Asianet News Malayalam

'മഹാത്മാ' എന്ന് വിളിക്കാൻ വിസമ്മതിച്ച അംബേദ്‌കർ ഗാന്ധിജിയെ വിമർശിച്ചിരുന്നത്‌ എന്തിന്റെ പേരിലായിരുന്നു?

 "ഗാന്ധിജി എന്നും ഒരു തികഞ്ഞ രാഷ്ട്രീയക്കാരൻ തന്നെയായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഗാന്ധിയെ മഹാത്മാ എന്ന് വിളിച്ചിട്ടില്ല. ആ വിളിക്ക് അദ്ദേഹം അർഹനല്ല എന്നത് തന്നെ കാരണം"

What was the basis of Ambedkars Gandhi criticism and denial to call him Mahatma
Author
Delhi, First Published Apr 14, 2020, 1:53 PM IST
  • Facebook
  • Twitter
  • Whatsapp

ഇന്ന് ഡോ. ഭീംറാവു റാംജി അംബേദ്കറുടെ 129 -ാം  ജന്മദിനമാണ്. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി എന്ന നിലയ്ക്ക് ലോകപ്രസിദ്ധനായിരുന്ന ഡോ. അംബേദ്കർ അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും അറിയപ്പെടുന്ന ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവും ഒക്കെയായിരുന്നു. ഇന്ത്യൻ രാഷ്ട്രീയ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും വെള്ളിവെളിച്ചത്തിൽ നിന്നിരുന്ന രണ്ടു നേതാക്കളായിരുന്നു അംബേദ്കറും ഗാന്ധിജിയും. അവർക്കിടയിലെ ബന്ധം എങ്ങനെയായിരുന്നു എന്നത് പൊതുവെ ജനങ്ങൾക്ക് കുതൂഹലമുണർത്തുന്ന ഒരു വിഷയമാണ്.

പറഞ്ഞുകേട്ടിട്ടുള്ളതിൽ മിക്കവാറും കാര്യങ്ങൾ ശരിതന്നെയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി ലോകം കണ്ടിരുന്ന മഹാത്മജിയെ സ്വന്തം മണ്ണിൽ നിന്നുതന്നെ അങ്ങേയറ്റം വിമർശിച്ചിരുന്ന ഒരാളായിരുന്നു അംബേദ്‍കർ. തിരിച്ച് അംബേദ്കറിനെയും ഏറെ വിമർശിച്ചിരുന്നു ഗാന്ധിജി.എന്നാൽ ആ വിമർശനസ്വരങ്ങൾക്കിടയിൽ പ്രതിപക്ഷബഹുമാനത്തിന്റെ ഇമ്പമുണ്ടായിരുന്നു എന്നും. പക്ഷെ, ഗാന്ധിജിയുടെ ഹിന്ദുത്വത്തെ സംബന്ധിച്ച നിലപാടുകൾ പലതും അംബേദ്കറിന് ദഹിക്കുന്നവയായിരുന്നില്ല. വിശേഷിച്ച് ജാതീയമായി തങ്ങൾ 'ഭംഗി'കൾ(ഉത്തരേന്ത്യയിലെ അധഃസ്ഥിതരെന്നു കണക്കാക്കപ്പെട്ടിരുന്ന, തൂപ്പുജോലിയെടുത്ത് ഉപജീവനം കഴിച്ചിരുന്ന സമുദായക്കാർ) അനുഭവിച്ചിരുന്ന വിവേചനങ്ങളുടെ കാര്യം വരുമ്പോൾ. ഗാന്ധിജിയെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് അംബേദ്‌കർ അവസാനമായി നടത്തിയ വിമർശനം ഇപ്രകാരമായിരുന്നു, " നിങ്ങൾക്ക് എങ്ങനെ ഞങ്ങൾക്ക് വേണ്ടി വാദിക്കാനാകും? നിങ്ങളൊരു ഭംഗി അല്ലല്ലോ?" അതിനു ഗാന്ധിജി നൽകിയ മറുപടി, "''ഭംഗികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കാൻ ഒരാൾക്കുവേണ്ട അടിസ്ഥാന യോഗ്യത സ്വയം ഒരു 'ഭംഗി' ആയിരിക്കുക എന്നതാണെങ്കിൽ, അടുത്ത ജന്മത്തിലെങ്കിലും ഒരു ഭംഗിയായി ജനിക്കാൻ എന്നാണു എന്റെ പ്രാർത്ഥന"

അംബേദ്‌കർ ഗാന്ധിജിയെ ആദ്യമായി കാണുന്നത്  

1929 -ൽ ഒരു സ്നേഹിതൻ മുഖാന്തരമാണ് ഗാന്ധിജി ആദ്യമായി അംബേദ്കറെ കണ്ടുമുട്ടുന്നത്. ഗാന്ധിജിയോട് 'അങ്ങ് നിർബന്ധമായും ഡോ. അംബേദ്‌കർ എന്ന ഈ യുവാവിനെ കാണണം മഹാത്മാ' എന്ന് ആവശ്യപ്പെടുന്നത് അവരുടെ ഈ പൊതു സുഹൃത്താണ്. അത് കേട്ട് താത്പര്യം തോന്നിയ ഗാന്ധി അംബേദ്‌കർക്ക് കാണാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് അങ്ങോട്ട് കത്തെഴുതി വിളിക്കുകയാണുണ്ടായത്. കാത്തുകിട്ടിയ അംബേദ്‌കർ ഗാന്ധിയെ അദ്ദേഹത്തെ അങ്ങോട്ട് ചെന്ന് കാണുകയാണുണ്ടായത്. ഗാന്ധി വട്ടമേശ സമ്മേളനത്തിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് ദിവസങ്ങൾ മാത്രം മുമ്പാണ് ഈ സന്ദർശനം നടക്കുന്നത്.

എന്നാൽ ആ സന്ദർശനം അംബേദ്കറിന് തന്റെ ഒരു എതിരാളിയെ കാണാൻ ചെല്ലും പോലെയാണ് അനുഭവപ്പെട്ടത്. മറ്റാരേക്കാളും അധികമായി തനിക്ക് ഗാന്ധിയെ അറിയാം എന്നും ഗാന്ധിയുടെ കാപട്യങ്ങളൊക്കെയും തനിക്കുമുമ്മിൽ വെളിപ്പെട്ടു എന്നും, അദ്ദേഹം ചിന്തിക്കുന്നതെന്തെന്നു പോലും ഊഹിക്കാൻ തനിക്കാകുമെന്നും അന്ന് അംബേദ്‌കർ ധരിച്ചിരുന്നു. " തികഞ്ഞ ഭക്തിയോടെഗാന്ധിയെ സമീപിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ബാഹ്യപ്രകൃതം ഭേദിച്ച് അകത്തുചെല്ലാനാകില്ല. അത് മഹാത്മാ എന്ന പേരിൽ അദ്ദേഹം അണിഞ്ഞിരിക്കുന്ന പരിവേഷം ആയിരുന്നു. ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത് ഒരു പച്ച മനുഷ്യൻ മാത്രമായിട്ടാണ്. അദ്ദേഹത്തിന്റെ ഉള്ളിലെ നഗ്നനായ മനുഷ്യനെ ഞാൻ കണ്ടറിഞ്ഞിരുന്നു. " എന്നാണ് ഒരിക്കൽ അംബേദ്‌കർ ഗാന്ധിജിയെപ്പറ്റി പറഞ്ഞത്. ഗാന്ധിജിയുടെ ജാതിവ്യവസ്ഥയോടുള്ള സമീപനത്തെയാണ് അംബേദ്‌കർ ഏറ്റവും കൂടുതൽ എതിർത്തിട്ടുളളത്. ഗാന്ധിജിയുടെ ജാതിയെപ്പറ്റിയുള്ള നിലപാടുകൾ അധഃസ്ഥിതരെ വഞ്ചിക്കുന്നതായിരുന്നു എന്നാണ് അദ്ദേഹം ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇതിനുദാഹരണമായി അംബേദ്‌കർ ചൂണ്ടിക്കാണിക്കുന്നത് തന്റെ രണ്ടു പത്രങ്ങളിലൂടെ, രണ്ടു ഭാഷകളിലായി എഴുതുമ്പോൾ അദ്ദേഹം സ്വീകരിച്ചിരുന്ന വ്യത്യസ്ത നിലപാടുകളാണ്. ഒന്നാമത്തെ പത്രം ഇംഗ്ലീഷിൽ ഉള്ളതായിരുന്നു, അതിന്റെ പേര് 'ഹരിജൻ' എന്നായിരുന്നു. രണ്ടാമത്തേതോ തന്റെ മാതൃഭാഷയായ ഗുജറാത്തിൽ ഉള്ള 'ദീനബന്ധു'വും . ഇംഗ്ലീഷ് പത്രത്തിൽ ഗാന്ധിജി അയിത്തത്തെയും, ജാതി വ്യവസ്ഥയെയും തള്ളിപ്പറഞ്ഞുകൊണ്ട് അതാണ് തന്റെ രാഷ്ട്രീയം എന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, അതേ സമയം ഹരിജനിൽ, ഗാന്ധിജി സ്വീകരിച്ചിട്ടുള്ള നിലപാടുകൾ അത്യന്തം യാഥാസ്ഥിതികരെ പ്രീണിപ്പിക്കുന്നതാണ് എന്നതായിരുന്നു അംബേദ്കറുടെ ആക്ഷേപം. ഭാരതത്തെ എല്ലാക്കാലത്തും പിന്നോട്ടടിപ്പിക്കുക മാത്രം ചെയ്തിട്ടുള്ള ജാതിവ്യവസ്ഥയുടെയും, വർണ്ണാശ്രമധർമ്മങ്ങളുടെയും, യാഥാസ്ഥിതികവാദത്തിന്റെയും ഒക്കെ കുഴലൂത്തുകാരനായിരുന്നു ഗാന്ധിജി എന്ന് അംബേദ്‌കർ കരുതി. പാശ്ചാത്യ ലോകത്ത് പ്രചാരമുണ്ടായിരുന്ന ഹരിജൻ എന്ന ഇംഗ്ലീഷ് പത്രത്തിൽ പുരോഗനാത്മകമായ വിഷയങ്ങൾ കൂലങ്കഷമായി എഴുതിക്കൊണ്ടിരുന്ന ഗാന്ധിജി അതിന്റെ പേരിൽ അവിടെ തന്റെ ഉത്പതിഷ്ണുത്വത്തിന് പ്രശസ്തനായി. 

ഗാന്ധിജിയെപ്പറ്റി അംബേദ്കർക്കുണ്ടായിരുന്ന മറ്റൊരു വിമർശനം, അദ്ദേഹം ഉപരിപ്ലവമായ കാര്യങ്ങളിൽ അധഃസ്ഥിതർക്കുവേണ്ടി വാദിക്കുകയും അതേ സമയം നിർണായകമായ കാര്യങ്ങളിൽ ഒന്നും മിണ്ടാതിരിക്കുകയും ചെയ്തു എന്നതാണ്. ഉദാഹരണമായി അദ്ദേഹം പറയുന്ന ഒരു കാര്യം, അധഃസ്ഥിതരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാൻ വേണ്ടി ഗാന്ധിജി നടത്തിയിരുന്ന ശ്രമങ്ങളെയാണ്. അധഃസ്ഥിതരുടെ പ്രധാന വിഷയം അമ്പലങ്ങളിൽ കയറുകയോ പ്രാർത്ഥിക്കുകയോ ചെയ്യുക എന്നതല്ല എന്നായിരുന്നു അംബേദ്കറുടെ ചിന്താഗതി. അദ്ദേഹത്തിന് മുന്നിൽ തെളിഞ്ഞു നിന്നിരുന്നത് പല ഉത്തരേന്ത്യൻ പ്രദേശങ്ങളിലും പൊതു കിണറുകളിൽ നിന്ന് വെള്ളമെടുക്കാനുള്ള അനുമതി ഇല്ലാതിരുന്ന അവസ്ഥ, അതുപോലെ സ്വന്തം ഉപജീവനത്തിനായി കൃഷി ചെയ്യാനും മറ്റുമായി ഭൂമി കൈവശം വെക്കാനുള്ള അവകാശമില്ലാതിരുന സാഹചര്യം, പൊതുഗതാഗത സംവിധാനങ്ങൾ പങ്കുവെക്കാനുള്ള അനുമതി നിഷേധം ഇങ്ങനെ പലതിനെയും അവഗണിച്ചു കൊണ്ടാണ് ഗാന്ധിജി ക്ഷേത്ര പ്രവേശനത്തിന് പിന്നാലെ പോയിരുന്നതെന്നു അംബേദ്‌കർക്ക് ആക്ഷേപമുണ്ടായിരുന്നു. 

ഗാന്ധിജി ഒരു തികഞ്ഞ യാഥാസ്ഥിതികനാണ് എന്നുതന്നെ അംബേദ്‌കർ കരുതിയിരുന്നു. ജാതിപരിഷ്കർത്താവിന്റെ, അല്ലെങ്കിൽ വർണ്ണാശ്രമ വ്യവസ്ഥയ്‌ക്കെതിരെ പോരാടിയ ഒരാളുടെ റോൾ ഒരിക്കലും ഗാന്ധജിജിക്ക് ചേരില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.  അയിത്തജാതിക്കാരെക്കൂടി കോൺഗ്രസിന്റെ കൂടെ കൂട്ടാനും, സ്വരാജ്യമെന്ന തന്റെ ആശയത്തെ അയിത്തജാതിക്കാർ എതിർക്കാതിരിക്കാൻ വേണ്ടിയുമാണ് ഗാന്ധിജി അയിത്തത്തെപ്പറ്റി ഇടക്കൊക്കെ പറഞ്ഞിരുന്നത് എന്ന് അംബേദ്‌കർ പറഞ്ഞു. 

ഗാന്ധിജിയെക്കൂടാതെയും ഇന്ത്യക്ക് രാഷ്ട്രീയപരമായ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നുതന്നെയാണ് അംബേദ്‌കർ ധരിച്ചിരുന്നത്. ഗാന്ധിജി ഈ പ്രസ്ഥാനത്തിന്റെ ഭാഗമല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ സ്വയം ഭരണം നടപ്പിലാകുന്നത്  ചിലപ്പോൾ കുറേക്കൂടി വൈകിയിരുന്നേനെ എന്ന അഭിപ്രായക്കാരനായിരുന്നു വ്യക്തിപരമായി അംബേദ്‌കർ. അങ്ങനെ ഘട്ടം ഘട്ടമായി സ്വാതന്ത്ര്യം വരുന്നത് തന്നെയായിരുന്നേനെ നല്ലത് എന്നും അദ്ദേഹം കരുതിയിരുന്നു. ബ്രിട്ടീഷുകാർ മെല്ലെ മെല്ലെ അധികാരം കൈമാറിയിരുന്നെങ്കിൽ, ഒറ്റയടിക്ക് അവർ സ്ഥലം കാലിയാക്കിയതിനേക്കാൾ ഫലപ്രദമായി കാര്യങ്ങൾ നീങ്ങിയിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ഓട്ടോമൻ സാമ്രാജ്യം തകർന്നു. അത് വഴിവെച്ചത് ഖിലാഫത്ത് പ്രസ്ഥാനം എന്ന പോരാട്ടത്തിനാണ്. അതിന്റെ അനുരണനങ്ങൾ ഇന്ത്യയിലെ മുസ്ലിങ്ങൾക്കിടയിലുമുണ്ടായി. ഖിലാഫത്തിൽ മുസ്ലിങ്ങളെ പിന്തുണയ്ക്കാൻ ഗാന്ധിജി കോൺഗ്രസുകാരോട് ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിൽ മുസ്ലിംകളെ പിന്തുണയ്ക്കുക എന്നേ ഖിലാഫത്തിനെ ഗാന്ധിജി കണ്ടുള്ളു എങ്കിലും, ഒടുവിൽ മലബാറിൽ അത് ചെന്നെത്തിയത് മാപ്പിള ലഹള എന്നുപേരായ ചോരക്കളിയിലാണ് എന്നത് അതിന്റെ ദുരന്തപൂർണ്ണമായ പര്യവസാനം. കോൺഗ്രസ് ഖിലാഫത്തിനെ പിന്തുണയ്ക്കണം എന്ന ഗാന്ധിജിയുടെ ആത്മഹത്യാപരമായ തീരുമാനത്തെ, തികഞ്ഞ സാമുദായിക പ്രീണനം എന്നുതന്നെയാണ് അംബേദ്‌കർ അന്നുകണ്ടത്. 

ഗാന്ധിജിയും അംബേദ്കറും തമ്മിൽ നടന്നിട്ടുളള ചില രസകരമായ സംവാദങ്ങൾ ഇങ്ങനെ.

ഗാന്ധിജി : "എനിക്കും കോൺഗ്രസിനും എതിരായി അങ്ങേയ്ക്ക് ചില അഭിപ്രായങ്ങൾ ഉള്ളതായി അറിഞ്ഞു. ഞാൻ എന്റെ സ്‌കൂൾ കാലഘട്ടം തൊട്ടുതന്നെ അയിത്തത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഒരാളാണ് മിസ്റ്റർ അംബേദ്‌കർ, നിങ്ങൾ അന്ന് ജനിച്ചിട്ടുപോലുമില്ല എന്നോർക്കുക. "

അംബേദ്‌കർ : " ശരിയാണ് ഗാന്ധിജി. അങ്ങ് സ്‌കൂളിൽ പഠിക്കുമ്പോൾ തൊട്ടുതന്നെ അയിത്തത്തെപ്പറ്റി ആലോചിച്ച് സങ്കടപ്പെട്ടിട്ടുള്ള, അതിനെതിരെ പ്രവർത്തിച്ചിട്ടുള്ള ഒരാളാണ് എന്നത് സത്യം തന്നെ. ഞാൻ അന്ന് ജനിച്ചിട്ടുപോലുമില്ല എന്നതും. 

ഗാന്ധിജി : അയിത്തോച്ചാടനത്തിനായി കോൺഗ്രസ് ഇന്നുവരെ ഏകദേശം ഇരുപതു ലക്ഷത്തിലധികം ഉറുപ്പിക ചെലവിട്ടു കഴിഞ്ഞിട്ടുണ്ട്. അറിയുമോ?

അംബേദ്‌കർ : കോൺഗ്രസ് അയിത്തത്തിന്റെ കാര്യത്തിലെങ്കിലും ഒട്ടും ആത്മാർത്ഥതയില്ലാത്ത പാർട്ടിയാണ് എന്ന് പറയാതെ വയ്യ. കാരണം, അതിന് അയിത്തം ഇല്ലായ്മ ചെയ്യണം എന്ന് സത്യമായും ആഗ്രഹമുണ്ടായിരുന്നു എങ്കിൽ, അത് പാർട്ടി അംഗത്വത്തിന്, ഖദറുടുപ്പ് ധരിക്കുക എന്നുപറയുംപോലെ അയിത്തം കൊണ്ടുനടക്കാതിരിക്കുക എന്നൊരു മുന്നുപാധികൂടി വെച്ചിരുന്നേനെ. അങ്ങനെ ഉണ്ടോ ഇപ്പോൾ? ഇല്ലല്ലോ? 
സ്വന്തം വീട്ടിൽ അയിത്ത ജാതിക്കാരിൽ ഒരാളെയെങ്കിലും ജോലിക്ക് വെക്കാത്ത, കീഴ്ജാതിയിൽ പെട്ട ഒരു വിദ്യാർത്ഥിയെ എങ്കിലും സാമ്പത്തികമായും വൈകാരികമായും പിന്തുണച്ചു മുന്നോട്ടു കൊണ്ടുവരാത്ത, സ്വന്തം വീട്ടിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും പന്തിഭോജനം നടത്താത്തവരെ കോൺഗ്രസ് പാർട്ടിയിൽ വെച്ചുകൊണ്ടിരിക്കില്ല എന്നൊരു തീരുമാനമെടുക്കട്ടെ അങ്ങനെ അല്ലെങ്കിൽ. അത്തരത്തിൽ ഒരു ഇച്ഛാശക്തി കോൺഗ്രസിൽ ഉണ്ടായിരുന്നു എങ്കിൽ, പാർട്ടിയുടെ ജില്ലാ കമ്മിറ്റി പ്രസിഡന്റ് തന്നെ ദളിതരുടെ ക്ഷേത്രപ്രവേശനത്തെ എതിർക്കുന്ന ദയനീയ സാഹചര്യമിവിടെ ഉണ്ടാകുമായിരുന്നില്ല. കോൺഗ്രസിന്റെ നിലവിലെ അധികാര ശ്രേണി വെച്ച് അങ്ങനെ ഒരു തീരുമാനം എടുത്തു നടപ്പിലാക്കാൻ സാധിക്കില്ല എന്നൊക്കെ വേണമെങ്കിൽ ന്യായം പറയാമെന്നെ ഉള്ളൂ.  കോൺഗ്രസ് അധികാരം നിലനിർത്തുന്നതിനേക്കാളുപരി, അതിന്റെ ആദർശങ്ങൾ നിലനിർത്തുന്നതിനെപ്പറ്റി ആകുലപ്പെടേണ്ടതുണ്ട് എന്നാണ് ഞാൻ കരുതുന്നത്.

ബ്രിട്ടീഷുകാർ കഠിനഹൃദയരാണ് എന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ. ഹിന്ദുക്കൾ ഞങ്ങളോട് പ്രകടിപ്പിക്കുന്നതും അതെ ഹൃദയരാഹിത്യം തന്നെയാണ്. നിങ്ങളുടെ ഈ ഇരട്ടത്താപ്പ് നയം മാറാത്തിടത്തോളം കാലം ഞങ്ങൾ കോൺഗ്രസിനെയോ ഹിന്ദുക്കളെയോ ഒന്നും വിശ്വാസത്തിൽ എടുക്കില്ല. 

ഗാന്ധിജിയുടെ 'മഹത്വ'ത്തെപ്പറ്റി അംബേദ്‌കർ ബിബിസിയോട് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. " ഗാന്ധിജി എന്നും ഒരു തികഞ്ഞ രാഷ്ട്രീയക്കാരൻ തന്നെയായിരുന്നു. അദ്ദേഹത്തെ ഒരിക്കലും 'മഹാത്മാ' എന്ന് വിളിക്കാൻ എനിക്കാവില്ല. അദ്ദേഹം ഒരു മഹാത്മാവായിരുന്നില്ല എന്നതുതന്നെ കാരണം. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഗാന്ധിയെ മഹാത്മാ എന്ന് വിളിച്ചിട്ടില്ല. ആ വിളിക്ക് അദ്ദേഹം അർഹനല്ല എന്നത് തന്നെ കാരണം. നൈതികതയുടെ തലത്തിൽ പോലും അല്ല..."

ഇതൊക്കെ ശരി എന്ന് വരികിലും ഗാന്ധിജി അംബേദ്കറെ വെറുത്തിരുന്നു എന്ന് പറഞ്ഞാൽ അതും വാസ്തവവിരുദ്ധമാകും. അസാമാന്യമായ യുക്തിവൈഭവവും, വിവേകവും, നൈതികതയുമുള്ള ഒരു തെളിഞ്ഞ പ്രജ്ഞയ്ക്കുടമയായിരുന്നു അംബേദ്‌കർ.  അദ്ദേഹം ഗാന്ധിജിയെ വെറുത്തിരുന്നു എന്നൊക്കെപ്പറയുന്നത് മേൽപ്പറഞ്ഞ ഗുണങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ഇല്ലായിരുന്നു എന്ന് സ്ഥാപിക്കുന്നതിന് തുല്യമാകും. വെറുക്കുകയല്ലായിരുന്നു അംബേദ്‌കർ ചെയ്തത്. അദ്ദേഹം ഗാന്ധിജി എന്ന വ്യക്തിയെ ചുറ്റിപ്പറ്റി അനുയായികളും ആരാധകരും കെട്ടിപ്പൊക്കിയ 'വിശുദ്ധൻ' എന്ന പരിവേഷത്തെ പൊളിച്ചടുക്കുകയാണ്. ഒരു മനുഷ്യൻ എന്നനിലയിൽ അംബേദ്‌കർ ഏറെ ബഹുമാനിച്ചിരുന്നു ഗാന്ധിജിയെ. ആ മനുഷ്യനെ 'മഹാത്മാ' എന്ന് വിളിക്കാൻ അദ്ദേഹം തയ്യാറില്ലായിരുന്നു എങ്കിൽ കൂടിയും. 
 

Follow Us:
Download App:
  • android
  • ios