ഏറ്റവും ഒടുവിൽ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട തീയതി ഫെബ്രുവരി ഒന്നാണ്. മുമ്പ് ജനുവരി 22 -ന് തൂക്കിലേറ്റും എന്ന് പറഞ്ഞിരുന്നു എങ്കിലും, പ്രതികൾ നിയമത്തിൽ അനുവദനീയമായ അപ്പീൽ സാദ്ധ്യതകൾ വിനിയോഗിച്ചതിനെത്തുടർന്ന് അന്ന് വിധി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതികളിൽ ഒരാൾ ക്യൂറേറ്റിവ് പെറ്റീഷനുമായി നീങ്ങിയതാണ് നടപ്പാക്കലിന് തടസ്സമായത്. 

കേസിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് ഫെബ്രുവരി ഒന്നാം തീയതി എന്ന പുതിയ തീയതിയിലും വധശിക്ഷ നടപ്പിലാക്കാൻ കഴിയും എന്ന് തോന്നുന്നില്ല. രണ്ട് സുപ്രീം കോടതി വിധികൾ, തിഹാർ ജയിൽ മാനുവൽ ഇവയുടെ വിശകലനപ്രകാരം മേൽപ്പറഞ്ഞ തീയതിയിലും വൈകിയേ മിക്കവാറും ശിക്ഷ നടപ്പിലാക്കപ്പെടുകയുള്ളൂ. 1982 -ലും 2014 -ലുമാണ് ആ നിർണായകമായ വിധികൾ ഉണ്ടായത്. മേൽപ്പറഞ്ഞ വിധികൾ പ്രകാരം ഈ നാലു പ്രതികളിൽ അവസാനത്തെയാളും തന്റെ അവസാനത്തെ നിയമപരമായ അപ്പീൽ സാധ്യത വിനിയോഗിച്ച് അതിന്റെ വിധിയും വന്നതിന് പതിനാലു ദിവസം കഴിഞ്ഞുമാത്രമേ ഈ നാലുപേരുടെയും വധശിക്ഷ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. 

1982 -ലെ ഹർബൻഷ് സിംഗ് കേസ് 

1982 -ൽ ഹർബൻഷ് സിംഗ് Vs സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് എന്ന കേസിൽ സുപ്രീം കോടതി ഏറെ പ്രസക്തമായ ഒരു വിധിപ്രസ്താവം നടത്തുകയുണ്ടായി. ആ വിധിയിൽ പറഞ്ഞത് ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികളെ ഒറ്റയ്‌ക്കൊറ്റയ്ക്കായി തൂക്കാൻ സാധിക്കില്ല. ഒന്നിച്ച് ഒരേ ദിവസം, ഒരേസമയം മാത്രമേ അവരെ കൊല്ലാൻ അനുവാദമുള്ളൂ. വിധിക്ക് ആധാരമായ കേസിൽ നാലുപേരാണ് കൊല്ലപ്പെട്ടിരുന്നത്. നാല് പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. അവരിൽ ഒരാൾ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. മറ്റു മൂന്നുപേരും വിചാരണ പൂർത്തിയാക്കി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ജീത് സിംഗ്, കാശ്മീരാ സിംഗ്, ഹർബൻഷ് സിംഗ് എന്നിവരായിരുന്നു തൂക്കിലേറ്റപ്പെടാനിരുന്ന പ്രതികൾ. 

ഈ കേസിൽ മൂന്നു പ്രതികളും വെവ്വേറെ റിവ്യൂ പെറ്റീഷനുകൾ സമർപ്പിച്ചിരുന്നു. കാശ്മീരാ സിംഗിന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി വെട്ടിക്കുറച്ചു. മറ്റു രണ്ടുപേരുടെയും പെറ്റീഷനുകൾ സുപ്രീം കോടതി തള്ളി. ഇരുവരും 1981 -ൽ ഒരേദിവസമായിരുന്നു തൂക്കിലേറ്റപ്പെടാനിരുന്നത്. ഹർബൻഷ് സിംഗ് പ്രസിഡന്റിന് ദയാഹർജിയുമായി മുന്നോട്ടു നീങ്ങി. അതേസമയം, അങ്ങനെ ചെയ്യാതിരുന്ന ജീത് സിംഗിനെ നിശ്ചയിച്ച ദിവസം തന്നെ തൂക്കിക്കൊന്നു. പ്രസിഡന്റ് ഹർബൻഷ് സിംഗിന്റെ ദയ ഹർജി തള്ളി. സുപ്രീം കോടതിയിൽ മറ്റൊരു കാരണം പറഞ്ഞുകൊണ്ട് ഹർബൻഷ് സിംഗ് വീണ്ടും ഹർജി നൽകി. ഒരേ കേസിൽ ഒരേ കുറ്റം ചെയ്തവർക്ക് എന്തിനാണ് വ്യത്യസ്തമായ അളവിലുള്ള ശിക്ഷ എന്നായിരുന്നു ഹർബൻഷ് സിംഗിന്റെ ഇത്തവണത്തെ ചോദ്യം. ഇക്കാര്യത്തിൽ നടപടിക്രമത്തിൽ പിശക് വന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇനിമേൽ ഏതെങ്കിലും കേസിലെ ഏതെങ്കിലും പ്രതികളുടെ വധശിക്ഷകൾ പ്രസിഡന്റ് വഴി ജീവപര്യന്തമാക്കപ്പെടുന്നുണ്ടെങ്കിൽ അത് കോടതിയെ യഥാസമയം അറിയിക്കണം എന്ന് ജയിൽ സൂപ്രണ്ടുമാർക്ക് നിർദേശം നൽകപ്പെട്ടു. അതോടെ, ഒരു കേസിലെ എല്ലാ പ്രതികളും അവരവരുടെ ലീഗൽ അപ്പീൽ സാദ്ധ്യതകൾ എല്ലാം വിനിയോഗിച്ച ശേഷം മാത്രമേ അവരിൽ ആരുടെയും വധശിക്ഷ നടപ്പിലാക്കാവൂ എന്നുവന്നു. 

2014-ലെ ശത്രുഘൻ ചൗഹാൻ കേസ് 

ഈ കേസിലുണ്ടായ വിധി ഇപ്രകാരമായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളുടെ അവസാനത്തെ ലീഗൽ അപ്പീൽ സാധ്യത, ദയാ ഹർജിയുടെ ഫലം വന്ന ശേഷം, പതിനാലു ദിവസം കൂടി കഴിഞ്ഞ ശേഷം മാത്രമേ അയാളെ തൂക്കിലേറ്റാനാകൂ. ദയാഹർജി നിരസിക്കപ്പെട്ട ശേഷം അപൂർവം ചില അവസരങ്ങളിൽ അതിനെ ചോദ്യം ചെയ്യാൻ സാധ്യതയുള്ളത് വിനിയോഗിക്കാൻ വേണ്ടിയാണ് ഈ പതിനാലുദിവസത്തെ നിർബന്ധിത ഇടവേള. അതുതന്നെ തിഹാർ ജയിൽ മാനുവലിലും പറയുന്നുണ്ട്. അത് പാലിക്കണമെങ്കിൽ മുകേഷ് സിംഗിന്റെ കാര്യത്തിൽ പറഞ്ഞ തീയതിക്ക് തൂക്കിലേറ്റൽ നടക്കില്ല. ഒരാളുടെയെങ്കിലും നടന്നില്ലെങ്കിൽ, നേരത്തെ പറഞ്ഞ വിധി പ്രകാരം പിന്നെ മറ്റാരുടെയും നടക്കില്ല. 

ചുരുക്കത്തിൽ ഫെബ്രുവരി ഒന്നാം തീയതിയും ഈ നാലുപേരെയും തൂക്കിലേറ്റാൻ സാധ്യത തീരെയില്ല എന്നർത്ഥം.