120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയ വിജയ്, ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. കോൺഗ്രസ്, ഇടതുപാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് എന്നിവരുടെ പിന്തുണയോടെയാണ് വിജയുടെ ടിവികെ പാർട്ടി കേവലഭൂരിപക്ഷം മറികടന്നത്
ചെന്നൈ: 5 നാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നു. 108 സീറ്റിൽ നിന്ന് 120 എം എൽ എമാരുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ കൂടിക്കാഴ്ചക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്ക്ക് സമയം അനുവദിച്ചു. ആദ്യം മുതലേ എം എൽ എമാരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിൽ ഉടക്കിട്ടിരുന്ന ഗവർണർ, ആദ്യം കൂടിക്കാഴ്ചക്ക് സമയം നൽകുന്നില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 120 എം എൽ എമാരുടെയും പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ലോക്ഭവൻ റൂട്ടിലേക്ക് തിരിച്ച വിജയ്, പാതി വഴിയിൽ യൂ ടേൺ എടുത്ത് മടങ്ങിയതോടെയാണ് അഭ്യൂഹം ശക്തമായത്. എന്നാൽ ഇത് വാർത്തയായതിന് പിന്നാലെ ഗവർണർ, വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. ഇതനുസരിച്ച് വിജയ് ഉടൻ തന്നെ ലോക്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഗവർണറുടെ അനുവാദം ലഭിച്ചാൽ സത്യപ്രതിജ്ഞയുടെ സമയവും സ്ഥലവും കുറിക്കപ്പെടും.

5 നാൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ജനനായകൻ
തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 5 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ചാണ് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായത്. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ 'കൈ' പിടിച്ചെത്തിയ കോൺഗ്രസിന് പിന്നാലെ വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകന്‍റെ സർക്കാർ യാഥാർഥ്യമാകുന്നത്. കോൺഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, ലീഗിന്‍റെ 2, എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെ കേവല ഭൂരിപക്ഷമായ 118 ഉം കടന്ന് 120 ആയി ടി വി കെയുടെ അംഗബലം. അതേസമയംവിജയ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും. വി സി കെ മന്ത്രിസഭയുടെ ഭാഗമാകുമോ എന്നതും കണ്ടറിയണം. ലീഗ് മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോൺഗ്രസ് ചേർന്നാൽ ചേരുമെന്ന നിലപാടിലാണ് ലീഗെന്നാണ് സൂചന.
