1947  ഓഗസ്റ്റ് 14. ലണ്ടൻ, ഇംഗ്ലണ്ട്. ലണ്ടനിലെ പാർലമെന്റ് മന്ദിരത്തിന് വടക്കുമാറി, തേംസ് നദിക്കരയിലായി, 1859  മുതൽ കിറുകൃത്യം സമയം അറിയിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധമായൊരു  വലിയ ഘടികാര ഗോപുരമുണ്ട്, 'ബിഗ് ബെൻ' എന്നാണ് പേര്. അതിൽ സമയം അപ്പോൾ രാത്രി എട്ടര. പാതിരയാകാൻ ഇനിയും നേരമുണ്ട്.

ഇന്നത്തെ കഥയിലെ താരം ഇംഗ്ലണ്ടല്ല. ലണ്ടൻ പട്ടണം പോലുമല്ല. അത് ലണ്ടനിൽ നിന്നും 6707 കിലോമീറ്റർ അകലെയുള്ള ഒരു നഗരമായിരുന്നു. അത് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു കോളനിയുടെ തലസ്ഥാനമായിരുന്നു, ദില്ലി. 

1947- ഓഗസ്റ്റ് 14 രാത്രി 11.00. പകൽ പെയ്ത മഴയുടെ ഈർപ്പം കെട്ടിക്കിടക്കുന്ന ഒരു വല്ലാത്ത കാലാവസ്ഥ. നയീ ദില്ലിയിലെ കിങ്ങ്‌സ് ക്യാമ്പ്. അവിടെയാണ് വൈസ്രോയിമന്ദിരം. നാളെ മുതൽ ഇതിന്റെ പേര് 'രാഷ്‌ട്രപതി ഭവൻ' എന്നാകാൻ പോകുന്നു. ഭാരതം മുഴുവൻ സ്വാതന്ത്ര്യലബ്ധിയുടെ പ്രഭാതത്തിലേക്ക് ഉറ്റുനോക്കി നിറഞ്ഞ ഉദ്വേഗത്തോടെ കാത്തിരുന്നപ്പോൾ, വൈസ്രോയി ഹൗസിലാകെ  ശാന്തത തളം കെട്ടി നിന്നു. നാല്പത്തേഴുകാരനായ ഏൾ മൗണ്ട്ബാറ്റൺ, ഭാര്യ എഡ്വിനയോടൊപ്പം ബോബ് ഹോപ്പിന്റെ ഏറ്റവും പുതിയ റിലീസായ, 'മൈ ഫേവറിറ്റ് ബ്രൂണറ്റ്' കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

കഥാനായകനായ റോണി ജാക്ക്സൻ (ബോബ് ഹോപ്പ് ) കഴുമരത്തിലേറാനുള്ള സമയവും കാത്തിരിക്കുകയാണ്. കണ്ടെം‌ന്‍‌ഡ് സെല്ലിൽ കിടന്ന് റോണി, പത്രക്കാരോട് തന്റെ ജീവിതകഥ വിവരിക്കുന്നു. ആ കഥയിൽ ഒരു സുന്ദരിയുണ്ടായിരുന്നു. സുഭഗരായ യുവാക്കളെ കറക്കിയെടുക്കാൻ വേണ്ടി ഗൂഢാലോചന നടത്തുന്ന ഒരു നിഗൂഢസുന്ദരി.  സിനിമ അതിന്റെ അന്ത്യത്തോടടുക്കേ, ഇന്ത്യയിലും, ഇരുനൂറില്പരം വർഷം നീണ്ടുനിന്ന ഒരു ഗൂഢാലോചനയ്ക്ക് തിരശ്ശീല  വീഴുകയായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിടാനുള്ള, ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാനുള്ള തീരുമാനം എടുത്തുകഴിഞ്ഞിരിക്കുന്നു.

ആ അധികാരക്കൈമാറ്റം സുഗമമായി നടത്താൻ ചുമതലപ്പെട്ടയാൾ അവസാന വൈസ്രോയി ആയ മൗണ്ട് ബാറ്റൺ.  ഇന്ത്യ എന്ന ജീവസ്സുള്ള രാജ്യത്തെ രണ്ടായി വെട്ടി മുറിക്കാനായിരുന്നു, പോകും വഴി അവർ  കൈക്കൊണ്ട തീരുമാനം. ആ 'സർജിക്കൽ' സ്‌ട്രൈക്കിന്റെ ചോര ബ്രിട്ടീഷുകാരുടെ കൈകളിലും, ആസേതുഹിമാചലവും പടർന്നൊഴുകിക്കൊണ്ടിരുന്നു. 

ഏതാനും നിമിഷങ്ങൾക്കപ്പുറം പാതിര : 'സ്വതന്ത്ര ഇന്ത്യയുടെ ജന്മമുഹൂർത്തം'. അധികാരം കൈക്കുടന്നയിലെ പൂഴിമണൽ പോലെ ചോർന്നു പൊയ്ക്കൊണ്ടിരുന്ന ആ അവസാന നിമിഷങ്ങളിൽ എന്തായിരിക്കും മൗണ്ട് ബാറ്റൺ ചിന്തിച്ചിരിക്കുക...! 

വൈസ്രോയി ഹൗസിൽ നിന്നും ഒരു വിളിപ്പാടകലെയായിരുന്നു 'ചേംബർ ഓഫ് കോൺസ്റ്റിറ്റുവൻറ്റ് അസംബ്ലി'. അതിനുള്ളിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യപ്പുലരിയെ വരവേൽക്കാൻ വേണ്ടി നിരവധിപേർ തടിച്ചുകൂടിയിരുന്നു. നാളെ മുതൽ ആ മന്ദിരം അറിയപ്പെടുക 'ഇന്ത്യൻ പാർലമെന്റ്' എന്നാവും.  

അർദ്ധരാത്രി കൃത്യം പന്ത്രണ്ടുമണിക്ക്, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയാകാൻ നിയുക്തനായ ജനനേതാവ്,  ട്രിസ്റ്റ് വിത്ത് ഡെസ്ടിനി' എന്ന  തന്റെ  സുപ്രസിദ്ധമായ പ്രസംഗം നടത്തി.

"വർഷങ്ങൾക്കു മുൻപ് വിധിയുമായി നാമൊരു കരാറിലേർപ്പെട്ടിരുന്നു. അത് നിറവേറ്റാനുള്ള സമയം എത്തിയിരിക്കുന്നു. ഈ അർധരാത്രിയിൽ, ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്...'' 


രാജ്യമെമ്പാടുമുള്ള അമ്പലങ്ങളിലെ മണികൾ മുഴങ്ങി. ജനം പടക്കം പൊട്ടിച്ച് തങ്ങളുടെ സ്വാതന്ത്ര്യത്തെ വരവേറ്റു. 

അടുത്ത ദിവസം, ഓഗസ്റ്റ് 15-ന്, ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് രാജേന്ദ്ര പ്രസാദിനും, പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിനും വൈസ്രോയി ഹൗസിലേക്കും ക്ഷണമുണ്ടായിരുന്നു. അവർ വന്നിറങ്ങിയപ്പോൾ പുറത്ത് രാജ്യത്തെയും വിദേശത്തെയും പത്രറിപ്പോർട്ടർമാരുടെ ബഹളമായിരുന്നു. ഏറ്റവും നല്ല ഫോട്ടോ കിട്ടാനുള്ള തത്രപ്പാടിൽ ക്യാമറാമാന്മാരും. ആ ചിത്രങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമായി. ഇവിടെ വെച്ചാണ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് മൗണ്ട്ബാറ്റനോട്, വൈസ്രോയിപദം വെടിഞ്ഞ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ 'ഗവർണർ ജനറൽ' ആകാൻ അപേക്ഷിക്കാനിരുന്നത്.

ആ ആവശ്യം മൗണ്ട് ബാറ്റൺ സസന്തോഷം സ്വീകരിച്ചു. അദ്ദേഹം അവർക്കുനേരെ തന്റെ മദിരാ ചഷകം ഒരു ടോസ്റ്റിനുവേണ്ടി നീട്ടിക്കൊണ്ട് പറഞ്ഞു, " ടു ഇന്ത്യാ.."  തന്റെചഷകം മൗണ്ട് ബാറ്റന്റേതുമായി മുട്ടിച്ചുകൊണ്ട് നെഹ്രുവും ഉപചാരം മടക്കി, " ടു കിംഗ് ജോർജ്ജ് ദ സിക്സ്ത് '. 

'എന്തൊരു വിരോധാഭാസമാണ്' എന്ന് തോന്നുന്നുണ്ടോ..? . ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ സർവാധികാര്യക്കാരനായ ലോർഡ് മൗണ്ട് ബാറ്റൺ ടോസ്റ്റുയർത്തിയപ്പോൾ 'ടു ഇന്ത്യ' എന്ന് പറഞ്ഞു. അത് മടക്കാതെ, അത്രയും നാൾ ബ്രിട്ടനെതിരെ പോരാട്ടം നയിച്ച ഇന്ത്യൻ ജനനേതാവ്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, തിരിച്ച് ബ്രിട്ടീഷ് രാജാവിന് വേണ്ടി ടോസ്റ്റുയർത്തി. എന്നാൽ അങ്ങനെയല്ല. കിങ്ങ് ജോർജിനുള്ള നെഹ്രുവിന്റെ ആ ടോസ്റ്റ് അതുവരെയുള്ള ചരിത്രത്തിന്റെ ഒരു ദശാസന്ധിയായിരുന്നു. പിരിയും മുമ്പുള്ള ഒരു ഉപചാരം. മുമ്പ് പലപ്പോഴും ബ്രിട്ടീഷ് രാജാവിന്റെ പേരിൽ ടോസ്റ്റ് മുട്ടിക്കേണ്ടി വരും എന്നതിന്റെ പേരിൽ ഇതേ നെഹ്രു തന്നെ, പലപ്പോഴും സൽക്കാരങ്ങൾക്ക് പങ്കെടുക്കാതെ വരെ ഇരുന്നിട്ടുണ്ട് എന്നോർക്കണം.

അന്നത്തെ നെഹ്രുവും ഇന്നത്തെ നെഹ്രുവും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. അന്നത്തെ നെഹ്‌റു സാങ്കേതികമായെങ്കിലും ബ്രിട്ടീഷുകാരുടെ അടിമയായിരുന്നു. ഇന്ന് ടോസ്റ്റുയർത്തിയ നെഹ്‌റു ഇന്ത്യ എന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രതിനിധിയായിരുന്നു, പ്രധാനമന്ത്രിയായിരുന്നു. അടിമത്തത്തിന്റെ ഇരുൾവീണ യുഗം അവസാനിച്ചുകഴിഞ്ഞിരുന്നു. ഈ ടോസ്റ്റുയർത്തപ്പെട്ടന്ന് കിംഗ് ജോർജ് ആറാമനും ജവഹർലാൽ നെഹ്രുവും, ഭാരതീയനും, ബ്രിട്ടീഷുകാരനും ഒക്കെ സമശീർഷരായിക്കഴിഞ്ഞിരുന്നു.

നമ്മുടെ സ്വാതന്ത്ര്യസമരപ്പോരാട്ടം അത്രയും, ഈ ഒരു സമത്വത്തിനു വേണ്ടിത്തന്നെ ആയിരുന്നല്ലോ..!