യാതൊരു പ്രതീക്ഷകളും കൂടാതെയാണ് ആ കത്ത് എത്തിയത്. മറുപടി പോലും പ്രതീക്ഷിക്കാത്ത ഒരു കത്ത്. ഗ്ലാഡിസ് ജോണ്‍സിന് ആ കത്ത് എഴുതിയതാവട്ടെ അഞ്ചുവര്‍ഷം മുമ്പ് ഡാന്യൂബ് റിവര്‍ ബോട്ടില്‍ കണ്ടുമുട്ടിയ ഒരു കുടുംബവും. ആ യാത്രക്കിടെ അപരിചിതരായ ആ കുടുംബത്തിലെ ഒരു കുട്ടി ചെളിപുരണ്ട ഷൂവുമായി ​ഗ്ലാഡിസിന്‍റെ ഉടുപ്പിൽ ചവിട്ടുകയുണ്ടായി. അതിന് അവനെ അച്ഛൻ ശകാരിക്കുകയും ചെയ്തു. എന്നാൽ, അയ്യോ, അതൊന്നും സാരമില്ല എന്നാണ് ​ഗ്ലാഡിസ് പ്രതികരിച്ചത്. ഏതായാലും ഇതോടെ ആ കുടുംബത്തെ പരിചയപ്പെടുകയും അവരുടെ കോഫിക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു ഗ്ലാഡിസ്. നാട്ടിൽ  തിരിച്ചെത്തിയശേഷം സൽക്കാരത്തിന് നന്ദി പറഞ്ഞുകൊണ്ട് ഒരു കത്തും അയക്കുകയുണ്ടായി. 

ഗ്ലാഡിസും ഭര്‍ത്താവ് വില്ല്യം ജോണ്‍സും

എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം അവളെത്തേടിയെത്തിയ കത്തെഴുതിയത് അന്ന് പരിചയപ്പെട്ട ഫ്രാങ്ക് കെസ്ലെറും ഭാര്യ ആനിയുമായിരുന്നു. കത്തിൽ എഴുതിയിരുന്നതാവട്ടെ തങ്ങളും തങ്ങളുടെ മകന്‍ എട്ടുവയസുകാരന്‍ ഹാരിയും വലിയൊരു അപകടത്തിലാണ് എന്നും തങ്ങളെ രക്ഷിക്കണം എന്നുമായിരുന്നു. അത്, 1939 ആയിരുന്നു വര്‍ഷം. ഹിറ്റ്ലറിന്‍റെ അധീനതയിലുള്ള ദേശത്തെ ജൂതരായിരുന്നു കെസ്ലറും കുടുംബവും. അവർക്ക് ആ നാടുവിട്ട് പലായനം ചെയ്യാനാകുമായിരുന്നു. പക്ഷേ, അവരുടെ നിയമപരവും സാമ്പത്തികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് നാസി സാമ്രാജ്യത്തിനപ്പുറത്തുള്ള ഒരാളുടെ ഉറപ്പ് അത്യാവശ്യമായിരുന്നു. 

കെസ്ലറിന്റെ കത്ത് കിട്ടുന്ന സമയത്ത് ബ്രിട്ടണും യുദ്ധത്തിലായിരുന്നു. അതവഗണിച്ചുകൊണ്ട് അയക്കപ്പെട്ട കത്ത് വേണമെങ്കില്‍ ഗ്ലാഡിസിന് കണ്ടില്ലെന്ന് നടിക്കാമായിരുന്നു. മാത്രവുമല്ല, അങ്ങനെയൊരു സഹായം ചെയ്യാനും മാത്രം കടപ്പാടൊന്നും അവള്‍ക്ക് കെസ്ലറിന്‍റെ കുടുംബത്തോടുണ്ടായിരുന്നില്ല. എന്നാല്‍, ഗ്ലാഡിസ് തിരികെയെഴുതിയത്,  'ഇംഗ്ലണ്ടിലേക്ക് വരൂ. കാര്യങ്ങളെല്ലാം ഞാന്‍ നോക്കിക്കോളാം' എന്നായിരുന്നു. 

​ഗ്ലാഡിസിന്റെ കത്ത് കിട്ടിയതോടെ കെസ്ലർ ദമ്പതിമാർ തങ്ങൾക്ക് കയ്യിൽ എടുക്കാവുന്നവയെല്ലാം വാരിക്കെട്ടി ചെക്കോസ്ലോവാക്യയിൽ നിന്നും സ്വതന്ത്രയൂറോപ്പിലേക്കുള്ള ട്രെയിനിന് വണ്‍വേ ടിക്കറ്റ് എടുത്തു. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന ഒരു യാത്രയായിരുന്നു അത്. ജൂതരാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് അവരുടെ കയ്യിലുണ്ടായിരുന്നത്. ഏത് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുമ്പോഴും പിടിക്കപ്പെടാനോ തടവറയിലാക്കപ്പെടാനോ എന്തിന് കൊല്ലപ്പെടാനോ വരെയുള്ള സാധ്യതകളുണ്ടായിരുന്നു. 

കെസ്ലെര്‍ ദമ്പതിമാരും മകന്‍ ഹാരിയും

ചെസ്റ്ററിൽ നിന്ന് ഏഴ് മൈൽ അകലെയുള്ള ചർട്ടണിൽ ഗ്ലാഡിസ് തന്‍റെ വിരുന്നുകാരെയും കാത്ത് തന്‍റെ വാഗ്ദ്ധാനവും പാലിക്കാന്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു. ഹാർവിച്ചില്‍ നിന്നുമെത്താന്‍ വില്യം ഒരു കാർ സംഘടിപ്പിച്ചു. ആ സമയത്ത് ഗ്ലാഡിസ് അവളുടെ വലിയ വില്ലയിലെ സ്പെയർ റൂമുകൾ കെസ്ലെര്‍ കുടുംബത്തിനായി ഒരുക്കി. അവര്‍ക്ക് ഭക്ഷണമൊരുക്കുന്നതിനായുള്ള സാധനങ്ങള്‍ വാങ്ങിവന്നു. ഹാരിയെ ചേര്‍ക്കുന്നതിനായി സമീപത്തെ പ്രൈമറി സ്കൂളില്‍ ഒരു സീറ്റുപോലും കണ്ടെത്തിയിരുന്നു ഗ്ലാഡിസ്. 

വിയന്നയില്‍ വച്ച് ഗ്ലാഡിസ് തന്‍റെ മുറിജര്‍മ്മനിലാണ് കെസ്ലെര്‍ കുടുംബത്തോട് സംസാരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവള്‍ക്ക് ആ കുടുംബത്തെ ഇംഗ്ലീഷ് പഠിപ്പിച്ചേ പറ്റുമായിരുന്നുള്ളൂ. മധ്യവര്‍ഗ കുടുംബമായിരുന്നു കെസ്ലെറിന്‍റേത്. എന്നാല്‍, അവര്‍ ഗ്ലാഡിസിനരികിലെത്തിയത് തീര്‍ത്തും അഭയാര്‍ത്ഥികളായിട്ടാണ്. എങ്കിലും വീടുവൃത്തിയാക്കിയും തോട്ടം പരിചരിച്ചുമെല്ലാം അവര്‍ ഗ്ലാഡിസിന്‍റെ കുടുംബത്തിന് പ്രതിഫലം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍, ഗ്ലാഡിസിന്‍റെ പ്രവൃത്തി ഒരു പ്രതിഫലവും ഇച്ഛിക്കാത്തതും പ്രതിഫലമില്ലാത്തതുമായിരുന്നു. വംശീയഹത്യയുടെ ഭീകരതയ്ക്കിടയില്‍ മൂന്ന് ജൂതജീവനുകളെ ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുകയായിരുന്നു ഗ്ലാഡിസ്. ഒരു വര്‍ഷത്തോളം ഗ്ലാഡിസ് ആ കുടുംബത്തെ തന്‍റെ മേല്‍ക്കൂരയ്ക്ക് കീഴില്‍ സംരക്ഷിച്ചു നിര്‍ത്തി. ഈ ദയാവായ്പിന്‍റെയും പ്രതിഫലേച്ഛയില്ലാത്ത സ്നേഹത്തിന്‍റെയും കഥ എട്ട് പതിറ്റാണ്ടുകളോളം ആരും അറിഞ്ഞില്ല. 

എന്നിരുന്നാലും ഹാരിയുടെ മകളും പ്രശസ്തയായ സാഹിത്യകാരിയുമായ ലിസ് കെസ്ലെര്‍ തന്‍റെ ആത്മകഥാംശമുള്ള പുതിയ നോവലായ വെന്‍ ദ വേള്‍ഡ് വാസ് ഔവേഴ്സില്‍ (When the World Was Ours) ഈ അനുഭവത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വിയന്നക്കാരായ മൂന്ന് കുട്ടികളിലൂടെ -ജൂതരായ ലിയോ, എല്‍സ എവരുടെ അടുത്ത സുഹൃത്ത് മാക്സ്- ഹോളോകോസ്റ്റിനെ കുറിച്ചുള്ള അനുഭവത്തിലൂടെയാണ് നോവല്‍ കടന്നുപോകുന്നത്. 1936 മുതല്‍ 1945 വരെയാണ് കഥ നടക്കുന്നതും. കോഫിക്ക് ക്ഷണിക്കുന്നത് മുതലുള്ള സംഭവങ്ങള്‍ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. 

90 -കാരനായ ഹാരി കെസ്ലെര്‍ ഇപ്പോള്‍ മെർസീസൈഡിലെ സൗത്ത്പോർട്ടിലാണ് താമസിക്കുന്നത്. യുദ്ധാനന്തരം ഹാരിയുടെ കുടുംബം ​ഗ്ലാഡിസിന്റെ വില്ലയിൽ നിന്നും മാറി. എന്നാൽ, വർഷങ്ങൾക്കുശേഷം ഹാരിയുടെ കുടുംബം ​ഗ്ലാഡിസിന്റെ കുടുംബത്തെ കണ്ടെത്തി. പിന്നീട് ഇരുകുടുംബങ്ങളും തമ്മിൽ സൗഹൃദം തുടരുകയുമായിരുന്നു. ഹാരിയുടെ മകളും എഴുത്തുകാരിയുമായ ലിസ്സും ​ഗ്ലാഡിസിന്റെ പുതുതലമുറക്കാരും  തമ്മിൽ അടുത്ത സൗഹൃദമുണ്ട്.

ഏതായാലും ലിസ്സിന്റെ നോവലിലൂടെ ഇതുവരെ ലോകത്തിനറിയാത്ത പുതിയൊരു കഥയാണ് വെളിപ്പെട്ടിരിക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും പ്രതിഫലേച്ഛയില്ലാത്ത സഹായമനസ്ഥിതിയുടേയും കഥ തന്നെയാണത്. ഒരുപക്ഷേ, ​ഗ്ലാഡിസിന്റെ കുടുംബം ആതിഥ്യമരുളിയില്ലായിരുന്നുവെങ്കിൽ കെസ്ലെർ കുടുംബത്തിന് എന്ത് സംഭവിക്കുമായിരിക്കും എന്ന് പറയാൻ പോലും സാധിക്കില്ല. അന്ന് അവർക്ക് പുറത്ത് പരിചയമുണ്ടായിരുന്ന ഏക കുടുംബം ഒരു ബോട്ടുയാത്രക്കിടെ പരിചയപ്പെട്ട ​ഗ്ലാഡിസിന്റെ കുടുംബത്തെ മാത്രമായിരുന്നു. കയ്യിലുണ്ടായിരുന്നത് അഞ്ച് വർഷം മുമ്പ് അവരെഴുതിയ ഒരു നന്ദിക്കത്തും. ഏതായാലും, ​ഗ്ലാഡിസ് കൈവിട്ടില്ല. അല്ലെങ്കിലും, എക്കാലവും ലോകം നിലനിന്നത് ഇത്തരം സ്നേഹങ്ങളിലാണല്ലോ.