പോലീസ് പല തവണ ചോദിച്ചെങ്കിലും മകളും ദൈവവും തന്നോടൊപ്പമുണ്ടെന്നും മകൾ ബൈബിൾ വായിക്കുകയാണെന്നുമായിരുന്നു അമ്മ പോലീസിനോട് പറഞ്ഞത്. 

യുഎസിലെ ടെന്നസിയിൽ നിന്നും അസാധാരണമായ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഒരു ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് മെംഫിസിലെ ലോറൻസ് റോഡിലുള്ള ഹോം ഇൻ സ്യൂട്ടിൽ അന്വേഷണത്തിനെത്തിയ പോലീസ് കണ്ടത് അഴുകിത്തുടങ്ങിയ നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം. ജലാംശം നഷ്ടപ്പെട്ട മൃതദേഹം ചുങ്ങിത്തുടങ്ങിയതായും മൃതദേഹത്തിന് ചുറ്റം ഈച്ചകൾ ആര്‍ത്തിരുന്നതായും പെണ്‍കുട്ടി മരിച്ചിട്ട് ദിവസങ്ങളോ ആഴ്ചകളോ ആയിട്ടുണ്ടാകുമെന്നും മെഡിക്കൽ എക്‌സാമിനർ വിശദീകരിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 11 -നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഹോം ഇൻ സ്യൂട്ടിൽ നിന്നും അഴുകിയ മണം വരുന്നുണ്ടെന്ന് ജീവനക്കാരിലൊരാളാണ് പോലീസിനെ വിളിച്ച് അറിയിക്കുന്നത്. പിന്നാലെ പോലീസ് സ്ഥലത്തെത്തി. ഈ സമയം കിംബർലി മൂറായിരുന്നു (46) ഹോട്ടലില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവിന്‍റെ ഹോട്ടലാണെന്നും ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് അന്വേഷിക്കാൻ എത്തിയതാണെന്നും ആയിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. അതേസമയം പോലീസ് ഹോട്ടലില്‍ നിന്നും ദുര്‍ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അത്തരമൊരു മണിമില്ലെന്നായിരുന്നു അവര്‍ പ്രതികരിച്ചത്. തുടര്‍ന്ന് പോലീസ് മുറികളോരോന്നും തുറന്ന് നോക്കുന്നതിനിടെയാണ് ഒരു മുറിയിലെ കിടക്കയില്‍ മരിച്ച് ദിവസങ്ങൾ കഴിഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Scroll to load tweet…

ജലാംശം കുറഞ്ഞ് ചുങ്ങിയ നിലയിലായ മൃതദേഹത്തിന് ചുറ്റും ഈച്ചകളാര്‍ത്തിരുന്നതായി പരിശോധിച്ച മെഡിക്കല്‍ സംഘം അറിയിച്ചു. കുട്ടിക്ക് പോഷകാഹാര കുറവുണ്ടായിരുന്നതായും കുട്ടി മരിച്ചിട്ട് ഏറെ കാലമായെന്നും സംഘം ചൂണ്ടിക്കാട്ടി. അതേസമയം മകൾ ബൈബിൾ വായിക്കുകയാണെന്നായിരുന്നു കിംബർലി മൂർ പോലീസിനോട് പറഞ്ഞത്. പല തവണണ ചോദ്യം ചെയ്തെങ്കിലും മകൾ ഇപ്പോഴും തന്നോടൊപ്പമുണ്ടെന്നും ദൈവവും മകളും തന്നോടൊപ്പമുണ്ടെന്നുമുള്ള രണ്ട് വാചകങ്ങൾ മാത്രമാണ് കിംബർലി മൂർ ആവര്‍ത്തിച്ചത്. പോലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും മറ്റൊന്നും പറയാന്‍ കിംബര്‍ലി തയ്യാറായില്ല. മകൾ ജീവിച്ചിരിക്കുന്നെന്ന് കിംബര്‍ലി ഭ്രാന്തമായി ചിന്തിക്കുന്നത് കൊണ്ടായിരിക്കാം ഇത്തരത്തില്‍ പറയുന്നതെന്നും എന്നാല്‍, വിശദമായ ചോദ്യം ചെയ്യലുണ്ടാകുമെന്നും മരണത്തിന്‍റെ ദുരൂഹത നീക്കുമെന്നും പോലീസ് അറിയിച്ചു.