ഇന്നേക്ക് ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പുള്ള ഒരു പ്രഭാതം. ടിബറ്റിനെ ഞെട്ടിച്ച ഒരു അപഹരണ വാർത്തയുമായാണ് ആ പ്രഭാതം ഉണർന്നത്. അന്ന് ആറുവയസ്സുമാത്രം പ്രായമുള്ള, പഞ്ചൻ ലാമയുടെ പുനർജ്ജന്മം എന്ന് ടിബറ്റുകാർ വിശ്വസിച്ചിരുന്ന, ഗെഥുൻ ചോയ്ക്യി ന്യിമ എന്ന റിംപോച്ചെയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ടിബറ്റൻ ബുദ്ധിസ്റ്റുകൾക്ക് ദലൈ ലാമ കഴിഞ്ഞാൽ അടുത്ത സ്ഥാനമാണ് പഞ്ചൻ ലാമ എന്ന പദവിക്ക്. 

അന്ന് അപ്രത്യക്ഷനായ ശേഷം ഗെഥുൻ എന്ന റിംപോച്ചെയെ പിന്നീട് ആരും കണ്ടിട്ടില്ല. കാണാതായി ഇരുപത്തഞ്ചു വർഷങ്ങൾക്ക് ശേഷം, ഇന്ന്, ചൈന ഒരു സ്ഥിരീകരണം നടത്തി.
"റിംപോച്ചെ ജീവനോടുണ്ട്. ബെയ്ജിങ്ങിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി, നല്ലൊരു ജോലിയും നേടി, വളരെ സ്വാഭാവികമായ ഒരു ജീവിതം നയിക്കുകയാണ് അവൻ. ഗെഥുനോ അവന്റെ ബന്ധുജനങ്ങളോ ആരും തന്നെ അവരുടെ സ്വൈരജീവിതത്തിന് നിങ്ങൾ ആരാലും ഭംഗം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നില്ല. അവരെ വെറുതെ വിടുക" 

ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ  വക്താവായ സാവോ ലിജിയൻ നടത്തിയ ഈ പരാമർശങ്ങൾ മാത്രമാണ് കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തിനിടെ പഞ്ചൻ ലാമയുടെ ജീവിതത്തെപ്പറ്റി പുറംലോകത്തിന് കിട്ടിയ ഒരേയൊരു അറിവ്. ഗെഥുൻ റിംപോച്ചെക്ക് ഇന്ന് 31 വയസ്സ് പ്രായമുണ്ടാകും. 

1995 -ൽ പതിനൊന്നാമത്തെ ലാമയായി ഗെഥുന്റെ പേര് പ്രഖ്യാപിക്കുന്നത് ദലൈ ലാമയാണ്. പത്താമത്തെ പഞ്ചൻ ലാമ മരിച്ച് ആറുവർഷത്തിനു ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. എന്നാൽ, ദലൈ ലാമയുടെ പ്രഖ്യാപനത്തെ അംഗീകരിക്കാൻ വിസമ്മതിച്ച ചൈന ഈ കാര്യത്തിൽ ഇടപെട്ട് ഗെഥുൻ റിംപോച്ചെയെ തട്ടിക്കൊണ്ടു പോവുകയും, പകരം തങ്ങളുടെ നോമിനിയായ ഗ്യാൻസൈൻ നോർബുവിനെ പഞ്ചൻ ലാമയായി അവരോധിക്കുകയും ചെയ്തു. തങ്ങൾ നിർദേശിച്ച റിംപോച്ചെയാണ് യഥാർത്ഥ പഞ്ചൻ ലാമ എന്നായിരുന്നു അന്ന് ചൈനയുടെ വാദം. 

 

ഗ്യാൻസൈൻ നോർബു

ദലൈ ലാമയെത്തന്നെ അംഗീകരിക്കാതിരുന്ന ചൈന പലവിധേനയും അദ്ദേഹത്തെ നിർവീര്യനാക്കാനും ഒതുക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ദലൈ ലാമ നിർദേശിച്ച് ഇനിയൊരു മതനേതാവുകൂടി ഉയർന്നുവരുന്നത് തടയാൻ വേണ്ടിയാണ് അന്ന് ചൈന ഗെഥുനെ രംഗത്തുനിന്ന് ബലം പ്രയോഗിച്ച് അപ്രത്യക്ഷനാക്കിയത്. ചൈനയുടെ സമ്മർദ്ദമേറിയ സാഹചര്യത്തിൽ 1959 -ൽ ടിബറ്റ് വിട്ട് പലായനം ചെയ്ത ദലൈ ലാമ അന്നുതൊട്ട് ഹിമാചലിൽ ധരംശാലയിൽ അഭയത്തിലാണ്.

പഞ്ചൻ ലാമയായി ചൈന കൊണ്ട് പ്രതിഷ്ഠിച്ച  ഗ്യാൻസൈൻ നോർബുവാകട്ടെ സുപ്രധാനമായ ഒരു ചൈനീസ് ഭരണസമിതിയുടെ ( Chinese People's Consultative Conference ) ഭാഗമാക്കപ്പെടുകയും ചെയ്തിരുന്നു. ചൈനയ്ക്കുള്ളിലെ വൈവിധ്യങ്ങളെ ഏകോപിപ്പിക്കാനുള്ള ഒരു സമിതിയാണ് CPCC. അതിൽ ടിബറ്റൻ ബുദ്ധമതക്കാരുടെ പ്രതിനിധിയായിട്ടാണ് നോർബു പ്രവേശിപ്പിക്കപ്പെട്ടത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തോടുള്ള തന്റെ കൂറ് അചഞ്ചലമാണ് എന്ന് പലവേദികളിലും അദ്ദേഹം പരസ്യമായിത്തന്നെ പലവട്ടം ഏറ്റുപറയുകയുമുണ്ടായിട്ടുണ്ട്. 

 

ഗ്യാൻസൈൻ നോർബു

"ഇരുപത്തഞ്ചു വർഷം ചൈന പ്രവർത്തിച്ച കുറ്റകൃത്യം, പതിനൊന്നാം പഞ്ചൻ ലാമയുടെ അപഹരണം, അദ്ദേഹത്തിന്റെ മതപരമായ സ്വത്വത്തെ റദ്ദാക്കിക്കൊണ്ടുള്ള നിർബന്ധിത പുനരധിവാസം, മൊണാസ്ട്രിയിൽ താമസിച്ച് ആരാധന തുടരാനുള്ള സ്വാതന്ത്ര്യത്തിന്റെ നിഷേധം ഒക്കെ മതവിശ്വാസങ്ങളുടെ മാത്രമല്ല, മൗലികമായ പൗരാവകാശങ്ങളുടെ കൂടി ലംഘനമായിരുന്നു" എന്ന് ടിബറ്റൻ ഗവൺമെന്റ്‌ പറഞ്ഞു. 

ദലൈ ലാമ എന്ന തിബത്തൻ ബിദമതവിശ്വാസികളുടെ ദൈവതുല്യമായ പദവിയെ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ് പഞ്ചൻ ലാമയുടെ അസ്തിത്വം. ഇപ്പോൾ പലായന ജീവിതം നയിക്കുന്ന ദലൈ ലാമ പറഞ്ഞിട്ടുള്ളത് ചിലപ്പോൾ തന്റെ അനന്തരാവകാശി ടിബറ്റിനു വെളിയിൽ നിന്നാകാം, ചിലപ്പോൾ തനിക്കൊരു പുനർജ്ജന്മം തന്നെ ഉണ്ടായില്ലെന്ന് വരാം എന്നൊക്കെയാണ്. ദലൈ ലാമയും, പഞ്ചൻ ലാമയും ഒക്കെ പാർട്ടിയുടെ അനുവാദത്തോടെ, അംഗീകാരത്തോടെ മാത്രമേ ടിബറ്റിൽ വാഴിക്കൂ എന്ന നയമാണ് ചൈനീസ് ഗവൺമെന്റിന്റേത്. ടിബറ്റ് എന്ന പ്രദേശത്തിന്റെ അധികാരവുമായി ബന്ധപ്പെട്ടുകൊണ്ട് ദലൈ ലാമയുമായി തർക്കത്തിൽ തന്നെയാണ് എന്നും ചൈന. ഇക്കാര്യത്തിൽ തൽക്കാലം, പ്രദേശത്തിന്റെ സൈനിക നിയന്ത്രണം കയ്യിലുള്ള ചൈനയ്ക്ക് തന്നെയാണ്, മേൽക്കൈ നിലനിൽക്കുന്നതും. 

 

 

റിംപോച്ചെയെ തട്ടിക്കൊണ്ടുപോയ ദിവസം, വർഷാവർഷം ലോകത്തിന്റെ പലഭാഗങ്ങളിലായി  പലായന ജീവിതം നയിക്കുന്ന ടിബറ്റൻ ബുദ്ധമതവിശ്വാസികളിൽ പലരും ഗെഥുൻ റിമ്പോച്ചെയുടെ ആറുവയസ്സിലെ ചിത്രം ചില്ലിട്ടുവെച്ച് അതിൽ ആരാധനകളും  മറ്റും നടത്താറുണ്ട്.