ഇത് ഒരു രാത്രി കൊണ്ടുണ്ടായ നേട്ടമല്ല എന്നാണ് ഒഡിഷ സ്‌പെഷൽ റിലീഫ് കമ്മീഷണറായ ബിഷ്ണുപദ സേഥി പറഞ്ഞത്. കഴിഞ്ഞ 20  കൊല്ലമായി നിരന്തരം പ്രകൃതിദുരന്തങ്ങൾ വേട്ടയാടുന്ന ഒരു സംസ്ഥാനത്തിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രതിരോധമാണിത്. 

1999 -ൽ ഒഡിഷയിൽ അതിരുദ്രമായ ഒരു ചുഴലിക്കാറ്റടിച്ചിരുന്നു. എന്നും ന്യൂനമർദ്ദങ്ങളുടെ ഈറ്റില്ലമായിരുന്നു ബംഗാൾ ഉൾക്കടൽ. അത്തരത്തിൽ ഒരു ന്യൂനമർദ്ദമായിരുന്നു 'ബോബ്' എന്ന് അന്താരാഷ്ട്രതലത്തിലറിയപ്പെട്ട ഈ കൊടുങ്കാറ്റിന്റെയും പ്രഭവകേന്ദ്രം. ഒക്ടോബർ 24 -ന് ഉരുണ്ടുകൂടിയ ഈ ന്യൂനമർദ്ദം, നാലു ദിവസങ്ങൾക്കിപ്പുറം ഒഡിഷയിൽ സർവനാശം വിതച്ചു. മണിക്കൂറിൽ 260 കി.മീ. വേഗതയിൽ മൂന്നുദിവസത്തോളം ഒഡിഷയിലെ നഗരങ്ങളെ അത് പിടിച്ചുലച്ചു. പതിനായിരത്തോളം പേരുടെ ജീവനെടുത്ത ആ കൊടുങ്കാറ്റിൽ നിന്നും ഒരിക്കലും മറക്കാത്ത അതിജീവനപാഠങ്ങളാണ് ഒഡിഷ എന്ന സംസ്ഥാനം പഠിച്ചത്. അതിന്റെ ഫലമാണ് ഇന്ന് ഫോനി കൊടുങ്കാറ്റിൽ നമ്മൾ കണ്ടത്. 

അന്നത്തെ കൊടുങ്കാറ്റിന് മുന്നിൽ ഒഡിഷ തീർത്തും നിസ്സഹായമായിരുന്നു എങ്കിൽ ഇന്ന് അങ്ങനെയല്ല. നൂതനമായ സാങ്കേതിക വിദ്യയുടെയും, പരിശീലനം സിദ്ധിച്ച ദുരന്തനിവാരണ സേനയുടെയും, സർവോപരി ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന്റെയും ബലത്തിൽ ഈ പ്രകൃതി ദുരന്തത്തെ പരമാവധി കുറഞ്ഞ ജീവനാശത്തോടെ ഒഡിഷ അതിജീവിച്ചു. കാലാവസ്ഥാ പ്രവചന സംവിധാനം അതിന്റെ ധർമം ഭംഗിയായി നിർവഹിച്ചു.

ശ്രീലങ്കയ്ക്കും ഇന്തോനേഷ്യയ്ക്കുമിടയിൽ ബംഗാൾ ഉൾക്കടലിൽ ഉരുവം കൊണ്ട ഒരു ന്യൂനമർദ്ദം അവർ നേരത്തേ തന്നെ തിരിച്ചറിഞ്ഞു. അത് ഒരു ചുഴലിക്കാറ്റായി ഇന്ന ദിവസം ഒഡിഷയുടെ തീരങ്ങളിലൂടെ അടിച്ചുകേറും എന്നവർ കൃത്യമായിത്തന്നെ പ്രവചിച്ചു. പ്രവചനം വന്നതോടെ ദുരന്തനിവാരണ സംവിധാനങ്ങൾ രംഗത്തിറങ്ങി. വിമാനങ്ങൾ കാൻസൽ ചെയ്തു, ട്രെയിൻ സംവിധാനം നിശ്ചലമാക്കി. ബസ്സുകൾ നിരത്തിലിറക്കാതെ ഒഡിഷ കാത്തിരുന്നു, ആ സംഹാരരുദ്രമായ കൊടുങ്കാറ്റിനെ. 

കൃത്യമായ മുന്നറിയിപ്പുകൾ എല്ലായിടത്തും നൽകപ്പെട്ടു. 26 ലക്ഷം എസ്എംഎസുകൾ അയക്കപ്പെട്ടു. 46,000 സന്നദ്ധ സേവകരും, ആയിരത്തോളം ദുരന്തനിവാരണ പ്രവർത്തകരും നാട്ടിലിറങ്ങി. എല്ലാവരെയും വരാനിരിക്കുന്ന കൊടുങ്കാറ്റിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കി. എല്ലാ മാധ്യമങ്ങളിലും അതേപ്പറ്റിയുള്ള മുന്നറിയിപ്പുകൾ നിറഞ്ഞു. പത്രങ്ങളും അവരുടെ ധർമം നിർവഹിച്ചു. തീരദേശങ്ങളിൽ സൈറണുകൾ മുഴങ്ങി. പോലീസ് വാഹനങ്ങളിൽ മൈക്ക് വെച്ച് ഒഡിയ ഭാഷയിൽ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.. "ചുഴലിക്കാറ്റടിക്കാൻ പോവുന്നു.. ഉടൻ ഷെൽട്ടറിലേക്ക് പോകുക.." അങ്ങനെ ഒരു ലക്ഷത്തിലധികം പേരെയാണ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച സർക്കാർ സംവിധാനങ്ങൾ സുരക്ഷിതമായ ഷെൽട്ടറുകളിലേക്ക് മാറ്റിയത്. 

ഒടുവിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 'ഫോണി' വന്നിറങ്ങി. മരങ്ങളെ കടപുഴക്കി. കെട്ടിടങ്ങളെ നിലംപതിപ്പിച്ചു. നാടാകെ ഇളക്കിമറിച്ചുകൊണ്ട് ആ കൊടുങ്കാറ്റ് കടന്നുപോയി. ഏറെക്കുറെ കാര്യക്ഷമമായ രീതിയിൽ തന്നെയാണ് ഒഡിഷ ഈ കൊടുങ്കാറ്റിനെ നേരിട്ടത്. ഒറ്റപ്പെട്ട ചില അപകടമരണങ്ങൾ ഉണ്ടായെങ്കിലും കാര്യമായ ദുരന്തങ്ങളൊന്നും തന്നെ ഉണ്ടായില്ല. അങ്ങനെ നേരത്തേ കൂട്ടി, കൃത്യമായ മുന്നറിയിപ്പുകൾ നൽകി വേണ്ട നടപടികൾ സ്വീകരിച്ചാൽ പ്രകൃതി ദുരന്തങ്ങളെ ആർക്കും അതിജീവിക്കാം എന്നതിന്റെ ഒരു 'നല്ലപാഠം' കൂടിയാണ് ഫോണി നമുക്ക് നൽകിയത്. 

ഇത് ഒരു രാത്രി കൊണ്ടുണ്ടായ നേട്ടമല്ല എന്നാണ് ഒഡിഷ സ്‌പെഷൽ റിലീഫ് കമ്മീഷണറായ ബിഷ്ണുപദ സേഥി പറഞ്ഞത്. കഴിഞ്ഞ 20 കൊല്ലമായി നിരന്തരം പ്രകൃതിദുരന്തങ്ങൾ വേട്ടയാടുന്ന ഒരു സംസ്ഥാനത്തിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രതിരോധമാണിത്. തഥാഗത് സത്പതി എന്ന രാഷ്ട്രീയ നേതാവിന്റെ വാക്കുകൾ ഈ തയ്യാറെടുപ്പിനെ നിർവചിക്കുന്നത് ഇപ്രകാരമാണ്, "ഞങ്ങളുടെ ഒഡിഷയിൽ ഇടയ്ക്കിടെ ചുഴലിക്കാറ്റടിക്കാറുണ്ട്. ഓരോ അനുഭവവും മുള്ളിന്മേൽ കാലെടുത്തു വെക്കുമ്പോലെയാണ്. അങ്ങനെ വെച്ചു വെച്ച് ഞങ്ങളുടെ കാലടികളിലെ തൊലി നല്ല കട്ടിയുള്ളതായിട്ടുണ്ട് ഇപ്പോൾ.."

1999 - ൽ സംസ്ഥാനത്തെ പിച്ചിച്ചീന്തിയ ആ കൊടുങ്കാറ്റിന് ശേഷമാണ് 'ഒഡിഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (OSDMA)' എന്ന സ്ഥാപനം രൂപം കൊള്ളുന്നത്. 2005 -ൽ ഇന്ത്യയിൽ ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്റ്റ് പാസാക്കുനതിനൊക്കെ ഏറെ മുമ്പ്. 2001 -ൽ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി രൂപീകൃതമാവുന്നതിനും മുമ്പ്. പ്രവർത്തനത്തിന്റെ ഒരു വ്യാപ്തി നോക്കിയാൽ ലോകത്തെ തന്നെ പല ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റികൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് OSDMA.

ഒഡിഷയിലെ പ്രളയ, കൊടുങ്കാറ്റ് മേഖലകളിൽ അങ്ങോളമിങ്ങോളമായി ഏകദേശം 800 സ്ഥിരം 'കെടുതി ഷെൽട്ടറു'കളുണ്ട്. ദുരന്തവേളകളിൽ ജനങ്ങളെ എത്രകാലത്തേക്കുവേണമെങ്കിലും മാറ്റിപ്പാർപ്പിക്കാൻ ഈ ഷെൽട്ടറുകൾക്ക് ശേഷിയുണ്ട്. ഐഐടി ഖരഖ്പൂർ ആണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രളയത്തിനുള്ള മുൻകരുതലെന്നോണം ഒന്നാം നിലകളെ ഒഴിച്ചിട്ട്, രണ്ടാം നിലകളിൽ താമസസൗകര്യം ഒരുക്കിക്കൊണ്ടാണ് ഇവയുടെ രൂപകൽപന. വേൾഡ് ബാങ്ക് ഈ ഡിസൈനിന്റെ അഭിനന്ദിക്കുകയും, മറ്റു സംസ്ഥാനങ്ങളോട് ഇതേ മാതൃക പിന്തുടർന്ന് ഡിസാസ്റ്റർ ഷെൽട്ടറുകൾ നിർമിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

മുൻകാലങ്ങളിൽ ചുഴലിക്കാറ്റ് പിടിച്ചുലച്ചിട്ടുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്ന് ഒഡിഷയിൽ സൈക്ലോൺ മാനേജ്‌മന്റ് സെന്ററുകൾ ഉണ്ട്. അതാത് പഞ്ചായത്തുകളുടെ പ്രസിഡന്റാണ് ഈ കമ്യൂണിറ്റി സെന്ററിന്റെ തലവൻ. അവർ ഈ സെന്ററുകളുടെ കീഴിൽ പ്രദേശത്തെ ഒരു കൂട്ടം യുവാക്കളെ പ്രകൃതി ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കൃത്യമായ ട്രെയിനിങ്ങ് നൽകി കൊണ്ടുനടക്കുന്നുണ്ട്. അവർക്ക് വേണ്ട എല്ലാവിധ പ്രളയ, ചുഴലിക്കാറ്റ് ദുരന്ത നിവാരണ സാമഗ്രികളും അതാത് മാനേജ്‌മന്റ് സെന്ററുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. എന്തെങ്കിലും ദുരന്തങ്ങൾ വന്നുപെടുന്ന പക്ഷം, ഗ്രാമങ്ങൾ അതാത് മാനേജ്‌മന്റ് സെന്ററുകൾ വഴിയാണ് അതിനെ നേരിടുന്നത്. 

ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് 
ഇതിനു പുറമേ ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ODRAF) ഒരു ത്വരിതപ്രതികരണസെല്ലും ദുരന്ത നിവാരണ അതോറിറ്റിക്കുണ്ട്. ഒഡിഷയിൽ ആകെ 20 പ്രവർത്തന സജ്ജമായ യൂണിറ്റുകൾ ODRAF -നുണ്ട്. മികച്ച പരിശീലനം സിദ്ധിച്ച ദുരന്തനിവാരണ വിദഗ്ധരാണ് ഈ സെല്ലുകളിൽ ഉള്ളത്. അവർക്ക് പ്രളയങ്ങൾ, ഭൂകമ്പങ്ങൾ, കൊടുങ്കാറ്റുകൾ എന്നിവയ്ക്കുള്ള അന്താരാഷ്ട്ര പ്രതികരണ പ്രോട്ടോക്കോളുകളിൽ വിദഗ്ധ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്, ഒഡിഷ സർക്കാർ. 

ഇത്തരത്തിലുള്ള സെല്ലുകളും മാനേജ്‌മന്റ് സെന്ററുകളും ഒക്കെ ഗ്രാസ് റൂട്ട് ലെവലിൽ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആൾബലമായി കൂടെക്കൂട്ടുന്നത് പ്രദേശത്തെ പൊലീസ് സേനയെ ആണ്. ലാത്തിമാത്രം പിടിച്ചു ശീലിച്ച പോലീസുകാർക്ക് ഒരു പ്രകൃതിദുരന്തമുണ്ടാവുമ്പോൾ നാട്ടിൽ റബ്ബർ ബോട്ടുകളും മറ്റു രക്ഷാ സാമഗ്രികളുമായി ചെന്ന് രക്ഷാപ്രവർത്തനം നടത്താനുള്ള അവസരം സിദ്ധിക്കുന്നു. അവരും ഈ മേഖലയിൽ വേണ്ട പരിശീലനം സിദ്ധിച്ചവർ തന്നെയാണ്. 

ദുരന്ത നിവാരണരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരിശീലനം നൽകാനായി ഗോഠാപട്ന യിൽ 'സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മന്റ്' എന്നൊരു സ്ഥാപനവും ഒഡിഷ സർക്കാർ കെട്ടിപ്പടുത്തിട്ടുണ്ട്. പതിനേഴ് ഏക്കർ സ്ഥലത്ത് അമ്പത് കോടി രൂപ ചെലവിട്ടാണ് ഈ സ്ഥാപനം നിർമിച്ചിരിക്കുന്നത്.

ഏതൊരു പ്രകൃതി ദുരന്തത്തെയും നേരിടുന്നതിന്റെ ആദ്യപടി എന്നത് കൃത്യമായ മുന്നറിയിപ്പ് സമ്പ്രദായങ്ങളാണ്. അതിനായി സംസ്ഥാനത്ത് പലയിടങ്ങളിലായി ഡോപ്ലർ റഡാറുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഗോപാൽപൂരിലെയും പാരാദ്വീപിലെയും റഡാറുകൾ ഇതിനകം പ്രവർത്തനസജ്ജമായിട്ടുണ്ട്. ഇതിനു പുറമെ, ബാലാസോറിലും സാമ്പൽപൂരിലും ഓരോന്നുകൂടി സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 

ആദ്യമായി സർക്കാർ മുന്നറിയിപ്പ് കൊടുക്കുന്നത് സംസ്ഥാനത്തെ മീൻപിടുത്ത തൊഴിലാളികൾക്കാണ്. കൊടുങ്കാറ്റുണ്ടാവുന്നതിന് ഒരാഴ്ച മുമ്പുതന്നെ തീരപ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെന്റുകൾ മുഴങ്ങും. തീരത്തോടടുക്കുന്തോറും മുന്നറിയിപ്പിന്റെ പ്രവൃത്തിയും വർധിക്കും. മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചന സാങ്കേതികവിദ്യകൾ കൊടുങ്കാറ്റുകളെ ചുരുങ്ങിയത് 120 മണിക്കൂർ മുമ്പും, നദികളുമായി ബന്ധപ്പെട്ടുള്ള വെള്ളപ്പൊക്കത്തെ ചുരുങ്ങിയത് 24 മണിക്കൂർ മുമ്പും ഏറെക്കുറെ കൃത്യമായിത്തന്നെ പ്രവചിക്കാൻ സഹായിക്കുന്നു. 

രാജ്യത്തിൽ ആദ്യമായി 'ഏർലി വാണിംഗ് ഡിസ്സെമിനേഷൻ സിസ്റ്റം' ( EWDS) സ്ഥാപിക്കുന്ന സംസ്ഥാനവും ഒഡിഷയാണ്. തീരപ്രദേശത്തിനു സമാന്തരമായുള്ള ബീക്കൺ ടവറുകളുടെ ഒരു നിരയാണ് പ്രത്യക്ഷത്തിൽ ഈ സിസ്റ്റത്തിൽ കാണാനാവുക. അവയുടെ അണിയറയിൽ കാലാവസ്ഥാപ്രവചന സംവിധാനവുമുണ്ട്. ഒഡിഷയുടെ 480 കിലോമീറ്റർ നീണ്ട തീരപ്രദേശത്ത് ഏകദേശം 122 ബീക്കൺ ടവറുകളുണ്ട്. അവയിൽ ഒരേസമയം ദുരന്തത്തിന്റെ മുന്നറിയിപ്പായി സൈറൺ മുഴക്കാനും അതുവഴി തീരദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും OSDMAയ്ക്ക് കഴിയും. 

നാലരക്കോടിയാണ് ഒഡിഷയിലെ ജനസംഖ്യ. ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും ദരിദ്രമാണ് ആ സംസ്ഥാനം. കാര്യമായ വ്യവസായങ്ങളൊന്നുമില്ലിവിടെ, ജനങ്ങളിൽ പലരുടെയും ഉപജീവനമാർഗ്ഗം കൃഷിയാണ്. അതാവട്ടെ ഇടയ്ക്കിടെയുള്ള പ്രകൃതിദുരന്തങ്ങളിൽ തകർന്നടിയുന്നതും. എന്നിട്ടും, ഇങ്ങനെ ഒരു ദുരന്തത്തെ അതിജീവിക്കാൻ വേണ്ട മാതൃകാപരമായ നടപടികൾ ഒഡീഷാ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായി. കൊടുങ്കാറ്റടിക്കുന്നതിന് രണ്ടുനാൾ മുമ്പുതന്നെ കൃത്യമായ ആക്ഷൻ പ്ലാൻ സർക്കാർ എല്ലാ കേന്ദ്രങ്ങളിലും വിതരണം ചെയ്‌തു. ജനങ്ങളെ ഒരു വീഴ്ചയും വരാതെ നേരത്തെ തന്നെ ഷെൽട്ടറുകളിലേക്ക് എത്തിക്കുക എന്നതിനായിരുന്നു സർക്കാർ മുൻ‌തൂക്കം കൊടുത്തത്. അതുതന്നെയാണ് ആളപായം ഇത്ര കുറയാൻ കാരണമായതും. ഈ ഷെൽട്ടറുകളിൽ കാലത്തേക്കൂട്ടി സർക്കാർ സംവിധാനങ്ങൾ വഴി അവിടെ കഴിയുന്നവർക്ക് വേണ്ട റേഷനും കുടിവെള്ളവും മറ്റും സംഭരിച്ചു കഴിഞ്ഞിരുന്നു. വേണ്ടിവന്നേക്കാവുന്ന മെഡിക്കൽ സഹായ സംഘങ്ങളും അവിടെ തയ്യാറായിരുന്നു. 

പൂർണ്ണമായും 'ഫൂൾപ്രൂഫ് ' ആയിട്ടുള്ള ദുരന്ത നിവാരണ സംവിധാനം എന്നത് പ്രായോഗികമായ ഒരു സങ്കല്പമല്ല. ലോകത്തെ ഒരു ഭരണകൂടവും അങ്ങനൊന്ന് തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടില്ല. എന്നാൽ, കഴിഞ്ഞുപോയ ദുരന്തങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട്, അപായം കഴിയുന്നത്ര കുറയ്ക്കാൻ ശ്രമിക്കേണ്ടത് ഓരോ സംസ്ഥാനത്തെയും ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്. അവരെ അതിന് പ്രാപ്തരാക്കേണ്ടത് സംസ്ഥാനം ഭരിക്കുന്ന ഗവണ്മെന്റിന്റെ ക്രാന്തദർശിത്വവും.