കിളികളുടെ കലമ്പലുകള്‍ കേട്ടുണരുന്നത് ഒരു രസമുള്ള അനുഭവമാണ്. ഓരോന്നിനും വ്യത്യസ്തമായ ഈണവും രീതിയും ഉണ്ട്. കുയിലിന്റെ മാധുര്യമുള്ള പാട്ടു തുടങ്ങി കാക്കയുടെ കലമ്പല്‍ വരെ അതില്‍ പെടുന്നു. എന്നാല്‍ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാകുന്ന പക്ഷി ഇതൊന്നുമല്ല. ബ്രസീലിലെ വൈറ്റ് ബെല്‍ബേഡ് എന്ന ഒരിനം പക്ഷിയാണ് ശരാശരി 125.4 ഡെസിബെല്‍ ഉയരത്തില്‍ പാട്ടുപാടി ഇണയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യന്റെ ചെവികള്‍ക്ക് സുരക്ഷിതമെന്ന് കരുതപ്പെടുന്നത് 85 ഡെസിബെല്‍ മാത്രമാണ്. ഈ പക്ഷിയുടെ പാട്ട് അതിനും ഉച്ചത്തിലാണ്.  

പ്രിയപ്പെട്ടവരുടെ അടുത്ത് പോയി ഉച്ചത്തില്‍ പാടുന്നത് നമുക്ക് അരോചകമായി തോന്നാം. എന്നാല്‍ ഇവയ്ക്ക്  അത് ഇണയെ ആകര്‍ഷിക്കാനുള്ള ഒരു രസകരമായ തന്ത്രമാണ്.  ഇണ അടുത്തിരിക്കുമ്പോഴാണ് ആണ്‍കിളി ഏറ്റവും ഉച്ചത്തില്‍ പാടുന്നത്. ആണുങ്ങള്‍ അവരുടെ ശബ്ദ പ്രകടനങ്ങള്‍ കാഴ്ചവക്കുമ്പോള്‍ പെണ്‍കിളികളും അത് കേള്‍ക്കാനായി അവരുടെ അടുത്ത പറന്നെത്തും. പിന്നീട് ഇണയുടെ മുഖത്തു നോക്കി ഏറ്റവും ഉച്ചത്തില്‍ അവ പാട്ടുപാടാന്‍  തുടങ്ങും.

പ്രാവിന്റെ വലുപ്പത്തിലുള്ള വെളുത്ത ബെല്‍ബേഡുകള്‍ ആദ്യം ശബ്ദം താഴ്ത്തിയാണ് ഇണയെ ആകര്‍ഷിക്കാനുള്ള പാട്ട് ആരംഭിക്കുന്നത്. അത് ശരാശരി 116 ഡിബി ആണ്. ഇണയുടെ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞാല്‍, പിന്നെ അവര്‍ 125 ഡിബി ശബ്ദത്തില്‍ ഗാനം ആരംഭിക്കും.

ഇണയ്ക്കു വേണ്ടിയുള്ള അന്വേഷണത്തില്‍ അവ ശബ്ദത്തിന്റെ പല ഏറ്റക്കുറച്ചിലുകളും പരീക്ഷിക്കുന്നു. വടക്കന്‍ ബ്രസീലിലെ പര്‍വ്വതങ്ങളില്‍ ഇവയുടെ ശബ്ദം നിരന്തരം പ്രതിധ്വനിക്കുന്നത് കേള്‍ക്കാം. സാധാരണയായി മൃഗങ്ങള്‍ ദൂരെയുള്ളവയുമായി ആശയവിനിമയം നടത്താനായാണ് ഉച്ചത്തില്‍ ശബ്ദം ഉണ്ടാകുക. എന്നാല്‍ തൊട്ടത്തടുത്ത ഇരിക്കുന്ന ഇണയെ നോക്കി ഏറ്റവും ഉച്ചത്തില്‍ ശബ്ദം ഉണ്ടാകുന്ന പക്ഷി ഇത് മാത്രമായിരിക്കും.

വെളുത്ത ബെല്‍ബേര്‍ഡിന് ശരാശരി ഒരു കിലോഗ്രാം (അര പൗണ്ടിന് മുകളില്‍) മാത്രമേ ഭാരം ഉണ്ടാവുകയുള്ളൂ, അവയ്ക്ക് അസാധാരണമാംവിധം കട്ടിയുള്ളതും നന്നായി വികസിപ്പിച്ചതുമായ അടിവയര്‍  പേശികളും വാരിയെല്ലുകളും ഉണ്ട്. ഇങ്ങനെ ഉച്ചത്തില്‍ ശബ്ദമുണ്ടാകാന്‍ ഇവക്കു സാധിക്കുന്നത് അത്‌കൊണ്ടാകാം. പഴങ്ങള്‍ മാത്രം കഴിക്കുന്ന ഇവ അത് വലിയ ഉരുളകളുടെ വലിപ്പത്തില്‍ വിഴുങ്ങുകകയാണ് ചെയ്യുന്നത്. ഇതിനായി അവ വായ നല്ലപോലെ തുറന്നു പിടിക്കുന്നു. ഇത് തുറന്ന ഒച്ചയില്‍ പാട്ട് പാടാന്‍ അതിനെ സഹായിച്ചിട്ടുണ്ടാകാം.

എന്നിരുന്നാലും, അവയുടെ കേള്‍വിശക്തിക്കു എങ്ങനെ തകരാറു സംഭവിക്കാതിരിക്കുന്നു എന്നത് ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നു.  ശ്രവണ കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്ന ഏതെങ്കിലും സംവിധാനം അവക്കുണ്ടോ എന്ന് ഗവേഷകര്‍ പഠനം നടത്തി വരികയാണ്.