വീടുകളിലെ മട്ടുപ്പാവും ഫ്ലാറ്റുകളിലെ ടെറസും നമുക്ക് അടുക്കളത്തോട്ടമാക്കി മാറ്റിയാല്‍ വിഷമില്ലാത്ത പച്ചക്കറികള്‍ കഴിക്കാമല്ലോ. സീരിയലുകളും സിനിമയും കണ്ട് സമയം കളയുന്നതിന് പകരം മാനസികമായ ഉല്ലാസം ലഭിക്കുന്ന അടുക്കളക്കൃഷി ചെയ്യാനിറങ്ങിയാലോ? ഓരോ വിളകളും കൃഷി ചെയ്യാന്‍ അതിന്റേതായ സമയമുണ്ടെന്ന് മനസിലാക്കി കൃഷി ചെയ്താല്‍ യഥാസമയം വിളവെടുക്കാം. അടുക്കളത്തോട്ടമുള്ളവര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇത്.

അടുക്കളത്തോട്ടം എങ്ങനെ ഒരുക്കാം

ഏകദേശം ഏഴു മണിക്കൂര്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുത്ത് വളരെ കുറഞ്ഞ ചെലവില്‍ ഗ്രോബാഗില്‍ പച്ചക്കറികള്‍ വളര്‍ത്താം. മണ്ണും മണലും ചാണകപ്പൊടിയും തുല്യ അളവില്‍ നിറച്ചാല്‍ മതി.

 

വിത്തു നടുന്നതിന് മുമ്പ് നന്നായി മനസിലാക്കണം. തക്കാളി, മുളക്, പപ്പായ, മുരിങ്ങ തുടങ്ങിയവയ്ക്ക് നന്നായി സൂര്യപ്രകാശം വേണം. ചീര, മുളക് വഴുതന എന്നിവയുടെ വിത്തുകള്‍ നേരിട്ട് മണ്ണില്‍ നടാം. വെണ്ട, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, പാവല്‍, പടവലം എന്നിവയുടെ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ച് മണ്ണില്‍ നടാം.

അടുക്കളത്തോട്ടത്തില്‍ എന്തെല്ലാം നടാം

കറിവേപ്പ്, കാന്താരി മുളക്, ചീര, തക്കാളി തുടങ്ങിയവ വീട്ടമ്മമാര്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള പച്ചക്കറികളാണല്ലോ. അധികം വെയില്‍ ആവശ്യമില്ലാത്ത സ്ഥലത്ത് ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ ഇടവിളയാക്കാവുന്നതാണ്. കൃഷി ചെയ്യാന്‍ ചട്ടി തന്നെ വേണമെന്നില്ല. ഉപയോഗശൂന്യമായ പാത്രങ്ങള്‍, പാട്ടകള്‍, ചെടിച്ചട്ടികള്‍ എന്നിവയിലെല്ലാം നടാം.

പച്ചക്കറിത്തോട്ടം ഉണ്ടാക്കുമ്പോള്‍ കൃഷി ചെയ്യുന്ന സമയവും പ്രധാനമാണ്. മുരിങ്ങ, പപ്പായ, കറിവേപ്പ്, നാരകം എന്നിവ തോട്ടത്തിന്റെ വടക്കുവശത്ത് കൃഷി ചെയ്യുന്നതാണ് നല്ലത്. ശക്തിയായ കാറ്റും മഴയും വെയിലും ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താം.

ഒരേ സ്ഥലത്ത് ഒരേ കുടുംബത്തില്‍പ്പെട്ട പച്ചക്കറികള്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. നിങ്ങള്‍ തക്കാളി, മുളക്, വഴുതന എന്നിവ കൃഷി ചെയ്യുകയാണെങ്കില്‍ ആ സ്ഥലത്ത് അടുത്ത പ്രാവശ്യം ചീര, പയര്‍, വെള്ളരി വര്‍ഗങ്ങള്‍ എന്നിവ നടാം.

 

വിളകള്‍ നടുന്ന സമയം

വഴുതന, വെണ്ട, പാവല്‍, പച്ചച്ചീര, മുളക്, പയര്‍ എന്നിവ മെയ് മുതല്‍ ആഗസ്ത് വരെയുള്ള മാസത്തിലാണ് നടേണ്ടത്.

വഴുതന, പടവലം, പയര്‍, തക്കാളി, മുളക്, കാബേജ്, കോളിഫ്‌ളവര്‍ എന്നിവ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് നടുന്നത്.

ചുവന്ന ചീര, മത്തന്‍, ചുരയ്ക്ക, പയര്‍, കുമ്പളം, സലാഡ് വെള്ളരി എന്നിവ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ കൃഷി ചെയ്യുന്നതാണ് നല്ലത്.

വെള്ളീച്ചയെ തുരത്താന്‍ വഴികള്‍

അടുക്കളത്തോട്ടത്തിലെ ഏറ്റവും പ്രധാന പ്രശ്‌നം വെള്ളീച്ചയാണ്. ഇലകളുടെ അടിയില്‍ നിന്ന് നീരൂറ്റിക്കുടിച്ച് വളരുന്ന ഇവ ഇലകളുടെ അടിഭാഗത്ത് മുട്ടയിട്ട് അതിവേഗം വളരും. നമുക്ക് ജൈവ മാര്‍ഗത്തില്‍ വെള്ളീച്ചയെ തുരത്താം.

അഞ്ച് മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും മുകളിലും തണ്ടുകളിലും തളിക്കാം. അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് കുതിര്‍ത്ത ലായനി ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ തളിക്കാം.

ഇനി ഈ രീതിയില്‍ വെള്ളീച്ച ഒഴിവായില്ലെങ്കില്‍ നിംബിസിഡിന്‍ അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാം. രണ്ടു ശതമാനം വീര്യമുള്ള വെളുത്തുള്ളി എമല്‍ഷന്‍ പ്രയോഗിച്ചാലും വെള്ളീച്ച അകലും. വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കാം.

പച്ചമുളകിലെ ഇലകുരുടിപ്പ് രോഗം

പച്ചമുളകിന്റെ എല്ലാ ഇനങ്ങളിലും സാധാരണയായി കാണുന്ന രോഗമാണ് ഇലകുരുടിപ്പ്. ഈ രോഗം ബാധിച്ചാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയില്ല.

 

കാര്‍ഷിക സര്‍വകലാശാലയുടെ പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത കുരുടിപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇനമായ കീര്‍ത്തി നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ നട്ടുവളര്‍ത്താം. കടുംപച്ച നിറവും ഇടത്തരം വലുപ്പവും മിതവായ എരിവുമാണ് കീര്‍ത്തിയുടെ പ്രത്യേകത. ചെടിനട്ട് രണ്ടുമാസത്തിനുള്ളില്‍ ആദ്യവിളവ് ലഭിക്കും. അഞ്ചുമാസമാണ് വിളദൈര്‍ഘ്യം. ഒരു ഹെക്ടറില്‍ നിന്ന് 15-16 ടണ്‍ മുളക് ലഭിക്കും.

തക്കാളിച്ചെടിയുടെ ഇല ചുരുണ്ടാല്‍

 

ഇല ചുരുളല്‍ വൈറസ് രോഗമാണ്. ടൊമാറ്റോ ലീഫ് കേല്‍ വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. തക്കാളിയില്‍ വിളവുണ്ടാകാതിരിക്കാന്‍ പ്രധാന കാരണമാണ് ഇത്.

നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ രോഗബാധ കണ്ടാല്‍ ചെടി നശിപ്പിക്കുക. വെര്‍ട്ടിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കണം. ബിവേറിയ എന്ന കീടനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം.

അഞ്ചു മില്ലി വേപ്പെണ്ണയും ആറ് അല്ലി വെളുത്തുള്ളി ചതച്ചതും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം.

തക്കാളി നടുമ്പോള്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച അനഘ എന്ന ഇനം നട്ടാല്‍ ഇല ചുരുളല്‍ രോഗത്തില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാം.

വെണ്ടയിലാണോ വെളുത്ത പൊടി?

ഈ വെളുത്ത പൊടി കുമിള്‍ ബാധയാണെന്ന് മനസിലാക്കണം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം. എന്നിട്ടും കുറയുന്നില്ലെങ്കില്‍ വെറ്റബിള്‍ സള്‍ഫര്‍ എന്ന ഗന്ധകപ്പൊടി മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. രണ്ടാഴ്ച കഴിഞ്ഞേ വെണ്ടയില്‍ നിന്ന് വിളവെടുക്കാന്‍ പാടുള്ളു.

 

അഞ്ച് മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിക്കാം. വളര്‍ച്ച വേഗത്തിലാക്കാന്‍ രണ്ടാഴ്ച ഇടവിട്ട് ജൈവവളം ചേര്‍ക്കാം. പച്ചച്ചാണകം, കടലപ്പിണ്ണാക്ക പുളിപ്പിച്ചത്, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ബയോഗ്യാസ് സ്‌ളറി എന്നിവ ഉപയോഗിക്കാം.