1944-ൽ രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന കാലം. ജർമ്മൻ പട കയ്യടക്കി വെച്ചിരുന്ന ഫ്രാൻസിനെ മോചിപ്പിക്കാൻ സഖ്യകക്ഷി സേനയുടെ ഭാഗമായിട്ടാണ്, കെ ടി റോബിൻസ് എന്ന ഇരുപത്തിമൂന്നുകാരനായ അമേരിക്കൻ സൈനികൻ വടക്കു കിഴക്കൻ ഫ്രാൻസിലെത്തുന്നത്. ബ്രൈയി എന്ന ചെറു പട്ടണം കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ സൈനിക ബേസ്. അവിടെ വെച്ച് ജീവിതം യൗവ്വന തീക്ഷ്ണമായ ആ സമയത്ത്, നാടും വീടും ഉപേക്ഷിച്ചു കൊണ്ട്, തിരിച്ചു നാട്ടിലേക്ക് ജീവനോടെ പോവാൻ കഴിയുമോ എന്ന ഉറപ്പുപോലുമില്ലാതെ മറുനാടൻ മണ്ണിലെത്തുന്നത്. 

നാസികളുടെ പിടിയിൽ നിന്നും തങ്ങളെ രക്ഷിക്കാനെത്തിയ സഖ്യസൈനികരെ സുന്ദരികളായ ഫ്രഞ്ച് വനിതകൾ  ഏറെ ആരാധനയോടും നന്ദിയോടുമായിരുന്നു കണ്ടു കൊണ്ടിരുന്നത്. അക്കൂട്ടത്തിൽ ഒരാളായിരുന്നു പതിനെട്ടുകാരിയായ ജെന്നിനും. ജെന്നിന്റെയും റോബിൻസിന്റെയും ഹൃദയങ്ങൾ ആ യുദ്ധകലുഷിതമായ ഭൂമിയിൽ വെച്ച്  തമ്മിൽ കൊരുത്തുപോയി. ഏറെ ഹ്രസ്വമെങ്കിലും, അവർക്കും കിട്ടി അവരുടേത് മാത്രമായ ഒരു പ്രണയകാലം. 

പക്ഷേ, അവരുടെ പ്രണയം അൽപായുസ്സായിരുന്നു. റോബിൻസിന് കിഴക്കൻ ഫ്രാൻസിലേക്ക് ചെല്ലാനുള്ള  മൊബിലൈസേഷൻ ഓർഡറുകൾ കിട്ടിയത് പെട്ടെന്നായിരുന്നു. ജെന്നിനെ കണ്ടുപിടിക്കാനോ വിവരമറിയിക്കാനോ ഒന്നിനും നേരം കിട്ടാതെയുള്ള ഒരു പോക്കായിപ്പോയി അത്. യുദ്ധം തീർന്നതും അവിടെ നിന്നും റോബിൻസിനെ ആർമി നാട്ടിലേക്കും വിട്ടു. പിന്നീട് ഫ്രാൻസിൽ വരാനോ, ജെന്നിനെ തപ്പിപ്പിടിക്കാനോ ഉള്ള സാഹചര്യം റോബിൻസിന് ജീവിതത്തിലുണ്ടായില്ല. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം വിവാഹിതനായി. കുട്ടികളായി. ഏറെക്കുറെ സന്തോഷകരമായ ഒരു ജീവിതം തുടരുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തിന്റെ മനസ്സിൽ ഈ പ്രണയം മായാതെ കിടപ്പുണ്ടായിരുന്നു. അതിന്റെ തെളിവായി ജെന്നിന്റെ ഒരു ഫോട്ടോ അദ്ദേഹത്തിന്റെ പഴ്‌സിലും. അങ്ങനെ വർഷങ്ങൾ  എഴുപത്തഞ്ചു പിന്നിട്ടു. 

ഏതാനും ആഴ്ചകൾക്കു മുമ്പായിരുന്നു അമേരിക്കയിലെ ഈ വർഷത്തെ 'ഡി ഡേ' ആനിവേഴ്‌സറി ആഘോഷങ്ങൾ. അവിടെ വെച്ച് 'ഫ്രാൻസ് 2' എന്നൊരു ഫ്രഞ്ച് ചാനൽ യാദൃച്ഛികമായി റോബിൻസ് എന്ന ആ പഴയ വേൾഡ് വാർ വെറ്ററനെ ഇന്റർവ്യൂ ചെയ്തു. അപ്പോൾ പറഞ്ഞു വന്ന കൂട്ടത്തിൽ അദ്ദേഹം തന്റെ പഴയ ആ യുദ്ധകാലാ പ്രണയത്തെപ്പറ്റിയും പറഞ്ഞു.  റോബിൻസിന് ഇപ്പോൾ വയസ്സ് 98  കഴിഞ്ഞിരുന്നു. അത്ഭുതപ്പെടരുത്.., അദ്ദേഹത്തിന്റെ പേഴ്സിൽ ഇപ്പോഴും ആ പഴയ പ്രണയത്തിന്റെ, ജെന്നിൻ എന്ന ആ പതിനെട്ടുകാരിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമുണ്ടായിരുന്നു. ഒപ്പം അന്നത്തെ ആ 23 കാരന്റെയും. 

അദ്ദേഹം ആ ചാനലുകാരോട് ഒരേയൊരു ആഗ്രഹം അറിയിച്ചു, " ഇപ്പോഴും ജീവനോടുണ്ടോ എന്നറിയില്ല.. അഥവാ ഉണ്ടെങ്കിൽ എനിക്ക് അവരെ ഒന്ന് തപ്പിടിച്ചു തരാമോ..? "  അദ്ദേഹത്തിന് നേരിട്ട് ഫ്രാൻസിൽ പോവണമെന്നും ആളെ അന്വേഷിക്കണമെന്നും ഉണ്ടായിരുന്നു. എന്നാൽ അതുവരെ പോയിട്ട് അവർ മരിച്ചു എന്ന് തിരിച്ചറിയുകയാണെങ്കിലോ എന്ന് ഭയന്ന് അദ്ദേഹം അതിനു മുതിർന്നിരുന്നില്ല. 

എന്നാൽ, അവിശ്വസനീയം എന്നു തന്നെ പറയാം, ആ ഫ്രഞ്ച് ജേർണലിസ്റ്റുകൾ ആ ഒരൊറ്റ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ ബലത്തിൽ ജെന്നിനെ കണ്ടെത്തി. ഇന്നവർ, 93  കാരിയായ ഒരു അമ്മൂമ്മയാണ്. ഇല്ല, മരിച്ചിട്ടില്ല റോബിൻസിന്റെ ജെന്നിൻ..! 

ചാനലുകാർ അവരെ ഇരുവരെയും ഒരുമിപ്പിച്ചു. ആ സമാഗമം ആരെയും കണ്ണീരണിയിക്കുകായും, അതേസമയം രോമാഞ്ചം കൊള്ളിക്കുകയും ചെയ്യുന്ന ഒരു കാഴ്ചയായിരുന്നു. അവർക്കിരുവർക്കും പരസ്പരം തിരിച്ചറിയാനായി എന്നതാണ് ഏറെ ആശ്ചര്യജനകമായ വസ്തുത. 

" അന്നിയാളുടെ പട്ടാള ട്രക്കുകൾ സ്ഥലം വിട്ടു എന്നറിഞ്ഞപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ ഒരുമിച്ചാണ് വന്നത്.. അന്ന് ഒരുപാടു ദിവസത്തേക്ക് ഞാൻ ഇരുന്നു കരഞ്ഞിരുന്നു.."  നെഞ്ചിടിപ്പുകൾ അടക്കിക്കൊണ്ട് ജെന്നിൻ വെളിപ്പെടുത്തി. യുദ്ധം തീർന്നു. കാമുകനും പറയാതെ സ്ഥലം വിട്ടു. എന്നിട്ടും, അവൾ പ്രതീക്ഷ വിട്ടിരുന്നില്ല. അവൾ കഷ്ടപ്പെട്ട് കുറച്ച് ഇംഗ്ലീഷ് പഠിച്ചെടുത്തു. എന്നെങ്കിലും തന്റെ അമേരിക്കൻ കാമുകൻ തിരിച്ചു വരും എന്ന് അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്നു പിന്നെയും കുറേക്കാലം. ഒടുവിൽ അവളും തന്റേതായ ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നു. 

അവർക്കിരുവർക്കും തങ്ങളുടേതായ ജീവിതങ്ങളിലേക്ക് തിരിച്ചു പോവേണ്ടിയിരുന്നു. യാത്ര പറഞ്ഞിറങ്ങിപ്പോരുന്നേരം, റോബിൻസ് ജെന്നിനോട് ഒരിക്കൽ കൂടി പറഞ്ഞു, " ജെന്നി.. ഐ ലവ് യു ഗേൾ.." 

ഇത്തവണ കൃത്യമായ ഒരു യാത്ര പറച്ചിലോടെത്തന്നെ അവർ തമ്മിൽ പിരിഞ്ഞു. കാലം അനുവദിക്കുമെങ്കിൽ ഇനിയൊരിക്കൽ കൂടി കാണാം എന്ന് തമ്മിൽ പറഞ്ഞ വാക്കോടെ..