റഷ്യയ്ക്ക് മേലെ ആയുധവര്‍ഷം നടത്തി ചര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കാന്‍ പറ്റുമോയെന്ന് സെലന്‍സ്കിയോട് ട്രംപ് ചോദിച്ചെന്ന് റിപ്പോര്‍ട്ടുകൾ. 

യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്നും പിന്മാറണമെന്ന ട്രംപിന്‍റെ ആവശ്യം പുടിന്‍ നിരസിച്ചതിന് പിന്നാലെ യുക്രൈയ്ന് കൂടുതല്‍ ആയുധനങ്ങൾ നല്‍കാനുള്ള കരാറില്‍ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു. പിന്നാലെ ജൂലൈ 4 -ന് ട്രംപും വ്ലോദിമിർ സെലന്‍സ്കിയും തമ്മിൽ നടന്ന ഫോണ്‍ സംഭാഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങളും പുറത്ത്. പുടിനുമായുള്ള സംഭാഷണം അലസി പിരിഞ്ഞതിന് പിന്നാലെ പുടിന്‍ മനുഷ്യരെ ബോംബിട്ട് കൊല്ലുന്നുവെന്ന് ആരോപിച്ച ട്രംപ്, സെലന്‍സികിയോട് കൂടുതല്‍ ആയുധങ്ങൾ തന്നാൽ മോക്സോയും സെന്‍റ് പീറ്റേഴ്സ്ബര്‍ഗും ആക്രമിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചെന്ന് ഫിനാന്‍ഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ പ്രദേശത്ത് ആക്രമണം ശക്തമാക്കാന്‍ കഴിയുമോയെന്ന ട്രംപിന്‍റെ ചോദ്യത്തിന് കൂടുതല്‍ ആയുധങ്ങൾ തരികയാണെങ്കില്‍ തീര്‍ച്ചയായും എന്നാണ് സെലന്‍സ്കി നല്‍കിയ മറുപടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. യുദ്ധത്തിന്‍റെ വേദന ക്രൈംലിന്‍ അറിയണമെന്നും അത് വഴി അവരെ പ്രശ്നപരിഹാര സംഭാഷണത്തിനായി നിര്‍ബന്ധിക്കുകയെന്നും യുഎസ്, യുക്രൈനോട് ആവശ്യപ്പെട്ടു. യുദ്ധം മോസ്കോയിലേക്ക് എന്ന് യുഎസ് ഉന്നതോദ്യോഗസ്ഥർ സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് വൈറ്റ് ഹൗസോ, യുക്രൈയ്ൻ പ്രസിഡന്‍റിന്‍റെ ഓഫീസോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ നടന്ന സംഭാഷണത്തിനിടെ യുക്രൈയ്ന്‍ പ്രസിഡന്‍റ് തങ്ങൾക്ക് ആവശ്യമുള്ള ദീര്‍ഘദൂര മിസൈലുകളുടെ അടക്കം ലിസ്റ്റ് യുഎസിന് കൈമാറിയതായും റിപ്പോര്‍ട്ടിൽ പറയുന്നു. അതേ സമയം യുക്രൈയ്ന് കൈമാറാന്‍ സാധ്യതയുള്ള ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ യുഎസോ, യൂറോപ്യന്‍ യൂണിയനോ പുറത്ത് വിട്ടിട്ടില്ല.

യുഎസിനെ തള്ളി ക്രൈംലിന്‍

ട്രംപ്, ക്രൈംലിന് നാടകീയ അന്ത്യശാസനം നല്‍കി. എന്നാല്‍ റഷ്യ അത് കാര്യമാക്കിയെടുക്കുന്നില്ലെന്ന് റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് എക്സിൽ എഴുതി. ഇതുവരെ യുഎസ് വിതരണം ചെയ്ത മിസൈലുകൾക്കൊന്നും മോസ്കോയിലേക്ക് എത്താനുള്ള കഴിവില്ലാത്തവയായിരുന്നു. ചെറിയ ദൂരങ്ങൾ മാത്രമായിരുന്നു അവ താണ്ടിയിരുന്നത്. എന്നാല്‍ 1600 കിലോമീറ്ററിനും മുകളിൽ സഞ്ചരിക്കാന്‍ കഴിയുന്ന മിസൈലുകളെ സെലന്‍സ്കി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. അതേസമയം യുക്രൈയ്ന് ആയുധം നല്‍കിയാൽ അത് റഷ്യയ്ക്കെതിരെയുള്ള നീക്കമായി കണക്കാക്കുമെന്നും ആ രാജ്യങ്ങളെ ആക്രമിക്കാന്‍ മടിക്കില്ലെന്നും പുടിന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അത്തരമൊരു നീക്കത്തിന് റഷ്യ മുതിര്‍ന്നിട്ടില്ല.