രേഖയ്ക്ക് ഈ സമിതി ഏകകണ്ഠമായി അംഗീകാരം നൽകിയതോടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയ്ക്കും അന്തിമാംഗീകാരം ലഭിച്ചു. 

ഇപ്പോൾ ഒരു  പ്രതിരോധ സേനാ തലവന്റെ ആവശ്യമുണ്ടോ?

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇങ്ങനെ ഒരു പ്രതിരോധ സേനാ തലവന്റെ സ്ഥാനം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നതാണ്. ആ സൈനികത്തലവൻ നേരിട്ട് വൈസ്രോയ്ക്കായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. സ്വാതന്ത്ര്യം കിട്ടി, ഇന്ത്യയിൽ ജനാധിപത്യ സർക്കാരുകൾ നിലവിൽ വന്നപ്പോൾ, ഇങ്ങനെ, രാജ്യത്തിലെ സകല സൈന്യത്തിന്റെയും അധികാരം കയ്യാളുന്ന ഒരു പ്രതിരോധ സേനാ തലവൻ പദവിയുടെ ആവശ്യമില്ല എന്നൊരു അഭിപ്രായം ഉയർന്നുവന്നു . 1955 അടുപ്പിച്ചാണ് ഈ ഒരു അധികാര സ്ഥാനം ഇല്ലാതാക്കുന്നതും പകരം ആർമി, നേവി, എയർഫോഴ്സ് എന്നിവയ്ക്ക് വെവ്വേറെ തലവന്മാർ വരുന്നത്. ഏറെക്കുറെ അതേ സംവിധാനമാണ് ഇന്നും നിലവിലുള്ളത്. 

ഇങ്ങനെ ഒരു സ്ഥാനമില്ലാത്തതിന്റെ കുറവ്, അതുകൊണ്ടുണ്ടാകുന്ന ദൗർബല്യങ്ങൾ ഒക്കെ വെളിച്ചത്തുവന്നത് 1999 -ൽ കാർഗിൽ യുദ്ധമുണ്ടായപ്പോഴാണ്. അന്നത്തെ യുദ്ധത്തിൽ കരസേനയും വായുസേനയും തമ്മിൽ വേണ്ടത്ര ഒത്തിണക്കമുണ്ടായിരുന്നില്ല എന്ന് അന്ന് അണിയറയിൽ സംസാരമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങളെപ്പറ്റി പഠിക്കാനായി നിയോഗിച്ച സമിതിയാണ് കാർഗിൽ റിവ്യൂ കമ്മിറ്റി. 

ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിന്റെ പരിഗണനയ്ക്ക് വന്നത് 2000-ലായിരുന്നു. ഈ റിപ്പോർട്ടിൽ ഒരു കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു. കാർഗിൽ യുദ്ധത്തിനിടെ ഉണ്ടായ ഏകോപനക്കുറവ് ഭാവിയിൽ സംഭവിക്കാതിരിക്കാൻ വേണ്ടി മൂന്നു സേനയുടെയും തലവന്മാർക്ക് മുകളിലായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അഥവാ പ്രതിരോധ സേനാ തലവൻ  എന്ന ഒരു പദവി അടിയന്തരമായി കൊണ്ടുവരണം. എന്നാൽ അന്നത്തെ സർക്കാരുകൾ ഈ നിർദേശത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണുണ്ടായത്. 

കാർഗിൽ റിവ്യൂ കമ്മിറ്റിക്ക് തുടർച്ചയായി പിന്നെയും കമ്മിറ്റികൾ വന്നു. 2012 -ൽ വന്നതാണ് നരേഷ് ചന്ദ്ര അധ്യക്ഷനായ കമ്മിറ്റി. കാർഗിൽ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ പഠനം നടത്താനായിരുന്നു ഈ സമിതി.  ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഉണ്ടാക്കിയില്ലെങ്കിലും CDS കമ്മിറ്റിക്ക് ഒരു സ്ഥിരാദ്ധ്യക്ഷനെങ്കിലും ഉണ്ടാവട്ടെ എന്നായിരുന്നു നരേഷ് ചന്ദ്ര കമ്മിറ്റിയുടെ നിർദേശം. അങ്ങനെ അന്ന് 2016 -ൽ ലെഫ്റ്റനന്റ് ജനറൽ ശേട്കർ അധ്യക്ഷനായ CDS കമ്മിറ്റി വന്നു. ഈ കമ്മിറ്റി സമർപ്പിച്ച 99 നിർദേശങ്ങളിൽ ഒന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി വേണം എന്നുതന്നെയായിരുന്നു. എന്നാൽ, 2019 ഓഗസ്റ്റ് 15 -ന് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വരും വരെ ഇക്കാര്യത്തിൽ കൃത്യമായ ഒരു ഇച്ഛാശക്തി എങ്ങുനിന്നും ദൃശ്യമായിരുന്നില്ല. 

എങ്ങനെയായിരിക്കും ഇനി വരാൻ പോകുന്ന പ്രതിരോധ സേനാ തലവന്റെ പ്രവർത്തനം 

മന്ത്രിസഭാ അനുമതി  ലഭ്യമായ വിവരം പുറത്തുവിട്ടുകൊണ്ട് ജാവദേക്കർ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ വിവരങ്ങൾ പ്രകാരം, 

1 . പ്രതിരോധ സേനാ തലവൻ  അഥവാ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നത് ഒരു ഫോർ സ്റ്റാർ ജനറൽ പദവി ആയിരിക്കും. ഇപ്പോൾ സേനാധ്യക്ഷന്മാർക്ക് കിട്ടുന്ന അതേ വേതനവും അനുകൂല്യങ്ങളുമാവും ഈ പുതിയ പദവിക്കും ലഭിക്കുക. 
2 . ആഭ്യന്തര വകുപ്പിൽ മൂന്നു സേനയുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സ് രൂപീകരിക്കപ്പെടും. പ്രതിരോധ സേനാ തലവനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല. കാബിനറ്റ് റാങ്കോടുകൂടിയ ഒരു പദവിയായിരിക്കും ഇത്. അതേസമയം ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് എന്ന ഇപ്പോൾ നിലവിലുള്ള വിഭാഗം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനം പഴയപോലെ തുടരുന്നതാണ്. 
3 . രാജ്യത്തെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ, ഡിഫൻസ് പ്ലാനിങ് കമ്മിറ്റി എന്നിവയുടെ, അതായത് പ്രതിരോധസംബന്ധിയായ ഇടപാടുകളുടെയും, പ്ലാനിങ്ങിന്റെയും മേല്നോട്ടത്തിനുള്ള കമ്മിറ്റികളുടെ , യോഗങ്ങളിൽ CDS ന്റെ സാന്നിധ്യമുണ്ടായിരിക്കും. അതായത് ഇനി ഒരു വിമാനം അല്ലെങ്കിൽ ഒരു മിസൈൽ, ഒരു ടാങ്ക് അങ്ങനെ എന്തും  ഇന്ത്യൻ സൈന്യത്തിന് വാങ്ങണമെങ്കിൽ അതിൽ CDS -ന്റെ ഇടപെടലുണ്ടാകും. പ്രതിരോധ ബഡ്ജറ്റ് കഴിയുന്നത്ര ചുരുക്കമാണ് രാജ്യം ആഗ്രഹിക്കുന്നത്. ആ വെട്ടിച്ചുരുക്കലിന്റെ നേരിട്ടുള്ള മേൽനോട്ടം ഇനി CDS നിർവഹിക്കും.
4 . കാബിനറ്റ് പദവി ഉള്ളതുകൊണ്ട് പണം വകയിരുത്താനും ചെലവിടാനുമുള്ള അധികാരവും CDS നുണ്ടാകും. അത് എത്ര എങ്ങനെ എന്നകാര്യം ഇനിയും വ്യക്തമായിട്ടില്ല. 
5 . CDS ന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സേനയുടെ ഒരു കമാൻഡും ഉണ്ടാകില്ല. അവരുടെ തലവന്മാരായിരിക്കും CDS -ന് റിപ്പോർട്ട് ചെയ്യുന്നത്. 

ആരായിരിക്കും ഈ പ്രതിരോധ സേനാ തലവൻ ?

ഇത്രയൊക്കെ വെളിപ്പെടുത്തി എങ്കിലും ആരായിരിക്കും ആ പ്രതിരോധ സേനാ തലവൻ എന്നുമാത്രം ജാവഡേക്കർ വെളിപ്പെടുത്തിയില്ല. അധികാരവും, ഉത്തരവാദിത്തങ്ങളും സംബന്ധിച്ചുള്ള എല്ലാ കടലാസുപണികളും പൂർത്തിയായാൽ ഉടനടി പേര് പ്രഖ്യാപിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പറഞ്ഞു കേൾക്കുന്ന പേരുകളിൽ ഏറ്റവും സാധ്യതയുള്ളത് ആർമി ചീഫ് ആയ ജനറൽ ബിപിൻ റാവത്തിന്റേതാണ്. അദ്ദേഹമാണ് മൂന്ന് സേനാതലവന്മാരിൽ ഏറ്റവും സീനിയർ.  CDS കമ്മിറ്റിയുടെ ഇപ്പോഴത്തെ അധ്യക്ഷനും അദ്ദേഹം തന്നെ. പ്രതിരോധ സേനാ തലവൻ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കപ്പെട്ടാൽ കരസേനയ്ക്ക് പുതിയ തലവനെ അന്വേഷിക്കേണ്ടി വരും. അങ്ങനെ വന്നാൽ കരസേനയുടെ ഇപ്പോഴത്തെ ഉപസേനാധിപൻ മനോജ് മുകുന്ദ് നരാവണേ ആ സ്ഥാനം ഏറ്റെടുക്കും. എന്നാൽ ഇതൊക്കെ ഇപ്പോഴും സാദ്ധ്യതകൾ മാത്രമാണ്. പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

അണിയറയിൽ ഒരുങ്ങുന്നത് വൻ പരിഷ്‌കാരങ്ങൾ 

ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തന ശൈലിയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ നരേന്ദ്ര മോദി സർക്കാരിന് പദ്ധതിയുണ്ട്. സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി സ്റ്റാഫിന്റെ എണ്ണം പരമാവധി കുറക്കാൻ പദ്ധതിയുണ്ട്.  കര-വായു-നാവിക സേനയ്ക്ക് പരസ്പരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന സാഹചര്യം ഉടനടി ഉണ്ടാക്കും എന്നാണ് പറയപ്പെടുന്നത്. വെർട്ടിക്കൽ ഇന്റഗ്രേഷൻ എന്നാണ്  ഇതിന് പറയുന്ന പേര്. ഇതെല്ലം ചെലവുചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഉടൻ നടപ്പിൽ വരാൻ പോകുന്ന മറ്റൊരു വിപ്ലവകരമായ പരിഷ്‌കാരം ട്രൈ സർവീസ് തിയറ്റർ കമാൻഡ് എന്നതാണ്. 

എന്താണ് ട്രൈ സർവീസ് തിയറ്റർ കമാൻഡ് ?

ഇപ്പോൾ നിലവിലുള്ള സംവിധാനം പ്രകാരം ഇന്ത്യൻ സൈന്യം മൂന്നു വിഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്. കര, വ്യോമ, നാവിക സേനയ്ക്ക് ഇന്ത്യയിൽ പലയിടങ്ങളിലായി അവരുടെ പല കമന്റുകളുണ്ട്. ഉദാഹരണത്തിന് ആർമിയുടെ നോർത്തേൺ കമാൻഡ് ഉദ്ധംപൂരിലാണ്. വ്യോമസേനയുടെ വെസ്റ്റേൺ കമാൻഡ് ദില്ലിയിലാണ്. അല്ലെങ്കിൽ, നാവികസേനയുടെ സതേൺ കമാൻഡ് കൊച്ചിയിലാണ്. ഇതുപോലെ നാലുവീതം കമന്റുകളായി മൂന്നു സേനാവിഭാഗങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിലായി സ്ഥാപിതമാണ്. ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ ഏതെങ്കിലും ഒരു അക്രമണത്തിനായുള്ള ഇവയുടെ ഏകോപനം വളരെ ദുഷ്കരമായ ഒരു അഭ്യാസമാകും. 'തിയറ്റർ കമാൻഡ്' എന്ന സങ്കൽപം  പ്രസക്തമാകുന്നത് അവിടെയാണ്. അതിൽ നമ്മുടെ രാജ്യത്തെ പല ഓപ്പറേഷണൽ തിയറ്ററുകളായി തിരിക്കും. ഓരോ തിയറ്റർ കമാൻഡർക്കും കീഴിൽ മൂന്നു വിഭാഗങ്ങളിലെയും സൈന്യം ഉണ്ടായിരിക്കും.  

ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ വളരെ പെട്ടന്ന്, വേണ്ട യുദ്ധസാമഗ്രികളും വിമാനങ്ങളുമെല്ലാം നിയോഗിച്ചുകൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താം എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. എന്നാൽ, വൻ പണച്ചെലവുള്ള ഒരു അഭ്യാസമായി ഇത് മാറാം. കാരണം, ഒരു തിയറ്റർ കമാണ്ടിനുള്ളിൽ തന്നെ ആക്രമണത്തിന് വേണ്ട യുദ്ധസാമഗ്രികൾ ശേഖരിക്കേണ്ടതുണ്ട്. ഇപ്പോൾ, വേണ്ടത്ര ആധുനിക യുദ്ധോപകരണങ്ങൾ സമയത്തിന് ലഭ്യമാകാതെ ഇരിക്കുന്ന അവസ്ഥയിൽ, സൈന്യം ചെലവ് വെട്ടിച്ചുരുക്കുന്ന അവസ്ഥയിൽ എങ്ങനെയാണ് ഇങ്ങനെയൊരു പരിഷ്കാരത്തിന്റെ ചെലവുകൾ വഹിക്കാനാവുക എന്നത് വ്യക്തമല്ല. 

ഇങ്ങനെ സമൂലമായ പരിഷ്‌ക്കാരങ്ങൾക്ക് സൈന്യം ഒരുങ്ങുന്ന വേളയിൽ, ഇന്ത്യയുടെ പ്രതിരോധ സേനാ തലവൻ സ്ഥാനത്തേക്ക് കടന്നുവരാൻ പോകുന്നത് ആരായിരിക്കും എന്ന ജിജ്ഞാസയിലാണ് പ്രതിരോധ-സൈനിക വൃത്തങ്ങൾ ഇപ്പോൾ. എന്തായാലും, അക്കാര്യത്തിൽ ഒരു തീരുമാനം അധികം വൈകാതെ തന്നെ വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.